ADVERTISEMENT

മറവിരോഗം ബാധിച്ചാല്‍ പോലും മറന്നുപോകാത്ത അനുഭവങ്ങള്‍: പലരും സ്വകാര്യ അഭിമാനവും അഹങ്കാരവും സങ്കടവുമായി കൊണ്ടുനടക്കുന്ന സ്വത്ത്. ഈ സ്വത്തിന്റെ പരസ്യപ്രദര്‍ശനം കുറച്ചുനാളുകളായി മലയാളത്തിലെ എഴുത്തിലുണ്ട്. കുറ്റസമ്മതത്തിന്റെ സ്വഭാവത്തില്‍. സങ്കടപ്പെരുമഴയായും പരിഭവങ്ങളായും. കുറ്റപ്പെടുത്തലും വിമര്‍ശനങ്ങളും ആരോപണങ്ങളുമായി. വാര്‍ധക്യത്തില്‍ എഴുതുന്ന ആത്മകഥകളില്‍ മാത്രം മൂടിപ്പൊതിഞ്ഞും വ്യക്തിത്വം വെളിപ്പെടുത്താതെയും അവതരിപ്പിച്ചിരുന്ന സൗമ്യമായ സ്മരണകളുടെ തലത്തില്‍നിന്ന് യൗവ്വനത്തിലെ രൂക്ഷമായ തുറന്നുപറച്ചിലുകളിലേക്ക് മാറിയതോടെയാണ് ആത്മകഥനങ്ങളുടെ സ്വഭാവം മാറിയത്. ആത്മകഥകള്‍ ആസിഡ് പോലെ പൊള്ളിക്കുന്ന അനുഭവങ്ങളായി മാറിയതും. 

 

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണകളോടെ ജനപ്രീതിയാര്‍ജിച്ച അനുഭവവിവരണങ്ങളിലേക്ക് യുവ എഴുത്തുകാര്‍ കൂട്ടമായി കടന്നുവന്നു. ആദ്യമായി ടെലിവിഷന്‍ കണ്ടതും വീട്ടില്‍ നിന്ന് ഒളിച്ചുപോയി സിനിമ കണ്ടതും ആദ്യ മൊബൈല്‍ സംഭാഷണങ്ങളും പോലുള്ള നിസ്സാരമായ അനുഭവങ്ങളില്‍ തുടങ്ങി ജീവിതത്തിന്റെ അസ്തിവാരം ഇളക്കുന്ന അനുഭവങ്ങളിലേക്കും രോഗകാലങ്ങളിലേക്കുമൊക്കെ അനുഭവം പറച്ചില്‍ കടന്നുചെന്നു. ഈ നിരയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില പുസ്തകങ്ങള്‍ മാത്രം വായനക്കാരുടെ ഇഷ്ടത്തിനൊപ്പം നിരൂപണ ശ്രദ്ധയും പിടിച്ചുപറ്റി കാലത്തെ അതിജീവിക്കുന്ന കൃതികളായെങ്കിലും ഭൂരിപക്ഷവും ചെറിയ തരംഗങ്ങള്‍ പോലും സൃഷ്ടിക്കാതെ കാലത്തിന്റെ ചവറ്റുകുട്ടയില്‍ വലിച്ചെറിയപ്പെട്ടു. ഈ നിരയില്‍ ഏറ്റവും ഒടുവിലായി എതിര്‍ത്തും അനുകൂലിച്ചും ഓളങ്ങള്‍ സൃഷ്ടിക്കുകയാണ് ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന പുസ്തകം. 

 

ആത്മകഥയെന്ന വിശേഷണത്തോടെ ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങുകയും തൊട്ടടുത്ത മാസം രണ്ടും മൂന്നും പതിപ്പില്‍ എത്തുകയും തുടര്‍ന്നും പുതിയ വായനക്കാരെ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍നിന്നുള്ള രണ്ടുവരികള്‍ പേരായി തിരഞ്ഞെടുത്ത, ആത്മകഥയെന്ന വിശേഷണത്തോടെയെത്തിയ പുസ്തകം. എഴുത്തുകാരി എച്ച്മുക്കുട്ടി. ഫോണ്‍ ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണ് എച്ച്മുക്കുട്ടിയുടേത്. ഭാവനയോ സ്വപ്നമോ ഫാന്റസിയോ ഇല്ല എന്ന സത്യവാങ്മൂലവും. വിശാലമായ പ്രപഞ്ചത്തില്‍ തനിച്ചായിപ്പോയപ്പോള്‍ അതിജീവിക്കാന്‍ നടത്തിയ ശ്രമമെന്നാണ് പുസ്തകത്തെ എച്ച്മുക്കുട്ടി വിശേഷിപ്പിക്കുന്നത്. 

 

പുസ്തകത്തില്‍ വന്നുപോകുന്ന ചിലരുടെ പേരുകള്‍ വ്യക്തമായിത്തന്നെ പറഞ്ഞും ചിലരെ ചില സാങ്കല്‍പിക പേരിട്ടുവിളിച്ചുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മരിച്ചുപോയെങ്കിലും ഇപ്പോഴും മലയാളം ആഘോഷിക്കുന്ന ചില കവികളും കലാകാരന്‍മാരും കൂടി ഇവിടെ കഥാപാത്രങ്ങളാകുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളില്‍ ചിലരുടെ പേര് പറയുന്നില്ലെങ്കിലും അവര്‍ക്കൊപ്പമുള്ളവരെക്കുറിച്ചും കാലത്തെക്കുറിച്ചും വ്യക്തമായി വിവരിക്കുന്നതിനാല്‍ അവരാരൊക്കെ എന്നു ചികഞ്ഞുകണ്ടുപിടിക്കാനും വായനക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടില്ല. അവര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടോ അവരുടെ കുടുംബങ്ങളില്‍ കൂടുതല്‍ അസ്വാരസ്യങ്ങള്‍ വേണ്ടെന്നുവച്ചതുകൊണ്ടോ ആയിരിക്കാം ചില പേരുകള്‍ എച്ച്മുക്കുട്ടി ഒഴിവാക്കിയത്. അതില്‍ക്കൂടുതലായി ആ പേരുകള്‍ താന്‍ ഉച്ചിരിക്കുകപോലുമില്ലെന്നും ഗ്രന്ഥകാരി ആമുഖത്തില്‍ പറയുന്നുണ്ട്. എന്തുകൊണ്ട് ഉച്ചിരിക്കില്ല എന്നതിന്റെ കാരണം പുസ്തകം പൂര്‍ത്തിയാകുമ്പോഴേ വായനക്കാര്‍ക്കു മനസ്സിലാകൂ. എങ്കിലും, സ്വാഭാവികമായും പെട്ടെന്നു പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന, വിമര്‍ശനവും എതിര്‍പ്പും കൊണ്ടുവരാവുന്ന വിഷയവും ജീവിതവും സ്മരണകളുമാണ് എച്ച്മുക്കുട്ടി ഓര്‍ത്തെടുത്ത് അവതരിപ്പിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ സ്ഫോടനാത്മകം. 

 

കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് ആത്മകഥയിലെ നായികയായ എച്ച്മുക്കുട്ടി. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍, അരക്ഷിതയും വൈകാരികാശ്രിതത്വം കൊതിക്കുന്ന തലത്തിലേക്കും ആ കുട്ടിയെ മാറ്റുന്നു. കോളജ് വിദ്യാഭ്യാസ കാലത്തു സംഭവിക്കുന്ന ഒരു പ്രണയം പിന്നീടുള്ള അവരുടെ ജീവിതത്തില്‍ കാറ്റും കോളും നിറയ്ക്കുന്നതും മറവിരോഗം വന്നാലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളിലേക്ക് എടുത്തെറിയുന്നതുമാണ് ആത്മകഥയുടെ പ്രമേയം. ലൈംഗിക ചൂഷണവും ഇരുണ്ട അനുഭവങ്ങള്‍ക്കുമൊപ്പം ഒരു യുവതി ഒറ്റയ്ക്കായിപ്പോകുമ്പോള്‍ നേരിടേണ്ടിവരുന്ന അനുഭവങ്ങളുമാണ് എച്ച്മുക്കുട്ടിയുടെ എഴുത്തിന്റെ കാതല്‍. വിഷയത്തിനു യോജിക്കുന്ന തീവ്രമായ ഭാഷ സുഗമമായ വായനയ്ക്ക് അവസരമൊരുക്കുന്നതിനൊപ്പം അനുഭവങ്ങളുടെ രൂക്ഷതയാല്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നുമുണ്ട്. 

 

വിപ്ലവത്തിന്റെ വക്താക്കളായി, ആക്റ്റിവിസ്റ്റുകളായി, സൈദ്ധാന്തികരായി ചമയുന്ന പലരും ഫ്യൂഡല്‍ പ്രഭുക്കളുടെയും സ്വേഛാധിപതികളുടെയും പ്രേതങ്ങള്‍ മാത്രമാണെന്നും എല്ലാത്തരം മനുഷ്യവിരുദ്ധതയും പ്രകൃതിവിരുദ്ധതയും അവരില്‍ സമ്മേളിച്ചിരിക്കുന്നതായും എച്ച്മുക്കുട്ടി ഉപസംഹരിക്കുന്നുണ്ട്. ഒരുപക്ഷേ ഒരു പുസ്തകമെന്ന നിലയില്‍ ഈ ആത്മകഥ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക പ്രശ്നവും അതുതന്നെയാണ്. മനുഷ്യരുടെ ഇരട്ടവ്യക്തിത്വം. സമൂഹത്തില്‍, പൊതുജീവിതത്തിന്റെ വെളിച്ചത്തില്‍ മാന്യരായി ജീവിക്കുന്ന മനുഷ്യരുടെ വാക്കുകളും പ്രവൃത്തികളും വെറും നാട്യങ്ങള്‍ മാത്രമാണോ എന്ന സംശയം. ഉച്ചരിക്കുന്ന വാക്കുകളില്‍ ഒരെണ്ണം പോലും സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ പലര്‍ക്കും കഴിയുന്നുണ്ടോ എന്ന ആശങ്ക. വാക്കുകളും പ്രവൃത്തിയും തമ്മിലുള്ള വിടവ് വലുതാണെങ്കിലും മാന്യരായി, അന്തസ്സുള്ളവരായി ജീവിക്കാനുള്ള അവസരവും സ്ഥലവും നമ്മുടെ സമൂഹം പലര്‍ക്കും കല്‍പിച്ചുനല്‍കുന്നുണ്ടല്ലോ എന്ന ഭീതി. 

 

പേരുകളും മുഖങ്ങളുമെല്ലാം അപ്രസക്തമാകുകയും അപ്രത്യക്ഷമാകുകയും ചെയ്താലും കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാലും പെണ്‍കുട്ടികളുടെ ജീവിതങ്ങളെക്കുറിച്ച് ഗൗരവമായ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ട് എച്ച്മുക്കുട്ടിയുടെ ആത്മകഥ. ചില തീരുമാനങ്ങള്‍ പാളിപ്പോകുന്നതോടെ അവരുടെ ജീവിതം തന്നെ പാളിപ്പോകുന്നതിന്റെ ദുരന്തചിത്രങ്ങള്‍. ദുരന്തം സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന പുരുഷന്‍മാര്‍ക്കാകട്ടെ വലിയ പരുക്കുകള്‍ പറ്റാതെ വീണ്ടും ജീവിതം തുടരാനാകുന്നതിന്റെ വൈരുദ്ധ്യവും. 

 

കഥകള്‍ മറക്കാന്‍ പറ്റിയേക്കും; കഥാപാത്രങ്ങളെയും. ജീവിതം മറക്കാനുള്ളതല്ല; മറവിക്കു മൂടാന്‍ പറ്റുന്നതുമല്ല. ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടുകൊണ്ടേരിയിരിക്കുന്നു. ഉത്തരങ്ങള്‍ പറയേണ്ടവര്‍ അവഗണിച്ചാലും ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പൊള്ളുന്ന ചോദ്യങ്ങള്‍. സ്വയം വിചാരണയ്ക്ക് പ്രേരിപ്പിക്കുന്നവ. ഒപ്പം കപടനാട്യങ്ങളും കള്ളനാണയങ്ങളും തിരിച്ചറിയാനുള്ള സവിശേഷ സിദ്ധിക്കായി ഉയരുന്ന മൗനപ്രാര്‍ഥനയും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com