ADVERTISEMENT

(കഥാകൃത്ത് സി.എസ്.ചന്ദ്രികയുടെ കഥയാണ് ‘ക്ലിനിക്കലി എക്സ്പയേഡ്.’ ഈ കഥയെ ആസ്പദമാക്കി ഡോ. എൻ. മോഹൻദാസ് എഴുതി സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത നാടകം ജൂലൈ അവസാന വാരം തൃശൂരിൽ അരങ്ങേറി. ആദ്യവതരണം കണ്ട കഥാകാരി ആ അനുഭവം എഴുതുന്നു.)

 

 

ക്ലിനിക്കലി എക്സ്‌പയേഡ് – എന്റെ കഥയിൽ നിന്നു  നാടകത്തിലേക്കുള്ള  ആ രൂപാന്തരം അത്ഭുതകരവും ആനന്ദകരവുമായ അനുഭവമാണു തന്നത്. കഥയുടെ ആന്തരികമായ ആകുലതകളിൽ നിന്നു  വ്യതിചലിക്കാതെ ഡോ. എൻ. മോഹൻദാസ് എഴുതിയ  ശക്തമായ നാടക പാഠവും  ഡോ. സാംകുട്ടി പട്ടംകരിയുടെ സൂക്ഷ്‌മവും വേറിട്ടതുമായ സംവിധാന മികവുമാണു  നാടകത്തിന്റെ വിജയം സാധ്യമാക്കിയത്. 2019 ജൂലൈ 30 ന് തൃശൂർ റീജനൽ തിയറ്ററിലാണ് ആദ്യ അവതരണം നടന്നത്. 

മലയാളത്തിൽ പുതിയ ശക്തമായ  സ്‌ക്രിപ്‌റ്റുകളില്ലാതെ,  നാടക സംഘങ്ങൾ ഇംപ്രൊവൈസേഷനിലൂടെ  നാടകങ്ങൾ ചെയ്യുന്ന കാഴ്‌ച കണ്ട ് മനസ്സു മടുത്തിട്ടുണ്ട്. മലയാളത്തിൽ നല്ല നാടക സാഹിത്യവും പുതിയ വേറിട്ട  നാടകങ്ങൾ തന്നെയും ഇല്ലാതാകുന്നതിന് ഈ രീതികൾ കുറച്ചൊന്നുമല്ല കാരണമായിട്ടുള്ളത്. നല്ല നാടകങ്ങൾ ചെയ്യണമെന്നുള്ളവർ ഇപ്പോഴും  വിദേശീയവും സ്വദേശീയവുമായ പഴയ നല്ല കൃതികളെ ആശ്രയിക്കുകയാണു ചെയ്യുന്നത്.   

ഡ്രാമാ സ്കൂളിൽ നിന്നു നാടകത്തിൽ പിഎച്ച്ഡി  എടുത്തശേഷം കേരള യൂണിവേഴ്‌സിറ്റിയിൽ കുറച്ചു കാലം സെന്റർ ഫോർ വിഷ്വൽ ആന്റ് പെർഫോർമിംഗ് ആർട്ട്‌സ് ഡിപ്പാർട്മെന്റിൽ ഞാൻ പഠിപ്പിച്ചിരുന്നത് ഡ്രാമാറ്റിക് ലിറ്ററേച്ചർ ആയിരുന്നു. സി. ജെ യുടേയും സി. എൻ. ശ്രീകണ്‌ഠൻ നായരുടെയും പുളിമാനയുടെയും ജി. ശങ്കരപിള്ളയുടെയും കാവാലത്തിന്റേയും താജിന്റേയുമൊക്കെ നാടകങ്ങളുടെ ടെക്‌സ്റ്റ് വായിക്കുമ്പോഴും അതേ നാടകങ്ങളുടെ നല്ല രംഗാവതരണങ്ങൾ കാണുമ്പോഴും  രംഗപാഠവും രംഗഭാഷയും തമ്മിലുള്ള ബലാബലത്തിന്റെ സത്യസന്ധമായ പാരസ്‌പര്യത്തിന്റെ തലങ്ങൾ എത്ര മാത്രം പ്രധാനമാണെന്നു  ക്ലാസ്സിൽ ചർച്ച ചെയ്യാറുണ്ട ്. ക്ലിനിക്കലി എക്സ്‌പയേഡിന്റെ  രംഗപാഠവും രംഗഭാഷയും തമ്മിലുണ്ടായ നിർണായകമായ പാരസ്‌പര്യം എന്നെ അന്നത്തെ  ഓർമയിലേക്കും ഒപ്പം ഈ പുതുകാല അനുഭവത്തിലേക്കും  കൂട്ടിക്കൊണ്ടു പോയി. 

കഥയുടെ നാടക രചന വിജയകരമായി നടത്തിയ ഡോ. മോഹൻദാസ്, കഥയിൽ ഞാൻ വിടർത്താതെ വെച്ചിരുന്ന സങ്കീർണരാഷ്‌ട്രീയത്തിന്റെ ഓരോ ഇതളുകളുടെയും നിറവും മണവും രുചിയും രൂപവും അറിഞ്ഞെടുത്ത്  ഈ കാലത്തിന്റെ  അരങ്ങിലേക്കുള്ള  വെല്ലുവിളി നിറഞ്ഞ ഒരു രംഗപാഠം നിർമിച്ചു. അതിന്റെ അരങ്ങിലെ ദൃശ്യഭാഷ എങ്ങനെയായിരിക്കും എന്നറിയാനുള്ള  അതിയായ ആകാംക്ഷയോടെയാണ് ഞാൻ നാടകം കാണാനെത്തിയത്. 

ഇന്ത്യയിൽ മാത്രമല്ല, ലോകമാകെയും  അതിസങ്കീർണമായി മാറിക്കഴിഞ്ഞ നമ്മുടെ  ജീവിതത്തിന്റെ മേലുള്ള രാഷ്‌ട്രീയകാരണങ്ങളുടെ  വിവിധ മാനങ്ങൾ എന്തെന്ന് നാടകം ദൃശ്യവൽക്കരിക്കുന്നു.  

അതിനായി  രേഖീയമല്ലാത്ത ആഖ്യാന, സൗന്ദര്യ ശാസ്‌ത്ര ഉപകരണങ്ങളെ കണ്ടെ ത്തി പരീക്ഷിക്കുകയാണ്  സംവിധായകൻ.  ഈ നാടകത്തിൽ  ഗാംഭീര്യമുള്ള, ഭാഷയുടെ ആർജ്ജവവും സൗന്ദര്യവുമുള്ള, ആർദ്രതയുള്ള, സാഹിത്യ മൂല്യമുള്ള സംഭാഷണങ്ങൾ,   മരണം സ്ഥിരീകരിക്കാൻ  നിയുക്തനായ ഡോക്‌ടർ,  സ്ഥിരീകരണം കാത്തു കിടക്കുന്ന മരണം,  കൂട്ടക്കൊലകൾ, പഞ്ചഭൂതങ്ങളിൽ അദൃശ്യ രൂപിയായ കാറ്റ് എന്നിവ അവതരിപ്പിക്കാൻ സാംകുട്ടി കണ്ടെടുത്ത  രൂപഘടന തീർത്തും പുതിയതാണ്. 

വേദിയിലിരിക്കുന്ന ഒരു സംഗീത സംഘമാണ് നാടകം തുടങ്ങുന്നത്.  അവർ നാടകത്തിന്റെ പശ്ചാത്തല സംഗീതക്കാരല്ല.  അഭിനേതാക്കളാണ്.  കറുപ്പ് ഈ നാടകത്തിന്റെ ആഴമുള്ള പശ്ചാത്തലമാണ്.  നാടകത്തിലെ ബഹുവിധ മാനങ്ങളുള്ള രാഷ്‌ട്രീയ പ്രമേയത്തെ  സംഗീതവും നൃത്തവും കവിതകളും സംഭാഷണങ്ങളും  വെളിച്ചവും ഇരുട്ടും  ഉടലും ഉടയാടകളും ചടുലതയും  നിശ്ചലതയും ജീവനും മരണവും  ഉൾക്കൊള്ളുന്നൊരു രൂപഘടനയിലേക്ക് ദൃശ്യവൽക്കരിക്കാൻ  സംവിധായകനു കഴിഞ്ഞു. അരങ്ങിൽ നിങ്ങൾക്ക്  പ്രകൃതിയുടെ ഒരു ഭൂവിഭാഗം തന്നെ കാണാം.  മൃതപ്രായമായതല്ല, മരിച്ചതിനെത്തന്നെ. 

മരിച്ച ജലത്തെ എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് കാറ്റ് നമുക്ക് പറഞ്ഞു തരുന്നതിങ്ങനെയാണ് :  സംശയമെന്തിന്? ഒന്നിനും ഉറപ്പില്ലാത്തതു നിനക്കല്ലേ? എനിക്കുറപ്പുണ്ട ്. ഇതുപോലൊരു ജലാശയം നിനക്കകത്തുമുണ്ടെന്ന് അറിയുന്നില്ല നീ. അതു രണ്ടും ഒരുമിച്ചാണ് വറ്റുക. തപ്പി നോക്കിയാൽ കയ്യിൽ തടയാത്ത ജലപാതകളുണ്ട് ഇവ തമ്മിൽ. ഇതിൽ നീ നഞ്ചു കലക്കുമ്പോൾ അതു നിന്നിലേക്കും പടരുന്നുണ്ട്.  ഒരു മരണമന്വേഷിക്കാൻ പറഞ്ഞയച്ച കാറ്റ്  പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് മരണങ്ങളുടെ  ഒരു ലോകമാണ്. 

യുദ്ധങ്ങളിൽ കത്തുന്നവരുടെ,  വംശഹത്യകളിൽ വേവുന്നവരുടെ, വെടിയേറ്റു ജീവൻ തകർന്നവരുടെ, ശൂലങ്ങളിൽ പിടഞ്ഞു തീരുന്നവരുടെ, ജീവനറ്റ് പുഴുക്കളെപ്പോലെ മണ്ണോടമർന്ന്  കിടക്കുന്ന കറുത്ത ശരീരങ്ങളുടെ  ഉള്ളു തകർക്കുന്ന മരണങ്ങളുടെ ലോകം.   

നാടകം കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകരുടെ ശ്വാസകോശങ്ങളിൽ കാറ്റ് കഠിനമായി കയറിയിറങ്ങുന്നതിന്റെ നെടുനിശ്വാസങ്ങളുടെയും ഉലച്ചിലുകളുടെയും ശബ്‌ദങ്ങൾ ഞാൻ കേട്ടു.     

സങ്കീർണമായ പ്രമേയത്തെ കൃത്യമായി  രംഗഭാഷയിലൂടെ അവതരിപ്പിക്കുക എന്നതു ചെറിയ വെല്ലുവിളിയല്ല.  പ്രകൃതി, മനുഷ്യൻ, ജീവൻ, ജീവിതം, സ്‌ത്രീ,  പ്രണയം, മരണം  എന്ന യാഥാർത്ഥ്യങ്ങളുടെയും ആകുലതകളുടെയും തീർച്ചയില്ലായ്‌മകളുടെയും തീർച്ചകളുടെയും  കഥയാണിത്. അരുംകൊലകളെ, ഫാഷിസത്തെ  വ്യക്തിയുടെ ഉള്ളിലും സാമൂഹത്തിലും പ്രസ്ഥാനങ്ങളിലും സംസ്‌കാരത്തിലും രാഷ്‌ട്രത്തിനുള്ളിലും പ്രേക്ഷകർക്കു കാണാനാവും.  വ്യക്തി എന്ന നിലയിൽ നിങ്ങൾക്കും സ്വയം ഉള്ളിലേക്കു  സൂക്ഷിച്ചു നോക്കി തീർച്ച വരുത്താൻ നിർബ്ബന്ധിതമായ  സന്ദർഭമാണിത്. ഈ കാലത്ത്, ഈ രാഷ്‌ട്രത്തിൽ യഥാർഥത്തിൽ  നിങ്ങൾ എന്താണ്? ആരാണ്? ആരാണ് മരിച്ചത്? എങ്ങനെയാണ് മരിച്ചത്?

ഇതിലെ കഥാപാത്രങ്ങൾ ഡോക്‌ടറും കാറ്റും ഡോക്‌ടറുടെ കാമുകിയുമാണ്. 

ഡോക്‌ടറുടെ കഥാപാത്രമായി അരങ്ങിൽ  വന്നത് ഡോ. മോഹൻദാസ് ആണ്.  സൂക്ഷ്‌മമായ ചലനങ്ങളുടെ, റിയലിസത്തിന് എതിരു നിൽക്കുന്ന  വാചികത്തിന്റെ  ആകർഷകമായ അഭിനയ സാധ്യതകളുടെ രസങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാൻ മോഹൻദാസിനായി.  കാററായി രംഗത്തെത്തിയത് പ്രേംകുമാറും കലാമണ്ഡലം മനോജുമാണ്. പ്രപഞ്ച ശക്തിയായ കാറ്റിനെ നാട്യധർമിയുടെ ബലത്തിൽ പ്രേംകുമാർ  വരുതിയിൽ നിർത്തിയത് അഭിനയത്തിന്റെ വിസ്‌മയകരമായ  മറ്റൊരു കാഴ്‌ചയായിരുന്നു. കലാമണ്ഡലം മനോജ് അരങ്ങിൽ കറുത്ത കാറ്റിന്റെ പാട്ടും താളവും നൃത്തവും സൗമ്യതയും സംഹാരവുമായി അരങ്ങു നിറഞ്ഞു. ഡോക്‌ടറുടെ കാമുകി കൃഷ്‌ണയെന്ന സ്‌ത്രീ കഥാപാത്രമായും മനോജ് അഭിനയിക്കുന്നു. ഈ 3 നടൻമാരോടൊപ്പം സംഗീതസംഘത്തിലെ  ഫ്രാൻസിസ്,  മാർട്ടിൻ, മണി, വിനു എന്നിവരും ഒപ്പത്തിനൊപ്പം പാരസ്‌പര്യത്തോടെ മത്സരിച്ച് മുന്നേറുന്നതായിരുന്നു നാടകം. ഇപ്പോഴും ആ സംഗീതവും പാട്ടുകളും  നൃത്തച്ചുവടുകളും  മനസ്സിൽ  മായാതെ നിൽക്കുകയാണ്.  

നാടകത്തിന്റെ ആദ്യ അവതരണത്തിൽ  വെളിച്ച സന്നിവേശത്തിലും  ശബ്‌ദത്തിലും  അപ്രതീക്ഷിതമായ ചില  സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.  പഞ്ചേന്ദ്രിയങ്ങൾ പൂർണ വികാസത്തിലേക്ക് വളരുന്നതു പോലെ ഓരോ റിഹേഴ്‌സലിലൂടെയും അവതരണത്തിലൂടെയും വളർന്നു പൂർണത നേടാൻ സവിശേഷ  പ്രാപ്‌തിയുള്ള കലാരൂപമാണ് നാടകം. 

ഒരു കാര്യം പ്രത്യേകം പറയട്ടെ. ഈ നാടകം കാണാൻ പ്രേക്ഷകരുടെ ഭാഗത്തു നിന്നു തയാറെടുപ്പ് ആവശ്യമുണ്ട്. പതിവു ശീലമുള്ള നാടകമല്ല ഇത്. നാടകത്തിൽ    ആദ്യന്തം ഉണ്ടാ യിരിക്കണമെന്നു വിചാരിക്കുന്ന  മുറുക്കം ഇതിൽ കണ്ടെന്നു വരില്ല. ഈ നാടകത്തിന്റെ ഘടനയിൽ അതിനു പ്രസക്തിയുമില്ല. പല നിലകളിലും പ്രേക്ഷകരുടെ സെൻസിബിലിറ്റി  ഉയരാൻ സഹായിക്കുന്ന നാടകമായി, മലയാള നാടകവേദിയിൽ ഈ നാടകത്തെ അടയാളപ്പെടുത്താനാവുന്നത് അതുകൊണ്ടു കൂടിയാണ്. സംവിധായകനെന്ന നിലയിൽ ഡോ. സാംകുട്ടി മലയാള നാടകവേദിയെ ഏറെ ദൂരം മുന്നിലേക്ക് കൊണ്ടു പോയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com