sections
MORE

അയകളിൽ തൂങ്ങുന്ന അടിവസ്ത്രങ്ങൾ കഥ പറയുമ്പോൾ...

HIGHLIGHTS
  • സുസ്‌മേഷ് ചന്ത്രോത്തിന്റെ അസര്‍പ്പക സാമൂഹിക നിരീക്ഷകന്‍ എന്ന കഥയിലെ ചിലഭാഗങ്ങള്‍.
susmesh chandroth
SHARE

തുണി, സ്വര്‍ണ്ണം, പുറത്തെ ഭക്ഷണം എന്നിവകളോടുള്ള രോഗാതുരമായ താല്‍പര്യത്തെ പൊതുവികാരമാക്കി വളര്‍ത്തുന്നതില്‍ ജാതിമതഭേദമന്യേ സ്ത്രീകളാണ് ഉത്സാഹം പ്രകടിപ്പിച്ചുവരുന്നത്. ഇതിനെ അടുക്കളയില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായി വിലയിരുത്തുന്നവരുണ്ട്. അതല്ല, പുരുഷന്മാരെ എണ്ണത്തില്‍ പിന്തള്ളി കേരളത്തില്‍ മുന്നേറുന്ന സ്ത്രീകള്‍ വരാനിരിക്കുന്ന കാലത്ത് നടത്താന്‍ പോകുന്ന ആക്രമണോത്സുകമായ യുദ്ധത്തിന്റെ മുന്നോടിയാണിതെന്നും വിലയിരുത്തുന്നവരുണ്ട്. അതെന്തായാലും വരും കാലം കേരളത്തെ സമസ്തമേഖലകളിലും നിയന്ത്രിക്കുക സ്ത്രീയായിരിക്കും എന്നത് എനിക്ക് തര്‍ക്കമില്ലാത്ത സംഗതിയാണ്.

കൂടാതെ പണമിടപാട് സ്ഥാപനത്തിലെ കടത്തോടുകൂടി സ്വന്തമാക്കിയ നാലുചക്രവാഹനങ്ങള്‍, വീടുകള്‍, അത്യാഡംബര സിനിമാപ്രദര്‍ശനശാലകളിലെ സന്ദര്‍ശനങ്ങള്‍, കുമ്പിള്‍ കുത്തി കടലാസ്സില്‍ വിളമ്പുന്ന പൊരിച്ച ആഹാരവില്‍പ്പനശാലകളിലെ ഇടപാടുകള്‍, ഉത്പാദനശാലയുടെ പേര് തുന്നിച്ചേര്‍ത്ത വസ്ത്രങ്ങളുടെ ഉപഭോഗങ്ങള്‍, മേനി കൂടിയ പാദരക്ഷകളിലും വിലകൂടിയ സുഗന്ധദ്രവ്യങ്ങളിലുമുള്ള ആര്‍ത്തിപിടിച്ച താല്പര്യങ്ങള്‍ എന്നിവയിലൊക്കെയുള്ള അസാധ്യമായ ഭ്രമവും മലയാളിസ്ത്രീകളുടെ കുത്തകാവകാശങ്ങളായി മാറിയിരിക്കുന്നു.

കറുത്ത ബ്രേസിയറുകള്‍ തൂങ്ങുന്ന അഴകളാല്‍ സമ്പന്നമാണ് കേരളത്തിലെ ഓരോ വീട്ടുമുറ്റവും എന്ന് സഞ്ചാരിയായ ഒരാളെന്ന നിലയില്‍ എനിക്കുപറയാന്‍ കഴിയും. എന്നാല്‍ അവരുടെ ചുമരലമാരകള്‍ നിറമുള്ളതും നേര്‍ത്തതും തൊങ്ങലുകള്‍ ഭംഗി ചാര്‍ത്തിയതുമായ ബ്രേസിയറുകളാല്‍ സമ്പന്നമാണുതാനും. അവയൊന്നും പുറത്തുകാണാത്തതിനർഥം അവ അലക്കാറില്ലെന്നോ ഉപയോഗിക്കാറില്ലെന്നോ അല്ല. അവ ധരിച്ച് ഭര്‍ത്താവിനു മുന്നിലോ പുറത്തോ ഇടപഴകാനും മാത്രമുള്ള മാനസികവികാസത്തിലേക്ക് സങ്കോചവതികളായ മലയാളിസ്ത്രീകള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നാണ്. അതായത് പലനിറങ്ങളുള്ള മുലക്കച്ചകള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പണ്ടേ പരിചിതമാണ് എന്നുതന്നെയാണ്. പക്ഷേ അവര്‍ അത് പരസ്യമായും രഹസ്യമായും സമ്മതിക്കാറില്ലെന്നുമാത്രം.

ഒരു കുടുംബത്തിലെ ആകെ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ നിറം, വലുപ്പം, പഴക്കം എന്നിവ വഴിയെപോകുന്ന ഏതൊരാള്‍ക്കും ഹൃദിസ്ഥമാകും വിധം പ്രദര്‍ശിപ്പിക്കാനുള്ള മലയാളിസ്ത്രീയുടെ വ്യഗ്രതയെ അവര്‍ക്ക് നിഷേധിക്കപ്പെടുന്ന ലൈംഗീകതയുടെയോ നിയന്ത്രിച്ചുവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ലൈംഗീകതയുടേയോ വമനമായി കാണാം. സ്ത്രീകള്‍ക്ക് സ്വന്തം അടിവസ്ത്രങ്ങള്‍ അലക്കിവെളുപ്പിച്ച് ഉമ്മറത്തും മുറ്റത്തും മേല്‍പ്പുരഭാഗത്തും പ്രദര്‍ശിപ്പിക്കാനുള്ള വെമ്പല്‍ വ്യാപകമായി കാണപ്പെടുന്ന ഒരേയൊരു സംസ്ഥാനം ഇതാണ്.

അതേസമയം ഈ പ്രബന്ധഭാഗം കാണാനിടയായ വ്യത്യസ്ത ചിന്താഗതിക്കാരായ മൂന്ന് സാമൂഹികശാസ്ത്രവിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെട്ടതും ഇവിടെ രേഖപ്പെടുത്തുന്നു.

1. ഞാന്‍ ഇങ്ങനെ അടിവസ്ത്രങ്ങള്‍ കഴുകി മറ്റാളുകള്‍ കാണും വിധം ഇടാറില്ല. കേരളത്തിലെ എല്ലാ സ്ത്രീകളും അങ്ങനെയാണെന്ന് അടച്ചു പറയുന്നതിനോട് യോജിക്കുന്നില്ല. മാത്രവുമല്ല, പ്രദര്‍ശിപ്പിക്കണമെന്ന ഉദ്ദേശത്തിലല്ല വെയിലത്ത് ഉണക്കിയുപയോഗിക്കേണ്ടതാണ് അടിവസ്ത്രങ്ങളെന്ന അറിവ് കേരളത്തിലെ സ്ത്രീകള്‍ക്കുള്ളതുകൊണ്ടാണ് ഇതെന്ന് ഇക്കാര്യത്തെപ്പറ്റി പുരോഗമനപരമായി ചിന്തിക്കുകയാണ് വേണ്ടത്.

2. സ്ത്രീയുടെ അടിവസ്ത്രങ്ങള്‍ കണ്ടാല്‍ പുരുഷന് കാമമുണ്ടാകും എന്നു പറയുന്നതുപോലെ ഒരവസ്ഥ പുരുഷന്റെ അടിവസ്ത്രങ്ങളോ നഗ്നതയോ കണ്ടാല്‍ സ്ത്രീകള്‍ക്കുണ്ടാവുകയില്ല. സ്ത്രീകള്‍ക്ക് പാന്റീസും ബ്രായും രണ്ട് തുണിക്കഷണങ്ങള്‍ മാത്രമാണ്.

3. സ്ഥലസൗകര്യം കുറഞ്ഞ ഇന്ത്യന്‍ നഗരജീവികള്‍ ഇവ വ്യാപകമായി പുറത്തുതൂക്കിയിടുന്നത് പതിവ് കാഴ്ചയാണ്.നിങ്ങളത് മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നതാണ്. നിലനില്‍ക്കുന്ന ഇത്തരം സാഹചര്യങ്ങളെ മുതലെടുത്ത് സ്ത്രീകളെ പറ്റിക്കാന്‍ രംഗത്തുവരുന്നവരെ വ്യാജ സ്ത്രീ-പുരുഷസമത്വവാദികള്‍ എന്നു വിളിക്കാം. അവരും കേരളത്തില്‍ വ്യാപകമാണ്. വിശദമാക്കാം.

വ്യാജ സ്ത്രീ-പുരുഷസമത്വവാദികള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്ന പൊതുപ്രവര്‍ത്തകര്‍/വിമതലൈംഗീകപക്ഷപാതികള്‍.. തുടങ്ങിയവര്‍ (ഇവര്‍ മിക്കവാറും പുരുഷന്മാരായിരിക്കും) അസംതൃപ്തകളെന്ന് അവര്‍ കണ്ടെത്തുന്ന സ്ത്രീകളുടെ ശരീരത്തില്‍ കണ്ണുവച്ച് മുന്നോട്ടുവരികയും അവരെ പ്രലോഭിപ്പിക്കുകയും സ്ത്രീകള്‍ അവരെ കണ്ണുമടച്ചു വിശ്വസിക്കുകയും അതിനനുസരിച്ച് അവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ലൈംഗികതയുടെ വിതരണം(ഉഭയരതി) ജനാധിപത്യപരമായി പങ്കുവച്ചുകൊടുക്കുകയും ചെയ്യുന്നു. അതോടെ മേല്‍പ്പറഞ്ഞ വ്യാജസഹായികളായ പുരുഷന്മാര്‍ ആ സ്ത്രീയെ പൊതുസമൂഹത്തിനിടയിലേക്ക് മാറ്റിനിര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ആ സ്ത്രീയുടെ ചെയ്തികളെ മറ്റ് പുരുഷന്മാര്‍ക്കിടയില്‍ പരസ്യപ്പെടുത്തുകയും പങ്കിലയായി പ്രചാരപ്പെടുത്തുകയും സ്വയം മാന്യനാണെന്ന് അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്യും.

ഇനി പൊതുവായ ചില നിരീക്ഷണങ്ങള്‍-സ്ത്രീകള്‍ വീടിനുള്ളില്‍ ഭക്ഷണമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുകയും പുറത്തുനിന്നുള്ള ഭക്ഷണശീലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളെ കഴിയുന്നത്ര ബന്ധുക്കളില്‍നിന്നും അകറ്റിനിര്‍ത്തുന്നതും അവരെ സാമൂഹികസമ്പര്‍ക്കത്തിനു സഹായിക്കുന്ന സര്‍ഗ്ഗാത്മകവിനിമയങ്ങളില്‍നിന്നും വിലക്കി നിര്‍ത്തുന്നതും പ്രവണത. സ്വന്തമായ സാമ്പത്തികസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തില്‍ പുരുഷനെ മനപ്പൂർവം രണ്ടാം സാമ്പത്തികസ്ഥാനത്തേക്ക് തള്ളുന്ന പുച്ഛം പ്രകടം. ഏറ്റവും നിഷ്‌കളങ്കത അഭിനയിക്കാന്‍ നിത്യവും ആള്‍ക്കണ്ണാടിക്കുമുന്നിലുള്ള ഏകാംഗപരിശീലനം. സെല്‍ഫോണിനെ ലൈംഗികോപകരണമാക്കിയിട്ടുള്ള ഏകാന്തരതിവിനോദസഞ്ചാരങ്ങള്‍. ലഹരിപദാര്‍ത്ഥങ്ങള്‍, സംഘരതി, വിനോദയാത്ര തുടങ്ങിയവയിലേക്ക് ആഘോഷപൂർവം പങ്കുചേര്‍ന്നുതുടങ്ങിയിരിക്കുന്നതും രഹസ്യഭാഗങ്ങളിലെ രോമങ്ങള്‍ ചിട്ടയായി നീക്കം ചെയ്യുന്നതും രഹസ്യഭാഗങ്ങള്‍ തുളച്ച് ലോഹവളയങ്ങളും രത്‌നക്കല്ലുകളും ധരിക്കുന്നതും രതിക്കളിക്കോപ്പുകളിലേക്ക് താല്പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നതും ശ്രദ്ധേയം.

(ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അപസര്‍പ്പക പരബ്രഹ്മമൂര്‍ത്തി എന്ന കഥാസമാഹാരത്തില്‍ നിന്നെടുത്തത്.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA