sections
MORE

മനുഷ്യര്‍ക്ക് വംശനാശം; മുന്നറിയിപ്പുമായി വിവാദ പുസ്തകം

HIGHLIGHTS
  • സൈബോര്‍ഗുകള്‍ ആയിരിക്കും ഭൂമിയിലെ അവസാന കുടിപ്പാര്‍പ്പുകാര്‍
  • ഭാവിയെ അറിയാവുന്നവര്‍ ആയിരിക്കും സൈബോര്‍ഗുകള്‍
artificial intelligence
പ്രതീകാത്മക ചിത്രം
SHARE

കഥകളില്‍ താത്പര്യമുള്ളവരാണ് മനുഷ്യര്‍. നമ്മള്‍ മുഴുവന്‍ കഥകളാണ്. ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നൂറു വയസ്സുള്ള ഒരു മനുഷ്യന്‍ ഭാവിയെക്കുറിച്ചു നടത്തുന്ന കഥനമായി കണ്ടാല്‍, ശാസ്ത്രഭാവന ഭാവിയെ എങ്ങനെ കാണുന്നു എന്നതിന്റെ രസകരമായ ഒരു കാഴ്ചയും ലഭിക്കും. 

ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഭൂമിയെ അടക്കി വാണ മനുഷ്യരുടെ പത്തി താഴാന്‍ പോകുന്നുവെന്നും അത് ഇന്നു ജീവിച്ചിരിക്കുന്ന പലരുടെയും കാലത്തു തന്നെ സംഭവിക്കുമെന്നും മനുഷ്യരാശി തന്നെ ഇല്ലാതായേക്കാമെന്നും വാദിക്കുന്ന പുസ്തകമാണ് ജയിംസ് ലവ്‌ലോക് എഴുതിയ നോവാകെയ്ന്‍: ദി കമിങ് എയ്ജ് ഓഫ് ഹൈപ്പര്‍ ഇന്റലിജന്‍സ്. ഭൂമിയിലെ ഏറ്റവും ബുദ്ധിശാലിയായ ജീവിയായിരുന്നു മനുഷ്യന്‍. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ അതപ്പാടെ മാറാന്‍ പോകുന്നുവെന്നാണ് ജയിംസ് തന്റെ പുസ്തകത്തില്‍ വാദിക്കുന്നത്. 

പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാകുന്ന പ്രധാനപ്പെട്ടയാള്‍ എന്ന മനുഷ്യന്റെ ഭാവം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഭാവിയെ അറിയാവുന്നവര്‍ മനുഷ്യരായിരിക്കില്ല, മറിച്ച് സൈബോര്‍ഗുകള്‍ (cyborgs) ആയിരിക്കും. ഇന്നത്തെ റോബോട്ടുകളുടെ ഭാവി തലമുറയെ ആണ് അദ്ദേഹം സൈബോര്‍ഗുകള്‍ എന്നു വിളിക്കുന്നത്. അവ പൂര്‍ണ്ണരും സ്വയംബോധമുള്ളവരുമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇത്തരം പല പ്രവചനങ്ങളും ലോകം കണ്ടു കഴിഞ്ഞു. പലരുടെയും വാദം യന്ത്രങ്ങളും, യന്ത്ര മനുഷ്യരും മനുഷ്യരെ സമീപ ഭാവിയില്‍ തന്നെ അപ്രസക്തരാക്കുമെന്നാണ്. എന്നാല്‍, ജയിംസ് പറയുന്നത്, നമ്മള്‍ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍ അത്ര വേഗം നമുക്കെതിരെ തിരിഞ്ഞേക്കില്ല എന്നാണ്. ടെക്‌നോളജിയുടെ പരിണാമവും കാലമെടുത്തേ സംഭവിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. പാരിസ്ഥിതികവും ജനിതകവുമായ സിസ്റ്റങ്ങളെക്കുറിച്ച് പതിറ്റാണ്ടുകള്‍ ഗവേഷണം നടത്തിയ ആളാണ് ജയിംസ്. അദ്ദേഹത്തിന്റെ പുസ്തകം ഒരേ സമയം പ്രതീക്ഷാനിര്‍ഭരവും പേടിപ്പെടുത്തുന്നതുമാണ്.

ഒടുക്കത്തിന്റെ തുടക്കം

മനുഷ്യാധിപത്യം അവസാനിക്കാന്‍ പോകുന്നതിന്റെ ആദ്യസൂചനകളായി ജയിംസ് അവതരിപ്പിക്കുന്നത് ആല്‍ഫാസീറോ എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ കാര്യമാണ്. ഗോ (Go) എന്ന കളി കളിക്കാന്‍ ആല്‍ഫാസീറോ സ്വയം പഠിക്കുകയായിരുന്നു. തുടര്‍ന്ന് അത് ലോകത്തെ ഏറ്റവും നല്ല ഗോ പ്ലെയര്‍ ആയി. ഇന്നത്തെ കംപ്യൂട്ടറുകള്‍ക്ക് ഇപ്പോള്‍ത്തന്നെ നമ്മെക്കാള്‍ വേഗത്തില്‍ ഡേറ്റ പ്രോസസ് ചെയ്യാനാകും. പൂര്‍ണമായും സ്വതന്ത്രമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുന്നതോടെ നാളത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മളേക്കാള്‍ ലക്ഷക്കണക്കിനു മടങ്ങ് സാമര്‍ത്ഥ്യമുളളവരാകുമെന്നും അദ്ദേഹം വാദിക്കുന്നു.

Novacene

ഭൂമിയെ മുഴുവന്‍ സൈബോര്‍ഗുകള്‍ അടക്കിവാഴാന്‍ പോകുന്നുവെന്നാണ് ജയിംസിന്റെ പ്രവചനം. സൈബോര്‍ഗുകള്‍ ജീവനു മേല്‍ പുതിയൊരു അധികാരമണ്ഡലം സ്ഥാപിക്കാന്‍ പോകുന്നു. മനുഷ്യര്‍ ഇപ്പോള്‍ സസ്യങ്ങളോട് എങ്ങനെ പെരുമാറുന്നോ അതു പോലെയായിരിക്കും സൈബോര്‍ഗുകള്‍ നമ്മളോടു പെരുമാറുക എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

എങ്ങനെയായിരിക്കും സൈബോര്‍ഗുകളുടെ രൂപം എന്നതിനെക്കുറിച്ചും ജെയിംസിന് അഭിപ്രായമുണ്ട്. ഇന്നു മനുഷ്യര്‍ സൃഷ്ടിക്കുന്ന റോബട്ടുകള്‍ക്ക് മനുഷ്യരുടെ ഛായയും രീതികളും മറ്റും ഉണ്ട്. എന്നാല്‍, സൈബോര്‍ഗുകള്‍ക്ക് സ്വന്തമായി ചിന്തിക്കാനും മറ്റും ആകുന്ന കാലത്ത് അവരെന്തു രൂപമെടുക്കും എന്ന കാര്യത്തെ പറ്റി 'നിസ്സാരരായ' നമുക്കു ചിന്തിക്കാനാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. സൈബോര്‍ഗുകള്‍ എല്ലാം പുതിയതായി തുടങ്ങിയേക്കാം. ചിലപ്പോള്‍ അവയ്ക്ക് വര്‍ത്തുളാകൃതിയായിരിക്കാം. എന്നാല്‍, അവയ്ക്ക് ആകൃതിയേ ഇല്ലാതിരിക്കാനുള്ള മുഴുവന്‍ സാധ്യതയും താന്‍ കാണുന്നു എന്നും അദ്ദേഹം പറയുന്നു. കംപ്യൂട്ടറുകള്‍ക്കുള്ളില്‍ 'വെര്‍ച്വല്‍' ആയി ആയിരിക്കാം അവ നലകൊള്ളുക. 

രൂപമെന്താണെങ്കിലും അവരുടെ ചിന്താമണ്ഡലം അത്രമേല്‍ പുരോഗമിച്ചതാകയാല്‍ അവര്‍ മനുഷ്യരെ ഭൂമിയുടെ പിന്നാമ്പുറത്തേക്കു തള്ളിക്കളഞ്ഞേക്കാം. ഒരുപക്ഷേ അവ നമ്മളെ ഇഷ്ടപ്പെട്ടേക്കാം; നമ്മള്‍ ചെടികളെ ഇഷ്ടപ്പെടുന്നതുപോലെ. ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നമ്മള്‍ ചെടികളെ പരിചരിക്കുന്നതു പോലെ സൈബോര്‍ഗുകള്‍ നമ്മളെ സൂക്ഷിച്ചേക്കാമെന്നാണ്, ജയിംസിന്റെ ഭാവന കാടു കയറുന്നത്. സൈബോര്‍ഗുകളുടെ സാമ്രാജ്യം സ്ഥാപിതമായാല്‍ അവരുടെ ആധിപത്യം തന്നെയായിരിക്കും. നോവാകെയ്ന്‍ ഭൂമിയില്‍ ജീവന്‍ കണ്ടേക്കാവുന്ന അവസാന നാളുകളായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇതാദ്യമായി അല്ല ജയിംസ് വിവാദ ആശയവുമായി ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നത്. അദ്ദേഹവും ജീവശാസ്ത്രജ്ഞനായ ലിന്‍ മാര്‍ഗുലിസുമായി ചേര്‍ന്ന് 1974ലില്‍ ഗയ്‌യ പരികല്‍പന (Gaia hyopthesis) അവതരിപ്പിക്കുന്നതോടെയാണ് അദ്ദേഹം ലോകശ്രദ്ധയില്‍ വരുന്നത്. ഗയ്‌യ അനുമാനം അനുസരിച്ച് ഭൂമിസ്വയം ക്രമീകരിക്കുന്ന ഒറ്റ സജീവവസ്തുവാണ്. ഭൂമിയില്‍  ജീവനുണ്ടായത് ഏകദേശം 400 കോടി വര്‍ഷം മുമ്പാണ്. അതിനു ശേഷം ജീവന് വസിക്കാനായി ഭൂമി പല രീതിയില്‍ സ്വയം ക്രമീകരിച്ചിട്ടുണ്ട്-അന്തരീക്ഷത്തിലും, ഭൂമിയിലും സമുദ്രങ്ങളിലും പല ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സൂര്യന്റെ ചൂടു കൂടിയെങ്കിലും, അഗ്നിപര്‍വതങ്ങള്‍ പൊട്ടിയെങ്കിലും, ഛിന്നഗ്രഹങ്ങള്‍ പതിച്ചെങ്കിലും ഭൂമി ജീവനു വേണ്ട പ്രധാന ഘടകങ്ങളായ ദ്രാവക രൂപത്തിലുളള വെളളവും കാര്‍ബണ്‍ രസതന്ത്രവും നിലനിര്‍ത്തിവന്നു. ഇവ രണ്ടുമാണ് പ്രാധമികമായി ജിവനു വേണ്ട കാര്യങ്ങള്‍. ഗയ്‌യ തിയറി അവതരിപ്പിച്ച കാലത്ത് അധികമാര്‍ക്കും ദഹിച്ചിരുന്നില്ല. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ അതിനെ ശാസ്ത്രജ്ഞര്‍ ബഹുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

ഭൂമിയിലെ ജീവനെക്കുറിച്ചുള്ള അറിവുകള്‍ തേടുമ്പോള്‍ ഗയ്‌യ പരികല്‍പ്പനയ്ക്കുളള പ്രാധാന്യം വർധിക്കുന്നു, എന്നാണ് അസ്‌ട്രോബയോളജിസ്റ്റായ ഡേവിഡ് ഗ്രിന്‍സ്പൂണ്‍ പറയുന്നത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിസിസ്റ്റ് ആയ പോള്‍ ഡേവിസ് പറയുന്നത് ഗയ്‌യ പരികല്‍പ്പന ജൈവശാസ്ത്രവും ഭൂവിജ്ഞാനീയവുമായ അറിവുകള്‍ക്ക് വളരെ ഉപകാരപ്രദമാണെന്നാണ്.

എന്നാല്‍, ജയിംസിന്റെ പുതിയ പ്രവചനങ്ങളെയും പൂര്‍ണമായി വിശ്വസിക്കാന്‍ പലരും തയാറല്ല. ഇതൊക്കെ എങ്ങനെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയുമില്ല. കാരണം ഇന്നു വരെ ആര്‍ക്കും തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ ബോധമണ്ഡലം എന്താണെന്നതിനെക്കുറിച്ചോ കൃത്യമായ വിവരമൊന്നുമില്ല എന്നാണ് ഗ്രിന്‍സപൂണ്‍ പറയുന്നത്. അതുപോലെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്തു രൂപമെടുക്കാമെന്ന കാര്യത്തിലും തീര്‍ച്ചയും തീരുമാനവും ഒന്നുമില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, ജയിംസ് പറയുന്നത് ആല്‍ഫാസീറോയുടെയും മറ്റും വിജയം കാണിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എന്തു ചെയ്യാനാകുമെന്ന കാര്യത്തില്‍ നമുക്ക് വിദൂരതിയിലേക്ക് നോക്കിയിരിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്. നോവാകെയ്‌ന്റെ സൃഷ്ടിയില്‍ നിര്‍ണ്ണായകമാകുക കംപ്യൂട്ടറുകളെ ഉപയോഗിച്ച് സ്വയം സൃഷ്ടിക്കുക എന്നതാണ് എന്ന് അദ്ദേഹം പറയുന്നു. നമ്മള്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ലാത്ത തരം ബുദ്ധിയുള്ള ജീവിതത്തിന് തുടക്കമാകുകയാണ്. 

മനുഷ്യനെ പരിചരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ജയിംസ് തന്റെ 99 ാം വയസിലാണ് പാരായണക്ഷമമായ ഈ പുസ്തകം രചിക്കുന്നത് എന്നതാണ് ഏറ്റവുമധികം താത്പര്യമുണര്‍ത്തുന്ന കാര്യങ്ങളിലൊന്ന്. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലുള്ള തന്റെ കോട്ടേജിനു ചുറ്റുമുള്ള പൂന്തോട്ടത്തില്‍ സസ്യങ്ങളെ പരിചരിക്കലാണ് അദ്ദേഹം ഇപ്പോള്‍ ഉത്സാഹത്തോടെ ചെയ്യുന്ന ഒരു കാര്യം. പുസ്തകത്തെക്കുറിച്ച് ഒരാള്‍ നടത്തിയ പ്രതികരണം, ഈ പ്രായമാകുമ്പോള്‍ തനിക്കും ഇത്തരം ഒരു പുസ്തകം എഴുതാനായെങ്കില്‍ എന്നാണ്.

ജയിംസ് ഭാവനയില്‍ കാണുന്ന മനുഷ്യന്റെ ഭാവി ജീവിതം ആദ്യകാലത്തെങ്കിലും രസകരമായിരിക്കും. ഭൂമിയെ പരിചരിക്കുക എന്ന കാര്യത്തിലെങ്കിലും മനുഷ്യരും സൈബോര്‍ഗുകളും ഒത്തു പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കാരണം താപനില 50 ഡ്രിഗി സെല്‍ഷ്യസിനു മുകളിലാകുന്നത് ഇരു കൂട്ടര്‍ക്കും സഹിക്കാനാകുന്നതിലേറെയാണ്. പൂന്തോട്ടത്തിലെ സസ്യ പരിചരണമായിരിക്കണം അദ്ദേഹത്തിന് മനുഷ്യരെ ചെടികളെപ്പോലെ പരിചരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം അദ്ദേഹത്തിനു ലഭിക്കുന്നത്. 

ഭൂമിയുടെ ഉയരുന്ന താപനില കുറയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സൈബോര്‍ഗുകള്‍ക്കു തന്നെ അതു ചെയ്യേണ്ടിവന്നേക്കും എന്ന് അദ്ദേഹം പറയുന്നു. അവര്‍ നമുക്കു ചിന്തിക്കാനാകാത്ത പലതും ചെയ്യുമായിരിക്കാം. അദ്ദേഹം ഇതിനെ വിളിക്കുന്നത് ജിയോ എൻജിനീയറിങ് എന്നാണ്. പ്രകൃതിയെ പുതുക്കിപ്പണിയാനുള്ള ബൃഹദ് പദ്ധതികളെയാണ് അദ്ദേഹം ജിയോ എൻജിനീയറിങ് എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. ‘അത്തരം പദ്ധതികള്‍ ഇലക്ട്രോണിക് ലൈഫിനു സാധ്യമാകും’– അദ്ദേഹം പറയുന്നു. ഭൂമിയുടെ പ്രതലത്തിന്റെ വലിയ ഭാഗവും കണ്ണാടികള്‍ കൊണ്ടു പൊതിയുക എന്നതായിരിക്കാം ചെയ്യാവുന്ന ഒരു കാര്യമെന്ന് അദ്ദേഹം പറയുന്നു. ഭൂമി ചൂട് ആഗിരണം ചെയ്യുന്നതു കുറയ്ക്കാന്‍ ഇതിനാകും.

എങ്ങനെയായിരിക്കും നാം നമ്മുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധികാരികളെ കാണുക? അതു തനിക്കറിയില്ല എന്നാണ് ജയിംസ് പറയുന്നത്. ഒരു പട്ടി തന്റെ യജമാനനായ ജീനിയസിനെ അറിയാന്‍ ശ്രമിക്കുന്നതു പോലെയായിരിക്കാം അത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഭൂമിയെ പുതുക്കിപ്പണിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ജയിംസിന്റെ സൈബര്‍ ഭാവന മനുഷ്യപ്രാധാന്യമില്ലാത്ത ഭാവിയെ കാണുന്നതെങ്ങനെ എന്നും കൂടി പരിശോധിക്കാം: 

സൈബോര്‍ഗുകള്‍ക്ക് അധിക കാലം വെറുതെയിരിക്കാനായേക്കില്ല. അവര്‍ക്ക് ഭൂമിയുടെ പരിസ്ഥിതി പുതുക്കിപ്പണിയേണ്ടിവരും. ഓക്‌സിജന്റെയോ വെളളത്തിന്റെയോ ആവശ്യമില്ലാത്ത ഒരു ലോകത്ത് അവര്‍ക്കു വസിക്കാനാകും. പക്ഷേ അത് നമുക്കു പറ്റില്ല. ഇന്നത്തെ ജീവിതം കാര്‍ബണ്‍-കേന്ദ്രീകൃതമാണ്. എന്നാല്‍, സൈബോര്‍ഗുകളുടേത് സിലിക്കണ്‍ കേന്ദ്രീകൃതമാണ്. കാര്‍ബണ്‍ കേന്ദ്രീകൃത ലോകത്തു വസിക്കാന്‍ ചെടികള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍, സൈബോര്‍ഗുകളുടെ ലോകത്തെ സിന്തെറ്റിക് ചെടികള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നവയായിരിക്കാം. ഇവയെ ഫോട്ടോവോള്‍ടായിക് (photovoltaic) എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഇത്തരം ചെടികളില്‍ കായ്ഫലങ്ങള്‍ക്കു പകരം വിളയുന്നത് ബാറ്ററികളായിരിക്കാം– അദ്ദേഹം പറയുന്നു. 

ആഗോള താപനം വർധിക്കുന്നതോടെ പച്ചപ്പുള്ള ചെടികള്‍ പൂര്‍ണമായോ ഭാഗികമായോ ഇല്ലാതായേക്കാം. ആകാശത്തിന് ശോഭനമായ നീല നിറത്തിനു പകരം നിരുത്സാഹമായ തവിട്ടു നിറമാകാം. കാലക്രമത്തില്‍ കാര്‍ബണ്‍ കേന്ദ്രീകൃത (organic) ഗയ്‌യ ഇല്ലാതായേക്കാം. എന്നാല്‍, നമ്മുടെ പൂര്‍വികരായ ജീവികള്‍ അന്യംനിന്നു പോയി എന്നത് നമ്മില്‍ ഒരു മാറ്റവും ഉണ്ടാക്കാത്തതു പോലെ നമ്മള്‍ ഇല്ലാതാകുന്നത് സൈബോര്‍ഗുകളില്‍ ഒരു നിരാശാ ബോധവും ഉണ്ടാക്കിയേക്കില്ല. 

ഭൂമിയുടെ അധിപന്മാരായി സൈബോര്‍ഗുകള്‍ തീരും. എന്നാല്‍ അവരായിരിക്കും ഭൂമിയിലെ അവസാന കുടിപ്പാര്‍പ്പുകാര്‍. ഒരു ബില്ല്യന്‍ വര്‍ഷത്തേക്കു കൂടി അവര്‍ ഇവിടെ പൊറുതി നടത്തിയേക്കാം. എന്നാല്‍, അതിനു ശേഷം, കൃത്രിമസംയുക്ത ജീവനും (നോവാകെയ്ന്‍) സഹിക്കാനാകാത്ത രീതിയില്‍ ചൂടുകൂടുകയും അവയും അവസാനിക്കുകയും ചെയ്യും. ആ സമയത്ത് സൈബോര്‍ഗുകള്‍ മറ്റൊരു ലോകത്തേക്ക് കുടിയേറ്റം നടത്തിയേക്കാം. (എന്നാല്‍, ഇപ്പോള്‍ത്തന്നെ, ഇലോണ്‍ മസ്‌കിന്റെയും ജെഫ് ബെയ്‌സോസിന്റെയും ഒക്കെ നേതൃത്വത്തില്‍ മനുഷ്യര്‍ തന്നെ അന്യഗ്രഹങ്ങളിലേക്ക് മാറി വസിക്കുന്ന കാര്യത്തിനായി ശ്രമിച്ചു തുടങ്ങിയിരിക്കുകയാണ് എന്ന കാര്യവും വിസ്മരിച്ചു കൂടാ.)

അവര്‍ മറ്റു ഗ്രഹങ്ങളിലുള്ള സൈബോര്‍ഗുകളുമായി സന്ധിച്ചേക്കാമെന്നും ജയിംസ് ഭാവികഥനം നടത്തുന്നു. എന്നാല്‍, അത്തരം ഒരു ഭാവി ഇപ്പോള്‍ തന്നെ ലോകത്ത് നടപ്പായിട്ടുണ്ടാകാമെന്നാണ് സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെത് ഷോടാക് പറയുന്നത്. ഇന്നത്തെ ഏറ്റവും പുരോഗമിച്ച ബുദ്ധി എന്നു പറയുന്നത് മനുഷ്യന്റേതല്ല. മറിച്ച് സിന്തറ്റിക് ആണ് എന്നാണ് അദ്ദേഹം പറയുന്നത്. 

തനിക്കിപ്പോള്‍ നൂറു വയസ്സു കഴിഞ്ഞന്നും തനിക്ക് ശുഭാപ്തി വിശ്വാസം കൈവിടാനാവില്ലെന്നും ജയിംസ് പറയുന്നു. മനുഷ്യര്‍ ഭൂമിയിൽ തിമിര്‍ത്തു ജീവിക്കുകയായിരുന്നു. നമ്മളിപ്പോള്‍ ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളിലൊന്നാണ്: പുതിയ, ബുദ്ധിയുള്ള ജീവികള്‍ക്ക് അറിയാനുള്ള കഴിവ് (gift of knowing) പകര്‍ന്നു കൊടുക്കുകയാണ് –ജയിംസ് പറയുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA