ADVERTISEMENT

ആദ്യം എഴുതിയത് ആത്മകഥയാന്നെന്ന് വേണമെങ്കിൽ പറയാം. പക്ഷേ നോവൽ എന്ന രീതിയിലാണ് ജെയിംസ് ജോയ്സ് അത് പ്രസിദ്ധീകരണത്തിനു കൊടുത്തത്. പ്രസാധകർ സ്വീകരിക്കാതിരുന്നതോടെ സ്റ്റീഫൻ ഹീറോ എന്ന് പേരിട്ട ആ നോവലിന്റെ കയ്യെഴുത്തുപ്രതി തീയിട്ടു നശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. 

തീ നാളങ്ങളിൽനിന്ന് ഭാര്യ നോറ രക്ഷിച്ചെടുത്ത പേജുകൾ ജെയിംസ് ജോയിസിന്റെ മരണശേഷം 1944 ൽ സ്റ്റീഫൻ ഹീറോ എന്ന പേരിൽത്തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അതിനെ വായനക്കാരിലേക്ക് എത്തിക്കണം എന്നു കാലം നേരത്തേ കരുതിയുറപ്പിച്ച് വച്ചിരുന്നതു പോലെയൊരു വെളിച്ചം കാണലായിരുന്നു അത്. ഏതു പ്രഗത്‌ഭ കലാകാരന്റേയും എല്ലാ സൃഷ്ടികളും ഒരേപോലെ വിജയമാകണമെന്നില്ല. ജെയിംസ് ജോയ്സിന്റെ ആദ്യ നോവലായി പ്രസിദ്ധീകരിക്കപ്പെട്ടത് 'എ പോട്രയ്റ്റ് ഓഫ് ആൻ ആർട്ടിസ്റ്റ് ആസ് എ യങ് മാൻ' ആണ്. അതിനു മുൻപ് തന്നെ  ആത്മകഥാംശമുള്ള മറ്റൊരു വലിയ നോവൽ എഴുതാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ആ ശ്രമം അദ്ദേഹം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതും ഇരുപത്തിയഞ്ചോളം അധ്യായങ്ങൾ എഴുതിയ ശേഷം . 'എ പോട്രയ്റ്റ് ഓഫ് ആൻ ആർട്ടിസ്റ്റ് ആസ് എ യങ് മാൻ' അങ്ങനെയാണ് പിറവിയെടുത്തത്.

ആത്മകഥാപരമായ നോവൽ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചതെങ്കിലും ആത്മകഥയായി തന്നെ കരുതാവുന്ന ഇരുപത്തിയഞ്ച് അധ്യായങ്ങളായിരുന്നു 'സ്റ്റീഫൻ ഹീറോ' എന്ന കൃതിയിൽ ഉണ്ടായിരുന്നത്. വായന വെളിവാക്കുന്ന ചിത്രങ്ങളിൽനിന്ന് എ പോട്രയ്റ്റ് ഓഫ് ആൻ ആർട്ടിസ്റ്റ് ആസ് എ യങ് മാൻ എഴുതിയത് എങ്ങനെയെന്നതും വായിച്ചെടുക്കാനാകും. ആത്മകഥാപരം ആയതു കൊണ്ടു തന്നെ ജോയ്സിന്റെ എഴുത്തു വഴികളിലൂടെയും സ്‌റ്റീഫൻ ഹീറോ പോകുന്നുണ്ട്. 

സ്‌റ്റീഫൻ ഹീറോ എന്ന പേരിലെപ്പോലെ തന്നെ സ്റ്റീഫനാണ് ഈ രണ്ടു പുസ്തകങ്ങളിലേയും ഹീറോ. സ്റ്റീഫൻ ഡെഡാലസ്. ഇദ്ദേഹത്തെ ജയിംസ് ജോയ്സിന്റെ പ്രശസ്തകൃതിയായ യുളിസസിലും കാണാനാകും.

തനിക്കും മകനായ ഇകാറസിനും ചിറകുകൾ പണിത ഗ്രീക്ക് പുരാണ കഥാപാത്രമാണ് ഡെഡാലസ്. മത, രാജ്യ, രാഷ്ട്രീയ അതിർവരമ്പുകൾക്ക് മീതേ പറക്കുവാൻ സ്‌റ്റീഫനുള്ള ആഗ്രഹമാണ് കഥാപാത്രത്തിന്റെ പേരിനൊപ്പം ഡെഡാലസ് എന്നു കൂടി ജോയ്സ് ചേർക്കുവാൻ കാരണം. ആത്മകഥാശം ഉണ്ട് എന്നതുകൊണ്ട് അത്തരം ഉയർന്നു പറക്കൽ നോവലിസ്റ്റിന്റേയും ആഗ്രഹം ആയി തിരിച്ചറിയാം. എല്ലാ അതിർവരമ്പുകൾക്കും വളരെ മീതേ ഉയർന്നു പറക്കുകതന്നെ ചെയ്തു ജോയ്സ്.

എഴുത്തുകാരൻ എന്ന നിലയിലുള്ള ഉയർച്ചയിൽ ചിറകരിയപ്പെടാൻ ഇടയുള്ളത് ഒന്നും തടസമാകേണ്ട എന്ന ചിന്തയാകാം ബൃഹത്തായ ഒരു കൃതിയെ അഗ്നിക്ക് ഇരയാക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. 'ബുദ്ധിമാൻ തെറ്റുകൾ വരുത്തുന്നില്ല. വരുന്നവയാകട്ടെ മന:പൂർവ്വമുള്ളവയും തിരിച്ചറിവിലേക്കുള്ള പടിവാതിലുമാണ്' എന്ന് യുളിസസസിൽ പറയുന്നതുപോലെ അനിവാര്യമായ ഒരു തിരസ്കാരം ആയിരിക്കാം ജോയ്സ് സ്‌റ്റീഫൻ ഹീറോയോട് ചെയ്തത്. ഇതല്ല പ്രസിദ്ധീകരിക്കപ്പെടേണ്ടത് എന്ന തിരിച്ചറിവ് തന്നെയാകും ജോയ്സിനേക്കൊണ്ട് അത് ചെയ്യിച്ചത്.

എഴുതിയതെന്തും അച്ചടിമഷി പുരണ്ടു കാണാൻ ആഗ്രഹിക്കുന്നവർ ഇത്തരം തിരസ്കാരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. 

ഏതു രാജശില്പിയായാലും തന്റെ അപൂർണമായ, പൂർണ്ണ സംതൃപ്തിയേകാത്ത ശില്പം പ്രദർശിപ്പിക്കാൻ തയാറാകില്ല. അത്തരമൊരു ഒഴിവാക്കലിനെയാകാം കാലം പിന്നീട് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചത്. കാരണം, രാജശില്പി സ്വയം തഴഞ്ഞ ശില്പം കാഴ്ചക്കാരന് വളരെ സുന്ദരമെന്ന് തോന്നിയേക്കാം. സ്റ്റീഫൻ ഹീറോയുടെ സ്വീകാര്യത ഈ വാദത്തിനൊപ്പമാണ് നിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com