ADVERTISEMENT

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയത്തിന്റെ ഓർമകൾക്ക് ഒരു വയസ്സ്. ഒരു വർഷത്തിനിപ്പുറവും ഒരു ഞെട്ടലോടെയല്ലാതെ പ്രളയദിനങ്ങളെകുറിച്ച് ഓർക്കുവാൻ മലയാളിക്ക് ആവില്ല. പ്രളയഭൂമിയിലേക്ക് രക്ഷാപ്രവർത്തനത്തിനായി കേരളം ഒന്നാകെ കൈകോർത്തിറങ്ങിയപ്പോളും സമാനസാഹചര്യങ്ങളിൽ ചെയ്യേണ്ടതെന്തെന്ന ധാരണയോ മുന്നനുഭങ്ങളോ നമ്മുക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും നാളെയൊരു അപ്രതീക്ഷിത ദുരന്തത്തെ എങ്ങനെ നേരിടണമെന്നറിയാൻ ലോകത്തിനു മുഴവന്‍ മറിച്ചുനോക്കാനായി അതിജീവനത്തിന്റെ ഒരു പുതിയ പാഠപുസ്തകം എഴുതുവാൻ കേരളത്തിലെ സാധാരണക്കാർക്ക് കഴിഞ്ഞു.

 

ജീവനും ജീവിതമാർഗവും പണയപ്പെടുത്തി മത്സ്യതൊഴിലാളികൾ മരണം കാത്തിരുന്നവരെ ചേർത്തുപിടിച്ച് ജീവിതത്തിലേയ്ക്ക് തുഴയെറിഞ്ഞപ്പോൾ ഇവിടെ അതിജീവനത്തിന്റെ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു. ആ ചരിത്രം പുസ്തകമാക്കിയിരിക്കുകയാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റെജിമോൻ കുട്ടപ്പൻ. പ്രളയദിനങ്ങളുടെ അനുഭവങ്ങൾ മത്സ്യതൊഴിലാളികളുടെ തന്നെ വാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുകയാണ് 'റോവിങ് ബെറ്റ്‌വീൻ ദ റൂഫ് ടോപ്സ്' (Rowing Between the Rooftops) എന്ന പുസ്തകം. ജീവനും ആകെയുള്ള ജീവനോപാധിയായ ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി തിരിച്ച നിമിഷം മുതൽ മത്സ്യതൊഴിലാളികൾ നേരിട്ട വെല്ലുവിളികൾ ഏറെ, കേരളം അറിഞ്ഞതും അറിയാതെ പോയതുമായ വാർത്തകൾ ഏറെ... കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിൽ മറയാൻ സാധ്യതയുള്ള ആ പ്രയത്നങ്ങളെ എന്നന്നേയ്ക്കുമായി രേഖപ്പെടുത്തി വയ്ക്കുകയാണ് റെജിമോൻ കുട്ടപ്പൻ. 

 

പുസ്തകത്തെകുറിച്ച് എഴുത്തുകാരന്റെ വാക്കുകളിൽ–

 

"പത്രപ്രവർത്തനം എന്ന എന്റെ തൊഴലിന്റെ ഭാഗമായി തന്നെ തീരദേശപ്രദേശവും, അവിടുത്തെ ആളുകളുമായി അടുപ്പമുണ്ടായിരുന്നു. അവരൊക്കെ പ്രളയകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രളയസമയത്ത് മത്സ്യതൊഴലാളികൾ ധീരപ്രവർത്തനത്തനങ്ങളെ കുറിച്ച് ഏതാനം സ്റ്റോറികൾ എഴുതിയിരുന്നു. ആദ്യ റസ്ക്യൂ ടീമുകളിൽ ഒന്നായ 'കോസ്റ്റൽ വാരിയേഴ്സ്' അംഗങ്ങൾ പങ്കുവെച്ച അനുഭവങ്ങൾ ഒക്കെ എന്നെ ചിന്തിപ്പിച്ചു. പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്ന വാർത്തകളല്ലാതെ ആരാലും കാണപ്പെ‌ടാതെ പോയ അഭിനന്ദിക്കപ്പെടേണ്ട നിരവധി ധീരകഥകൾ അവർക്ക് പറയാനുണ്ടായിരുന്നു. ഈ കഥകളൊക്കെ എന്നന്നേയ്ക്കുമായി രേഖപ്പെടുത്തി വയ്ക്കേണ്ടതാണെന്നു തോന്നി അങ്ങനെയാണ് ഇങ്ങനൊരു പുസ്തകത്തിന്റെ പിറവി. 

 

തീരദേശ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മുപ്പതോളം ഗ്രൂപ്പുകളിലായി കേരളത്തിന്റെ വിവിധഭാഗത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നൂറിലധികം മത്സ്യതൊഴിലാളികളെ നേരിട്ടുകണ്ട് സംസാരിച്ചു. അവരുടെ അനുഭവങ്ങളാണ് പുസ്തകത്തിൽ." 

 

ലോകം മുഴുവൻ മത്സ്യതൊഴിലാളികവുടെ ധീരതയെ വാഴ്ത്തുമ്പോൾ ആ ധീരതയുടെ പിന്നിലെ ചരിത്രം കൂടി അന്വേഷിക്കാൻ മറന്നില്ല റെജിമോൻ കുട്ടപ്പൻ. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ചരിത്രമാണ് പുസ്തകത്തിലെ അവസാന അധ്യായം. ഡോ. ശശി തരൂർ എം.പിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നു. സ്പീക്കിങ് ടൈഗർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com