തോരുന്നതേയില്ല ഈ തോർച്ച...

HIGHLIGHTS
  • മലയാളത്തിലെ ശ്രദ്ധേയ സമാന്തര പ്രസിദ്ധീകരണമായ 'തോർച്ച'യെ കുറിച്ച് ബിജോയ് ചന്ദ്രൻ
biyoj-chandran
ബിജോയ് ചന്ദ്രൻ. ചിത്രം: അജി പുളിക്കൽ
SHARE

ഏതു വായനക്കാരന്റെ മനസ്സിലാണ് ഒരു പത്രാധിപർ ഇല്ലാത്തത്? ഏതെഴുത്തുകാരന്റെയും ഉള്ളിൽ ഒരു പത്രാധിപരും കൂടി ജീവിക്കുന്നുണ്ടാകില്ലേ? വായനയ്ക്കൊപ്പം, എഴുത്തിനൊപ്പം ഒരു പത്രാധിപർ കൂടി വായനക്കാരന്റെയും എഴുത്തുകാരന്റെയും ഉള്ളിൽ പണിയെടുക്കുന്നുണ്ടാകണം. ബിജോയ് ചന്ദ്രൻ കവിയാണ്; പത്രാധിപരും. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സമാന്തര പ്രസിദ്ധീകരണമായ ‘തോർച്ച’ ബിജോയ് ചന്ദ്രൻ കരങ്ങളിലൂടെയാണു മലയാളത്തിലെത്തിയത്. നാട്ടിൻപുറങ്ങളിൽ നിന്നുള്ള സമാന്തര പ്രസിദ്ധീകരണങ്ങൾ കൊണ്ടു മലയാളം പൂത്തുലഞ്ഞ കാലമുണ്ടായിരുന്നു. വലുതും ചെറുതുമായ ഒരുപാടു പ്രസിദ്ധീകരണങ്ങൾ സാഹിത്യവും കലയും ചലച്ചിത്രവും  രാഷ്ട്രീയവും ചർച്ച ചെയ്തു.

കാലം പോകവേ ചിലതു തളർന്നു, ചിലതു നിലച്ചു, ചിലതു തുടരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു തോർച്ചയുടേത്. സാഹിത്യത്തിന്റെ സമകാലികമായ രൂപങ്ങളും സൃഷ്ടികളും വിമർശനങ്ങളും മുൻവിധികളുമില്ലാതെ വായനക്കാർക്കു മുന്നിലെത്തിച്ച ‘തോർച്ച’യ്ക്കുമുണ്ടായി ചെറിയൊരു ഇടവേള. തുലാപ്പെയ്ത്തിലെന്നപോലെ കോരിച്ചൊരിഞ്ഞു. ശേഷം ഒന്നു തോർന്നെങ്കിലും വീണ്ടും പെയ്തുതുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ബിജോയ് ചന്ദ്രൻ ആ രണ്ടാംവരവിനെപ്പറ്റി സംസാരിക്കുന്നു.

‘ഒരു മഴയുടെ അറ്റത്തുനിന്നായിരുന്നു തോർച്ചയുടെ തുടക്കം. 2008– ലായിരുന്നു മനസ്സിൽ അങ്ങനെയൊരു ചിന്ത. പ്രകൃതിയോടും ജീവിതത്തോടും ചേർന്നു നിൽക്കുന്ന ഉപചാരങ്ങളില്ലാത്ത ഒരു മാസിക മലയാളത്തിൽ ഉണ്ടാകണമെന്ന ആഗ്രഹം മനസ്സിലൊരു സ്വപ്നമായി കൊണ്ടുനടന്നിരുന്നു. പൊതുവേ പ്രസിദ്ധീകരണങ്ങളൊക്കെ സാഹിത്യത്തെ പടിക്കു പുറത്തുനിർത്തിയ കാലമായിരുന്നു അത്. രാഷ്ട്രീയവും പരിസ്ഥിതി പ്രശ്നങ്ങളും വാരികകളുടെ പേജുകളിൽ നിറഞ്ഞുനിന്നു. എഴുത്തുകാരുടെ സ്വന്തം എന്നൊക്കെ പറയാവുന്ന ഒരു ചെറിയ മാസികയായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. അതിന് എന്തു പേരിടുമെന്നു കുറേ ആലോചിച്ചു നടന്നു. സുഹൃത്തുക്കൾ പല പേരുകളും നിർദേശിച്ചു. പലതും മുൻപേ വന്നു കഴിഞ്ഞവ. മാസിക തുടങ്ങണമെങ്കിൽ ആദ്യം പേര് ടൈറ്റിൽ റജിസ്ട്രേഷൻ നടത്തണം. പേരു കിട്ടാത്തതുകൊണ്ട് കുറെ കാലം അനിശ്ചിതമായി കടന്നുപോയി. ‘മഴ’ എന്ന പേര് മനസ്സിൽ നിറഞ്ഞു. പക്ഷേ ആ പേര് ആരോ എവിടെയോ ഉപയോഗിച്ചതുപോലെ തോന്നി.’.

സ്വപ്നം പോലെ മഴ 

‘അപ്പോൾ ഞാൻ ഒരു മഴ കാണുകയായിരുന്നു. അല്പം അകലെ പുഴയുടെ ഏകാന്തതയെ മഴ ചെന്നു കെട്ടിപ്പിടിക്കുന്നു. മഴ കാറ്റു പിടിച്ചു ചാഞ്ഞും ചരിഞ്ഞും പുഴയ്ക്കു മുകളിലൂടെ ഓടിനടക്കുന്നു. എല്ലാ ഒച്ചകളും മഴയുടെ നേർത്ത ആരവത്തിൽ ലയിക്കുന്നു. മഴ എന്ന വാക്ക് മനസ്സിൽ വല്ലാതെ പെയ്തുലഞ്ഞു. പാമ്പാക്കുടയിലെ എന്റെ വന്യമായ മഴക്കാലങ്ങൾ ഓർമവന്നു. ജനലിലൂടെ കണ്ട മഴയേക്കാൾ നനഞ്ഞലഞ്ഞ മഴയുടെ കോരിച്ചൊരിയൽ ആയിരുന്നു ഓർമകളിൽ നിറയെ. മൂവാറ്റുപുഴ എന്ന ചെറിയ നഗരത്തിൽ പാമ്പാക്കുടയുടെ കുന്നിൻചെരിവുകളിൽനിന്നു പുഴയോരത്തേക്കുള്ള അനാഥമായ ഒരു കൂവൽ പോലെയാണ് ഞാൻ വർഷങ്ങൾക്കു മുമ്പ് വന്നുചേർന്നത്. യാതനയുടെ നാളുകളാണു പോയ്മറഞ്ഞത്. ഒന്നു പിടിച്ചുനിൽക്കുവാനും ജീവിക്കാനുമുള്ള വെപ്രാളമായിരുന്നു അല്പകാലം മുമ്പുവരെ.’

തോർച്ച– മഴ കൊണ്ടുവന്ന പേര് 

thorcha-biyoj-chandran

‘മാസികയ്ക്ക് ‘മഴ’ എന്ന പേരു തന്നെ മതി എന്നു ഞാൻ പതുക്കെ ചിന്തിച്ചുറപ്പിക്കുകയായിരുന്നു. ആ സന്ദർഭത്തിൽ, നോക്കി നിൽക്കെ നഗരത്തിന്റെ നിറങ്ങൾക്കു മേൽ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. പതുക്കെ, തിരക്കില്ലാതെ മഴയുടെ ആരവങ്ങളെ വകഞ്ഞുമാറ്റി കടന്നുപോകുന്ന ബസ്സുകള്‍, ഓട്ടോറിക്ഷകൾ, മറ്റു വാഹനങ്ങൾ.. മഴക്കോട്ട് ഇട്ടുപോകുന്ന ആളുകൾ.. മഴയെ ചേർത്തുപിടിച്ച് നനഞ്ഞുകൊണ്ട് സ്വപ്നാടകരെപ്പോലെ നടക്കുന്ന വേറേ ചിലർ..  നഗരബോർഡുകളുടെ നരയ്ക്കുന്ന നിറങ്ങൾ.. അവ നനയുന്ന കാലപ്രവാഹം.. കാറ്റിന്റെ താളവട്ടങ്ങൾ.. ഉന്മാദം .. പതുക്കെ മഴയുടെ പ്രവേഗം കുറഞ്ഞുവന്നു. ഇപ്പോൾ ചാഞ്ഞു പെയ്തില്ല. റോഡിലേക്കും വെറും മണ്ണിലേക്കും പുഴയുടെ മാറിലേക്കും ആഴ്ന്നിറങ്ങുന്ന ചില്ലുദണ്ഡുകൾ‍ പോലെ കനമുള്ള തുള്ളികളുടെ ചേർന്നിറങ്ങൽ മാത്രം. പിന്നെ തുള്ളികൾക്കിടയിലെ അകലം മെല്ലെ കൂടി വരുന്നു. ചാറ്റൽമഴയിലേക്കു പരുങ്ങുന്നു. പതുക്കെ ആ നൃത്തം അവസാനിക്കുകയാണ്. കടത്തിണ്ണകളിൽ കയറി നിന്നവർ കൈനീട്ടി, തണുത്ത വിളറിയ വിരലുകൾ കൊണ്ട് നനഞ്ഞ കാറ്റിനെ തൊട്ടുനോക്കി. മഴ കുറഞ്ഞു എന്നുറപ്പിച്ച് ഇറങ്ങി നടന്നു. കെട്ടിടങ്ങളുടെ മേല്പ്പുരകളിൽ നിന്നും മഴ തുള്ളിയെടുത്തു. മഴയുടെ അങ്ങേയറ്റത്ത്, തോർച്ചയുടെ പരിരംഭണത്തിൽ ഞാൻ മനസ്സാകെ നനഞ്ഞുനിന്നു. എന്റെ ആ മാസികയ്ക്ക് ആ നിമിഷം പേരിട്ടു– ‘തോർച്ച’

തോരാമഴ പോലെ എഴുത്തുകാരുടെ പിന്തുണ 

‘ആദ്യലക്കം തയാറാവാൻ ഒരു മാസത്തോളമെടുത്തു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരെല്ലാം രചനകൾ നൽകി. കുറെ താളുകളിൽ ഞാൻ തന്നെ തയാറാക്കിയ പുസ്തകക്കുറിപ്പുകളായിരുന്നു. ആദ്യലക്കം ആളുകൾക്ക് ഇഷ്ടമായി. അതുവരെ ആരും പരീക്ഷിക്കാത്ത രീതിയിലായിരുന്നു പേജുകൾ തയാറാക്കിയത്. സുഹൃത്തായ എം.കെ. ബിജുവാണ് പേജ് ഡിസൈൻ ചെയ്തത്. എന്റെ മനസ്സിലെ താളുകൾ അങ്ങനെതന്നെ അയാൾ ഭംഗിയായി രൂപകല്പന ചെയ്യുകയായിരുന്നു.

കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാർക്കും മാസിക അയച്ചുകൊടുത്തു. ഭാഷാപോഷിണിയിൽ ‘സ്നേഹപൂർവം’ എന്ന പംക്തിയിൽ കഥാകൃത്തുകൂടിയായ ജോസ് പനച്ചിപ്പുറം ആദ്യമായി തോർച്ചയെപ്പറ്റി എഴുതി. പിന്നീട് വായനക്കാർ മാസിക ഏറ്റെടുക്കുകയായിരുന്നു. പ്രശസ്തരും അല്ലാത്തവരുമായ ഒട്ടേറെ എഴുത്തുകാർ തോർച്ചയിൽ എഴുതാൻ തയാറായി. പി. സുരേന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ, എൻ.പ്രഭാകരൻ, എൻ. ശശിധരൻ, കല്പറ്റ നാരായണൻ, പി.കെ. പാറക്കടവ്, വി. മുസഫർ അഹമ്മദ്, ബാലചന്ദ്രൻ വടക്കേടത്ത്, കെജിഎസ്, പി.രവികുമാർ, അയ്മനം ജോൺ, ബാബു കുഴിമറ്റം, പി.എം. വിനയകുമാർ, കെ.ബി. പ്രസന്നകുമാർ, വി. വിജയകുമാർ, എം. രാജീവ് കുമാർ, കെ. അരവിന്ദാക്ഷൻ, ജോർജ് ജോസഫ് കെ., ഇന്ദുചൂഢൻ കിഴക്കേടം, മനോജ് ജാതവേദര്, വി.ആർ. സുധീഷ്, വി.ജി.തമ്പി, ജോർജ്, എം. എസ്. ബനേഷ്, വി.ആർ. സന്തോഷ്, എസ്. ജോസഫ്, വീരാൻകുട്ടി, വി.എം. ഗിരിജ, മനോജ് കുറൂര്‍, ബിന്ദു കൃഷ്ണൻ, പി.പി. രാമചന്ദ്രൻ, സെബാസ്റ്റ്യൻ, എം.ആർ.രേണുകുമാർ, എം.ആർ. വിഷ്ണുപ്രസാദ്, എസ്. കലേഷ്, പ്രമോദ് പി. സെബാൻ, ബിജു കാഞ്ഞങ്ങാട്, എം.പി. പ്രതീഷ്, ശൈലൻ... ഇങ്ങനെ പേരു പറയാൻ തുടങ്ങിയാൽ തീരാത്തത്രയും എഴുത്തുകാരും എഴുത്തിലെ പുതിയ തലമുറയും നിരന്തരം എഴുതി. പലപ്പോഴും കവർ പേജിൽ ചേർക്കുവാൻ സോമൻ കടലൂരും ജെ.ആർ. പ്രസാദും ചിത്രങ്ങൾ വരച്ചുതന്നു. പായിപ്ര രാധാകൃഷ്ണൻ, പി.എം. ഷുക്കൂർ, കെ.വി. സജയ്, എം.എം. ബഷീർ, ജയകുമാർ ചെങ്ങമനാട്, റെജു എന്നീ നാട്ടുകാരും കൂട്ടുകാരുമായ എഴുത്തുകാരും പിന്തുണയുമായി നിന്നു. പായിപ്ര രാധാകൃഷ്ണൻ കലാകൗമുദിയിൽ പലപ്പോഴും തോർച്ചയെപ്പറ്റി എഴുതി. 

നന്ദൻ.. എങ്ങനെ ഞാൻ മറക്കും..?

2010–ൽ ഇന്ത്യാടുഡേയിൽ ജെ. ബിന്ദുരാജ് തോർച്ചയെക്കുറിച്ച് നല്ല ഒരു കുറിപ്പ് എഴുതിയത് വലിയ അംഗീകാരമായി. അതിൽ ചേർക്കാൻ എന്റെ പടം എടുക്കാൻ വന്നത് നടൻ രഘുവരനെ ഓർമിപ്പിച്ച രൂപഭാവമുള്ള എം.ആർ. നന്ദകുമാർ ആയിരുന്നു. പുഴയോരത്തുപോയി പടം എടുക്കാമെന്നു നന്ദൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ കടത്തുകാരൻ തോണിയിൽ വിശ്രമിക്കുന്നു. തോണിയിൽ എന്നെയും ഇരുത്തി നന്ദൻ കുറെ പടങ്ങളെടുത്തു. മനോഹരമായിരുന്നു അതിൽ നിവർന്ന പുഴയുടെ മുഖച്ഛായ. പച്ചയിലേക്ക് ആകാശം ഒഴുകിയിറങ്ങി വെള്ളത്തിൽ അപാരമായി പ്രതിഫലിച്ചുനിൽക്കുന്ന കാഴ്ച. പിന്നീട് നന്ദനുമായി ഉറ്റ സൗഹൃദമായി. പലപ്പോഴും കത്തുകളെഴുതി. ഫോണിൽ വിളിച്ചു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് പുതുവത്സര ദിനങ്ങളിൽ നന്ദന്റെ ആശംസകൾ എത്തിയിരുന്നത്. ‘സായാഹ്നങ്ങളുടെ അച്ഛാ’, മന്ദാരത്തിന്റെ ഇലകൾകൊണ്ടു തുന്നിയ..’ എന്നൊക്കെയുള്ള വരികൾ. നന്ദൻ വലിയൊരു വായനക്കാരൻ കൂടിയായിരുന്നു. ഇന്ത്യാടുഡേയിൽ ആ ചിത്രങ്ങൾ ബിന്ദുരാജിന്റെ ലേഖനത്തിനൊപ്പം മനോഹരമായി അച്ചടിക്കപ്പെട്ടു. പിന്നീട് ഇന്ത്യാടുഡേയിൽ ഞാൻ പുസ്തകനിരൂപണങ്ങളെഴുതി. ജെ. ബിന്ദുരാജും യുവകഥാകൃത്തായ എൻ. ജി. നയനതാരയുമായിരുന്നു അതിനു പ്രേരണ. അപ്പോഴൊക്കെയും ഒരു സന്ദേശം എന്നെ തേടിയെത്തി. നന്ദൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ രോഗബാധിതനായി അകാലത്തിൽ വിട്ടുപോയി. പത്രത്തിൽ ഒരു അരികുവാർത്തയായി ആ നല്ല ചങ്ങാതിയും യാത്രയായി. നന്ദന്റെ മൊബൈൽ നമ്പർ ഞാനിപ്പോഴും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നു. വെറുതെ... ഇനിയും ഒരു സന്ദേശം കാലത്തിന്റെ മറ്റേതോ കോണിലിരുന്ന് നന്ദൻ എനിക്കയച്ചാലോ..?’

അയ്യപ്പന്റെ കവിതയും മരണവും 

‘മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തോർച്ചയെക്കുറിച്ച് ഒരു ലേഖനം എഴുതുവാൻ അവസരം കിട്ടി. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിലൂടെ ശ്രദ്ധേയനായ അജയ് പി. മങ്ങാട്ട് ആയിരുന്നു അതിനു പ്രേരിപ്പിച്ചതും വഴിയൊരുക്കിയതും. പി.എസ്. രാജേഷ്, ദിനേശൻ കരിപ്പിള്ളി, ശരത് കൃഷ്ണ എന്നിവരും മാതൃഭൂമിയിൽ മാസികയെക്കുറിച്ചെഴുതി. അങ്ങനെ തോർച്ചയുടെ നാൾവഴികൾ തുടർച്ച തേടി. യുവകവിയായ പ്രമോദ് പി. സെബാൻ മൊബൈലിലെടുത്ത ഒരു ഡോക്യുമെന്ററിയും അന്ന് എഴുത്തുകാർക്കും വായനക്കാർക്കുമിടയിൽ ശ്രദ്ധിക്കപ്പെട്ടു. കവി അയ്യപ്പന്റെ അവസാന കവിത ‘മാനില്ലാത്ത കാട്’ പ്രസിദ്ധീകരിക്കുവാനുള്ള ഭാഗ്യം തോർച്ചയ്ക്കു കിട്ടി. കവി സെബാസ്റ്റ്യൻ ആയിരുന്നു അയ്യപ്പന്റെ പക്കൽനിന്നു കവിത വാങ്ങിത്തന്നത്. അയ്യപ്പനുമായി സെബാസ്റ്റ്യൻ നടത്തിയ അഭിമുഖവും ആ ലക്കത്തിൽ വന്നു. ഏതോ അജ്ഞാതമായ ഒരു തോന്നലിൽ അയ്യപ്പന്റെ കവിത ആ ലക്കത്തിൽ കവർപേജിൽ തന്നെയായിരുന്നു ഞാൻ കൊടുത്തത്. ഒപ്പം അയ്യപ്പന്റെ ചിത്രവും. മാസിക ഇറങ്ങിയ അന്ന് അയ്യപ്പൻ ഒരു റോഡപകടത്തിൽ വഴിയിൽ മരിച്ചു കിടന്നു. തോർച്ചയെപ്പറ്റിയുള്ള എന്റെ ഏറ്റവും സങ്കടകരമായ ഓർമയും ഇതാണ്.’

 പ്രിയങ്കരമായ രണ്ടാം വരവ് 

‘പല കാരണങ്ങൾ കൊണ്ട് ഇടയ്ക്കു കുറച്ചുകാലം തോർച്ച ഇറങ്ങിയില്ല. പക്ഷേ വീണ്ടും 2019 ജനുവരി മുതൽ തോർച്ച ഇറങ്ങുന്നു. ജീവിതത്തിൽ നമ്മളെ അടയാളപ്പെടുത്തുന്ന ചിലതു കാലം തയാറാക്കി വയ്ക്കും. എന്റെ കാര്യത്തിൽ ഞാൻ എഴുതിയ ഏറ്റവും നല്ല കവിതയായി തോർച്ച എന്നു പേരുള്ള ഈ ചെറിയ മാസിക ജലമിറ്റിച്ച് ഇന്നും കൂടെ നിൽക്കുന്നു. ഒപ്പം ഹൃദയത്തിൽ പറ്റിപ്പിടിച്ച് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരും കളങ്കമില്ലാത്ത സ്നേഹവുമായി ഒപ്പം നിൽക്കുന്ന ഒരു വലിയ കൂട്ടം വായനക്കാരും. തോർച്ചയുടെ രണ്ടാംവരവിൽ മലയാളത്തിലെ മുതിർന്ന എഴുത്തുകാരോടൊപ്പം പുതുതലമുറ എഴുത്തുകാരുടെ വലിയ സാന്നിധ്യവുമുണ്ട്. സോഷ്യൽമീഡിയയുടെ വലിയ പിന്തുണയും രണ്ടാം വരവിൽ തോർച്ചയ്ക്കു ലഭിക്കുന്നു– ബിജോയ് ചന്ദ്രൻ പറഞ്ഞുനിർത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA