നിങ്ങളിഷ്ടപ്പെടുന്ന ആ എഴുത്തുകാരന്റെ കഥാപാത്രത്തിന് നിങ്ങളുടെ പേരാണെങ്കിലോ? ഒന്നാലോചിച്ചു നോക്കൂ അതിന്റെ കൗതുകം.
അയാളുടെ കഥാപാത്രം സഞ്ചരിക്കുന്ന വഴിയിലൂടെ ആ പേരും നടക്കുന്നു, ഒരുപക്ഷേ ശവക്കല്ലറയിൽ മയങ്ങുന്ന ആ കഥാപാത്രത്തിന്റെ പേര് ചിലപ്പോൾ അവിടുത്തെ ശിലാഫലകത്തിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ പ്രിയപ്പെട്ട ഒരു ഡിറ്റക്റ്റീവ് ആയി കേസുകളും അന്വേഷണവുമായി നടക്കുന്നൊരാൾ, അതുമല്ലെങ്കിൽ വിഷാദിയായി ലോകത്തോട് മുഴുവൻ പരിഭവവും ഉള്ളിൽ പേറി നടക്കുന്നൊരാൾ, അയാളെ മറ്റുള്ളവർ നിങ്ങളുടെ പേരിൽ വിളിക്കുമ്പോൾ സ്വയം ചിലപ്പോൾ വിളി കേട്ടു പോകും. ലോകപ്രസ്തരായ എഴുത്തുകാർ പലരും ഈ അവസരം അവരുടെ വായനക്കാർക്ക് വിട്ടു നൽകിയിട്ടുണ്ട്.
"കഥാപാത്രം ആണും പെണ്ണുമുണ്ട്. പക്ഷേ കഥയ്ക്കിടയിൽ മരണപ്പെടുന്ന കഥാപാത്രം ഒരു സ്ത്രീ ആയിരിക്കും. ആർക്കൊക്കെയാണ് എന്റെ കഥാപാത്രത്തിന്റെ പേരുകൾ ആവശ്യം?"
സ്റ്റീഫൻ കിങ്സിന്റെ ഒരു നോവലിലെ കഥാപാത്രത്തിനു വേണ്ടിയുള്ള ലേലത്തിലെ ആവശ്യങ്ങളായിരുന്നു അവ. ഈബേ പോലെയുള്ള സാമൂഹിക വിപണികളിൽ അവർ തങ്ങളുടെ കഥാപാത്രത്തിന്റെ പേരുകൾ ലേലം ചെയ്തു. ഏറ്റവും കൂടുതൽ പണം നൽകി ലേലം പിടിച്ച ആളുടെ പേര് അവർ കഥാപാത്രത്തിന് സ്വീകരിക്കുകയും ചെയ്തു, പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു വിദേശികളായ എഴുത്തുകാർ ഇത്തരമൊരു സാധ്യതയെ കുറിച്ച് ആലോചിച്ചതും അത് പ്രവർത്തകമാക്കിയതും. പ്രശസ്തരായ പല എഴുത്തുകാരും ഈ മാർഗ്ഗം പിന്തുടർന്നിട്ടുമുണ്ട്.
ഇപ്പോഴിതാ കേരളത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഈ പ്രളയ കാലത്ത് മലയാളിയായ ഒരു എഴുത്തുകാരൻ ഈ സാധ്യതയെ ദുരിതാശ്വാസ ഫണ്ടിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു.
"എട്ടാമത്തെ വെളിപാട്" എന്ന അർബൻ ഫാന്റസി നോവലിന്റെ രചയിതാവായ അനൂപ് ശശികുമാർ ആണ് ഈ ആശയത്തിന്റെ പിന്നിൽ. താൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന "ഗോഥം" എന്ന ഏറ്റവും പുതിയ പരീക്ഷണ നോവലിലേയ്ക്കായി നാല് കഥാപാത്രങ്ങളുടെ പേരുകളാണ് അനൂപ് ലേലത്തിന് വച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അനൂപ് ഈ ലേല പ്രഖ്യാപനം നടത്തിയത്.
"ലോഗോസാണ് ഗോഥം പ്രസിദ്ധീകരിക്കുന്നത്. വിദേശികളായ എഴുത്തുകാർ പലരും ഈ ആശയം സ്വീകരിച്ചു കണ്ടിട്ടുണ്ട്, അതെന്തുകൊണ്ട് ഇപ്പോൾ ഈയൊരു സമയത്തിൽ ഇത്തരമൊരു ആശയം പ്രവർത്തികമാക്കിക്കൂടാ എന്നു തോന്നി. കേരളം വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പ്രളയം പലയിടത്തെയും ബാധിച്ചു തുടങ്ങി. ഇപ്പോൾ മനുഷ്യർക്ക് വേണ്ടത് സഹായമാണ്. അതിനു വേണ്ടി എന്നാൽ കഴിയുന്നൊരു കാര്യം ഇതാണെന്ന് എനിക്കു തോന്നി. ഞാനൊരു എഴുത്തുകാരനായതുകൊണ്ടു തന്നെ എന്റെ കഥാപാത്രങ്ങളെ എനിക്ക് അതിനായി ഉപയോഗിക്കാനാകും. നോവലിലെ തുല്യ പ്രാധാന്യമുള്ള 4 കഥാപാത്രങ്ങളുടെ പേരാണ് ലേലത്തിൽ (ഒരു സ്ത്രീ മൂന്ന് പുരുഷന്മാർ) വയ്ക്കാൻ പോകുന്നത്. പ്രിയപ്പെട്ട വായനക്കാരുടെ പേരുകൾ ഈ കഥാപാത്രങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം:
കുറഞ്ഞത് 2000 രൂപ CMDRF KERALA യിൽ സംഭാവനചെയ്ത ശേഷം റസീപ്റ്റ് താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ(akumar.sasikumar@gmail.com) അല്ലെങ്കിൽ എഫ്ബി മെസഞ്ചർ വഴി എനിക്ക് അയച്ചുതരിക.
2000 എന്നത് entry amount ആണ്. അതിൽ കൂടുതൽ എത്ര വേണമെങ്കിലും സംഭാവന ചെയ്യാവുന്നതാണ്.
ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത 4 പേരേയൊ അല്ലെങ്കിൽ നറുക്കിട്ടെടുക്കുന്ന 4 പേരേയോ തിരഞ്ഞെടുക്കുന്നതാണ്. ഗോഥം ഒരു സീരീസായി പ്ലാൻ ചെയ്തിരിക്കുന്ന കഥയാണ്. അതു കൊണ്ടു തന്നെ സംഭാവന കൂമ്പാരമായാൽ ഇനി വരുന്ന പുസ്തകങ്ങളിലും വായനക്കാരുടെ പേര് വരും!"
കഥാപാത്രങ്ങളുടെ സ്വഭാവം നല്ലതോ ചീത്തയോ എന്ന കാര്യത്തിൽ അനൂപ് അത്ര ഉറപ്പ് പറയുന്നില്ല. നല്ലത് അല്ലെങ്കിൽ മോശം എന്ന രീതിയിൽ ഒതുക്കി നിർത്താൻ കഴിയാത്ത കഥാപാത്രങ്ങളാണ് അവരെന്ന് അനൂപ് പറയുന്നു.
"സുഹൃത്തുക്കളിൽ നിന്നും നല്ല റെസ്പോൻസാണ് വരുന്നത്. ഒറ്റ ദിവസം കൊണ്ട് അയ്യായിരം രൂപ കഥാപാത്രങ്ങളുടെ പേരിനായി വന്നു കഴിഞ്ഞു. സെപ്റ്റംബർ പകുതി വരെ ലേലം നീട്ടിക്കൊണ്ട് പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയിട്ട നാല് പേരുടെ പേരുകളായിരിക്കും ഗോഥം നോവലിലെ കഥാപാത്രങ്ങൾക്ക് നൽകുക. എല്ലാവരും വലിയ തുകകൾ അടച്ചുവെങ്കിൽ നറുക്കിട്ടെടുത്താണ് വിജയികളെ കണ്ടെത്തുക. വിദേശത്തൊക്കെ ഈ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ എഴുത്തുകാർ ചെയ്യുക പതിവാണ്. ഇവിടെയും അത് ആവർത്തിക്കാവുന്നതേയുള്ളു"
എഴുതി വച്ച നോവലിലെ നൽകിയ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയിട്ടു വേണം വായനക്കാരുടെ ലേലത്തിൽ ലഭിച്ച പേരുകൾ നൽകാൻ. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കഥയും കഥാപാത്രവുമൊന്നും തന്നെ ബാധിക്കാറില്ലെന്ന് അനൂപ് പറയുന്നു,
"എഴുത്തിൽ ഞാൻ മുഴുകാറുണ്ടെങ്കിലും കഥാപാത്രങ്ങളോട് ഞാൻ പൊതുവെ വിട്ടു നിൽക്കുകയാണ് പതിവ്. കഥാപാത്രങ്ങളോട് അത്ര വലിയ അടുപ്പം ഞാൻ സൂക്ഷിക്കാറില്ല. ഇവരുടെ പേര് മാറ്റിയതുകൊണ്ട് കഥയ്ക്കെന്തെങ്കിലും പ്രശ്നം പറ്റുമോ എന്ന് മാത്രമേ ഞാൻ നോക്കുന്നുള്ളൂ, അതെന്തായാലും ഉണ്ടാകില്ലെന്നുറപ്പുണ്ട്. അതുകൊണ്ട് തന്നെ ആണ് ആ തീരുമാനം എടുത്തതും. കഥയോട് നീതിപുലർത്താൻ കഴിയും എന്നതാണ് ഞാൻ ശ്രദ്ധിച്ച കാര്യം. "
എന്തായാലും മലയാള സാഹിത്യത്തിലെ ഈ പുതിയ ആശയം ഇപ്പോൾ വൈറലായിരിക്കുകയാണ്. കുറഞ്ഞ ദിവസങ്ങൾകൊണ്ടു തന്നെ അനൂപിന്റെ ആശയത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിരവധി എഴുത്തുകാരും സുഹൃത്തുക്കളും മുന്നോട്ടു വന്നു കഴിഞ്ഞു.