sections
MORE

കുമയൂണിലെ നരഭോജികൾക്ക് 75 വയസ്സ്

HIGHLIGHTS
  • കുമയോണിലെ നരഭോജികൾ (Man Eaters of Kumaon) എന്ന പുസ്തകത്തിന് 75 വയസ്സ് പൂർത്തിയാകുന്നു.
  • ലോകപ്രശസ്ത വേട്ടക്കാരൻ ജിം കോർബറ്റിന്റെ നായാട്ടനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം
Man Eaters of Kumaon
SHARE

‘‘നരഭോജി അടുത്തെവിടെയോ ഉണ്ടെന്ന് കാകർമാന്റെ ശബ്ദത്തിലുണ്ടായ മാറ്റത്തിലൂടെ എനിക്ക് മനസ്സിലായിരുന്നു. അരയ്ക്കൊപ്പം പൊക്കമുള്ള പുല്ലിനിടയിലൂടെ താടി നിലത്തുമുട്ടുന്ന വിധത്തിൽ ഇഴഞ്ഞു നീങ്ങുകയായിരുന്ന ഞാൻ മുന്നിൽ ഒരു ചലനം കണ്ട് തലയുയർത്തി നോക്കി. ഏതാനും അടി മാത്രം അകലെ എന്നെ തന്നെ നോക്കി അവൾ കിടക്കുകയായിരുന്നു. വളരെ നാളുകൾക്കു ശേഷം വീട്ടിലെത്തുന്ന യജമാനനെ കാണുന്ന നായയുടെ ഭാവമായിരുന്നു അവൾക്ക്. നാനൂറിലേറെപ്പേരെ കൊന്നൊടുക്കി ചമ്പാവത്തിലെ നരഭോജി എന്ന പേരിൽ കുപ്രസിദ്ധയായ അവളുടെ അടുത്ത ഇര ഞാനാണെന്നോർത്ത് മരവിച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് വളരെ സാവധാനം അവൾക്കു നേരെ തോക്ക് ചൂണ്ടി. വിരൽ കാഞ്ചിയിലമർന്നു. വൈദ്യുതി പ്രവാഹമേറ്റ പോലെ അവളുടെ ശരീരമൊന്ന് വിറച്ചു. പിന്നെ പതുക്കെ നീട്ടി വച്ച കൈയിലേക്ക് തല താണു. വർഷങ്ങളായി  അനേകം മനുഷ്യജീവനുകളെ കൊന്നൊടുക്കി താൻ വിഹരിച്ച താഴ്‌വരയിലേക്ക് മുഖം ചെരിച്ച് ശാന്തഗംഭീരയായി അവൾ ഉറങ്ങി.’’ 

ലോകപ്രശസ്ത വേട്ടക്കാരനും പിന്നീട് പ്രകൃതിസ്നേഹിയുമായി മാറിയ ജിം കോർബറ്റിന്റെ നായാട്ടനുഭവങ്ങള്‍ വിവരിക്കുന്ന കുമയോണിലെ നരഭോജികൾ (Man Eaters of Kumaon) എന്ന പുസ്തകത്തിന് 75 വയസ്സ് പൂർത്തിയാകുന്നു. കുമയൂൺ താഴ്‌വരയിലെ ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി വിഹരിച്ചിരുന്ന നരഭോജിക്കടുവകളെ അതിസാഹസികമായി വേട്ടയാടിയ സംഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 

1944 ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് കുമയൂണിലെ നരഭോജികൾ എന്ന പേരിൽ കോർബറ്റിന്റെ അനുഭവങ്ങൾ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ച പുസ്തകം പിന്നീട് 27 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമൊട്ടാകെ പുസ്തകത്തിന്റെ  40 ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. മൈ ഇന്ത്യ, മാൻ ഇൗറ്റിങ് ലെപ്പേഡ് ഓഫ് രുദ്രപ്രയാഗ്, ട്രീ ടോപ്പ്സ്, ജിംഗിൾ ലോർ, ദ ടെമ്പിൾ ടൈഗർ ആൻഡ് മോർ മാൻ ഇൗറ്റേഴ്സ് ഓഫ് കുമയൂൺ തുടങ്ങിയ കൃതികളും കോർബറ്റ് രചിച്ചിട്ടുണ്ട്.

സാഹസികത അതിന്റെ ഏറ്റവും ഭീതിജന്യമായ രീതിയിൽ ഇൗ പുസ്തകത്തിൽ വായിച്ചെടുക്കാം. നരഭോജികളെ അതിന്റെ വിഹാരകേന്ദ്രങ്ങളിൽ പോയി വേട്ടയാടുക എന്നതിൽ പരം ആത്മഹത്യാപരമായ കാര്യം മറ്റൊന്നുമില്ല. വേട്ടക്കാരൻ ഇരയെയും ഇര വേട്ടക്കാരനെയും ഒരേ സമയം വേട്ടയാടുന്നു. കാടിന്റെ മനസ്സ് തൊട്ടറിഞ്ഞ ജിമ്മിന് വനത്തിലെ ഓരോ ചലനങ്ങളും പരിചിതമായിരുന്നു. കാടുമായുള്ള അടുത്ത ബന്ധമാണ് പലപ്പോഴും കുന്നിൻചരുവുകളിലും കുറ്റിക്കാടുകളിലും പതുങ്ങി നിന്ന അപകടങ്ങളിൽ നിന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം കാട്ടിൽ അലയേണ്ടി വന്നപ്പോഴും അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പകല്‍ വെളിച്ചത്തിൽ പോലും മനുഷ്യരെ വേട്ടയാടുന്ന നരഭോജികളും അവയെ ഭയന്ന് ഗ്രാമങ്ങൾ തന്നെ ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ജനങ്ങളുടെ അവസ്ഥയും ജിം കോർബറ്റ് പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. 

Jim-Corbett
ജിം കോർബറ്റ്

കടുവകളുടെ സ്വഭാവ സവിശേഷതകളും കാൽപ്പാടുകള്‍ നോക്കി പ്രായം, വലുപ്പം, തൂക്കം എന്നിവ കണ്ടെത്തുന്ന രീതിയും, നരഭോജികളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളും അവയുടെ ആക്രമണരീതിയും കുമയൂണിലെ ഗ്രാമീണജീവിതങ്ങളും  പ്രകൃതിയുമെല്ലാം പുസ്തകത്തിൽ കോർബറ്റ് വിശദീകരിക്കുന്നുണ്ട്. 

സിനിമ, ഡോക്യുമെന്ററി

1948–ൽ പുസ്തകത്തെ ആധാരമാക്കി മാൻ ഇൗറ്റർ ഓഫ് കുമയൂൺ എന്ന പേരിൽ ബൈറോൺ ഹസ്കിൻ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി. ബിബിസിയുടെ മാൻ ഇൗറ്റേഴ്സ് ഓഫ് ഇന്ത്യ, ഐമാക്സ് മൂവിയുടെ ഇന്ത്യ: കിങ്ഡം ഓഫ് ദ ടൈഗർ എന്നീ ഡോക്യുമെന്ററികൾ ഇൗ പുസ്തകത്തെ അടിസ്ഥാനമാക്കി നിർമിച്ചവയാണ്.

എഡ്വേർഡ് ജെയിംസ് കോർബറ്റ് എന്ന ജിം കോർബറ്റ് 1875 ജൂലൈ 25–ന് നൈനിറ്റാളിലാണ് ജനിച്ചത്. നാലാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട കോർബറ്റ് ചെറുപ്പം മുതലേ വനവും വന്യജീവികളുമായി അടുത്തിടപഴകിയിരുന്നു. മികച്ച വേട്ടക്കാരനെന്ന് ചെറുപ്പത്തിലേ പേരെടുത്ത കോർബറ്റ് നരഭോജികളെ വകവരുത്തുന്നതിൽ പല വേട്ടക്കാരും പരാജയപ്പെട്ടതോടെയാണ് ഗവൺമെന്റ് നിർദേശപ്രകാരം കുമയൂണിലെത്തുന്നത്. 

കോടതി കയറിയ കുമയൂൺ നരഭോജികൾ

1949–ൽ ചിന്ദ്‌വാര കൊലക്കേസിൽ പ്രതിയെന്ന് സംശയിക്കപ്പെട്ടയാളെ വെറുതെവിടാൻ കാരണമായത് കുമയൂണിലെ നരഭോജികൾ എന്ന പുസ്തകമാണ്. ചിന്ദ്‍വാര ഗ്രാമവാസിയായ തോഡലിനെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയായി സംശയിക്കപ്പെട്ടയാൾ തോഡലിനെ കൊലപ്പെടുത്തിയതാണെന്ന് വാദിഭാഗം ആരോപിച്ചെങ്കിലും പ്രതിഭാഗം നരഭോജി കടുവകളുടെ ആക്രമണത്തിന്റെ സാഹചര്യങ്ങളും പരുക്കുകളും ശാസ്ത്രീയമായി വിശദീകരിക്കുന്ന കുമയൂൺ നരഭോജികൾ കോടതിയിൽ ഹാജരാക്കി കടുവയുടെ ആക്രമണത്തിലാണ് തോഡൽ കൊല്ലപ്പെട്ടതെന്ന് വാദിച്ചു. പുസ്തകത്തിലെ ശാസ്ത്രീയ വിശകലനം ആധാരമാക്കി പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. 

ജിം കോർബറ്റ് ദേശീയോദ്യാനം

ഇന്ത്യയിലെ പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ബോധവാനായിരുന്ന കോർബറ്റ് കടുവയെ വേട്ടയാടി ഉന്മൂല നാശം ചെയ്താൽ ഇന്ത്യയിലെ ഏറ്റവും ഉൽകൃഷ്ടമായ ജന്തുജാലത്തെയായിരിക്കും നഷ്ടപ്പെടുത്തുകയെന്ന് തന്റെ പുസ്തകത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട ജന്തുവർഗമായ കടുവയെ ‘അളവറ്റ ധൈര്യമുള്ള വിശാലഹൃദയനായ മാന്യൻ’ എന്നാണ് കോർബറ്റ് വിശേഷിപ്പിക്കുന്നത്. രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും മൃഗയാ വിനോദത്തിന്റെ പ്രധാന ഇരകളായ കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട കോർബറ്റ് വന്യജീവികളെ വേട്ടയാടുന്നത് എന്നേക്കുമായി ഉപേക്ഷിച്ചു. 

വന്യജീവി സംരക്ഷണത്തിനായി 1936 –ൽ ഇന്ത്യയിലെ ആദ്യ വന്യജീവി സങ്കേതമായ ഹെയ‍്‍ലി ദേശീയോദ്യാനം ആരംഭിക്കാൻ ജിംകോർബറ്റ് പങ്കാളിയായി..  സ്വാതന്ത്ര്യാനന്തരം ഹെയ്‍ലി വന്യജീവി സങ്കേതം രാംഗംഗ ദേശീയോദ്യാനം എന്ന് നാമകരണം ചെയ്തെങ്കിലും 1957– ൽ ജിം കോർബിറ്റിനോടുള്ള ബഹുമാനാർഥം ജിം കോർബറ്റ് ദേശീയോദ്യാനം എന്ന പേരിൽ പുനർനാമകരണം ചെയ്തു.

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, പൗരി ഗർവാൾ ജില്ലകളിലായിട്ടാണ് ജിംകോർബറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇൗ ഉദ്യാനത്തിന്റെ ജീവനാഡി രാംഗംഗ നദിയാണ്. 1973–ൽ കടുവ സംരക്ഷണ പദ്ധതിയായ പ്രൊജക്ട് ടൈഗർ ആദ്യമായി ആരംഭിച്ചതും ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ്. 1947 ൽ സഹോദരിയോടൊപ്പം കെനിയയിലേക്ക് കുടിയേറിയ അദ്ദേഹം 1955 ഏപ്രിൽ 19–ാം തീയതി അവിടെ വച്ച് നിര്യാതനായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA