sections
MORE

നേരിട്ടുകാണുക അസാധ്യം, നിങ്ങൾ അറിയാതെ അവരെത്തും; നിങ്ങളുടെ പ്രിയ പുസ്തകങ്ങളുമായി

HIGHLIGHTS
  • ബുക് ഫെയറി സാങ്കൽപിക കഥാപാത്രമൊന്നുമല്ല. യാഥാർഥ്യം തന്നെയാണ്.
  • ലണ്ടനിലാണ് ബുക് ഫെയറി എന്ന ആശയം ആദ്യം യാഥാർഥ്യമായത്.
Book Fairy
പ്രതീകാത്മക ചിത്രം
SHARE

മനോഹരമായ ഒരു വൈകുന്നേരം പ്രിയപ്പെട്ട കോഫിഷോപ്പിൽ കാപ്പി കുടിക്കാനിരിക്കുമ്പോൾ ഒരുപാടു നാളായി വായിക്കാൻ കാത്തിരുന്ന പുസ്തകം തേടിവന്നാലോ. സ്വപ്നസമാനമാണെങ്കിലും അങ്ങനെയൊരു ദൃശ്യം അസാധ്യമൊന്നുമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങൾക്കൊപ്പം ഇന്ത്യയിലെ വൻ നഗരങ്ങളിലും അത്തരമൊരു ദൃശ്യം യാഥാർഥ്യമാകാനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. അതു യാഥാർഥ്യമാക്കുന്നതാകട്ടെ ‘ബുക് ഫെയറി’ എന്നറിയപ്പെടുന്നവരും. 

കാത്തിരുന്ന പുസ്തകം തേടിയെത്തുമ്പോൾ അത് ഒരു പച്ച റിബൺ കൊണ്ടു കെട്ടിയിട്ടുണ്ടോ എന്നു നോക്കുക. പുസ്തകം കയ്യിലെടുക്കുമ്പോൾ കൈ കൊണ്ടെഴുതിയ ഒരു കുറിപ്പ് താഴെ വീഴുന്നുണ്ടോ എന്നും. ഇതു രണ്ടും സംഭവിക്കുകയാണെങ്കിൽ ഉറപ്പിക്കാം– ബുക് ഫെയറിയാണ് പുസ്തകം അവിടെ കാത്തുവച്ചത്. കാപ്പി കുടിക്കാനിരുന്ന കോഫി ഷോപ്പ് ഒരു ബുക്ക് ഫെയറി സന്ദർശിച്ചിട്ടുണ്ടെന്നും ഉറപ്പിക്കാം. 

ബുക് ഫെയറി സാങ്കൽപിക കഥാപാത്രമൊന്നുമല്ല. യാഥാർഥ്യം തന്നെയാണ്. ബുക് ഫെയറി എന്നാൽ മറ്റുള്ളവർക്ക് വായിച്ചാസ്വദിക്കാനായി വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ കോഫിഷോപ് പോലുള്ള ഇടങ്ങളിൽ പുസ്തകം കാത്തുവയ്ക്കുന്ന ആൾ. അവരിൽ ഒരാളാണ് മുംബൈയിലെ കാദംബരി മേഹ്ത. യഥാർഥ ബുക് ഫെയറി. രണ്ടു വർഷം മുമ്പ് ഒരു രാജ്യാന്തര വനിതാ ദിനത്തിൽ ലണ്ടനിലാണ് ബുക് ഫെയറി എന്ന ആശയം യാഥാർഥ്യമായത്. ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽ ബുക് ഫെയറികളുണ്ട്. നടി എമ്മ വാട്സന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടർന്നപ്പോഴാണ് കാദംബരി ഈ ആശയത്തിൽ എത്തിച്ചേരുന്നതും അവരിലൊരാളാകാൻ തീരുമാനിക്കുന്നതും. മികച്ചൊരു വായനക്കാരിയായ എമ്മ ബുക് ഫെയറി ആശയത്തിന്റെ പ്രചാരണത്തിൽ പങ്കുവഹിച്ച ആദ്യത്തെ പ്രശസ്ത വ്യക്തികളിലൊരാളാണ്. കൂടുതലറിഞ്ഞപ്പോൾ തന്നെ കാദംബരി ബുക് ഫെയറി ആകാൻ തീരുമാനിച്ചു. പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. ആശയത്തിന്റെ തുടക്കക്കാരിയായ കോർഡീലിയ ഓക്സ്‍ലി സ്നേഹവും സൗഹൃദവുമുള്ള വ്യക്തിയാണെന്നും ബുക് ഫെയറി എന്ന ആശയം നടപ്പാക്കാൻ എളുപ്പമുള്ളതാണെന്നും കാദംബരിക്കു വ്യക്തമാകുകയും ചെയ്തു. ലോകത്തെവിടെയുമുള്ള ഏതു പുസ്തകപ്രേമിക്കും വെബ്‍സൈറ്റ് സന്ദർശിച്ച് അംഗമാകാൻ കഴിയും, ഇഷ്ടപ്പെട്ട പുസ്തകം സ്വന്തമാക്കാനുമാകും. 

ലണ്ടനിൽ തുടങ്ങിയ പ്രസ്ഥാനം ഇപ്പോൾ ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെല്ലാമുണ്ട്. മുംബൈ,ഡൽഹി, അഹമ്മദാബാദ്, അമൃത്‍സർ, ചണ്ഡീഗഡ്, ഭുവനേശ്വർ, ബെംഗളൂരു, കൊൽക്കത്ത, ഇൻഡോർ... കൂടുതൽ നഗരങ്ങൾ ഈ പട്ടികയിലേക്കു വന്നുകൊണ്ടിരിക്കുകയുമാണ്. പ്രസാധകരോ വ്യക്തികളോ സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ബുക് ഫെയറികൾ വിതരണം ചെയ്യാറുണ്ട്. അല്ലാത്തപ്പോൾ സ്വന്തം പോക്കറ്റിൽനിന്നുള്ള പണമെടുത്തുതന്നെ പുസ്തകം വാങ്ങും. 

പുസ്തകം തിരഞ്ഞെടുക്കുന്നതാണ് ബുക് ഫെയറിയുടെ ആദ്യത്തെ ജോലി. അടുത്തതായി എവിടെയാണ് പുസ്തകം കാത്തുവയ്ക്കേണ്ടതെന്നു കണ്ടുപിടിക്കുന്നു. പിന്നെ ആ സ്ഥലത്തേക്ക് പുസ്തകവുമായി യാത്ര. നിശ്ചയിച്ച സ്ഥലത്ത് കഴിയുന്നത്ര രഹസ്യമായിട്ടായിരിക്കും പുസ്തകം നിക്ഷേപിക്കുന്നത്. ഉടൻ തന്നെ ഇൻസ്റ്റഗ്രാമിലൂടെയോ ട്വിറ്ററിലൂടെയോ വിവരം പോസ്റ്റ് ചെയ്യുന്നു. താമസമില്ലാതെ പുസ്തപ്രേമികൾ എത്തിത്തുടങ്ങുകയും ചെയ്യും. ബുക് ഫെയറിയെ നേരിട്ടുകാണുക അസാധ്യം തന്നെയാണ്. അന്വേഷിച്ചാൽ അവർ എങ്ങോട്ടോ അപ്രത്യക്ഷരായി എന്നായിരിക്കും മറുപടി. കോഫി ഷോപ്പിൽ മാത്രമല്ല പാർക്കിൽ, സാംസ്കാരിക കേന്ദ്രങ്ങളിൽ, മൈതാനങ്ങളിൽ, വായിക്കുന്നവർ ഒത്തുകൂടുന്ന എവിടെയും ബുക് ഫെയറി സന്ദർശിക്കാം. പുസ്തകം കാത്തുവയ്ക്കാം. 

പുസ്തകം നിക്ഷേപിക്കാനുള്ള യാത്രകൾക്കിടെ രസകരമായ സംഭവങ്ങളും കാദംബരി മേഹ്തയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അവയെല്ലാം ജോലിയുടെ ഭാഗമായി കാണാനാണ് അവർക്കിഷ്ടം. ഒരിടത്തു നിക്ഷേപിക്കുന്ന പുസ്തകം പൊങ്ങിവരുന്നത് മറ്റൊരിടത്തായിരിക്കും. ചിലപ്പോൾ ബുക് ഫെയറികളുടെ കയ്യിൽത്തന്നെ പുസ്തകം തിരിച്ചെത്താറുമുണ്ട്. ഡൽഹിയിൽ ബുക് ഫെയറികൾ മുൻകൈയെടുത്ത് ശിശുവിഭാഗം ആശുപത്രിയിൽ ഒരുഗ്രന്ഥശാല തന്നെ സ്ഥാപിച്ചിട്ടുമുണ്ട്. വരാനിരിക്കുന്ന കാലം ഒരുപക്ഷേ ബുക് ഫെയറികളുടേതാകാം. കാത്തിരിക്കുക, പുസ്തകങ്ങളുടെ മാലാഖമാർക്കായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA