sections
MORE

ആറ്റൂര്‍: പൂരം പിറന്ന നാട്ടിലെ പുണ്യപുരുഷന്‍

HIGHLIGHTS
  • ആറ്റൂർ രവിവർമ അന്തരിച്ചു.
Attoor Ravi Varma
ആറ്റൂര്‍ രവിവർമ
SHARE

തൃശൂരിന്റെ ഓണക്കളിയാണ് പുലിക്കളി. പൂരത്തിന്റെ നാട് ലോകത്തിനു കാഴ്ചവച്ച തനതുകലാസൗന്ദര്യം. എല്ലാ തൃശൂരുകാരെയുംപോലെ ആറ്റൂരിനെയും സ്വാധീനിച്ചിട്ടുണ്ട് പുലിക്കളിയും അതിന്റെ ചരിത്രവും ഐതിഹ്യവും. പക്ഷേ, എഴുതപ്പെട്ട ചരിത്രത്തില്‍നിന്നുമാറി പുതിയൊരു വ്യാഖ്യാനം ആറ്റൂര്‍ ചമയ്ക്കുന്ന കവിതയാണ് ‘പുലിക്കളി’.

കാടും നാടും രണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് കാട് ഇല്ലാതാകുകയും നാട് മാത്രമാകുകയും ചെയ്തിരിക്കുന്നു. ആവാസവ്യവസ്ഥ നഷ്ടപ്പെട്ട യഥാര്‍ഥ പുലികള്‍ നാട്ടിലേക്കിറങ്ങുകയാണ്. യഥാര്‍ഥ രൂപത്തില്‍ പുറത്തിറങ്ങിയാല്‍ ജീവനോടെ തിരിച്ചുപോകാന്‍ ആവില്ലെന്നു ബോധ്യമായപ്പോള്‍ പുലികള്‍ മനുഷ്യവേഷമിട്ടു. അവര്‍ നാട്ടില്‍ തലങ്ങും വിലങ്ങും നടക്കുന്നതാണ് ആറ്റൂര്‍ അവതരിപ്പിക്കുന്ന പുലിക്കളി. 

കാടിനോടുള്ള മനുഷ്യന്റെ സമീപനം മാറിയതിന്റെ പ്രതിഫലനമാണ് മനുഷ്യവേഷമിട്ട പുലികള്‍. അവര്‍ പ്രതികാരദാഹികളുമാണ്. തങ്ങള്‍ക്കു കുറച്ചുസ്ഥലം പോലും ബാക്കിവയ്ക്കാതെ ഭൂമി മുഴുവന്‍ സ്വന്തമാക്കിയ മനുഷ്യനോടുള്ള പ്രതികാരം. കാട്ടിലെ പുലി അക്രമം കാണിക്കുന്നത് സ്വരക്ഷയ്ക്കും ഉപജീവനത്തിനുമാണ്. നാട്ടിലെ പുലിയാകട്ടെ പല്ലും നഖവും മറച്ചുവച്ച് മാന്യത ഭാവിക്കുന്നു. അഭിനയം. കപടനാട്യം. പല്ലും നഖവും മാത്രമല്ല തോക്കും കത്തിയും വാളും മനുഷ്യവേഷത്തിലെത്തുന്ന പുലിയുടെ പക്കലുണ്ട്. അവര്‍ 

പീടികകള്‍ തകര്‍ത്തു 

കുടിലുകള്‍ കൊള്ളിവച്ചു 

പെണ്ണുങ്ങളെ പിടിച്ചു 

കൊടിപിടിച്ചു 

വാഹനങ്ങള്‍ തടഞ്ഞു 

പടമെടുപ്പുകാരെ ആക്രമിച്ചു 

ചിരിച്ചു, പ്രസംഗിച്ചു 

അതേ, പുലികള്‍ ഇന്നു തൃശൂരിന്റെ മാത്രം പ്രത്യേകതയല്ല. ഓണക്കളിക്കു മാത്രം അരങ്ങു കൊഴുപ്പിക്കുന്നവരുമല്ല. അവര്‍ എല്ലിയിടത്തുമുണ്ട്. എല്ലാ നാട്ടിലും. അവരുടെ പേര് വ്യത്യസ്തമായിരിക്കും. അവര്‍ പിടിക്കുന്ന കൊടിയുടെ നിറത്തിനു മാറ്റമുണ്ടാകാം. അവര്‍ വിളിക്കുന്ന മുദ്രാവാക്യവും വ്യത്യസ്തമാകാം. പക്ഷേ ഉദ്ദേശ്യം ഒന്നുതന്നെ– ചൂഷണം. തൃശൂരിലെ പുലികള്‍ ആഘോഷം കഴിയുമ്പോള്‍ തിരിച്ചുപോകും. അഭിനവ പുലികളാകട്ടെ വേഷമഴിക്കാതെ നാട്ടില്‍തന്നെ തുടരുന്നു. അവര്‍ക്കു മടങ്ങാന്‍ കാടുകളില്ലല്ലോ. ആ കാടുകളല്ലേ മനുഷ്യന്‍ വെട്ടിനിരപ്പാക്കിയത്. മടങ്ങാന്‍ കാടുകളില്ലാതെ, നാട്ടില്‍ത്തന്നെ തുടരുന്ന പുലികള്‍ എന്നും കളിക്കാനിറങ്ങുന്നതാണ് നാം എന്നും കാണുന്ന രാഷ്ട്രീയ നാടകം!. 

ആറ്റൂര്‍ എന്ന സ്വന്തം നാടുമായി താദാത്മ്യം പ്രാപിക്കുന്ന കവിതയും ആറ്റൂരിന്റേതായിട്ടുണ്ട്. 

പുത്തന്‍ വെട്ടുപാതകള്‍ 

തുണ്ടമാക്കിയതല്ലെന്‍ നാട് 

മഞ്ചാടികള്‍ ചുകന്ന കല്ലുകളിടവഴിമേല്‍ 

ചൊരിയാത്ത നാടെന്റേതല്ല 

കണ്ണിലും മൊഴിയിലും കരുണതന്നൂറ്റു വറ്റാത്ത 

തണ്ണീര്‍പ്പൂക്കളും നീര്‍കൊക്കുകളുമുള്ളതാറ്റൂര്... 

ഓടിയാലെത്താവുന്ന ദൂരം മാത്രമുള്ള തന്റെ നാടിന്റെ നിഷ്കളങ്കതയുടെയും ഗ്രാമവിശുദ്ധിയുടെയും ചിത്രമാണ് ആറ്റൂര്‍ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്നത്. കൊട്ടിയാല്‍ കേള്‍ക്കാവുന്ന വിസ്താരമുള്ള നാടിനെക്കുറിച്ച്, പുറത്തുനിന്നാരെങ്കിലും വന്നാല്‍ ഉടന്‍ അറിയുന്ന നാടിനെക്കുറിച്ച്. ആരെങ്കിലും പുറത്തേക്കു പോയാലും ഉടന്‍ അറിയുന്ന ഊര്..ആറ്റൂര്... 

ദേശത്തെക്കുറിച്ചൊരു ഉപന്യാസത്തില്‍ കുറേക്കൂടി വിശദമായി ആറ്റൂര്‍ സ്വന്തം നാടിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 

പട്ടണത്തില്‍ വളരെനാള്‍ പാര്‍ത്തുവന്നപ്പോഴാണ് നാട്ടിലെ നിശ്ശബ്ദവിസ്താരത്തെ അറിയുന്നത്. ഓടക്കുഴല്‍ വിളിച്ചാല്‍ ഇങ്ങോളം കേള്‍ക്കാം. എന്നാല്‍ ആളുകളെല്ലാം ഒച്ചവച്ചാണ് സംസാരിക്കുക. കൂട്ടുകുടുംബത്തില്‍ ഉച്ചത്തില്‍ പറഞ്ഞാലേ ആളുകള്‍ കേള്‍ക്കുകയുള്ളൂ. വീടുകള്‍ തമ്മില്‍ ദൂരമുണ്ട്. ജാതികളുടെ അകലമുണ്ട്. വിളിപ്പാടകലെയാണ്, അടുത്തല്ല. ആണുങ്ങളും പെണ്ണുങ്ങളും ഉറക്കെപ്പറയുന്നു. ചെണ്ട പ്രധാനവാദ്യമായത് ഇതുകൊണ്ടാകാം. കവിത നിറഞ്ഞ നാട്ടുഭാഷയാണ് നാട്ടില്‍. പറയുന്നതല്ല അര്‍ഥം. ചിലപ്പോള്‍ വിപരീതം. നേരേ പറയില്ല. അതിശയോക്തി. അലങ്കാരം. ധാരാളം. മൂളലും മൗനവും മൊഴിയാണ്. 

മൊഴിപ്പൊരുളുകളുടെ ആറ്റൂര്‍ ഒരു മൂളല്‍പോലെ കടന്നുപോകുമ്പോള്‍ മുഴങ്ങുന്നുണ്ട് മേഘരൂപന്‍... 

സഹ്യനേക്കാള്‍ തലപ്പൊക്കം 

നിളയേക്കാളുമാര്‍ദ്രത 

ഇണങ്ങി നിന്നില്‍; സല്‍പ്പുത്ര- 

ന്‍മാരില്‍ പൈതൃകമിങ്ങനെ ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA