കവി കെജിഎസ് സെല്‍ഫി എടുത്തിട്ടുണ്ടാകുമോ? ചില സെല്‍ഫി ചിന്തകൾ

HIGHLIGHTS
  • ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കടമകളിലൊന്ന് 'രേഖപ്പെടുത്തുക' എന്നതാണ്.
selfie
പ്രതീകാത്മക ചിത്രം
SHARE

ക്യാമറയിലേക്കു നോക്കുമ്പോള്‍

എന്റെ കണ്ണ്

എന്റെ കണ്ണിലേക്കു വരാതെ മാറുന്നു.

........

ഒന്നിനെത്തന്നെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍

അനേകരായി പൊട്ടിപ്പിരിയുന്നു

പുഴയുടെ ഒരുമ വേണ്ടപ്പോള്‍ ഞാന്‍ 

മഴയുടെ ചിതറലാവുന്നു.

കെ.ജി. ശങ്കരപ്പിള്ള (പല പോസിലുള്ള ഫോട്ടോകള്‍)

ഇങ്ങനെ എഴുതിയ, കെജിഎസ് എന്നറിയപ്പെടുന്ന കവി കെ.ജി. ശങ്കരപ്പിള്ള സെല്‍ഫി എടുത്തിട്ടുണ്ടാകുമോ? പരിസരം മറന്നു നിന്ന് സെല്‍ഫി എടുക്കുന്നവരെക്കാണുമ്പോള്‍ അദ്ദേഹത്തിന് എന്തായിക്കും തോന്നുക എന്നൊക്കെ ചിന്തിക്കുന്നത് ഈ കാലത്ത് രസകരമല്ലെ? എന്തായാലും, സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലെങ്കില്‍ തങ്ങള്‍ പൂര്‍ണ്ണരല്ല എന്നു കരുതുന്നവരുടെ ഇടയ്ക്കാണ് കെജിഎസും നാമും ഇന്നു കഴിയുന്നത്. ഇവരില്‍ പലരും, പ്രത്യേകിച്ചും യുവജനങ്ങള്‍ എല്ലാം മറന്നു നിന്ന് സെല്‍ഫികളെടുക്കുകയും, തന്റെ പരിസരത്തേക്കുറച്ച് നിരന്തരം ലോകത്തെ അറിയിക്കാന്‍ വ്യഗ്രതയുള്ളവരുമായി തീര്‍ന്നിരിക്കുകയാണ്. 

ലോകമെമ്പാടും പടര്‍ന്നു കഴിഞ്ഞ ഈ കാലികമായ സാമൂഹ്യ പ്രതിഭാസത്തെ നാര്‍സിസിസം, അല്ലെങ്കില്‍ ആത്മരതി എന്നു പറഞ്ഞ് തള്ളാനൊക്കില്ല എന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതെക്കുറിച്ച് നെയ്തന്‍ ജര്‍ഗെന്‍സണ്‍ എഴുതിയ പുസ്തകമാണ് 'ദീ സോഷ്യല്‍ ഫോട്ടോ'. സെല്‍ഫിയെക്കുറിച്ചു മാത്രമുള്ള ഒരു അന്വേഷണമായി മാത്രം തന്റെ പുസ്തകത്തെ ഒതുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലാത്തതിനാല്‍, സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യപ്പെടുന്ന ചിത്രങ്ങളെക്കുറിച്ചു മുഴുവന്‍ വിശകലനം നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നു കാണാം.

Nathan-Jurgenson

താന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും, തന്റെ പട്ടിയെക്കുറിച്ചും, താത്പര്യജനകമെന്നു തോന്നുന്ന എന്തിനെക്കുറിച്ചും ഫോട്ടോകള്‍ എടുക്കുക മാത്രല്ല അവ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ പ്രത്യേക ആനന്ദം അനുഭവിക്കുകയും ചെയ്യുന്നവരാണ് പുതിയ തലമുറയില്‍പ്പെട്ടവര്‍. ഇതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയുമാണ്. ചില വിദേശ കമ്പനികള്‍ ഉദ്യോഗാർഥികള്‍ക്കു ജോലി നല്‍കുന്നതിനു മുമ്പ് അവരുടെ സാമൂഹമാധ്യമ പോസ്റ്റുകള്‍ പരിശോധിക്കാന്‍ വരെ തുടങ്ങിയിരിക്കുന്ന കാലത്താണ് നാമുള്ളത്. എന്നാല്‍, പുതിയ പ്രവണത പഴമക്കാരെ മാത്രമല്ല അലോസരപ്പെടുത്തയിരിക്കുന്നത്. ഫോട്ടോഗ്രാഫിയെ ഒരു കലയായി കാണുന്നവര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുന്നു എന്നാണ് പറയുന്നത്. അലസമായി കാണുന്ന എന്തിന്റെയും ചിത്രങ്ങള്‍ എടുത്ത് തോന്ന്യാസം പോസ്റ്റു ചെയ്യുന്നവര്‍ തങ്ങളുടെ കലയെ അപമാനിക്കുന്നു എന്നാണ് അവരുടെ പക്ഷം. 

എന്നാല്‍, അവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്– ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കടമകളിലൊന്ന് 'രേഖപ്പെടുത്തുക' എന്നതാണ്. ആശയവിനിമയത്തെ പെരുപ്പിക്കുന്ന (augmented communication) ഒന്ന് എന്നാണ് ഊടുപാട് ഫോട്ടോ എടുക്കുന്ന രീതിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഈ ഫോട്ടോകള്‍ക്ക് നൈമിഷികമായ പ്രാധാന്യമേയുള്ളു, കലാപരമായ മൂല്യങ്ങള്‍ ഒട്ടും അടങ്ങിയിട്ടില്ല തുടങ്ങിയ വിമര്‍ശനങ്ങളില്‍ കഴമ്പില്ല. ആളുകള്‍ വെറുതെ കൂട്ടം കൂടി നിന്നു സംസാരിക്കുമ്പോള്‍ അവിടെ കവിത ജനിക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നതില്‍ അർഥമില്ലല്ലോ, സാമൂഹ്യശാസ്ത്രജ്ഞന്‍ കൂടിയായ നെയ്തന്‍ വാദിക്കുന്നു.

സോഷ്യല്‍ ഫോട്ടോ, അല്ലെങ്കില്‍ സാമൂഹ്യ ഫോട്ടോ എന്ന പ്രതിഭാസത്തെ നിർവചിക്കാനും, അതിനു ചുറ്റും ചരിത്രപരമായ ഒരു വലവിരിച്ചു വേര്‍തിരിക്കാനും ഇറങ്ങിയിരിക്കുന്ന നെയ്തന്‍ പറയുന്നത് ഇത് പ്രാധമികമായി എന്തും രേഖപ്പെടുത്താനുള്ള മനുഷ്യന്റെ ഉള്‍പ്രേരണയുടെ ഫലമാണ് എന്നാണ്. എക്കാലത്തും ഇത് ഉണ്ടായിരുന്നു എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് ഫോട്ടോഗ്രാഫിയിലൂടെ പുറത്തു വരികയാണ്. മുന്‍ കാലങ്ങളില്‍ ഇത് എഴുത്തിലൂടെ പകര്‍ത്തിവയ്ക്കുന്നവര്‍ ഉണ്ടായിരുന്നു. ഇന്ന് മിക്കവരുടെയും കൈയ്യിലുള്ള സാമഗ്രി ക്യാമറയാണ്. അതിലൂടെ നോക്കിക്കണ്ട് തങ്ങളുടെ 'രേഖപ്പെടുത്തല്‍ മനോഭാവത്തിന്' നിര്‍ഗ്ഗമനമാര്‍ഗ്ഗമൊരുക്കുകയാണ് ആളുകള്‍ ചെയ്യുന്നത്. 

എന്നാല്‍ സോഷ്യല്‍ ഫോട്ടോ, ഭാവിക്കു വേണ്ടി ദൃശ്യപരമായ ചരിത്രരേഖകള്‍ സൃഷ്ടിക്കലുമല്ല. അത് വെറുതെ ആ നിമിഷത്തെ ആസ്വദിക്കുക, അല്ലെങ്കില്‍ നൈമിഷിക കൗതുകത്തിന് തന്റെ കയ്യിലുള്ള ടൂള്‍ ഉപയോഗിച്ച് ഭാഷ്യം നല്‍കുക മാത്രമാണ് ചെയ്യുന്നത്. ആ സന്ദര്‍ഭത്തില്‍ താനും പങ്കാളിയായി എന്നൊക്കെ വിളിച്ചു പറയാനുള്ള ആഗ്രഹം ഇതില്‍ കാണം. 

സോഷ്യല്‍ ഫോട്ടോയ്ക്കു പിന്നിലെ മറ്റൊരു സഹജമായ ഉള്‍പ്രേരണ, വ്യക്തിയുടെ പ്രകടനപരതയാണ്. ഇത് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് ക്യാമറ എന്ന പുതിയ ടൂള്‍ വന്നപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്. ഡിജിറ്റല്‍ മീഡിയ പഠിപ്പിച്ച പെരുമാറ്റ രീതികള്‍ പലരിലേക്കും പകര്‍ന്നാടുന്നതിന്റെ പ്രതിഫലനമാണ് സെല്‍ഫി. തന്റെ ചുറ്റുമുള്ള തിരിക്കുകളോട് നിശ്ചലമായി നില്‍ക്കാന്‍ പറഞ്ഞിട്ട് സെല്‍ഫിക്കുളള നല്ല ഫ്രയിം ഏതെന്നു നോക്കുന്നത് ഇതിന്റെ ബാക്കിയാണ്. നമ്മളുടെ ജീവിത സാഹചര്യങ്ങളെ സെല്‍ഫിയില്‍ പകര്‍ത്തുന്നതും, സെല്‍ഫിക്കായി ജീവിത സാഹചര്യങ്ങളെ ഒരുക്കുന്നതും തമ്മിലുള്ള അതിര് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ ഫോട്ടോയ്ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ സ്ഥലത്തു വച്ച് എടുത്ത ചിത്രമല്ലേ ഇത്, യാഥാർഥ്യമല്ലല്ലൊ എന്ന് അരെങ്കിലും വാദിക്കുന്നതില്‍ കഴമ്പില്ല. ഡിജിറ്റല്‍ ദ്വന്ത്വഭാവം (digital dualism) എന്ന വാദത്തെ നെയ്തന്‍ തള്ളിക്കളയുകയാണ്. എല്ലാം യാഥാർഥ്യം തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഡിജിറ്റല്‍ ലോകവും യഥാർഥ ലോകവും പരസ്പരം പിണഞ്ഞു കിടിക്കുകയാണ്. ഉപകരണങ്ങളുമായി കണ്ണില്‍ പെടുത്താത്ത എന്തൊ നിഷ്‌കളങ്കാവസ്ഥ നമുക്കുണ്ടെന്ന ഭാവമൊക്കെ കപടമാണ്.  

ഞാന്‍ യഥാർഥമാണ്. ഞാനൊരു ചിന്താശീലനായ വ്യക്തിയാണ്. നിങ്ങളുടേത് യാന്ത്രികവല്‍ക്കരിക്കപ്പെട്ട (automation) ഭാവമാണ്, എന്നൊക്കെയുളള നാട്യങ്ങള്‍ കപടവിഗ്രഹാരാധന (fetishists) നടത്തുന്നവരുടേതാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഡിജിറ്റല്‍ വിഷമിറക്കലുകാരും, രോഗമുക്തി (wellness) വ്യവസായവും ഈ കപട ചിന്ത പ്രോത്സാഹിപ്പിക്കുന്നവരും, അതില്‍നിന്ന് മുതലെടുപ്പു നടത്തുന്നവരുമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. നെയ്തന്റെ ഈ പുസ്തകം വളരെ പാരായണക്ഷമമാണ്. പാണ്ഡിത്യ പ്രകടനത്തേക്കാളേറെ പുതിയ കാലത്തെ സര്‍വ്വവ്യാപിയായ ഒരു പ്രവൃത്തിയെ അനാവരണം ചെയ്ത് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്നു വേണം പറയാന്‍. 

വിമര്‍ശനം

ഉള്‍ക്കാഴ്ചയുള്ള വാദമുഖങ്ങള്‍ ഉന്നയിക്കുമ്പോഴും സാമൂഹമാധ്യമങ്ങളും മറ്റും എങ്ങനെയാണ് ഈ ജ്വരത്തെ ചൂഷണം ചെയ്യുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നില്ല. സാമൂഹമാധ്യമങ്ങള്‍ ആളുകളില്‍ വളര്‍ത്തിയെടുത്തിരിക്കുന്ന സ്വയം പ്രദര്‍ശനകമ്പവും ഒളിഞ്ഞുനോട്ട ഭ്രമവും മറ്റും ജീവിതത്തിലെ പല നിയമങ്ങളെയും തിരുത്തിയെഴുതി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എങ്കിലും ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നവര്‍ അനാവശ്യ പരിഭ്രാന്തി പരത്തുന്നവരാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ഓഫ്‌ലൈന്‍- ഓണ്‍ലൈന്‍ ദ്വന്ദം നിലനില്‍ക്കുന്നില്ല എന്ന തന്റെ വാദത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നതും കാണാം. ദീ സോഷ്യല്‍ ഫോട്ടോ, സെല്‍ഫി ഭ്രമത്തിന്റെ ഒരു വിമര്‍ശനമല്ല, മറിച്ച് ഒരു ന്യായികരണമാണ് എന്നു പറയേണ്ടിവരും.

കെജിഎസ് തന്റെ വരികള്‍ കുറിക്കുന്ന കാലത്ത് പലരും ക്യാമറയുടെ ഒറ്റക്കണ്ണിനെ ഭയക്കുന്നവരായിരുന്നിരിക്കണം. പിന്നീടു വന്ന ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ടുവന്ന മാറ്റം പറഞ്ഞറിയിക്കാനാകാത്തതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA