ADVERTISEMENT

ഹാരി പോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ക്കുവേണ്ടി ലോകമെങ്ങുമുള്ള കുട്ടികള്‍ കാത്തിരിക്കാറുണ്ടെങ്കിലും അമേരിക്കയിലെ ഒരു സ്കൂളിലെ ലൈബ്രറിയില്‍ നിന്ന് അതേ പുസ്തകങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്തുകൊണ്ടിരിക്കുന്നു. സ്കൂളിന്റെ ചുമതലയുള്ള പുരോഹിതന്റെ നിര്‍ദേശപ്രകാരമാണ് പുസ്തകങ്ങള്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹമാണ് സ്കൂള്‍ കാര്യങ്ങളില്‍ അവസാനവാക്കെന്നും പറഞ്ഞൊഴിയുകയാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍. പ്രിയപ്പെട്ട ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ ഇനി തങ്ങള്‍ക്കന്യമാകുമോ എന്നു കുട്ടികള്‍ പേടിക്കുമ്പോള്‍ അതേ പുസ്തകം വായിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചാണ് ചിലര്‍ ചിന്തിക്കുന്നത്. അവരാണ് ആ പുസ്തകങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നതും. 

ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ ദുര്‍മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അവ നീക്കം ചെയ്യാന്‍ ഉത്തരവ് വന്നിരിക്കുന്നതും. അമേരിക്കയിലെ ടെന്നസിയിലെ ഒരു സ്കൂളിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ നീക്കം ചെയ്തതോടെയാണ് വാര്‍ത്ത പുറത്തുവന്നതും. 

യഥാര്‍ഥ മന്ത്രങ്ങള്‍ തന്നെയാണത്രേ ഹാരിപോട്ടര്‍ പുസ്തകങ്ങളില്‍ ജെ.കെ.റൗളിങ് ഉപയോഗിച്ചിരിക്കുന്നത്. ഈ മന്ത്രങ്ങള്‍ കുട്ടികള്‍ ചൊല്ലിയാല്‍ ചിലപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതോ ആയ രൂപങ്ങള്‍ അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇത് ഒഴിവാക്കാനാണ് കുട്ടികള്‍ ഇനി ആ പുസ്തകങ്ങള്‍ വായിക്കേണ്ട എന്ന നിലപാട് രൂപംകൊണ്ടിരിക്കുന്നത്. യഥാര്‍ഥ ദൈവവിശ്വാസത്തില്‍നിന്നു മാറി കുട്ടികള്‍ മന്ത്രങ്ങളിലും തന്ത്രങ്ങളിലും ദുര്‍മന്ത്രവാദങ്ങളിലുമൊക്കെ വിശ്വസിച്ചുതുടങ്ങിയാല്‍ ഭാവി തലമുറയുടെ കാര്യം തന്നെ കുഴപ്പത്തിലാകുമെന്നും ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ക്കെതിരെ വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

1997-ല്‍ ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകം ‘ ഹാരിപോട്ടര്‍ ആന്‍ഡ് ദ് ഫിലോസഫേഴ്സ് സ്റ്റോണ്‍’  പുറത്തുവന്ന കാലം മുതലേ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. 1999-ല്‍ വിവാദം കത്തിപ്പടരുകയും പുസ്തകത്തിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പക്ഷേ, പരമ്പരയിലെ ഓരോ പുസ്തകവും ലോകമെങ്ങുമുള്ള കുട്ടികളുടെ ഹൃദയം കീഴടക്കിയതോടെ എതിര്‍പ്പുകള്‍ പിന്‍വാങ്ങുകയായിരുന്നു.

ടെന്നസിയിലെ സ്കൂളില്‍ കഴിഞ്ഞ ടേം വരെയും ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ ഉണ്ടായിരുന്നത്രേ. പക്ഷേ, പുതിയ ലൈബ്രറി നിര്‍മിച്ചപ്പോഴാണ് അവിടേക്ക് റൗളിങ് പുസ്തകങ്ങള്‍ വേണ്ടെന്ന കര്‍ശന തീരുമാനം വന്നത്. ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും നേരത്തേതന്നെയുണ്ട്. 

 പക്ഷേ, ഇപ്പോള്‍ ടെന്നസിയിലെ സ്കൂള്‍ നടത്തിപ്പുകാര്‍ കര്‍ശന നിര്‍ദേശവുമായി രംഗത്തുവന്നതോടെ സ്കൂളില്‍നിന്ന് ഹാരിപോട്ടര്‍ ഔട്ട്. ഇതേ മാതൃക മറ്റു സ്കൂളുകളും അനുകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെ ചെയ്താലും ഹാരിപോട്ടര്‍ വായന അവസാനിക്കുമെന്ന് ഉറപ്പിക്കാനാകില്ല എന്ന സത്യം അവശേഷിക്കുകയും ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com