sections
MORE

സമയയന്ത്രത്തിൽ കയറി അപ്രത്യക്ഷനായ യുവാവിന്റെ തിയറി

HIGHLIGHTS
  • ടൈം മെഷീൻ എന്ന സങ്കൽപം നിരവധി കഥകൾക്കും സിനിമകൾക്കും വിഷയമായിട്ടുണ്ട്.
  • ടൈം ട്രാവൽ എന്ന ആശയം പ്രമേയമാക്കി അനീഷ് ഫ്രാൻസിസ് എഴുതിയ കഥയാണ് "കാർഡിനൽ".
Aneesh Francis
SHARE

ഒരു യന്ത്രത്തിൽ കയറി ഒരു ബട്ടണിൽ കൈയമർത്തുമ്പോൾ നിന്നയിടത്തുനിന്ന് അപ്രത്യക്ഷമാകുന്ന ഒരു അവസരം ഉണ്ടായാലോ? ചെന്നെത്തുന്നത് മറ്റേതോ ഒരു കാലത്ത്...

ടൈം ട്രാവൽ മെഷീൻ എന്ന ആശയം എല്ലായ്പ്പോഴും അതിശയകരമായ ഒരു കൗതുകം മനുഷ്യരിൽ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിൽ മറ്റൊരു കാലത്തിലേക്ക് മടങ്ങിയെത്തി, ചെയ്തു പോയ എന്തെങ്കിലും കാര്യങ്ങളിൽ മാറ്റം വരുത്താനായെങ്കിൽ എന്നാഗ്രഹിക്കാത്ത ആരും ഒരുപക്ഷേ ഉണ്ടാവില്ല. എന്തൊക്കെയാകും അത്തരത്തിൽ മാറ്റപ്പെടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ? പലർക്കും പല ഉത്തരങ്ങളുണ്ടാകാം. 

ടൈം മെഷീൻ എന്നത് ശാസ്ത്രവുമായി ബന്ധപ്പെടുത്തുമ്പോഴും അതിന്റെ കൗതുകം നിറഞ്ഞ സങ്കൽപങ്ങൾ നിരവധി സാഹിത്യ കൃതികൾക്കും കാരണമായിട്ടുണ്ട്. ലോക സാഹിത്യത്തിൽ ഇത്തരത്തിൽ ടൈം ട്രാവൽ മെഷീൻ പ്രശസ്തമാക്കിയത് നോവലിസ്റ്റായ എച്ച്.ജി. വെൽസ് ആണ്. 1895 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ "ദ് ടൈം മെഷീൻ" എന്ന നോവൽ, ജീവിച്ചിരിക്കുന്ന കാലത്തിൽ നിന്നിറങ്ങി നൂറ്റാണ്ടുകൾ പിന്നോട്ടു പോയ ഒരാളിനെപ്പറ്റിയാണ്. കഥയിലെ നായകൻ (ടൈം ട്രാവലർ) താനൊരിക്കലും കണ്ടുമുട്ടാനിടയില്ലാതിരുന്ന മറ്റൊരു കൂട്ടം മനുഷ്യരെ കണ്ടെത്തുന്നു. അയാൾ അമ്പരക്കുന്നത് ഒടുവിൽ തന്റെ മെഷീൻ അപ്രത്യക്ഷമാകുന്നിടത്താണ്.

ടൈം മെഷീൻ എന്ന സങ്കൽപം ഇങ്ങനെ നിരവധി തവണ കഥകൾക്കും സിനിമകൾക്കും ഒക്കെ വിഷയമായിട്ടുണ്ട്. എന്നിരുന്നാലും മലയാള സാഹിത്യത്തിൽ അത്തരം ഫിക്‌ഷന്റെ സാധ്യതകളെ അത്രയ്ക്കാരും ശ്രദ്ധിച്ചിരുന്നില്ല എന്നു തോന്നുന്നു. സാഹിത്യത്തിൽ എങ്ങനെ സയൻസിനെ അതിവിദഗ്ധമായി കൂട്ടിച്ചേർക്കും എന്നത് ഇപ്പോഴും നമ്മുടെ സാഹിത്യകാരന്മാർക്ക് ആലോചിക്കാൻ അത്ര  താൽപര്യമുള്ള വിഷയമല്ല. എന്നാൽ സയൻസും എൻജിനീയറിങ്ങും പഠിച്ച പുതിയ കഥയെഴുത്തുകാർ വരുമ്പോൾ കഥകളിൽ സയൻസും ഫിക്‌ഷനും അതിന്റെ സാധ്യതകളും തെളിഞ്ഞു കിട്ടുന്നു. അത്തരത്തിൽ ടൈം ട്രാവൽ എന്ന ആശയം പ്രമേയമാക്കി യുവ എഴുത്തുകാരൻ അനീഷ് ഫ്രാൻസിസ് എഴുതിയ കഥയാണ് "കാർഡിനൽ".

"മാത്‌സ് വളരെ ഇഷ്ടമുള്ള വിഷയമാണ്. ഇപ്പോ പിഎച്ച്ഡി പാർട്ട് ടൈമായി ചെയ്യുന്നുണ്ട്. അതാണു കഥയ്ക്കു പശ്ചാത്തലമൊരുക്കാൻ സഹായിച്ചത്. വിവാഹിതകളെ മൊബൈൽ ഫോൺ വഴി വശീകരിച്ചു കുടുംബജീവിതം തകർക്കുന്ന‌തിനെപ്പറ്റി ഒന്നു രണ്ടു പത്രവാർത്തകൾ കണ്ടിരുന്നു. അതിനെ ഒരു സയൻസ് ഫിക്‌ഷൻ തീമുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ് ഇതിലെത്തിയത്."– കഥയെഴുതിയ സാഹചര്യത്തെ കുറിച്ച് അനീഷ് പറയുന്നതിങ്ങനെയാണ്. 

2042 ൽ ആണ് കഥ നടക്കുന്നത്. അന്ന് അരവിന്ദ് എന്ന പതിനേഴ് വയസ്സുള്ള യുവാവ് ഒരു ടൈം മെഷീൻ നിർമിക്കുന്നു. അയാൾ അതുപയോഗിച്ച് ഭാവിയിലേക്ക് ഒരു പ്രയാണം നടത്തിയപ്പോൾ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്യാൻ പോകുന്ന അമ്മയെ കണ്ട് ഞെട്ടുന്നു. അയാൾ തിരികെയെത്തി ആത്മഹത്യയിൽനിന്ന് അമ്മയെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ആലോചിക്കുകയാണ്, ആ ആലോചനയിൽനിന്നു മുന്നോട്ടു നീങ്ങിയ കർമപരിപാടികളിൽ, ഒടുവിൽ അരവിന്ദ് കാലത്തിൽനിന്ന് അപ്രത്യക്ഷനാവുകയാണ്. അതെങ്ങനെ എന്നത് വളരെ കൗതുകത്തോടെ ഓരോ ചെറിയ അധ്യായത്തിലൂടെയും കഥാകാരൻ പറഞ്ഞു പോകുന്നു. 

സാഹിത്യത്തിൽ സയൻസ് വരുന്ന അനുഭവത്തെ കുറിച്ച് കഥാകൃത്ത് അനീഷ് ഫ്രാൻസിസിന്റെ അഭിപ്രായം ഇങ്ങനെയാണ്: 

"ഇതിനു മുൻപും സയൻസ് പശ്ചാത്തലത്തിലുള്ള കുറച്ചു കഥകൾ എഴുതിയിട്ടുണ്ട്. ബ്ലാക്ക് ഹോളിന്റെ ഫോട്ടോ ആദ്യമായി ലഭിച്ചതു വലിയ വാർത്തയായിരുന്നല്ലോ. അതായിരുന്നു ഈ കഥയുടെ മറ്റൊരു പ്രേരണ. ലോകം അതിവേഗം പുരോഗമിക്കുകയാണ്. നമ്മൾ ചിന്തിക്കുന്നതിനെക്കാൾ വേഗത്തിൽ മാറ്റം സംഭവിക്കുന്നു. സാഹിത്യം ജീവിതത്തിന്റെ കണ്ണാടി എന്ന നിലയ്ക്ക് ശാസ്ത്രത്തിലെ മാറ്റവും കൂടി ഒപ്പിയെടുക്കേണ്ടിയിരിക്കുന്നു. മൊബൈൽ എന്ന കണ്ടുപിടിത്തം പണ്ടുണ്ടായിരുന്നെങ്കിൽ നമ്മുടെ പല ക്ലാസിക് കഥകളുടെയും നോവലുകളുടെയും ക്ലൈമാക്സ് മറ്റൊന്നാകുമായിരുന്നു.

സാഹിത്യത്തിലൂടെ നമ്മുടെ ആശയങ്ങളും ചിന്തകളും സ്വതന്ത്രമായി അവതരിപ്പിക്കാം. ഫിക്‌ഷന്റെ ഏറ്റവും വലിയ ഒരു സാധ്യതയാണ് അത്. അൽബേർ കമ്യൂ ഫിലോസഫിയും അസിമോവ് സയൻസും തങ്ങളുടെ സാഹിത്യത്തിലൂടെ അവതരിപ്പിച്ചു. ടൈം മെഷീൻ ഒരു ഉന്മാദജനകമായ വിഷയമാണ്. മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഒരുപാട് എഴുതപ്പെട്ടിട്ടുള്ള വിഷയമാണെങ്കിലും  ഇനിയും അനന്ത സാധ്യതകൾ, ആയിരം കഥകൾ നമുക്ക് ലഭിക്കാൻ സാധ്യതയുള്ള ടോപ്പിക്. ഒരു കാലത്തുനിന്നു വേറൊരു കാലത്തേക്കുള്ള സഞ്ചാരം. നമ്മുടെ കാലത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു ടെക്നോളജിയുടെ വിപത്തിനെ ചൂണ്ടിക്കാട്ടാനാണ് ടൈം മെഷിന്റെ ഈ കഥയിലെ റോൾ."

സയൻസിൽ അതീവ ജ്ഞാനമുള്ള അരവിന്ദ് എന്ന യുവാവ്, വളരെ ചെറിയ പ്രായത്തിൽത്തന്നെ ഡിഗ്രി ലഭിച്ച കുട്ടിയാണ്. അപാരമായ ബുദ്ധി വൈഭവവും ശാസ്ത്രപരമായ കഴിവും അവനെ മറ്റു കുട്ടികളിൽനിന്ന്  വ്യത്യസ്തനാക്കിയിരുന്നു. അതുകൊണ്ടു തന്നെയാണോ എന്നറിയാത്ത ഒരു വിഷാദത്തിൽ മുങ്ങി നിശ്ശബ്ദതയിലിരിക്കുന്ന അമ്മ മാത്രമായിരുന്നു അവന്റെ സങ്കടം. എന്താണ് അമ്മയെ ആശങ്കപ്പെടുത്തുന്നതെന്നോ അവന്റെ ഉയർച്ചകളിൽ അമ്മയ്ക്ക് സന്തോഷിക്കാൻ കഴിയാത്തത് എന്താണെന്നോ അവനു മനസ്സിലായതേയില്ല. ഉത്തരത്തിനു വേണ്ടി അവനു വർത്തമാനകാലത്തിൽനിന്ന് അച്ഛനൊപ്പമുണ്ടായിരുന്ന ഭൂതകാലത്തിലേക്കു പോകേണ്ടി വന്നു. അവിടെ വച്ച് അരവിന്ദ് കണ്ടെത്തുന്ന സത്യങ്ങൾ അവന്റെ സ്വത്വത്തെ പോലും മാറ്റി മറിച്ചു കളഞ്ഞു. കഥയുടെ അവസാനം അക്ഷരാർഥത്തിൽ വായനക്കാരൻ ഞെട്ടിപ്പോകുന്ന അനുഭവമാണ്. 

മലയാള സാഹിത്യത്തിലെ നവയുഗം ഇത്തരം എഴുത്തുകളുടേതുമാണെന്നു തെളിയുന്നു. സാഹിത്യമെന്നാൽ വൈകാരികവും ശാരീരികവുമായ അനുഭവ പ്രക്ഷാളനങ്ങളുടെ വരുത്തുപോക്ക് എന്ന തലത്തിൽനിന്നു സയൻസ് ഫിക്‌ഷന്റെ കൂടുതൽ സാധ്യതയ്ക്കുള്ള ഇടപെടലുകൾ പലയിടങ്ങളിലും നടക്കുന്നുണ്ട്. സയൻസും സാഹിത്യവും തമ്മിൽ എന്താണു ബന്ധം? ഒരുപക്ഷേ സയൻസിന്റെ പല നിഗൂഢ മേഖലകളെയും സാധാരണ മനുഷ്യർക്ക് പരിചയപ്പെടുത്താൻ സാഹിത്യത്തോളം മനോഹരമായ മറ്റൊരു പ്രതലം ഇല്ല തന്നെ. അതുകൊണ്ടു കൂടിയാണ് സയൻസ് ഫിക്‌ഷനുകൾക്ക് ആരാധകരുള്ളതും. എന്നാൽ മലയാളത്തിൽ അത്തരത്തിൽ എത്ര കൃതികൾ ഇതുവരെ ഉണ്ടായി എന്നത് ചിന്തനീയമാണ്. ജി.ആർ. ഇന്ദുഗോപൻ എഴുതിയ ഐസ് എന്ന നോവൽ അമ്പരപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷനായിരുന്നു, എന്നാൽ അതിന്റെ കോപ്പികൾ ഇപ്പോൾ പലയിടത്തും ലഭ്യമല്ല, അതിന്റെ പേരിൽ ചർച്ചകളോ ആശയങ്ങൾ പങ്കു വയ്ക്കലുകളോ ഉണ്ടായിട്ടുമില്ല. സാഹിത്യം സയൻസിലും അധിഷ്ഠിതമാണെന്ന് വരുമ്പോൾ, ഇപ്പോൾ പലയിടത്തുനിന്നും അത്തരം വിരുദ്ധ ശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. 

വിഷാദവലയങ്ങൾ എന്ന നോവലിലൂടെ സാഹിത്യ ലോകത്ത് തനതായ ഒരു ഇടം നേടിയിട്ടുണ്ട് അനീഷ് ഫ്രാൻസിസ്. വിഷാദവാനായ ഒരു യുവാവിന്റെ ജീവിതത്തിലൂടെ അതിജീവനത്തിന്റെ പ്രകാശം കടന്നു പോകുന്ന ആ കൃതിക്ക് കഴിഞ്ഞ വർഷത്തെ ഡിസി സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. വിഷാദവലയങ്ങളിലെ അതേ ഉദ്വേഗജനകമായ ആഖ്യാനരീതി തന്നെയാണ് പുതിയ കഥയായ കാർഡിനലിലും അനീഷ് ഫ്രാൻസിസ് ആവിഷ്കരിച്ചിരിക്കുന്നത്. അരവിന്ദന്റെ ഒപ്പം അതേ ടൈം മെഷീനിൽ ഓരോ നിമിഷവും വായനക്കാരനുമുണ്ട്. അയാളുടെ സഞ്ചാരപഥങ്ങളിൽ പെട്ടെന്നയാൾക്ക് എന്ത് സംഭവിക്കുന്നു എന്നറിയാൻ ഓരോരുത്തരും ആകാംക്ഷാഭരിതരുമാണ്. എന്തുകൊണ്ട് 2042 ൽ ഒരു അരവിന്ദ് ഉണ്ടായിക്കൂടാ? ഒരു ടൈം മെഷീൻ നിർമിക്കപ്പെട്ടുകൂടാ? വായിച്ചു കഴിഞ്ഞും കൗതുകം നിറഞ്ഞ ഉന്മാദം നിറയ്ക്കുന്ന അനുഭവം നൽകുന്നു ഈ മാസത്തെ കഥ മാസിക പ്രസിദ്ധീകരിച്ച കാർഡിനൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA