ADVERTISEMENT

മലയാളികളെ മോഹിപ്പിച്ച സാഹിത്യകൃതികൾക്കു പിന്നിലുള്ള കഥകളെക്കുറിച്ച്... എഴുത്തുകാർ പുലർത്തുന്ന സവിശേഷബന്ധങ്ങളെക്കുറിച്ച്... 

മലയാള സാഹിത്യത്തിലെ നേരും നുറുങ്ങുകളും പങ്കുവയ്ക്കുന്ന കോളം.

ഒരിക്കൽ ഒരാൾ എഴുത്തുകാരനായ കെ.എ. സെബാസ്റ്റ്യനോടു ചോദിച്ചു, എന്താണു പേര്? വർഷങ്ങൾ പലതു കഴിഞ്ഞു. അന്ന് ആ പേരു ചോദിച്ചയാളെ സെബാസ്റ്റ്യൻ ഇന്നും മറന്നിട്ടില്ല. എന്നെങ്കിലും മറക്കുമെന്നും തോന്നുന്നില്ല.  

ആലപ്പുഴ ജില്ലയിലെ ചെത്തിയിലാണു സെബാസ്റ്റ്യന്റെ സ്വദേശം. 1997 ൽ അദ്ദേഹം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായി. മീറ്റർ  റിഡറായിട്ടായിരുന്നു തുടക്കം. അതിന് അഞ്ചു വർഷം മുമ്പ് അദ്ദേഹം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ആ ജോലി കളഞ്ഞ് കെഎസ്ഇബിയിൽ കയറുന്നതെന്തിനെന്നു പലരും ചോദിച്ചു. പത്താംക്ലാസിൽ നല്ല മാർക്കോടെയായിരുന്നു സെബാസ്റ്റ്യന്റെ വിജയം. കണക്കിനു കിട്ടിയ മികച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജോലികിട്ടിയത്. പിന്നീട് അദ്ദേഹം പോളി ടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ ഡിപ്ലോമ നേടി. പോളി ടെക്നിക്ക്  പഠനത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയിൽ ഉദ്യോഗത്തിനു കയറിയത്.

മീറ്റർ റീഡിങ് എടുക്കാൻ വീടുകളിൽ പോയിത്തുടങ്ങിയതു മുതലാണ് തനിക്കു സമൂഹവുമായും പൊതുജനങ്ങളുമായും അടുപ്പം തുടങ്ങുന്നതെന്നു സെബാസ്റ്റ്യൻ പറയുന്നു. ദിവസവും പത്തിരുന്നൂറു വീടുകൾ കയറിയിറങ്ങി റീഡിങ്ങെടുക്കണം. ഇഷ്ടപ്പെട്ട വീടു മാത്രം  കയറിയൽ  പോരാ. കുടിലു തൊട്ടു കൊട്ടാരം വരെ വലിപ്പച്ചെറുപ്പമോ ഭേദചിന്തയോ ഇല്ലാതെ കയറണം. അക്കാലങ്ങളിൽ മീറ്റർ സ്ഥാപിക്കുന്നത് അധികവും വീടിനകത്തായിരുന്നു. വീടുകളുടെ അകം പല തരത്തിലാണ്. മനുഷ്യരും പല തരം. അസുഖങ്ങൾ പിടിപെട്ടവരുണ്ടാകാം. ചിക്കൻപോക്സ് പിടിച്ച ആളുകളെ കിടത്തിയിരിക്കുന്നത് ചിലപ്പോൾ മീറ്റർ വച്ച മുറിയിലാകാം. ചിലരുടെ മീറ്റർ ബെഡ് റൂമിനുള്ളിലാകും. അവരുടെ സ്വകാര്യതയെ ഭേദിച്ച് അവിടെ പ്രവേശിക്കേണ്ടിവരും. പക്ഷേ റീഡിങ് എടുക്കാതെ മടങ്ങാനാവില്ലല്ലോ. പേപ്പട്ടിയുള്ള വീടാണെങ്കിലും പോയി റീഡിങ്ങെടുത്തേ മതിയാകൂ. സർക്കാർ കാര്യമാണ്. അലംഭാവം പാടില്ല. റീഡിങ് എടുക്കാൻ മീറ്റർ തപ്പി അകത്തു കയറുന്നതുകൊണ്ട് വീട്ടുകാർക്കും റീഡിങ് എടുക്കാൻ വന്ന സെബാസ്റ്റ്യനും ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എന്നാൽ അത്തരം മനോവ്യഥകളൊന്നും പരസ്യമായി പ്രകടിപ്പിക്കാൻ പറ്റുന്നതുമല്ല. കാലം മാറിയിട്ടും ഇപ്പോഴും മീറ്റർ വീടിനകത്തുതന്നെ സ്ഥാപിക്കുന്ന ആളുകളുണ്ടെന്നു സെബാസ്റ്റ്യൻ പറയുന്നു. കെഎസ്ബിഇ മീറ്റർ പുറത്തുവയ്ക്കണമെന്നു കർശന നിർദേശത്തോടെ നോട്ടിസ് കൊടുത്താലാണ് ചിലരെങ്കിലും മീറ്ററൊന്നു പുറത്തേക്കിറക്കുന്നത്. 

വീടിനകത്തു മീറ്റർ വയ്ക്കുന്നതിനു പിന്നിൽ ചില  കാരണങ്ങളുണ്ടായിരുന്നു. ആദ്യത്തേതു കറന്റുബില്ല് ലാഭിക്കാമെന്ന ചിന്ത തന്നെ. പണ്ടത്തെ കാലത്ത് ഉപയോഗിച്ച കറണ്ടിന്റെ അളവു തെറ്റിക്കാൻ മീറ്ററിൽ കൃത്രിമം കാണിക്കുമായിരുന്നു. മീറ്ററിന്റെ സ്വാഭാവികമായ പ്രവർത്തനം എങ്ങനെയെങ്കിലും താളം തെറ്റിക്കും. ചില പഠിച്ച കള്ളന്മാരുണ്ടായിരുന്നു. അവരാണു കൃത്രിമം കാണിക്കുന്നതിൽ മുന്നിൽ. അന്നധികവും മെക്കാനിക്കൽ മീറ്ററുകളാണ്. അകത്ത് അലുമിനിയം ഡിസ്ക് 3200, 3600 ആർപിഎമ്മിൽ കറങ്ങും. കറങ്ങുന്ന കണക്കുവച്ചാണ് ഉപയോഗിച്ച യൂണിറ്റു കണ്ടുപിടിക്കുന്നത്... ആളുകൾ ഫിലിമും എക്സ്റേ തുണ്ടുമൊക്കെ ഇടയിലിട്ട് മീറ്ററിന്റെ കറക്കത്തിന്റെ വേഗം കുറയ്ക്കും. ചില വില്ലന്മാർ മീറ്ററിൽ ദ്വാരമിട്ട് അതിൽ മണ്ണും കല്ലുമൊക്കെ ഇടും. ഇന്നു പക്ഷേ ഡിജിറ്റൽ മീറ്റർ ആയതിനാൽ അത്തരം കളികളൊന്നും നടക്കില്ല. സ്വന്തം പോക്കറ്റിലെ പണം മുടക്കി മീറ്റർ വാങ്ങുന്നതുകൊണ്ട് മിക്കവാറും ഉപഭോക്താക്കൾ മീറ്ററിനെ പൊന്നുപോലെയാണു സൂക്ഷിക്കുന്നത്. 

മീറ്റർ റീഡിങ് എടുക്കൽ ചില്ലറ ജോലിയല്ലെന്നു സെബാസ്റ്റ്യന്റെ അനുഭവം തെളിയിക്കുന്നു. കസേരയിലിരുന്നു ജോലി ചെയ്യുന്നതു പോലെയല്ല. നല്ല കഷ്ടപ്പാടും മാനസികബുദ്ധിമുട്ടുകളും നേരിടണം. ഒരു ദിവസം എത്ര നടക്കണം? കായികമായും പെടാപ്പാടു തന്നെ. നടന്നു ചെരിപ്പു തേഞ്ഞുതീരും. മീറ്റർ റീഡർ പണിയില്‍ നിന്നു സ്ഥാനക്കയറ്റം കിട്ടിയ ശേഷമാണ് സെബാസ്റ്റ്യൻ ആദ്യമായി ഒരു പൂട്ടുചെരിപ്പു വാങ്ങി ഗമയിൽ നടക്കുന്നതുപോലും. റീഡിങ്ങിനു പോകുമ്പോൾ വള്ളിച്ചെരുപ്പ് ആണു നല്ലത്. കാരണം ഓരോ വീട്ടിലും കയറുമ്പോഴും ചെരിപ്പ് അഴിച്ചിട്ടുവേണം കയറാൻ. ആറും തോടും തടാകവും ചേരിയും കോളനിയുമൊക്കെ ചുറ്റി റീഡിങ് എടുക്കണം. െചളിവെള്ളത്തിൽ ചവിട്ടി നടക്കണം. വേലി ചാടിക്കടക്കണം. പട്ടി പുറകെ വന്നാൽ ഓടണം. അതിനു പുത്തൻചെരിപ്പുകൾ പറ്റിയതല്ല. നല്ല ചെരിപ്പാണെങ്കിലും ഇമ്മാതിരി അഭ്യാസങ്ങൾക്കിടയിൽ ചെരിപ്പിന്റെ മാത്രമല്ല ആളിന്റേയും നല്ല ജീവനങ്ങു പോകും. തുടർച്ചയായ നടപ്പുമൂലം മാസത്തിൽ ഒരു ചെരിപ്പെന്ന കണക്കിൽ മാറിയിടേണ്ടി വന്നിട്ടുണ്ടെന്നു സെബാസ്റ്റ്യൻ ഓർമിക്കുന്നു.  

ജോലി തുടങ്ങി അര മുക്കാൽ മണിക്കൂർ ആവുമ്പോഴേയ്ക്കും നല്ല പോലെ വിയർത്തുകുളിച്ചിട്ടുണ്ടാകും. ദാഹം മൂലം പല വീടുകളിൽ നിന്നും വെള്ളം വാങ്ങിക്കുടിക്കേണ്ടി വരും. ഇരുന്നൂറു വീടൊക്കെ കയറിറങ്ങുമ്പോഴേക്കും തളർന്ന് അവശനാകും. പോരാത്തതിനു സെബാസ്റ്റ്യന് ആസ്മയുടെ വയ്യായ്കയുമുണ്ടായിരുന്നു. പൊടി അടിച്ചാൽ ബുദ്ധിമുട്ടുവരും. പല വീടുകളിലും മീറ്റർ പൊടിയിൽ മുങ്ങിയായിരിക്കും ഇരിക്കുന്നത്. അതിലൊന്നു തൊടുമ്പോഴേയ്ക്കും എഴുത്തുകാരൻ തുമ്മാൻ തുടങ്ങും. പിന്നെ അസുഖമാകും. പക്ഷേ ലീവ് എടുക്കാനൊന്നും മുതിരില്ല. ലീവ് ഏടുക്കേണ്ടിവന്നാൽ പകരം റീഡിങ് ജോലി ആരും ഏറ്റെടുക്കില്ല. അതു മീറ്റർ റീഡറുടെ മാത്രം ഉത്തരവാദിത്തമായിരുന്നു. മാത്രമല്ല പിറ്റേന്നു ജോലി ചെയ്യുമ്പോൾ ഇരട്ടി വീടുകൾ കയറേണ്ടിവരും. വേനൽക്കാലത്ത് ഇങ്ങനെ അത്യധ്വാനം ചെയ്യുന്നത് ആരോഗ്യസ്ഥിതി വഷളാക്കും. അതുകൊണ്ട് സൂക്ഷിച്ചും സമയമെടുത്തുമായിരുന്നു സഞ്ചാരം. 

ചേരിപ്രദേശം പോലുള്ള സ്ഥലങ്ങളിലാണു ജോലിയെങ്കിൽ നല്ലപോലെ സൂക്ഷിച്ചില്ലെങ്കിൽ സാംക്രമികരോഗങ്ങളും കൂടെവരും.  പല തരം കുപ്പികൾ കഴുകി വൃത്തിയാക്കുന്ന ബിസിനസ് ഉള്ള ചില ഏരിയകളുണ്ട്. അവിടെ ചെന്നുപെട്ടാൽ അസുഖം ഉറപ്പായിരുന്നു. സുരക്ഷിതമെന്നു തോന്നുന്ന മറ്റു ചില ഇടങ്ങളും ആരോഗ്യത്തിനു ഹാനികരം തന്നെയായിരുന്നു. അഞ്ചാറു നിലകളൊക്കെയുള്ള  ഷോപ്പിങ് കോംപ്ലക്സുകളാണ് ഉദാഹരണം. അവിടെ മീറ്റർ വച്ചിരിക്കുന്നത് കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ടിലായിരിക്കും. കെട്ടിടത്തിൽ പത്തുനൂറു കടകൾ കാണും. അത് ഓരോന്നിന്റെയും മീറ്ററുകൾ ചാള അടുക്കിയതു മാതിരി ഈ അണ്ടർഗ്രൗണ്ടിൽ കാണും. അവിടെ മൊത്തം ഇരുട്ടായിരിക്കും. മിക്കവാറും കോണുകളിൽ അനാശ്യാസനടപടികളും അരങ്ങേറുന്നുണ്ടാവും. അതിനിടയിൽ മീറ്റർ റീഡർ ക്ഷണിക്കാതെ വന്ന അതിഥിയാണ്. ചില കാഴ്ചകൾ മനംപിരട്ടലുണ്ടാക്കും. അറയ്ക്കുന്നതും വെറുപ്പിക്കുന്നതുമായ കാഴ്ചകൾ പലതും കണ്ടത് ഇത്തരം ഇടങ്ങളിലാണ്. ഇതെല്ലാം മറക്കാൻ പിന്നെ നാടൻ ഭാഷയിൽ പറഞ്ഞാൽ രണ്ടെണ്ണം അടിക്കേണ്ടിവരും. എങ്കിലേ വീട്ടിലേക്കു സ്വസ്ഥതയോടെ ചെല്ലാനാകൂ. ഒരാളിലെ മനുഷ്യത്വപരമായ എല്ലാ അംശങ്ങളും ചോർന്നുപോകുന്നത് ഇത്തരം സന്ദർഭങ്ങളിലാണെന്നു സെബാസ്റ്റ്യൻ പറയുന്നു. കാലം പുരോഗമിച്ചതോടെ ഇത്തരം കാഴ്ചകൾക്കൊക്കെ മാറ്റം വന്നിട്ടുണ്ട്. 

സ്പോട്ട് ബില്ലിങ് ആരംഭിച്ച കാലത്തു മീറ്ററിലെ റീഡിങ് രേഖപ്പെടുത്തി താരിഫ് പ്രകാരം ബില്ലെഴുതി ഉടമയ്ക്ക് അപ്പോൾ തന്നെ നൽകുകയായിരുന്നു പതിവ്. മീറ്റർ റീഡർക്കു ബിൽ തുകയെഴുതാൻ അധികാരമായതോടെ അയാളുടെ വിലയേറി. ഇയാളെ മാനിക്കേണ്ടതാണെന്ന ചിന്ത ആളുകൾക്കുണ്ടായി. ഇയാൾ മനസ്സുവച്ചാൽ ബിൽ തുക കുറപ്പിക്കാനാകുമെന്നായിരുന്നു ആളുകളുടെ പൊതുവേയുള്ള വിചാരം. മുൻപു റീഡിങ്ങെടുക്കാൻ വരുന്ന ആളെ കണ്ടാൽ ഗേറ്റുപൂട്ടി അകത്തേക്കു പോകുന്നവരായിരുന്നു അധികവും. എത്ര മുട്ടിവിളിച്ചാലും ഗേറ്റു തുറക്കില്ല. മഴയത്ത് കുടയും ബാഗും ബിൽബുക്കും ഉപകരണങ്ങളുമായി എത്രയോ വീട്ടുകാരെ വിളിച്ചിരിക്കുന്നു. ആരും തുറക്കാനെത്താതെ വരുമ്പോൾ സങ്കടപ്പെട്ടിരിക്കുന്നു. അപമാനിതനായി മടങ്ങേണ്ടി വന്നിരിക്കുന്നു. വീണ്ടും അവിടേക്ക് തന്നെ കയറിച്ചെല്ലേണ്ടി വന്നിരിക്കുന്നു. കാരണം ഇതു തന്റെ തൊഴിലാണ്. എത്ര ആട്ടിയിറക്കിയാലും താൻ തന്നെ ചെയ്യേണ്ട ഉത്തരവാദിത്തം. 

ആദ്യകാലത്തു മീറ്ററിന്റെ സ്ഥാനം നല്ല ഉയരത്തിലായിരുന്നു. റീഡിങ് എടുക്കണമെങ്കിൽ ഏണിയോ ഉയരമുള്ള സ്റ്റൂളോ വേണ്ടിവരും. ചില വീടുകളിൽ ഇതെല്ലാം കാണും. ഇല്ലെങ്കിൽ അയൽവീട്ടിൽചെന്ന് ഇതെല്ലാം സംഘടിപ്പിക്കേണ്ടതും മീറ്റർ റീഡിങ് ജീവനക്കാരൻ തന്നെ. ഇനി മറ്റു ചിലരോ, വീട്ടിലുണ്ടെങ്കിലും ഇതൊന്നുമില്ലെന്നങ്ങു പ്രഖ്യാപിച്ചുകളയും. ഇത്തരക്കാരാണു  സ്പോട്ട് ബില്ലിങ് വന്നതോടെ മീറ്റർ റിഡിങ്ങിനെത്തുന്ന ഉദ്യോഗസ്ഥരെ കാര്യമായി പരിഗണിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കിയത്. ബിൽ എഴുതുമ്പോൾ ആളുകൾ പറയും, ‘ഒരു മയത്തിലെഴുതണേ.. വലിയ പണച്ചെലവുണ്ടാക്കല്ലേ..’ ചിലർ റീഡിങ് താഴ്ത്തിയെഴുതാൻ പറയും. ഇതിനെല്ലാം പുറകിൽ പണം കുറച്ചുകിട്ടണമെന്ന മനോഭാവമാണ്. പക്ഷേ സത്യസന്ധനായ ഒരാൾക്ക് ഇതിനൊന്നും കൂട്ടു നിൽക്കാൻ കഴിയില്ല. ഇത്തരം അവസരങ്ങളിൽ സ്പോട്ടില്‍ വച്ച് കസ്റ്റമറുമായി ഉരസലുണ്ടായേക്കാം. പരിഭവവും പിണക്കവുമൊക്കെ ഉടലെടുക്കും. അപ്പോൾ അവർ വീട്ടിലെ പട്ടിയുടെ കൂടു തുറക്കും. നായ വർധിതവീര്യത്തോടെ മുറ്റത്തുകൂടി ഉലാത്തും. വീട്ടുകാർ അവനെ കൂട്ടിൽ കയറ്റാൻ മടിക്കും. ആവശ്യത്തിനും ആവശ്യത്തിലേറെയും വൈദ്യുതി ഉപയോഗിച്ച ശേഷമാണ് ഉപഭോഗത്തുക കുറഞ്ഞുകിട്ടണമെന്ന ആവശ്യം. അതിനു പട്ടിയെ ഉപയോഗിച്ചു ഭീഷണിയാണ്. ൈപസ കുറഞ്ഞു കിട്ടണമെന്ന ആവശ്യത്തിനു ജാതിയോ മതമോ സമുദായമോ സംഘടനയോ എന്ന വ്യത്യാസമൊന്നുമില്ല എന്നതാണു രസകരം. 

അതിരാവിലെ തുടങ്ങുന്ന ജോലി ഉച്ച പിന്നിടുമ്പോഴേക്കും ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തിക്കും. പറഞ്ഞല്ലോ ഒഫീസുപണി പോലെ ഒരു കംഫർട്ട് സോണിലല്ല മീറ്റർ റീഡറുടെ പ്രവർത്തനങ്ങൾ. ആളുകളെ കണ്ടും അവരുടെ അനാദരവും രോഷവുമൊക്കെ ഏറ്റുവാങ്ങി വിഷാദവും മാനസിക സമ്മർദ്ദവുമൊക്കെ പതിവായിരിക്കും. അതിന്റെ കൂട്ടത്തിൽ ആഹാരം കുടി കഴിച്ചില്ലെങ്കിലോ? അന്നു സെബാസ്റ്റ്യന് അത്തരമൊരു ദിവസമായിരുന്നു. ഇരുന്നൂറിലേറെ വീടു താണ്ടി അവസാനത്തെ വീട്ടിലേക്ക് എത്തുകയാണ്. ആ വീടു കഴിഞ്ഞാൽ അന്നത്തെ ജോലി തീർന്നു എന്ന വലിയ ആശ്വാസമുണ്ട്. പൊടിയടിച്ചതിന്റെയും ഏറെ നടന്നതിന്റേയും ക്ഷീണം വല്ലാതെ കൂടി. ആ വീട്ടിലെ മീറ്റർ ഇരിക്കുന്നത് വീടിന്റെ പിൻഭാഗത്താണ്. അവിടെ ഒരു ചായ്പ്പും മറപ്പുരയുമുണ്ട്. ഇന്നത്തെപ്പോലെ അടച്ചുറപ്പുള്ള അറ്റാച്ച്ഡ് ബാത്ത്റൂമുകളൊന്നും അന്നു പതിവില്ല. മറപ്പുരയ്ക്കു മേൽമൂടി കാണില്ല. അത്തരം വീടുകളിലൊക്കെ ചെല്ലുമ്പോൾ കുറെക്കൂടി ശ്രദ്ധയും മാന്യതയും പുലർത്തേണ്ട ഉത്തരവാദിത്തമുണ്ട്. നേരേ കയറിച്ചെന്നാൽ കാണരുതാത്ത പലതും കാണേണ്ടിവരും. അത് രണ്ടു കൂട്ടർക്കും ബുദ്ധിമുട്ടുണ്ടാക്കും. അതൊഴിവാക്കാൻ  ‘വീട്ടുകാരേ.. വീട്ടുകാരേ.. ഇവിടാരുമില്ലേ..’ എന്നു വിളിച്ചുചോദിച്ചുകൊണ്ടാണ് കയറിച്ചെല്ലുന്നത്. കോളിങ്ബെല്ലും അന്നു പതിവല്ല. 

അവസാനവീടെന്ന ആശ്വാസത്തോടെ സെബാസ്റ്റ്യൻ  വീണ്ടും വിളിച്ചു. ‘വീട്ടുകാരേ.. ആരുമില്ലേ ഇവിടെ..?’ 

പ്രതികരണമില്ല. അല്പമൊന്നു നിന്ന ശേഷം വീടിന്റെ പുറകിലേക്കു നടന്നു. അകത്ത് ആരുമുള്ളതായി തോന്നുന്നില്ല. 

അപ്പോൾ നേർമയായ ഒരു ശബ്ദം: ‘പേരെന്താണ്..?’ 

ആരാണെന്നു സെബാസ്റ്റ്യൻ നോക്കി. ആരേയും കണ്ടില്ല. വീണ്ടും ചുവടു വയ്ക്കാനൊരുങ്ങിയപ്പോൾ ചോദ്യം ആവർത്തിച്ചു,  ‘പേരെന്താണ്..?’

മുറ്റത്തെ അമ്പഴമരത്തിൽ തൂക്കിയിട്ടിരിക്കുന്ന കൂട്ടിൽ നിന്നുമാണ് ശബ്ദം. ഒരു മാടത്ത (മൈന)യാണ് ചോദ്യകർത്താവ്. സെബാസ്റ്റ്യന്റെ വിശപ്പും ക്ഷീണവും മാനസികപ്രയാവുമൊക്കെ ആ നിമിഷം ഓടിയൊളിച്ചതു പോലെ. ഇത്രയും കാലവും റീഡിങ് എടുക്കാനായി എത്രയോ ഇടങ്ങളിൽ കയറിയിറങ്ങിയിരിക്കുന്നു. ഒരിക്കൽ പോലും ഒരാളുപോലും തന്റെ പേരു ചോദിച്ചിട്ടില്ല. ഇതാ തന്റെ പേര് അറിയാൻ ആഗ്രഹിച്ച ഒരേയൊരു ജീവി ആ കൂട്ടിലിരുന്നു ചോദിക്കുന്നു, പേരെന്താണ് എന്ന്. അതൊരു പക്ഷിയാണെന്ന ചെറുമനസ്സു സെബാസ്റ്റ്യനുണ്ടായില്ല. 

അദ്ദേഹം മറുപടി പറഞ്ഞു, ‘എന്റെ പേര് കെ.എ. സെബാസ്റ്റ്യൻ !’

പെട്ടന്ന് ആ മറുപടി പൂർണമല്ലെന്ന് അദ്ദേഹത്തിനു തോന്നി. കോടതിസമക്ഷം വിശദമായി പറയുന്നതുപോലെ എഴുത്തുകാരൻ ആവർത്തിച്ചു, ‘കാരയ്ക്കാട്ട് ആന്റണി മകൻ സെബാസ്റ്റ്യൻ...!’ 

മാടത്തയ്ക്കു തൃപ്തി വന്നതുപോലെ. സെബാസ്റ്റ്ൻ തിരിഞ്ഞുനടന്നു. പക്ഷിയുെട ആ ചോദ്യത്തിലും തന്റെ ഉത്തരത്തിലും മനസ്സിനകത്തുണ്ടായിരുന്ന വിഷമമെല്ലാം ഓടിയൊളിച്ചതുപോലെ. ഇപ്പോൾ ആസ്മയുടെ ശല്യം തോന്നുന്നില്ല. നന്നായി ശ്വസിച്ചു. വെയിലിനു ചൂടുണ്ടങ്കിലും നിലാവിന്റെ കുളിരു പോലെ തോന്നി. ക്ഷീണവും ദാഹവും അറിഞ്ഞില്ല. അതിഭയങ്കരമായ സന്തോഷത്തോടെയായിരുന്നു ആ മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com