ADVERTISEMENT

ഫ്രാൻസെസ് എന്ന പേരിൽ നിന്നു തുടങ്ങി, ഫ്രാൻസെസിനൊപ്പം വളർന്ന് മറ്റൊരു ഫ്രാൻസെസിനെ പ്രണയിച്ച ഒരാൾ. ഒരു ജന്മത്തിലെ ഓർമകൾ തുടങ്ങുന്നതും ഒടുങ്ങുന്നതും ഇങ്ങനെ ഒരൊറ്റ പേരിലാണെങ്കിൽ അതെന്തൊരു കാല്പനികതയാണ്. അങ്ങനെയെങ്കിൽ അതിന് ഒരൊറ്റ അവകാശിയേ ഉള്ളൂ, ജോൺ കീറ്റ്സ്.

ഫ്രാൻസെസ് എന്നായിരുന്നു കീറ്റ്സിന്റെ ജീവിതത്തിലെ മൂന്നു സ്ത്രീകളുടേയും പേര്. അമ്മ, സഹോദരി, പ്രണയിനി. അമ്മയൊഴികെ രണ്ടു പേരും ഫാനിയെന്ന് വിളിപ്പേരുള്ളവരും.

അച്ഛന്റെ മരണശേഷം കീറ്റ്സിനേയും സഹോദരങ്ങളേയും ഉപേക്ഷിച്ചുപോയ അമ്മ പിന്നീട് മടങ്ങിവന്നത് മരണാസന്നയായ കാലത്താണ്. കീറ്റ്സിന്റെ ജീവിതത്തിലെ കണ്ണീരോർമയായ ആദ്യ ഫ്രാൻസെസ് ആ അമ്മയായിരുന്നു. 

അയൽപക്കക്കാരിയായ ഫ്രാൻസെസ് ബ്രൗൺ ആണ് കീറ്റ്സിന്റെ ഹൃദയം കവർന്ന കാമുകി. ഫാനിയായിരുന്നു കീറ്റ്സിന്റെ 'തെളിഞ്ഞ നക്ഷത്രം'. ഈ പേരിൽ (Bright Star) അദ്ദേഹം എഴുതിയ കവിത ഫാനിയെക്കുറിച്ചായിരുന്നു.

സൗന്ദര്യമുള്ള ഒരു വസ്തു എക്കാലവും സന്തോഷപ്രദായകമാണ് (A thing of beauty is a joy for ever) എന്നർഥം വരുന്ന വരിയുമായി തുടങ്ങുന്ന എൻഡീമിയോൺ എന്ന കവിത 1818 ൽ പ്രസിദ്ധീകരിക്കപ്പെടുകയും വിമർശന വിധേയമാവുകയും ചെയ്തു. അതിൽ മനമുരുകി കഴിയുന്ന കാലത്താണ് ഫാനി ബ്രൗൺ കീറ്റ്സിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഏറെ താമസിയാതെ അവരുടെ വിവാഹനിശ്ചയവും നടന്നു. 

പിന്നീടുള്ള രണ്ട് രചനകൾ പ്രണയം കവിതയെഴുത്തിനു പകർന്ന ഊർജത്തിന് സാക്ഷ്യം പറയുന്നു. 'ഓഡ് ഓൺ എ ഗ്രേഷ്യൻ ഏൺ', 'ഓഡ് ടു എ നൈറ്റിംഗേൽ' എന്നിവയാണ് ഏറെ പ്രശസ്തി നേടിയ ആ കൃതികൾ.

പ്രണയകാലത്തെ കവിതകൾ മാത്രമല്ല, കീറ്റ്സ് അക്കാലത്ത് ഫാനിക്കെഴുതിയ പ്രണയ ലേഖനങ്ങളും കവിതകളോളം സുന്ദരമായിരുന്നു. 'എന്റെ മതത്തിനായി മരിക്കാനും ഞാൻ തയാർ– പ്രണയമാണെന്റെ മതം - അതിനായി മരിക്കാനുമാകും - നിനക്കായി മരിക്കാനുമെനിക്ക് കഴിയും' എന്നെഴുതി കീറ്റ്സ്. 'നീയെനിക്കേകിയ ആയിരം ചുംബനങ്ങൾക്ക് നിന്നോട് നന്ദിയുണ്ട്.  തരാത്ത ആയിരത്തൊന്നാമത്തെ ചുംബനം, എന്റെ ജീവിതം എത്ര ദു:ഖപൂർണ്ണവുമാകാം എന്ന് എന്നെ ഓർമിപ്പിക്കുന്നു'. തപാൽപ്പെട്ടിയിൽ ഇട്ടതുകൊണ്ടു മാത്രം കത്തെന്നു വിളിക്കപ്പെടുന്ന കീറ്റ്സിന്റെ കവിതയാണിത്.

പ്രണയത്തിന്റെയും കവിഭാവനയുടെയും പാരമ്യത്തിൽ എത്തിയ കീറ്റ്സിന്റെ ജാതകത്തിൽ അത്ര തെളിച്ചമില്ലാത്ത നക്ഷത്രങ്ങൾ പിടിമുറുക്കി തുടങ്ങിയിരുന്നു. അമ്മയുടെയും സഹോദരന്റെയും ജീവൻ കവർന്ന ക്ഷയരോഗം കീറ്റ്സിന്റെ ശ്വാസകോശത്തിലും വേരാഴ്ത്തി.

എനിക്ക് മരണത്തെക്കുറിച്ചല്ല അവളെ പിരിയുന്നതിനെക്കുറിച്ചാണ് ആകുലത എന്ന് അവശനായ കീറ്റ്സ് സുഹൃത്തിനോട് പറഞ്ഞിരുന്നു. 

ഇരുപത്തിയഞ്ചാം വയസ്സിൽ ഫാനിയോട് എന്നേയ്ക്കുമായി യാത്ര പറഞ്ഞ് കീറ്റ്സ് ഇറ്റലിയിലേക്ക് പോയി. ഇംഗ്ലണ്ടിലേക്കാൾ ഇറ്റലിയിലെ കാലാവസ്ഥ ആരോഗ്യകരമാകും എന്ന ആഗ്രഹത്തോടെയായിരുന്നു യാത്ര. എന്നാൽ വിരഹവും രോഗവും അധിക നാൾ താങ്ങാൻ ആ ഹൃദയത്തിനായില്ല. കേട്ട സംഗീതത്തേക്കാൾ മധുരതരമായ, ഇനിയും കേൾക്കാത്ത സംഗീതം തേടി മറ്റൊരു ലോകത്തേക്ക് ആ ആത്മാവ് പോയി. 

കീറ്റ്സിന്റെ മരണശേഷം അദ്ദേഹത്തിന്റെ കത്തുകൾ ഫ്രാൻസെസ് രഹസ്യമായി സൂക്ഷിച്ചു. കീറ്റ്സിന്റെ സഹോദരിയായ ഫ്രാൻസെസ് കീറ്റ്സുമായി അവർ അടുത്ത സൗഹൃദം തുടരുകയും ചെയ്തു. പിന്നീട് വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായി. ഭർത്താവിന്റെ മരണശേഷം മക്കളോട് കീറ്റ്സുമായി ഉണ്ടായിരുന്ന തന്റെ പ്രണയത്തെക്കുറിച്ചും സൂക്ഷിച്ചു വച്ചിരുന്ന എഴുത്തുകളെക്കുറിച്ചും അവർ പറയുകയുണ്ടായി.

അപ്പോഴേക്കും കീറ്റ്സെന്നാൽ ഇംഗ്ലിഷിലെ ഏറ്റവും വലിയ കാല്പനിക കവിയായി വാഴ്ത്തപ്പെട്ടിരുന്നു. 1878 ൽ അദ്ദേഹത്തിന്റെ കത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് അവരുടെ പ്രണയം പുറം ലോകം അറിഞ്ഞത്. 

2009 ൽ ബ്രൈറ്റ് സ്റ്റാർ എന്ന പേരിൽ ഈ പ്രണയ കഥ വെള്ളിത്തിരയിലേക്ക് എത്തി. സിനിമയുടെ അവസാനഭാഗത്ത്, കീറ്റ്സിന്റെ മരണത്തിൽ മനം നൊന്ത് മുടി മുറിച്ച് ദുഃഖമാചരിക്കുന്ന ഫാനിയെക്കാണാം. കീറ്റ്സിന്റെ മരണശേഷം യഥാർഥ ജീവിതത്തിൽ ഫാനി ചെയ്തതും അതാണ്. 

ഒരു ഫ്രാൻസെസയുടെ ഉദരത്തിൽ പിറന്ന്, ഒരു ഫ്രാൻസെസയുടെ കൂടെപ്പിറപ്പായി മറ്റൊരു ഫ്രാൻസെസയെ പ്രാണനാക്കിയ കവി, എഴുതിയതിലധികം കാല്പനികത ജീവിതത്തിൽ യാദൃശ്ചികത കൊണ്ട് അനുഭവിച്ചയാളാണ്. ചുരുങ്ങിയ ആയുഷ്കാലത്തിനുള്ളിൽ ലോകത്തിനു തന്നിട്ടു പോയ കവിതകൾ ഇംഗ്ലിഷ് ഭാഷയുള്ളിടത്തോളം ആയുസുള്ളവയാണ്. എഴുതപ്പെടാത്ത, കൂടുതൽ മധുരതരമായ കീറ്റ്സ് കവിതകൾ ഏതൊക്കെയോ പ്രണയങ്ങളിൽ ഇന്നും ബാക്കിയാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com