ADVERTISEMENT

43 വർഷം മുമ്പെഴുതിയ ഒരു കത്തിന്റെ സ്മരണ പുതുക്കുന്നതിനായി മൂന്നു പേർ തിരുവനന്തപുരത്ത് ഒത്തുകൂടി. എഴുത്തുകാരനായ പെരുമ്പടവം ശ്രീധരൻ, പ്രസാധകൻ ആശ്രാമം ഭാസി, ചിത്രകാരനും കേരള ലളിത കലാ അക്കാദമി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ. ഭാസിയുടെ കയ്യിലാണ് കത്തുള്ളത്. പെരുമ്പടവം ശ്രീധരൻ 43 വർഷം മുമ്പ് ഭാസിക്കെഴുതിയ കത്താണിത്. പെരുമ്പടവത്തെ കാണാനും പരിചയപ്പെടാനും താൽപര്യമുണ്ടെന്നു കാണിച്ച് ഭാസി അയച്ച കത്തിനുള്ള മറുപടി. 15 പൈസയുടെ പോസ്റ്റ് കാർഡിലാണ് പെരുമ്പടവം എഴുതിയിരിക്കുന്നത്. നാലു പതിറ്റാണ്ടു കാലം കഴിഞ്ഞെങ്കിലും കത്തിന്റെ പുതുമ നഷ്ടമായിട്ടില്ല. 

 

പെരുമ്പടവം ചേട്ടൻ എഴുതിയ കത്തിന്റെ മൂല്യം കാലേകൂട്ടി മനസ്സിലാക്കി സൂക്ഷിച്ചുവെച്ചതാണെന്നു ഭാസി. 

കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ബാലയുഗ’ത്തിലെ എഴുത്തുകാരായിരുന്നു ഭാസിയും വിജയകുമാറും. സുധീഷ് വടകര, ടി.വി കൊച്ചുബാവ, സിപ്പി പള്ളിപ്പുറം, ശൂരനാട് രവി, എംആർ മനോഹരവർമ, മധു മഞ്ജുളാലയം തുടങ്ങിയവരും ഇവർക്കൊപ്പം സജീവമായി എഴുതുന്നുണ്ട്. എഴുത്തിന്റെ പേരിൽ എല്ലാവരും തമ്മിൽ മത്സരം തന്നെയുണ്ട്. സുധീഷ് വടകര പിന്നീടു വി.ആർ. സുധീഷ് ആയിമാറി. എല്ലാവരേയും ഒരുപോലെ പ്രോൽസാഹിപ്പിച്ചത് ബാലയുഗത്തിന്റെ എഡിറ്ററായിരുന്ന കാമ്പിശേരി കരുണാകരനും.   

perumbadavam

 

‘അന്നു ജനയുഗത്തിൽ പെരുമ്പടവം ചേട്ടന്റെ ഒരു കഥ അച്ചടിച്ചു വന്നു. മനോഹരമായ കഥ. അതുവായിച്ച് വലിയ ആവേശമായി. ചേട്ടൻ ഒരു ആരാധനാപുരുഷനായി അതിനു മുമ്പേ മനസ്സിൽ കയറിപ്പറ്റിയിട്ടുണ്ട്. കാമ്പിശേരി സാറിന്റെ പക്കൽനിന്നും വിലാസം സംഘടിപ്പു. ‘പെരുമ്പടവം ശ്രീധരൻ, തമലം, തിരുവനന്തപുരം.’ ഇന്നും ആ വിലാസത്തിനു മാറ്റമില്ല. നേരിട്ടു കാണാനും സംസാരിക്കാനും താൽപര്യമുണ്ടന്ന് കത്തിൽ അറിയിച്ചു മടക്കത്തപാലിൽ തന്നെ ചേട്ടൻ മറുപടി അയച്ചു.  

 

‘പ്രിയ ഭാസിക്ക്, 

 

കത്തിനു നന്ദി. ഇനിത്തൊട്ടു താങ്കൾ ബാലയുഗത്തിലും മറ്റും എഴുതുന്നത് ഞാൻ ശ്രദ്ധിക്കാം. പരിചയപ്പെട്ടതിൽ സന്തോഷിക്കുന്നു. വിജയകുമാർ ഇവിടെ വന്നിരുന്നു. എന്നെ ഒരു മീറ്റിങ്ങിനു വിളിക്കാൻ. തിരക്കിനിടയിൽ മറുപടി അയയ്ക്കാൻ വൈകി. പരിഭവിക്കരുത്. ഇടയ്ക്കു ഞാൻ കൊല്ലത്തുവരാറുണ്ട്. ഇനി വരുമ്പോൾ കാണാം. 

perumbadavam-asramam-bhasi-vijayakumar

 

സ്വന്തം പെരുമ്പടവം. 

 

1976 ഓഗസ്റ്റിലാണ് ഈ കത്തെഴുന്നത്. പെരുമ്പടവത്തെ ചെന്നു കാണാൻ കാമ്പിശേരിയും ഉപദേശിച്ചു. അന്നു വിജയകുമാർ തിരുവനന്തപുരത്തു ഫൈൻ  ആർട്സ് കോളജിലെ വിദ്യാർഥിയാണ്. ഒരുമിച്ചെഴുതിയും ക്യാംപുകളിലും മറ്റും പങ്കെടത്തും ഭാസിയും വിജയകുമാറും നല്ല സൗഹൃദത്തിലുമാണ്. ഭാസിയുടെ കൂടെ ചെല്ലാമെന്നു വിജയകുമാറും സമ്മതിച്ചു. 

 

‘ഞാൻ അന്ന് അയച്ച ഒരു കഥയ്ക്കു പ്രതിഫലമായി കാമ്പിശേരി സാർ 10 രൂപ തന്നു. 10 രൂപയെന്നത് അന്നത്തെക്കാലത്തു വലിയൊരു തുകയാണ്. പണം തന്നിട്ടു സാറു പറഞ്ഞു, എടോ ഈ കാശു കഥയ്ക്കല്ല, മനോഹരമായ തന്റെ കൈപ്പടയ്ക്കാണ്!’ വിജയകുമാർ ഓർമയിൽ നിന്നും പറഞ്ഞു.

 

പെരുമ്പടവം അന്ന് ‘അഷ്ടപദി’യൊക്കെ എഴുതി സ്റ്റാറായി നിൽക്കുകയാണ്. വിജയകുമാറിന്റെ അമ്മ ഗോമതിയമ്മ തമലം എൽപിഎസിൽ അധ്യാപികയാണ്. പെരുമ്പടവത്തിന്റെ വീടും സ്കൂളും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസം മാത്രം. പെരുമ്പടവത്തിന്റെ ഭാര്യ ലൈലയും ഗോമതിയമ്മ ടീച്ചറും തമ്മിൽ സൗഹൃദമുണ്ട് അതുവഴി വിജയകുമാറിനും പെരുമ്പടവത്തിന്റെ കുടുംബവുമായി അടുപ്പമുണ്ട്. അങ്ങനെയൊരു ബന്ധം കൂടി അറിയാവുന്ന നിലയ്ക്കാണ് ഭാസി വിജയകുമാറിനേയും ഒപ്പം കൂട്ടിയത്.

 

ഇരുവരും വീട്ടിലെത്തുമ്പോൾ കൈലിയും കയ്യില്ലാത്ത ഒരു ബനിയനും ധരിച്ച് പെരുമ്പടവം മുന്നിൽ ഉലാത്തുന്നുണ്ട്. അന്നൊരു ചെറിയ ഓലമേഞ്ഞ വീടാണ്. പരിചയപ്പെട്ടു. രണ്ടു പേരേയും അകത്തേക്കു സ്വീകരിച്ചു. കാപ്പിയും പലഹാരവും കൊടുത്തു. സാഹിത്യവർത്തമാനങ്ങൾ പറഞ്ഞു. നന്നായി എഴുതണമെന്ന ഉപദേശവും പെരുമ്പടവം നൽകി. 

 

‘എന്റെ ഉപദേശമൊക്കെ ഇവന്മാർ കേട്ടുകൊണ്ടു പോയതല്ലാതെ എഴുത്ത് ഗൗരവമായി രണ്ടു പേരും തുടർന്നില്ല. ഭാസി പിന്നീട് ബിസിനസിലേക്കു പോയി. പിന്നീട് എന്റെ പ്രസാധകനായി. വിജയകുമാർ മികച്ച ചിത്രകാരനായി മാറി. എഴുതാത്തതിൽ എനിക്കു നല്ല പോലെ പരിഭവമുണ്ടു കേട്ടോ’– കഥ കേട്ടുകൊണ്ടിരുന്ന പെരുമ്പടവം ശ്രീധരന്റെ വാക്കുകൾ.  

 

ഈ കൂടിക്കാഴ്ചയ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നു  ഭാസി. 

‘അന്ന് ഞാനും വിജയകുമാറും ചേട്ടനെ കാണാൻ ഒന്നിച്ചു വന്നു. പിന്നീടും ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഒന്നിച്ചായിരുന്നില്ല. ഇരുവരും ഒന്നിച്ച് വീണ്ടും പെരുമ്പടവത്തെ കാണാൻ വരുന്നതും 43 വർഷത്തിനു ശേഷമാണെന്ന പ്രത്യേകതയുണ്ട്.’

 

‘സൗഹൃദം ദൃഢമാക്കിയ കത്തിന്റെ 43 –ാം വാർഷികം’ പെരുമ്പടവം പറഞ്ഞു. 

ഓണപ്പതിപ്പുകൾക്കു വേണ്ടിയുള്ള എഴുത്തിലായിരുന്നു പെരുമ്പടവം. മേശപ്പുറത്ത് അദ്ദേഹമെഴുതി വച്ച മാറ്ററുകളിലെ കൈപ്പടയും ഭാസിയുടെ കൈയിലിക്കുന്ന പോസ്റ്റുകാർഡിലെ കൈപ്പടയും ഒരുപോലെ. വർഷമിത്ര പിന്നിട്ടിട്ടും ഉരുണ്ടു മനോഹരമായ ആ അക്ഷരങ്ങൾക്കു മാത്രം മാറ്റമില്ല. സൗഹൃദത്തെയെന്ന പോലെ കാലം അക്ഷരങ്ങളേയും കൂടുതൽ മനോഹരമാക്കിയിട്ടേയൂള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com