sections
MORE

അമ്മയാണ് സത്യം; ജീവിതം സാക്ഷി

HIGHLIGHTS
  • അമ്മയ്ക്ക് ജന്മംകൊടുത്ത മകൻ– മാക്സിം ഗോർക്കി.
Maxim Gorky
SHARE

പേലഗേയ നിലോവ്ന വ്ളാസോവ എന്നു പറഞ്ഞാൽ പലർക്കും പിടികിട്ടിയെന്നിരിക്കില്ല. വിപ്ലവകാരിയായ മകനെ സ്നേഹത്തോടെ സഹായിച്ചു കൂടെ നിന്ന് ഒടുവിൽ വിപ്ലവത്തിൽ ഭാഗഭാക്കാവുന്ന ശക്തയായ അമ്മ. മാക്സിം ഗോർക്കിയുടെ അമ്മ. നോവലിലാകമാനം പേലഗേയ എന്ന പേരുപേറുമ്പോഴും ‘ഗോർക്കിയുടെ അമ്മ’ എന്നാണവർ ലോകപ്രശസ്തയായത്. അങ്ങനെ അമ്മയ്ക്ക് ജന്മംകൊടുത്ത ആളുമായി ഗോർക്കി.

ആ അമ്മയുടെ മകൻ കാമുകിയെ ഒരിക്കൽപ്പോലും പേരുചൊല്ലി വിളിച്ചില്ല എന്നത് വിചിത്രമായി തോന്നിയേക്കാം. ഗോർക്കിയുടെ 'ആദ്യപ്രണയം' എന്ന നോവലിലാണ് നായിക അനാമികയായിരിക്കുന്നത്. 1923 ൽ ആണ് ഗോർക്കി ‘ആദ്യപ്രണയം’ എഴുതിയത്. ഒരു നീണ്ടകഥയെന്നോ നോവലെറ്റെന്നോ വിളിക്കാവുന്നത്ര ചെറിയൊരു നോവലാണത്.

മുഖ്യകഥാപാത്രമായ നായികയ്ക്ക് പേരില്ല എന്നത് വ്യക്തിത്വമില്ലായ്മയെന്ന് തർജ്ജമ ചെയ്തു പോകും കഥാപാത്രസൃഷ്ടിയിൽ ചിലപ്പോൾ. പേര് വ്യക്തിയെന്ന നിലയിൽ അത്ര പ്രസക്തമാണെന്നിരിക്കെ നോവലിലുടനീളം ഒരു പേരില്ലാത്ത നായിക സാധാരണ പതിവുള്ളതല്ല. ആദ്യപ്രണയത്തിൽ നായകന്റെയും പേര് പറയുന്നില്ല എങ്കിലും ആഖ്യാതാവായി നിൽക്കുന്നതു കൊണ്ട് ഞാൻ എന്നത് പര്യാപ്തമാണ്.

കഥാനായകന്റെ ആദ്യപ്രണയമാണ് കഥാവസ്തു. കാമുകിയാകട്ടെ വിവാഹിതയും പ്രായത്തിൽ മുതിർന്നവളും. എങ്കിലും കാഴ്ചയിൽ ഒരു കുഞ്ഞിന്റെ നൈർമല്യമാണവൾക്ക്. പ്രണയാർദ്രനായ കാമുകന്റെ ദയനീയാവസ്ഥ കണ്ട് ഒന്നിച്ചു ജീവിക്കാൻ എത്തുന്ന അവൾക്ക് നൽകാൻ നായകന്റെ പക്കൽ ദാരിദ്ര്യമാണ് ആകെയുണ്ടായിരുന്നത്. എങ്കിലും അവൾ സംതൃപ്തയായിരുന്നു. കഷ്ടതകളിൽ മാറ്റുകൂടിയ സ്ത്രീ വ്യക്തിത്വം. 

രണ്ടു പേരുടേയും അധ്വാനം ജീവിതത്തെ ക്രമേണ സാമ്പത്തികമായി മെച്ചപ്പെടുത്തി. പക്ഷേ സ്നേഹച്ചുമരിൽ വിള്ളലുകൾ വീണുകൊണ്ടിരുന്നു. തന്റെ കഥകളെ ആസ്വദിക്കാത്തവൾ എന്നതായിരുന്നു നായകന്റെ മുഖ്യപരാതി. തനിക്ക് തീരെ താൽപര്യമില്ലാത്ത കാര്യങ്ങളായ ഭക്ഷണം, പാചകം, വിരുന്നൊരുക്കൽ എന്നിവയിലൊക്കെയാണ് അവൾക്ക് താല്പര്യം. അവളോടിടപെടുന്ന പുരുഷന്മാർക്ക് അവൾ കൊടുക്കുന്ന സ്വാതന്ത്ര്യം പൊരുത്തക്കേടുകൾക്ക് ആക്കംകൂട്ടുകയും ഒടുവിൽ ആ ബന്ധം വേർപിരിയലിലേക്കെത്തുകയും ചെയ്തു.

കടുത്ത ദാരിദ്ര്യത്തിലും ഒപ്പം ചിരിതൂകി നിന്നതാണവൾ. നല്ല ഭക്ഷണം വച്ചുവിളമ്പിയവൾ. വീട്ടുചെലവുകൾ താങ്ങാൻ ഒപ്പത്തിനൊപ്പം പണിയെടുത്തവൾ. അവളില്ലാതെ ആ നോവലില്ല, കഥാനായകന് ജീവിതവിജയമില്ല. എന്നിട്ടും അവൾ, പ്രണയിനി, ഭാര്യ എന്നതിനപ്പുറം ആ കഥാപാത്രത്തിന് ഒരു പേരുപോലുമില്ല. പകൽ മുഴുവൻ പണിയെടുത്തതുകൊണ്ടാവാം അയാൾ സ്വന്തം കഥ വായിച്ചു കേൾപ്പിച്ചപ്പോൾ അവളറിയാതെ ഉറങ്ങിപ്പോയിട്ടുള്ളത്. ഇടപെടുന്നവരിലെ ചില സ്വഭാവങ്ങൾ അവളിൽ കൗതുകമണർത്തിയിട്ടുണ്ട്. അവളുടെ അതേ കൗതുകം തന്നെയല്ലേ ഒരിക്കലവരെ കമിതാക്കളാക്കിയതും. കഥയിലൊരു പേരുപോലും പറയാത്ത അവൾ ഏറ്റവും പ്രിയപ്പെട്ടവളാകുന്നു. ക്രമേണ ആരുമല്ലാതെയുമാകുന്നു. നഷ്ടത്തിൽ മാത്രമാണവളുടെ മൂല്യം തിരിച്ചറിയപ്പെടുന്നതും.

സന്തോഷം കൈപ്പിടിയിലൊതുങ്ങുമ്പോൾ ചെറുതാണ്. കൈവിട്ടു പോകുമ്പോഴാണ് എത്ര വലുതാണ് നഷ്ടം എന്നറിയുന്നത്. കൈവിട്ടു പോയ പ്രിയതമയെക്കുറിച്ചു തന്നെയാകണം ഗോർക്കി ഇങ്ങനെ എഴുതിയതും.

ഗോർക്കിയുടെ ജീവിതത്തിൽ വന്ന പ്രണയങ്ങളും പ്രണയപരാജയങ്ങളും ഈ കഥാനായകന്റേതു പോലെ സ്വന്തം സ്വഭാവത്തിന്റെ പ്രതിഫലനമാണ് എന്നു കരുതാം. 

ഗോർക്കിയുടെ ആദ്യഭാര്യ എകട്രീനയൊത്തുള്ള ജീവിതം നോവലിലെ ‘അവൾ’ക്കൊപ്പമുള്ള കുടുംബ ജീവിതത്തോടുപമിക്കാം. സുഖദുഃഖ സമ്മിശ്രമായ സാധാരണ ജീവിതം. ഒടുവിൽ കുടുംബജീവിതത്തിന്റെ കെട്ടുപാടുകൾ താങ്ങാനാവാതെ ഗോർക്കി അവരിൽനിന്ന് പിരിയുകയായിരുന്നു. 

രണ്ടാമത് ഗോർക്കിക്കൊപ്പം കഴിഞ്ഞത് നടിയായ മരിയ ആൻഡ്രീവ. ‘അവളെ’പ്പോലെ പാരീസിലും ഇറ്റലിയിലുമൊക്കെ പോയിട്ടുള്ള സുന്ദരി. റഷ്യൻ വിപ്ലവത്തോടെ സജീവ പാർട്ടി പ്രവർത്തകയായി കുടുംബ ജീവിതത്തിൽനിന്നകന്ന അവരെ ഗോർക്കി ഉപേക്ഷിച്ചു. 

മുൻ പ്രഭ്വിയായിരുന്ന മരിയ ബുഡ്ബർഗ് മൂന്നാം ഭാര്യയായി. പിന്നീട് മറ്റു പുരുഷന്മാരുമായി അവർ പുലർത്തിയിരുന്ന അടുപ്പം ഗോർക്കിയെ അസ്വസ്ഥനാക്കി. പതിമ്മൂന്നു വർഷം ഒന്നിച്ച് ജീവിച്ചശേഷം അവർ പിരിയുകയും ചെയ്തു. മരിയയ്ക്കൊപ്പം ജീവിക്കുമ്പോഴാണ് ഗോർക്കി ‘ആദ്യപ്രണയം’ രചിക്കുന്നത്. 

ഗോർക്കിയുടെ ഈ മൂന്ന് ജീവിത പങ്കാളികളും പേരില്ലാത്ത ആ കഥാപാത്രത്തിന്റെ സൃഷ്ടിയിൽ കടന്നു വന്നിട്ടുണ്ടെന്നു വേണം കരുതാൻ. ജീവിതത്തിൽ മൂന്നു പേരുകൾ പതിപ്പിച്ചു പോയവർ ഒന്നായി ചേർന്നപ്പോൾ ഒരു പേരു പോലും ഇല്ലാത്തവളായി. സ്വന്തമായി വ്യക്തിത്വവും അഭിപ്രായങ്ങളുമുള്ള ശക്തരായ സ്ത്രീകളായിരുന്നു ഭാര്യമാരായിരുന്നവർ എന്നിരിക്കെത്തന്നെ നായികാ കഥാപാത്രത്തിന്റെ അഭിപ്രായങ്ങളേയും അറിവിനേയും വ്യക്തിത്വത്തേയും മാനിക്കാനാവാത്ത ഒരു നായകനെ സൃഷ്ടിക്കാൻ ഗോർക്കിയെ പ്രേരിപ്പിച്ചത് എന്താകാം. 

ഭാര്യമാരായിരുന്ന മൂന്നു സ്ത്രീകളുടേയും രീതികളോടുള്ള പൊരുത്തക്കേടുതന്നെയോ അല്ലെങ്കിൽ ജീവിതത്തോടു തന്നെയുണ്ടായ മടുപ്പോ ആകാം ‘അമ്മ’യെ സൃഷ്ടിച്ച മനസിൽ പേരില്ലാത്തവൾ ഉരുത്തിരിയാനിടയാക്കിയത് എന്നാണ് അനുമാനിക്കേണ്ടത്. അതല്ലെങ്കിൽ ഒരു പേരിന്റെ സാമ്യം കൊണ്ടു പോലും ഭാര്യമാരിലൊരാളാണത് എന്ന് മുദ്രകുത്തപ്പെടാതിരിക്കാൻ ചെയ്തതുമാകാം അത്. 

വിവാഹത്തിനു മുൻപ് ‘എനിക്ക് ഏറ്റവും കൂടുതൽ രസിച്ചത് അവളുടെ പ്രേമ കഥകളാണ്’ എന്നു പറഞ്ഞ നായകന് പിന്നീടവൾ പുരുഷന്മാരോട് അടുത്ത് ഇടപഴകുന്നതു സഹിക്കുന്നില്ല. പിരിഞ്ഞതിനും അവളുടെ മരണത്തിനും ശേഷം അയാൾ പറയുന്നു: 'ഒരു കാര്യം സമ്മതിച്ചേ തീരൂ, അവൾ ഒരു യഥാർഥ സ്ത്രീയായിരുന്നു! ജീവിതത്തെ അതേപടി സ്വീകരിക്കാൻ അവൾക്ക് കഴിഞ്ഞു.’ മാക്സിം ഗോർക്കി എന്ന എഴുത്തുകാരന്റെ സ്വന്തം ജീവിതത്തിലെ തിരിച്ചറിവിന്റെ ഏറ്റുപറച്ചിലാണത്.

മരിയ ബുഡ്ബർഗ് ജീവിതത്തിലേക്ക് വന്നപ്പോഴും അവരുടെ പ്രേമകഥകൾ ഗോർക്കിയിൽ താൽപര്യമുണ്ടാക്കിയിട്ടുണ്ട്. ഒടുവിൽ അത്തരം കഥകൾതന്നെ അവരുടെ വേർപിരിയലിനും കാരണമായി എന്നത് വിരോധാഭാസമായി തോന്നാം. എല്ലാമറിഞ്ഞ് മരിയയെ പ്രണയിച്ചപ്പോൾ ഗോർക്കി കരുതിയത് ക്രമേണ അവരുടെ ജീവിതവും രീതികളുമാകെ മാറ്റിമറിക്കാമെന്നായിരിക്കും. അതിനാവില്ലെങ്കിൽ അവർ ഭാവിയിൽ തനിക്ക് അനഭിമതയായേക്കാം എന്ന് തിരിച്ചറിഞ്ഞുമില്ല.

കഥാകാരന്റെ ജീവിതമായി ഒരു കൃതിയേയും വായിക്കേണ്ടതില്ല എന്നിരിക്കെത്തന്നെ കഥാപാത്രങ്ങളിൽ കഥാകാരനും അയാളുടെ ജീവിതത്തിലുള്ളവരും ഇങ്ങനെ നേരിട്ടിടപെടാറുമുണ്ട്. ചിലയിടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമാണ് ജീവിതം കഥകളിൽ കടന്നുകയറുന്നത്. പലപ്പോഴും വരികൾക്കിടയിലതിനെ വായനക്കാരൻ കണ്ടെത്താറുമുണ്ട്. എഴുതിയവരുടെ പ്രണയവും നിരാശയും നിസ്സഹായതയുമൊക്കെ വായിച്ചെടുക്കാനുമാകും. 

ഗോർക്കി പറയുന്നതുപോലെ ‘പുസ്തകം ഒരു കോട്ടയും വായനക്കാർ ആ കോട്ടയ്ക്കുള്ളിൽ പെട്ടവരും’ ആണെങ്കിൽ കോട്ടയുടെ മുക്കും മൂലയും തിരക്കുന്നവരത്രേ ചില വായനക്കാർ. അവർക്കായി പുസ്തകങ്ങളും എഴുത്തുകാരന്റെ ജീവിതവും ചിലതൊക്കെ കരുതി വയ്ക്കും. ഒരു പേരുപോലും വേണ്ട അത് കണ്ടെടുക്കാൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA