sections
MORE

'ഒന്നിനുവേണ്ടിയും യാചിക്കരുത്; സ്നേഹത്തിനുവേണ്ടിപ്പോലും' എന്ന് ലോകത്തെ പഠിപ്പിച്ച എഴുത്തുകാരി

HIGHLIGHTS
  • സ്നേഹത്തെ പുനര്‍നിര്‍വചിച്ച വാക്കുകളുടെ കവിയായിരുന്നു ടോണി മോറിസണ്‍.
  • അനുഭവങ്ങളെ വേദനയുടെയും സഹനത്തിന്റെയും ഭാഷയില്‍ പരിഭാഷപ്പെടുത്തിയ നോവലിസ്റ്റ്.
Toni Morrison
ടോണി മോറിസണ്‍
SHARE

ഞാന്‍ നിങ്ങളുമായുള്ള സ്നേഹത്തില്‍ വീണുപോയെന്നു കരുതരുത്. നിങ്ങള്‍ക്കു മുകളിലായി ഞാന്‍ വീണുവെന്നും കരുതാതിരിക്കൂ. സ്നേഹത്തിലൂടെ ഞാന്‍ ഉയരുകയാണ് ചെയ്തിരിക്കുന്നത്... 

സ്നേഹത്തെ പുനര്‍നിര്‍വചിച്ച വാക്കുകളുടെ കവിയായിരുന്നു ടോണി മോറിസണ്‍. അനുഭവങ്ങളെ വേദനയുടെയും സഹനത്തിന്റെയും ഭാഷയില്‍ പരിഭാഷപ്പെടുത്തിയ നോവലിസ്റ്റ്. വ്യക്തിത്വത്തിന്റെ സവിശേഷതകളിലൂടെ അമേരിക്കയില്‍ നിറഞ്ഞുനില്‍ക്കുകയും ലോകമാകെ ആരാധകരെ നേടുകയും ചെയ്ത സമാനതകളില്ലാത്ത എഴുത്തുകാരി. 

ഒരിക്കലും ഒന്നിനുവേണ്ടിയും യാചിക്കരുത്; സ്നേഹത്തിനുവേണ്ടിപ്പോലും എന്നതായിരുന്നു ഈ വനിതാ എഴുത്തുകാരിയുടെ ജീവിതവും എഴുത്തുകളും ലോകത്തോടു പറഞ്ഞത്. സ്വാതന്ത്ര്യം എന്നാല്‍ സ്വതന്ത്രയായി ജീവിക്കുക മാത്രമല്ലെന്നും മറ്റൊരാളെയെങ്കിലും സ്വതന്ത്രയാക്കുകകൂടിയാണെന്നും വ്യക്തമാക്കിയ അപൂര്‍വസാന്നിധ്യം. 

1931-ല്‍ ഓഹിയോയില്‍ നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയായി കറുത്ത വര്‍ഗക്കാരുടെ കുടുംബത്തില്‍ ജനിച്ച ടോണി മോറിസണ്‍  എന്നും ഒരു പോരാളിയായിരുന്നു. വാക്കുകള്‍കൊണ്ടും പ്രവൃത്തികൊണ്ടും. സാഹിത്യകൃതികളാലും പ്രഭാഷണങ്ങളാലും. ആ സാന്നിധ്യം പോലും അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് പകര്‍ന്നുനല്‍കിയത് അളവില്ലാത്ത ആത്മവിശ്വാസവും ധൈര്യവും. 

അടിമകളുടെ കുടുംബത്തില്‍ ജനിച്ച മുത്തച്ഛനില്‍ നിന്നാകണം ടോണിക്ക് കുട്ടിക്കാലത്തേ എല്ലാത്തരം അടിമത്തത്തെയും എതിര്‍ക്കുന്ന എല്ലുറപ്പുണ്ടായത്. വളര്‍ന്നുവരവേ, അനുഭവങ്ങള്‍ ഓരോന്നായി അവരെ കടുത്ത സ്വാതന്ത്ര്യവാദിയാക്കി. മനുഷ്യനെ ചങ്ങലയ്ക്കിടുന്ന സമീപനങ്ങളെ ചെറുത്തുതോല്‍പിക്കുന്ന ധീരമായ ശബ്ദമാക്കി. 

വിദ്വേഷത്തിന് അര്‍ഹമാകേണ്ട നിറമല്ല കറുപ്പെന്നും കറുപ്പിനു സൗന്ദര്യമുണ്ടെന്നും തന്റെ ആദ്യകൃതി മുതലേ ആവര്‍ത്തിച്ച ധീരയായ എഴുത്തുകാരി. കറുത്തവരോടുള്ള വിവേചനം മുഖ്യചര്‍ച്ചയായിരുന്ന എഴുപതുകളിലാണ് ടോണിയുടെ ആദ്യത്തെ കൃതി വെളിച്ചം കാണുന്നത്. ‘ദ് ബ്ളൂവെസ്റ്റ് ഐ’. 39-ാം വയസ്സില്‍. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളും സ്വപ്നം കാണുന്ന കറുത്ത വര്‍ഗക്കാരുടെ പ്രതിനിധിയായിരുന്നു നോവലിലെ നായികയായ 14 വയസ്സുകാരി പെക്കോള്‍ എന്ന പെണ്‍കുട്ടി. നിലവിലിരിക്കുന്ന സൗന്ദര്യസങ്കല്‍പങ്ങളെ തകര്‍ത്ത് പുതിയൊരു സൗന്ദര്യബോധം സൃഷ്ടിക്കുകയായിരുന്നു പെക്കോള്‍. ഇല്ലാത്ത ഒന്നിനുവേണ്ടി പായുന്നതിനുപകരം ഉള്ളിലുള്ള സൗന്ദര്യത്തെ പ്രകടിപ്പിക്കാനാണ് ടോണി ആഹ്വാനം ചെയ്തത്. കാണാന്‍ മാത്രമുള്ളതല്ല സൗന്ദര്യം എന്നു പറഞ്ഞിട്ടുണ്ട് ടോണി മോറിസണ്‍. അത് അനുഭവിക്കാനുള്ള ഒരു വികാരം കൂടിയാണെന്നായിരുന്നു അവരുടെ നിലപാട്. അതേ നിലപാട് തന്നെയാണ് അവരുടെ കൃതികള്‍ അവര്‍ത്തിച്ച് പ്രഖ്യാപിച്ചതും. ഏറ്റവും പ്രശസ്തമായ ബിലവഡ്, സോങ് ഓഫ് സോളമന്‍, സുല, ഗോഡ് ഹെല്‍പ് ദ് ചൈല്‍ഡ് തുടങ്ങിയ പുസ്തകങ്ങളെല്ലാം അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായി ടോണിയെ മാറ്റി. സാഹിത്യ നൊബേല്‍ നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ എഴുത്തുകാരി കൂടിയായിരുന്നു അവര്‍. എഴുത്തിനു ലഭിക്കുന്ന അമേരിക്കയിലെ ഏതാണ്ടെല്ലാ ബഹുമതികളും ടോണിയെ തേടിയെത്തിയിരുന്നു. അടുത്തകാലത്തു ലഭിച്ച പ്രസിഡന്റിന്റെ മെഡല്‍ ഉള്‍പ്പെടെ. തനിക്കു ലഭിച്ച ഓരോ നേട്ടവും ഒരു രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു ലഭിക്കുന്ന അംഗീകാരമായാണ് ടോണി കണ്ടത്. ഒരു വംശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ഇന്ധനം. 

അമേരിക്കയില്‍ പ്രശസ്തമായ ഓപ്ര വിന്‍ഫ്രിയുടെ ടോക്‌ഷോയില്‍ നാലുതവണ അതിഥിയായിട്ടുണ്ട് ടോണി മോറിസണ്‍. എന്തുകൊണ്ടു വീണ്ടും ടോണി എന്ന ചോദ്യത്തിന് ഉത്തരവും പറഞ്ഞിട്ടുണ്ട് വിന്‍ഫ്രി- ആ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ തന്നെ. ഒരു ജീവിതം കൊണ്ട് കേവലം ആനന്ദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതിനുപകരം അക്ഷരങ്ങളെ ജീവചൈന്യമുള്ളതാക്കി വിമോചനത്തിന്റെയും സ്വാതന്ത്ര്യദാഹത്തിന്റെയും പ്രതീകമാക്കിയതിന്റെ പേരില്‍. ബിലവഡ് എന്ന ടോണിയുടെ നോവല്‍ 10 വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ സിനിമയാക്കിയതിനു പിന്നിലും വിന്‍ഫ്രിയുടെ കരുത്തുണ്ടായിരുന്നു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള 1860- കളായിരുന്നു ബിലവഡിന്റെ പശ്ചാത്തലം. കെഞ്ചുക്കിയില്‍നിന്ന് ഓഹിയോയിലെ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെടുന്ന ഒരു അടിമയുടെ ജീവിതമായിരുന്നു പ്രമേയം. ഓഫ്ര വിന്‍ഫ്രി ചിത്രത്തില്‍  അഭിനയിക്കുകയും ചെയ്തു. സിനിമ ബോക്സോഫില്‍ പരാജയപ്പെട്ടെങ്കിലും ടോണി മോറിസണ്‍ പരാജയപ്പെട്ട എഴുത്തുകാരി ആയിരുന്നില്ല. എല്ലാ അര്‍ഥത്തിലും വിജയിച്ച എഴുത്തുകാരിയും വ്യക്തിയുമായിരുന്നു. ആറു ദശകം നീണ്ടുനിന്ന എഴുത്തുജീവിതത്തില്‍ ടോണി എഴുതിയത് 11 നോവലുകള്‍. എല്ലാം കറുത്തവരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതും അവരുടെ മോചനപ്രതീക്ഷകൾക്ക് ആക്കം കൂട്ടിയതും. 

റാന്‍ഡം ഹൗസില്‍ എഡിറ്ററും പ്രന്‍സ്ടൗണ്‍ യുണിവേഴ്സിറ്റിയില്‍ അധ്യാപകയുമായിരുന്ന ടോണി തന്റെ നോവലുകളില്‍ ഉപയോഗിച്ചത് കരുത്തുറ്റതും അതേസമയം കവിതയോടു ചേര്‍ന്നുനില്‍ക്കുന്നതുമായ ഭാഷ. ആ ഭാഷ തന്നെയാണ് അവരെ മറ്റ് എഴുത്തുകാരില്‍നിന്ന് വേറിട്ടുനിര്‍ത്തിയതും. 

നമ്മള്‍ മരിക്കും. അതാണു ജീവിതത്തിന്റെ അര്‍ഥം തന്നെയും പക്ഷേ നാം സൃഷ്ടിച്ചത് ഭാഷയില്‍ ജീവിച്ചിരിക്കുന്നു. അതായിരിക്കും ജീവിതത്തിനുശേഷവും ബാക്കിയാകുക... ടോണി മോറിസന്റെ ജീവിതത്തെയും മരണത്തെയും അര്‍ഥവത്താക്കുന്നത് ഈ വരികളാണ്. മരണത്തെപ്പോലും അതിജീവിക്കുന്ന വാക്കുകളുടെ കരുത്തും സൗന്ദര്യവും. നിങ്ങളാഗ്രഹിക്കുന്ന രീതിയില്‍ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഈ ലോകം കൊണ്ട് എന്താണ് കാര്യമെന്നും അവര്‍ ചോദിച്ചിട്ടുണ്ട്. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍, കറുത്തവരും വെളുത്തവരും, ആഫിക്കക്കാരും അമേരിക്കക്കാരുമെല്ലാം ഒരേപോലെ മനുഷ്യരായി ജീവിക്കുന്ന രാജ്യവും ലോകവുമായിരുന്നു ടോണി മോറിസന്റെ മനസ്സില്‍. അങ്ങനെയൊരു ലോകം സൃഷ്ടിക്കാനാണ് അവര്‍ എഴുതിയത്. ആ എഴുത്ത് വ്യര്‍ഥമായില്ലെന്നു തെളിയിച്ചതിനുശേഷമാണ് അവര്‍ കടന്നുപോകുന്നതും. ബറാക് ഒബാമയില്‍നിന്ന് പ്രസിഡന്റ്യല്‍ ബഹുമതി ഏറ്റുവാങ്ങിയപ്പോഴും അവരത് തെളിയിച്ചു. അതേ, പറക്കാനാഗ്രഹിക്കുകയും പറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഒരു എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. അവര്‍ കടന്നുപോകുമ്പോഴും ആ അക്ഷരങ്ങള്‍ പറന്നുനടക്കുന്നതു തുടരും. നാം ശ്വസിക്കുന്ന വായുവില്‍. അന്തരീക്ഷത്തില്‍. നമ്മുടെ ജീവിതത്തിലും ജീവനിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA