ADVERTISEMENT

ചരിത്രമെന്നത് ഒരു സമൂഹം അതിന്റെ സമഗ്രതയിലും സമൂർത്തതയിലും അനുഭവിച്ചു തീർത്ത പൂർവകാലമാണെങ്കിൽ, മീശ ഒരു സാമൂഹിക  ചരിത്രനോവലായി അടയാളപ്പെടും. ആരുടെ, എന്തിന്റെ, ഏതു ചരിത്രം എന്ന അന്വേഷണ വായനയാണ് ആ നോവലിന്റെ ആത്മാവിലേക്ക് ഒരാളെ കൂട്ടിക്കൊണ്ടു ചെല്ലുക. വായനക്കാർ ചവുട്ടിനിൽക്കുന്ന മണ്ണിന്റെ, അനുഭവിച്ചു തീർത്ത, അനുഭവിച്ചു തീർക്കുന്ന, അനുഭവിക്കാൻ ഇടയുള്ള ജീവിതങ്ങളുടെയും പരിസരങ്ങളുടെയും ജാഗ്രത വായനയിൽ ഇടകലർത്തി എടുത്താൽ ആ നോവലിന്റെ പല അടരുകളിലേക്കുള്ള തീവ്രസഞ്ചാരം സാധ്യമാവുന്നു. 

സാമൂഹിക ചരിത്ര നോവൽ രചനയിലും വായനയിലും പരിചയമുള്ള നിർബന്ധയുക്തികൾ ഈ നോവലിന്റെ എഴുത്തുകാലത്ത് ഹരീഷിനെ ഉന്മത്തനാക്കിയിട്ടില്ല. നോവൽ വായനയിലും അത്തരം ദുശ്ശാഠ്യങ്ങൾ മാറ്റിവച്ചാലാണ് അനുഭവം പൂർണ്ണമാക്കിയെടുക്കാനാവുക. വാമൊഴിയിൽ ധാരാളമായി പടർന്നു പന്തലിച്ച, പറയപ്പെടുന്ന, കേൾക്കുന്ന, അറിയുന്ന ആരിലും വളർന്നു വലുതായി വിസ്മയം കൂട്ടുന്ന മീശയുടെ ജീവിതവഴികൾ, കഥകൾ എന്നിവ ക്രോഡീകരിച്ചു പാഠവൽക്കരിക്കുന്ന ശ്രമകരമായ ജോലിയാണ് കഥാകാരൻ ഏറ്റെടുക്കുന്നത്. നൈസർഗികമായ എഴുത്തിന്റെ പ്രേരണ കഥാകാരന്  ഒഴിവാക്കി നിർത്താൻ കഴിയുന്നതല്ല. പലരാൽ പല തവണ പുതുക്കി പറഞ്ഞുപറഞ്ഞ് പലമാന പടവുകൾ താണ്ടിയ എത്രയോ ആയിരം മീശക്കഥകളാണ് ചുറ്റിലും. 

മീശയ്ക്കുള്ളതും മീശയ്ക്കുണ്ടാവേണ്ടതുമായ അദ്ഭുതങ്ങൾ ചാർത്തിക്കൊടുത്ത് കെട്ടിയുണ്ടാക്കി പാടിയും പറഞ്ഞും പെരുകിയ, തെളിഞ്ഞു കാണായ കഥകളിൽനിന്ന് കഥാകാരന്റെ ഇന്ദ്രിയങ്ങളിലേക്കു പടർന്നു കയറി അദ്ഭുതം കാട്ടിയതാണ് - അതു മാത്രമാണ് - നോവലായി നമ്മുടെ മുന്നിലുള്ളത്. മീശയുടെ കഥയും ജീവിതവും പറഞ്ഞുതീർന്നുമല്ല കഥാകാരൻ നോവൽ അവസാനിപ്പിക്കുന്നത്. 

ഒരു മിത്താണ് മീശ എന്നു പറയുന്നത് അന്ധവിശ്വാസമാകും. ഒരു ദേശത്തെ ജനങ്ങളുടെ കഥകളിലും പാട്ടുകളിലും മാത്രം ജീവിച്ചിരുന്ന ആളുമല്ല മീശ. ആരിലും ഭയമായി വളർന്നു കയറാവുന്ന, സഹായിയായി ചേർത്തു പിടിക്കാൻ വിശ്വസ്തനാകാവുന്ന, പ്രതിരോധ മൂർച്ചയിൽ എതിരിട്ടു നിന്ന് പൊരുതിക്കയറാൻ വെല്ലുവിളിക്കുന്ന, പെൺകാമനയുടെ ഇന്ദ്രിയ നിറവിൽ കരുത്താർന്ന ഉടലനുഭവ നോവാവുന്ന, പേറ്റുനോവാറ്റുന്ന വാത്സല്യ വിരൽസ്പർശങ്ങളുടെ അരികത്തുള്ള സഹശരീരങ്ങളാവുന്ന, ആർത്തലയ്ക്കുന്ന ഏതൊരു ജീവിത മൂർച്ചയിലും, ഏതു ജീവിത പരിസരങ്ങളിലും സമാന്തരമായി തുഴഞ്ഞെത്തുന്ന കരുത്തുള്ള, നിഴലല്ലാത്ത സഹചാരിയാണ് അസംഖ്യം കഥകളിൽ മീശ. 

മീശയുടെ ജീവിതങ്ങളെ വിവർത്തനം ചെയ്തെടുക്കേണ്ട മാധ്യമം സ്വാഭാവികമായും അയാളുടെ ആവാസ വ്യവസ്ഥയുടെ തനിപ്പകർപ്പുകളോടെയാവുന്നു. പരിഷ്‌ക്കരിക്കപ്പെട്ടതെന്നു മേൽക്കോയ്മ കാട്ടുന്ന ഭാഷയുടെ കുലീനതയിൽ ആ ജീവിതത്തിന്റെയും പരിസരത്തിന്റെയും പകർത്തെഴുത്ത് അസാധ്യമാകുന്നു. ദേശ ചരിത്രത്തെ അയാളെക്കൂടാതെ കടന്നു പോകാൻ അനുവദിക്കാത്ത തിടുക്കത്തിലാണ് മീശ. അതിനാൽത്തന്നെ അയാളുടെ ജീവിതങ്ങളുടെ പകർത്തെഴുത്ത്  അയാളുടെ ചുറ്റുപാടുകളുടെ കൂടി പകർത്തെഴുത്താകുന്നു. അക്കാലത്തെ അരികു ജീവിതങ്ങൾ  (വിശേഷിച്ചു മീശയുടെ) സമൂഹത്തിന്റെ മുഖ്യധാരാ പെരുമാറ്റ ഇടങ്ങളായി മാറ്റുകയും ആധുനികമെന്നോ പരിഷ്‌കൃതമെന്നോ കരുതിപ്പോരുന്നവയെ സമൂഹത്തിന്റെ പാർശ്വങ്ങളിലേക്ക് വകഞ്ഞു മാറ്റുകയുമാണ് ചെയ്യുന്നത്. 

മീശയുടെ ജീവിതവുമായി കോർത്തിണങ്ങിയല്ലാതെ, അയാളെ രൂപപ്പെടുത്തിയോ അയാളുടെ പ്രവൃത്തികളാൽ രൂപപ്പെട്ടോ അല്ലാതെ സമൂഹചലനത്തിന് തുടർന്നു പോകാൻ സാധ്യതയില്ലാതാവുന്നത് മീശ കഥയുടെ കേന്ദ്രകഥാപാത്രമായതു കൊണ്ടു മാത്രമല്ല. മറിച്ച് മീശയെന്നത് ഒരു വ്യക്തിസത്തയിൽ നിന്ന് വേർപെട്ട് ഒരു കാലഘട്ടത്തിന്റെ സാമൂഹികമാറ്റങ്ങളുടെ ഉരകല്ലായി, സ്വയം വിമർശന പ്രതിരോധങ്ങളുടെ കൂടി ഊർജം പേറുന്ന ജീവിത നിലപാടുകൾ സ്വാഭാവികമായി ഉൾക്കൊള്ളുന്ന അനുഭവങ്ങൾ കൊണ്ടു കൂടിയാണ്.

മനുഷ്യസാദ്ധ്യമായ പരമാവധി ജീവിതം ആഘോഷിക്കുന്ന സ്ഥാനത്തേക്ക് മീശയെ ഉയർത്തിയെടുക്കുകയും, അത് പല അടരുകളിൽ കെട്ടിയുണ്ടാക്കുകയും, ആ കഥയിലേക്കെല്ലാം കഥ മെനയുന്നവരും ചേർത്തെടുക്കപ്പെടുകയും ചെയ്ത്, ഒരു ആവാസവ്യവസ്ഥയിലെ മുഴുവൻ ആളുകളും ആ വലിയ അപൂർവ അസാധാരണ പൂർണ്ണ ജീവിതവുമായി പല വിധത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നു എന്ന് സംതൃപ്‌തപ്പെടുകയുമാണ് ചെയ്യുന്നത്. ക്രമപ്പെടുത്തി ആധുനികമാക്കി എന്ന് ഗർവ്വുള്ള സമൂഹത്തിലെ പൊതുസ്വീകാര്യമായ ജീവിതങ്ങളാണ് മീശയുടെ കഥകെട്ടി യുണ്ടാക്കലിൽ മുഴുകുന്നത്. സമാന്തരങ്ങളിൽ സഞ്ചരിക്കുന്ന പല അടരായ കഥകളിൽ മീശയുടെ ജീവിതങ്ങൾ പെരുകി ഇരട്ടിക്കുന്നത് അതിനാലാണ്. ഇതിൽ മീശ യഥാർഥത്തിൽ ജീവിച്ചു തീർത്തതേത് എന്ന് ആലോചിക്കുവാൻ അവകാശമുണ്ട്. ഒരുപക്ഷേ പറയപ്പെടുന്ന, പാട്ടിൽ കേൾക്കുന്ന എല്ലാ കഥകളും മീശ ജീവിച്ചതുതന്നെ എന്നും വരാം. 

പൂർവ  ധാരണകളും മാതൃകകളും ആവേശത്തിലാക്കാൻ, അതിനൊത്തു ക്രമപ്പെടുത്താൻ, കാലത്തിൽ വളരെ വൈകി പിറവിയെടുക്കുന്ന ജീവിതമല്ല മീശയുടേത്. കാലത്തിനൊത്തു പിറവികൊണ്ട് കാലം പോലെതന്നെ സ്വന്തം സ്വത്വവും രൂപപ്പെടുത്തിയെടുക്കേണ്ട സ്വകീയ പ്രേരണകൾ ബലാബലം കടയുന്ന ജീവിതത്തിന്റെ അന്വേഷണഭാരം അധികബാധ്യതയായി ഏറ്റെടുക്കേണ്ട ജീവിതമാണത്. 

പലായനത്തിനും പ്രവാസത്തിനുമുള്ള ഉൾവിളി ഉള്ളുലച്ചു കളഞ്ഞ, ഇരുപതു വയസ്സിൽ താഴെയായ വാവച്ചനെയാണ് വായനയിൽ നാം ആദ്യം കാണുന്നത്. കരിപ്പട്ടിണിക്കു പുറത്തേക്കുള്ള പറന്നുയരലാണ് ആ പലായനത്തിലും പ്രവാസത്തിലും സംഭവിക്കുക എന്ന ആവേശത്തിൽ രണ്ടു മൂന്നു ചുവടും വെച്ചതാണ് വാവച്ചൻ അപ്പോൾ. പക്ഷേ, "അപ്പോൾ വള്ളം ഒഴുക്കിലുലഞ്ഞു നിലവിട്ടുപോകാൻ തുടങ്ങുന്നത് കണ്ട് അവനതിന്മേൽ മുറുകെ പിടിച്ചു. പവിയാൻ വെറുംകൈയോടെ വരുവോളം അത് കാത്തുകൊണ്ട് നിന്നു." ജീവിതത്തിൽനിന്ന് കഥകളിലേക്ക് വളരാൻ കൂട്ടാക്കാതെ വാവച്ചൻ അങ്ങനെ തറഞ്ഞു നിന്നത് ആ സന്ദർഭത്തിൽ മാത്രമാണ്. അന്നവൻ മീശയായി പിറവികൊണ്ടിരുന്നില്ല. വാവച്ചൻ മാത്രമായിരുന്നു.

രാമാനുജൻ എഴുത്തച്ഛനാണ്‌ വാവച്ചനെ മീശയിലേക്ക് വളർത്തിയെടുക്കുന്നത്. സീതയാണ് മീശ കാമിക്കുന്ന, തേടിയലയുന്ന പെണ്ണ്. രാമക്കണിയാൻ ലക്ഷണം കണ്ടതും കവടിയിൽ കണ്ടതും ശ്രീരാമന്റെ ജാതകമാണ്. അലച്ചിൽ, വിരഹം, തഴയപ്പെടൽ, കൈനഷ്ടം എന്നിങ്ങനെ ജീവിതത്തെ പ്രവചിക്കുകയും ചെയ്തു. എല്ലാവരാലും പറയപ്പെടും, കഥകളുണ്ടാവും, പാട്ടുകൾ പാടി വളരും എന്നിങ്ങനെ ഭാവിജീവിതവും പറഞ്ഞു വെച്ചു. വാവച്ചനിൽനിന്ന് മീശയിലേക്ക് അങ്ങനെ ജാതകവും ജീവിതവും കഥകളും വഴിമരുന്നിട്ടു.

2

ജീവിതത്തിൽനിന്ന് നാടകത്തിലേക്കും നാടകത്തിൽനിന്ന് ജീവിതത്തിലേക്കുമുള്ള രണ്ടു തരം നടത്തങ്ങളുടെ സമതുലനം മീശയിൽ രേഖീയമായി അടയാളപ്പെടുത്താം. ജീവിത ഇടപെടലുകൾ അസ്ഥിരപ്പെടുത്തുന്ന വിഭ്രമാത്മകതയിൽ നാടകം കളിച്ചു ജീവിതം തുടരാം എന്ന് പിൽക്കാലത്തു തീരുമാനമെടുക്കുന്ന നാരായണപിള്ളയാണ് വാവച്ചനിൽ പലായന ത്വരയുടെ ആദ്യ വിത്തിടുന്നത്. അകത്തു നിന്ന് പുറത്തേക്ക് കടക്കേണ്ടതുണ്ടെന്ന ആദ്യ പ്രേരണ അങ്ങനെ ഒരു നാടകക്കാരനിൽ നിന്നാണ്, നാരായണപിള്ളയിൽ (N. N. പിള്ള) നിന്നാണ് (പിൽക്കാലത്താണ് നാടകക്കാരനാകുന്നതെങ്കിലും) ഉണ്ടാവുന്നത്. പിന്നീട് രാമാനുജൻ എഴുത്തച്ഛൻ ആ പ്രേരണ പൂരിപ്പിച്ചെടുക്കുന്നു. 'കുടിയാൻ' നാടകത്തിൽ മലപ്പുറത്തുകാരൻ പൊലീസിന്റെ വേഷത്തിൽ വലിയ മീശയുള്ള കഥാപാത്രമായി വാവച്ചൻ അരങ്ങിലേക്കുണരുന്നു. അരങ്ങിലാടിയ വേഷത്തിന്റെ ഗരിമ തന്റെ ആവാസവ്യവസ്ഥയിൽ ഇടപെടുന്നതും തന്നെ മറ്റൊരാളായി സ്ഥാനപ്പെടുത്തുന്നതും അദ്ഭുതമില്ലാതെ തിരിച്ചറിഞ്ഞ് ആ സ്ഥാനത്തു തുടരാൻ തീരുമാനിക്കുന്നതാണ് വാവച്ചനെ ഇല്ലായ്മ ചെയ്യുന്നതും മീശയെ രൂപപ്പെടുത്തുന്നതും. 

എന്നാൽ ആ സ്വത്വമാറ്റം കാലഗണനയുടെ ചരിത്രഗതിയുടെ വേഗത്തിനും ശീലത്തിനും എതിർ നിൽക്കുന്ന തീരുമാനമായി അടയാളപ്പെടുത്തപ്പെടുന്നു. എതിർത്തു തോൽപ്പിക്കാൻ ആവാത്തതിനെ അനുനയിപ്പിച്ചു കൂടെ നിർത്തുന്ന, അമാനുഷികത നൽകി ഉയർത്തിക്കാട്ടുന്ന, പേടിച്ച് അകന്നു നിൽക്കുന്ന, അദ്ഭുതങ്ങളുടെ, മാന്ത്രിക വഴക്കങ്ങളുടെ അതീത ഇടത്തേക്ക് സ്ഥാനപ്പെടുത്തി ഐതിഹ്യമാക്കി മാറ്റുന്ന ചരിത്ര വികൃതിയാണ് പിന്നെ മീശയിൽ അരങ്ങേറുന്നത്. മീശ അങ്ങനെ കൈപ്പുഴക്കാരനാകുന്നു, പുളിങ്കുന്നുകാരനാകുന്നു, മുണ്ടാറുകാരനാകുന്നു, കരപ്പുറംകാരനാകുന്നു, തണ്ണീർമുക്കംകാരനാകുന്നു, പൊലിവുപാട്ടിൽ, ഓണപ്പാട്ടിൽ, ചക്രപ്പാട്ടിൽ, വിതച്ചുകിളപാട്ടിൽ, വിത്തിടീൽപ്പാട്ടിൽ, എടനാടൻപാട്ടിൽ എല്ലാം വളർന്നു കയറുന്നു. 

"ഈ പാട്ടുകളിലെ മീശ നീ തന്നെയാണോ ?" ഔസേഫ് ചോദിച്ചു. "കേട്ടിട്ട് നിന്നെപ്പോലെയുണ്ട്. എന്നാൽ നീയല്ല താനും. നീയുണ്ടാകുന്നതിനു മുൻപുള്ള പാട്ടിലൊക്കെ നീയെങ്ങനെ വന്നു ? അതോ പണ്ടു മുതലേ നിന്നെപ്പോലെയുള്ളവരുണ്ടോ ?" മീശ ഈ ചോദ്യങ്ങൾക്കു മറുപടി പറയുന്നില്ല. മീശയ്ക്ക് ആ ചോദ്യങ്ങൾ അപ്രസക്തമായി തോന്നിയിരിക്കണം. മീശ ആരെന്ന് സന്ദേഹമില്ലാതെ അനുഭവിക്കുവാനാകുന്ന, തെളിഞ്ഞു കാണാവുന്ന ഒരു അപൂർവ സന്ദർഭ മുണ്ട് ഈ നോവലിൽ ഒരിടത്ത്. ആ സന്ദർഭം വായനക്കാരെ വിസ്മയത്തുമ്പത്തേക്ക് പകർത്തി നിർത്തും. "വരമ്പിൽകുത്തിയ തന്റെ കൈവെള്ളയ്ക്കടിയിൽ ഒരനക്കംപോലെ തോന്നി മീശയ്ക്ക്. കൈപൊക്കിനോക്കിയപ്പോൾ ഒരു തവളക്കുഞ്ഞ് അർദ്ധപ്രാണനായിക്കിടക്കുന്നു. അതിന്റെ അരയ്ക്കുകീഴോട്ട് ചതഞ്ഞിട്ടുണ്ട്. മുൻകൈയിൽ ഏന്തി അതനങ്ങാൻ നോക്കി. "മോളിൽ കൈവെച്ചപ്പോൾ നിനക്ക് കരയാൻ മേലാരുന്നോ ?" മീശ ചോദിച്ചു. "ഞാനന്നേരെ കൈയെടുത്തേനെ." "ഞാനെങ്ങനെയാണ് കരയുന്നത് ?" തവളക്കുഞ്ഞ് പറഞ്ഞു. "എല്ലാവരും സങ്കടം വരുമ്പോൾ, രക്ഷയില്ലെന്നു തോന്നുമ്പോൾ നിന്റെ കഥകൾ പറഞ്ഞാണ് ആശ്വസിക്കാറ്. നിന്റെ പാട്ടുകൾ പാടുമ്പോഴാണ് നാളെയെങ്കിലും സമാധാനിക്കാമെന്നു തോന്നുന്നത്. എന്റെ അമ്മയും അമ്മയുടെ അമ്മയും അങ്ങനെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ആ നീ തന്നെ എന്റെ ദേഹത്ത് കൈകുത്തുമ്പോൾ ഞാൻ ആരെ വിളിച്ച്‌ കരയാനാണ്?"  പ്രപഞ്ചം മീശയിലേക്കും മീശ പ്രപഞ്ചത്തിലേക്കും പകർന്നാട്ടം നടത്തുന്ന ഇത്തരം എത്രയോ സന്ദർഭങ്ങൾ മീശയുടെ ജീവിതത്തിലും കഥകളിലും അരങ്ങേറുന്നു.

തന്റെ അമ്മ ചെല്ലയെ കൊന്നതിനു പ്രതികാരമായി കണ്ണിൽ കാണുന്ന വിഷപ്പാമ്പുകളെയെല്ലാം ഒന്നൊഴിയാതെ കൊന്നൊടുക്കുന്ന വാശിയേറിയ മീശയുണ്ട് നോവലിലൊരിടത്ത്. ചെല്ലയുടെ മരണം നടന്ന അന്ന് മീശ എത്തിച്ചേർന്നിരുന്നു എന്നാണ് നാം ആദ്യം അറിയുക. ചെല്ലയുടെ ശവശരീരം ഒരു കുഴിയെടുത്ത് മറവു ചെയ്ത്, ആ കുഴിയുടെ അരികിൽ മറ്റൊരു കുഴിയുണ്ടാക്കി ഒളിച്ചിരുന്നാണ് കാലന്റെ കയ്യിലെ ഗ്രന്ഥം തന്ത്രത്തിൽ മീശ കൈക്കലാക്കുന്നത്. ഗ്രന്ഥം മുഴുവൻ വായിച്ചു തീർത്ത്, കാലത്തെ, പ്രപഞ്ചത്തെ മുഴുവൻ അറിഞ്ഞ്‌ അനുഭവിച്ചാണ് മീശ ഗ്രന്ഥം തിരിച്ചു നൽകുന്നത്. എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ ജീവിതത്തിന്റെ രസച്ചരട് മുറിഞ്ഞ് ശൂന്യമായ തന്റെ ജീവിതത്തെ കാണുന്ന മീശയെ നമുക്കിവിടെ കാണാം.

ഇതുപോലെ കാലന്റെ പുസ്തകം കൈക്കലാക്കി വായിച്ച്‌ തിരികെ നൽകുന്നത് ഇട്ടിച്ചനാണ് എന്നു മറ്റൊരിടത്ത് നാം വായിക്കുന്നുണ്ട്. ഇനിയൊരു ഭാഗത്ത് ചെല്ലയുടെ മരണം സ്ഥിരീകരിക്കാതെ പോകുന്നത് ശവശരീരം ലഭിക്കാത്തതുകൊണ്ടാണെന്ന് നമുക്ക് വായിക്കാം. ഇട്ടിച്ചനോട് പാമ്പിൻ വിഷം തീണ്ടിയതായി അഭിനയിച്ചതുമൂലമാണ് മീശ ഒരു കഥപ്പാട്ടിൽ മരിച്ചുപോകുന്നത്. മഠപതിയായി നടപ്പുദീനകാലത്ത് ചികിത്‌സിക്കുന്ന മീശയെ വായനയിൽ ഒരിടത്ത് കണ്ടുമുട്ടാം.

കഥകളിൽ ഇങ്ങനെ പെരുകിപ്പരക്കുകയാണ് മീശയുടെ ജീവിതം. ആദിയിൽ കഥയുണ്ടായി. ആ കഥ പല കഥകളായി പെരുകി. പിന്നീടവ മനുഷ്യജീവിതങ്ങളിലേക്ക് അരിച്ചിറങ്ങി. കാല പുരുഷന്റെ / സ്ത്രീയുടെ പരമാവധി ഉയർച്ചയിലേക്ക് ജീവിതത്തെ കഥകൊണ്ടു മെനഞ്ഞാണ് മീശ ജീവിച്ചു പൊലിയുന്നത്. 

3

മീശയുടെ വായനയിൽ പൂർവവായനകളിലെ ഓർമത്തയമ്പുകൾ പലയിടത്തായി രുചിയോർമയുണർത്തും. ചിലത് ആശയ / ഭാവനാ സാദൃശ്യങ്ങളായി, ചിലവ ഓർമദൃശ്യങ്ങളുടെ കണ്മുന്നിലെ കാഴ്ചയായ്, ചിലവ വിസ്മയപ്പെടുത്തുന്ന, നൊമ്പരപ്പെടുത്തുന്ന പ്രപഞ്ചത്തിലെ ജീവിതയാഥാർഥ്യമായ്‌. 

മീശയും ഇട്ടിച്ചനും വായിച്ചനുഭവിക്കുന്ന കാലന്റെ കയ്യിലെ സർവവിജ്ഞാന ഗ്രന്ഥത്തിന്റെ വിരുദ്ധോക്തിയുള്ള ഭാവനാ പരിസരം, മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷ'ങ്ങളിലെ ഭാവനാനുഭൂതി മണ്ഡലത്തിലേക്ക് വായനയുടെ ഓർമകളെ വേരെത്തിച്ച്ു ചേർക്കും. സർവവിജ്ഞാനവും കാണാപ്പാഠം പഠിച്ച്‌ പുറത്തിറങ്ങിയപ്പോൾ മാറിപ്പോയ ലോകം, രസച്ചരട് മുറിഞ്ഞ് ശൂന്യമായ ലോകം, തനിക്കു മുമ്പിൽ തുറന്നതു കണ്ട് ചകിതനാവുന്ന ആ കഥാപാത്ര ഓർമ വായനയിലേക്ക് തിരിച്ചു വരും. 

താണുലിംഗനാടാരുടെ മരണം വായനയിലേക്ക് കടന്നു വരുന്ന ദൃശ്യം - രണ്ടു കാൽപാദങ്ങൾ മാത്രം വെളുപ്പ് കാട്ടി പുറത്തു കണ്ട്, തലകീഴായി തീട്ടക്കുഴിയിൽ മുങ്ങിയുള്ള മരണം, ഖസാക്കിലെ മുങ്ങാംകോഴിയുടെ കിണറിലെ മുങ്ങി മരണ ദൃശ്യത്തോട്‌ ചേർന്നു നിൽക്കുന്നതായി തോന്നാം. ഖസാക്കിനെ കല്ലില്ലേക്ക് കൊത്തിയെടുത്തപ്പോൾ ശില്പി വി.കെ. രാജൻ ഈ രംഗം കൊത്തിയെടുത്തത് ഇതേ ദൃശ്യ പൊലിമയിൽ ആയിരുന്നു. 

മീശയുടെ മരിച്ചുപോയ ചേച്ചി ഒരു കൂണായി പിറവിയെടുത്ത് ഒരിക്കലൊരു പേമാരിയിൽ മീശയ്ക്ക് തണലായി മാറുന്ന സന്ദർഭം, തേങ്ങയോളം വലിപ്പമുള്ള ആലിപ്പഴം പെറുക്കുവാൻ കൂണിനു വെളിയിലേക്ക് പോകാനൊരുങ്ങുന്ന മീശയെ, അരുതെന്നു വിലക്കുന്ന സഹോദരീസ്നേഹം, ഖസാക്ക് വായനയിലെ "നീ എന്നെ മറന്നുവോ അനുജത്തി" എന്ന ചോദ്യം പകർന്ന ആത്മീയ പരിസരം വീണ്ടെടുത്ത് ഓർമയിലെത്തിക്കും. ഒരൊറ്റ കഥയാണ് മനുഷ്യ ജീവിതം. പലതായ ഭാവത്തിൽ അത് പലരാൽ ആടിത്തീർക്കുക മാത്രമാണ് സംഭവിക്കുന്നത് എന്നതാകാം ഇതിനൊക്കെ കാരണം.

നോവലിലൊരിടത്ത് ഇങ്ങനെ വായിക്കാം, 'ഓരോ മനുഷ്യരേയും നിർമിച്ചിരിക്കുന്നത് കഥകൾ കൊണ്ടാണ്. രാജാവിനു പിന്നാലെയുള്ള ആചാരവേഷമായ അങ്കിപോലെ, സൂക്ഷിച്ചുനോക്കിയാൽ ഓരോരുത്തരുടേയും പുറകേ മർമരവുമായി കഥകൾ പോകുന്നത് കാണാം. ചിലർക്കാകട്ടെ രക്തവും മാംസവും പോലുമില്ല, അവർ മുഴുവനായും കഥകളാണ്.'

വടക്കേ കുട്ടനാടിനെ ഇങ്ങനെ മലയാള നോവലിലേക്ക് പകർത്തിയെഴുതിയിട്ടില്ല. തോടുകളും പുഴകളും ആറുകളും കായലും, ഈ ആവാസ പരിസരത്ത് പ്രകൃതിജന്യ സവിശേഷതകളോടെ ജീവിതം പുലർത്തുന്ന പക്ഷികൾ, മീനുകൾ, മൃഗങ്ങൾ, ഉരഗങ്ങൾ, പുല്ലുകൾ, ചെടികൾ, മരങ്ങൾ, മനുഷ്യർ, ഇതര ജന്തുജാലങ്ങൾ, ഇവയുടെ എല്ലാം പാരസ്പര്യം, സ്പർദ്ധ, പക, അതിജീവനം, വേരറ്റുപോകൽ, ഭാഷ, ഭക്ഷണം, വിശ്വാസം, ആചാരം, കീഴ്‌വഴക്കം, ചരിത്രം എന്നി ങ്ങനെ എല്ലാം അടയാളപ്പെട്ട് ഓരോന്നിന്റെയും സമഗ്രതയിൽ ഇടകലർന്നും വിഘടിച്ചും ചരിത്രമാകുന്നതിന്റെ രസതന്ത്രം അനുഭവിച്ചറിയാനാകുന്നതിന്റെ ഗരിമ ഈ നോവൽ അനായാസം അവകാശപ്പെടും. ജലത്താൽ നിർമിക്കുകയും അപനിർമിക്കുകയും ചെയ്യുന്ന  വടക്കേ കുട്ടനാടിന്റെ സമഗ്രചിത്രം അങ്ങനെ മലയാള നോവലിന് സ്വന്തമായിമാറുന്നു. 

മനുഷ്യ ജീവിതത്തിലെ സാന്ദർഭികതകളുടെ ഇടപെടലുകൾ, അതിന്റെ എല്ലാ വിശുദ്ധിയോടുംകൂടി മീശയുടെ ജീവിതത്തിൽ നിറഞ്ഞു കളിച്ചു. നോവലിലേക്ക് ആ ജീവിതം പകർത്തിയെടുത്തപ്പോൾ ആ വിശുദ്ധിയുടെ സത്യസന്ധതയിൽ അൽപമായിപ്പോലും വഴിപതറാതുള്ള നടത്തം സാദ്ധ്യമാക്കി എടുക്കുന്നുണ്ട് കഥാകാരൻ. പൂർവസൂരികളിൽ എല്ലാവരും വലയിട്ടു തീർത്ത തോട് / പുഴ / കായൽ / കടലിലാണ് താൻ മത്സ്യബന്ധനത്തിനിറങ്ങുന്നത് എന്ന് മുൻ‌കൂർ ജാമ്യമെടുക്കുന്നുണ്ട് കഥാകാരനെങ്കിലും, കഥ പറയലിന്റെ അനന്യത കൊണ്ട്, ഇന്ത്യൻ കഥനപാരമ്പര്യത്തിലെ മാന്ത്രിക യാഥാർഥ്യത്തിന്റെ പരിസരങ്ങളിലേക്കു വേരാഴ്ത്തി കടന്നു ചെല്ലുന്നുണ്ട് ഹരീഷ്. 

ജീവചരിത്രമെഴുത്തിന്റെ സങ്കേതവും രൂപവും ഓർമയുടെ വീണ്ടെടുക്കലും ഐതിഹ്യങ്ങളുടെ കൂടിക്കലരലും എല്ലാത്തിനും പിൻചിത്ര നിഴലായുള്ള ചരിത്രത്തിന്റെ ഒഴുക്കും വേറിട്ട  അനുഭൂതി പരിസരമാണ് മീശയിൽ നിർമിച്ചെടുക്കുന്നത്. വീണ്ടെടുപ്പുകളുടെ ചരിത്ര അനിവാര്യത വർത്തമാനകാലത്തിന്റെ തിടുക്കവും ചേർന്നാണ് മീശയിൽ പ്രവർത്തിക്കുന്നത്. മനുഷ്യരും അവരുടെ ആവാസ പ്രപഞ്ചവും മാത്രമാണ് നേർക്കുനേർ നിൽക്കുന്നത്. മറ്റു ബാഹ്യ ഇടപെടലുകൾ എല്ലാം ഇവ തമ്മിലുള്ള ഭിന്നമായ അനന്ത സാധ്യതകളെ പ്രശ്നവത്ക്കരിക്കുന്ന ശക്തികളായി ഇടകലർന്നും പ്രതിരോധിച്ചും മനുഷ്യാവസ്ഥകളുടെ വിഭിന്നങ്ങളായ വിശദീകരണങ്ങളായി രൂപാന്തരപ്പെടുന്നു. കാലം ഈ രൂപാന്തരങ്ങളിൽ ദീർഘമായി പ്രവർത്തിച്ച്‌ എല്ലാത്തിനേയും ഐതിഹ്യമാക്കി, കഥകളാക്കി മാറ്റുന്നു. ആ ഐതിഹ്യങ്ങളും കഥകളും പിടിച്ചെടുത്ത്‌ കഥാകാരികളും കഥാകാരന്മാരും സമാന്തര പ്രപഞ്ചങ്ങളുടെ ഭാവനാ ശേഷിപ്പുകൾ നിർമിച്ചെടുക്കുന്നു. മീശയെന്ന ഈ ഭാവനാ ശേഷിപ്പ് നോവൽ രൂപത്തിൽ മലയാള നോവൽ പരിണാമത്തിലെ ഇനിയൊരു അടരും വരച്ചിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com