ADVERTISEMENT

ജന്‍മനാടായ ബംഗ്ലദേശില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ എത്തുമ്പോള്‍ തസ്‍ലിമ നസ്രീന്‍ എന്ന എഴുത്തുകാരിയുടെ മനസ്സില്‍ നിറഞ്ഞുനിന്നത് സങ്കടത്തേക്കാള്‍ സന്തോഷം. കാരണം ബംഗ്ലദേശ് എന്ന പോലെ ഇന്ത്യയേയും അവര്‍ സ്നേഹിച്ചിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് കൊല്‍ക്കത്തയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒന്നോ രണ്ടോ ദിവസമോ ഏതാനും മാസങ്ങളോ അല്ല. കഴിയുന്നത്ര നാളുകള്‍. ഒരുപക്ഷേ ജീവിതാവസാനം വരെ. സ്വന്തം നാട്ടില്‍ ഒരു നിമിഷം പോലും നില്‍ക്കാനാവാതെ വരികയും, വധഭീഷണിയെത്തുടര്‍ന്ന് ഒളിച്ചോടേണ്ടിവരികയും ചെയ്തപ്പോള്‍ അവരുടെ മനസ്സില്‍ സ്വാഭാവികമായിത്തന്നെ എത്തിചേരേണ്ട നാടിന്റെ ചിത്രവും തെളിഞ്ഞു: സ്വപ്നങ്ങളിലെ, സങ്കല്‍പങ്ങളിലെ, സ്വര്‍ഗം- പ്രിയപ്പെട്ട ഇന്ത്യ. അടുത്തിടെ, ഇന്ത്യയില്‍ അഞ്ചുവര്‍ഷത്തേക്കു കൂടി താമസാനുമതി രേഖ നീട്ടിച്ചോദിക്കുമ്പോഴും തസ്‍ലിമയുടെ മനസ്സില്‍ ജീവിച്ചുകൊതിതീരാത്ത ഇന്ത്യ തന്നെയാണ് ഉണ്ടായിരുന്നത്. ആഗ്രഹിച്ചതുപോലെ 5 വര്‍ഷം ലഭിച്ചില്ലെങ്കിലും ഒരു വര്‍ഷത്തെ താമസാനുമതിയാണ് ഇത്തവണ അവര്‍ക്കു ലഭിച്ചത്. അതില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും തസ്‍ലിമ ഇക്കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സന്ദേശം പുറത്തുവിട്ടു. ഇന്ത്യക്കാരിയായി ജീവിക്കുന്നതിലെ സന്തോഷം ആവോളം അനുഭവിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും. 

ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യയിലാണ് തസ്‍ലിമ ജീവിക്കുന്നത്- 2004 മുതല്‍. അന്നുമുതല്‍ താമസാനുമതി രേഖയ്ക്കുവേണ്ടി കാലാകാലങ്ങളില്‍ അവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കത്തയയ്ക്കുന്നു. ഏതാനും മാസങ്ങളിലേക്കും വര്‍ഷങ്ങളിലേക്കും നീട്ടിക്കിട്ടുന്നു. കാലവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷിക്കുന്നു. അനുമതി ലഭിക്കുന്നു. അങ്ങനെ, നീട്ടിക്കിട്ടുന്ന താമസാനുമതി രേഖകളിലൂടെ ഇന്ത്യയിലെ ജീവിതവും നീട്ടിക്കൊണ്ടുപോകുകയാണ് ലജ്ജ ഉള്‍പ്പെടെയുള്ള നോവലുകളിലൂടെയും തുറന്നുപറച്ചിലുകളുടെ ആത്മകഥകളിലൂടെയും വിവാദത്തിലായ തസ്‍ലിമ. 

സ്വീഡന്‍ പൗരത്വമുള്ള തസ്‍ലിമയ്ക്ക് ഇപ്പോള്‍ 2020 ജൂലെ വരെ ഇന്ത്യയില്‍ തങ്ങാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. 56 വയസ്സുകാരിയായ എഴുത്തുകാരിക്ക് ഇക്കഴിഞ്ഞയാഴ്ച മൂന്നുമാസത്തെ താമസാനുമതി രേഖയാണ് ആദ്യം ലഭിച്ചത്. അതേത്തുടര്‍ന്ന് അവര്‍ ട്വിറ്ററിലൂടെ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്വിറ്ററിലെ അവരുടെ കത്ത്.

‘എന്റെ താമസാനുമതി രേഖ നീട്ടിയതിലുള്ള അഗാധമായ നന്ദി ഞാന്‍ അറിയിക്കട്ടെ. പക്ഷേ, മൂന്നു മാസം എന്ന കുറഞ്ഞകാലത്തേക്കുമാത്രമായി അതു നീട്ടിയത് എന്നെ അദ്ഭുതപ്പെടുത്തുന്നു. അനുമതി 5 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നാണ് ഞാന്‍ അപേക്ഷിച്ചിരുന്നത്; ലഭിച്ചതോ മൂന്നുമാസവും. രാജ്നാഥ് സിങ് എനിക്കു നേരത്തെ ഉറപ്പു തന്നത് അടുത്ത 50 വര്‍ഷത്തേക്ക് എന്റെ അനുമതി നീട്ടാമെന്നാണ്. ഇന്ത്യയാണ് എന്റെ വീട്; സുരക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ഈ രാജ്യത്ത് എത്തിയതെങ്കിലും’. 

ജൂലൈ 17 നാണ് ട്വിറ്ററിലൂടെ തസ്‍ലിമ ഈ അപേക്ഷ മുന്നോട്ടുവച്ചത്. ഉടന്‍ തന്നെ അനുമതി ഒരു വര്‍ഷത്തേക്കു ലഭിച്ചതോടെ തസ്‍ലിമ വീണ്ടും ട്വിറ്ററില്‍ സന്ദേശം കുറിച്ചു. എന്തു ശക്തിയാണ് ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക്. ജൂലൈ 16 ന് ഞാന്‍ അപേക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്നെ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ക്കും ട്വിറ്ററില്‍ എന്നെ പിന്തുടരുന്ന, അഭ്യുദയ കാംക്ഷികളായ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി. 

1994-ലാണ് തസ്‍ലിമയ്ക്ക് ജന്‍മനാടായ ബംഗ്ലദേശില്‍നിന്നു പലായനം ചെയ്യേണ്ടിവന്നത്. മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്നായിരുന്നു പലായനം. അന്നുമുതല്‍ അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായാണ് അവര്‍ ജീവിക്കുന്നത്. സുദീര്‍ഘമായ പ്രവാസം. 2007-ല്‍ കൊല്‍ക്കത്തയില്‍നിന്നും അവര്‍ക്കു പലായനം ചെയ്യേണ്ടിവന്നു. ഇന്ത്യയില്‍ മരണം വരെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തസ്‍ലിമ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്ഥിരമായ താമസാനുമതി രേഖയ്ക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പലപ്പോഴും ഏതാനും മാസങ്ങളിലേക്കും വര്‍ഷങ്ങളിലേക്കുമായി അനുമതി നീട്ടിക്കിട്ടുകയാണ് പതിവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com