ലോകം ഇനിയും വായിക്കാനുണ്ട് നൊബേൽ ജേതാവ് ഓൾഗയുടെ പുസ്തകങ്ങൾ

HIGHLIGHTS
  • 2018 ലെ സാഹിത്യ നൊബേൽ ഓൾഗ തൊകാർചുകിന്
  • 'ഫ്ലൈറ്റ്സ്' എന്ന നോവലിന് ബുക്കർ സമ്മാനം ലഭിച്ചിട്ടുണ്ട്
Olga Tokarczuk
ഓൾഗ തൊകാർചുക് (ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്)
SHARE

ലോകമെങ്ങുമുള്ള ഇംഗ്ലിഷ് വായനക്കാർ കാത്തിരിക്കുന്ന ഒരു പുസ്തകമുണ്ട്– ബുക്സ് ഓഫ് ജേക്കബ്. പോളിഷിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് 2021–ൽ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം. അമേരിക്കൻ വിവർത്തകയാണ് മൊഴിമാറ്റം നടത്തുന്നത്. പക്ഷേ അവർക്കുപോലും രണ്ടുവർഷത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. നോവലിന്റെ വലുപ്പം തന്നെ പ്രധാന തടസ്സം. 1000 പേജുണ്ട് ബുക്സ് ഓഫ് ജേക്കബ്. തന്റെ പ്രിയപ്പെട്ട പുസ്തകമായിട്ടും അത് ലോകമെങ്ങുമുള്ള വായനക്കാർക്ക് വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം എഴുത്തുകാരിക്കുമുണ്ട്. ആ സങ്കടം നിലനിൽക്കെത്തന്നെ ഇംഗ്ലിഷിൽ രണ്ടു നോവലുകൾ മാത്രം പ്രസിദ്ധീകരിച്ച എഴുത്തുകാരിയെതേടി ലോകത്തെ ഏറ്റവും വലിയ സാഹിത്യസമ്മാനം എത്തിയിരിക്കുന്നു. നൊബേൽ തന്നെ. 

2018 –ലെ സാഹിത്യ സമ്മാനനേട്ടത്തിലൂടെ ലോകത്തിന്റെ സ്വന്തമായിരിക്കുന്നു ‘വഞ്ചകി’യെന്നു പോളണ്ടിലെ ദേശീയവാദികൾ വിശേഷിപ്പിച്ച ഓൾഗ തൊകാർചുക്. ഒരു വർഷം മുമ്പാണ് ഓൾഗ ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. 'ഫ്ലൈറ്റ്സ്' എന്ന നോവലിലൂടെ... ബുക്കർ സമ്മാനം നേടിക്കൊണ്ട്. തൊട്ടടുത്ത വർഷവും ബുക്കറിന്റെ ചുരുക്കപ്പട്ടികയിൽ ഓൾഗ എത്തി. 'പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്' എന്ന നോവലിലൂടെ. തുടർച്ചയായ വർഷങ്ങളിൽ ബുക്കർ സ്വന്തമാക്കാനായില്ലെങ്കിലും നൊബേലിലൂടെ ഓൾഗ കണക്കുതീർത്തിരിക്കുന്നു. ഇനി ലോകത്തിന്റെ കാത്തിരിപ്പ് അവരുടെ മറ്റു നോവലുകളും ഇംഗ്ലിഷിൽ എത്താൻവേണ്ടി. ബുക്സ് ഓഫ് ജേക്കബ് ഉൾപ്പെടെ.

വിചിത്രവും അതിശയകരവുമായിരുന്നു എന്റെ ജീവിതയാത്ര. പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്റെ പുസ്തകങ്ങൾ ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കുന്നതു കാണാൻ. കാരണം ലോകത്തിന്റെ ഭാഷ ഇംഗ്ലിഷാണ്. ആ ഭാഷയിൽ വായിക്കപ്പെട്ടാൽ മാത്രമേ ലോകത്തിന്റെ അംഗീകാരവും ലഭിക്കൂ– 57 വയസ്സുകാരിയായ ഓൾഗ ഇതു പറയുന്നത് ഈ വർഷമാദ്യം. 

2009 ൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച നോവലാണ് 'ഡ്രൈവ് യവർ പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്'. 10 വർഷം കഴിഞ്ഞാണ് ഇംഗ്ലിഷിൽ എത്തുന്നത്. പ്രശസ്ത ഇംഗ്ലിഷ് കവി വില്യം ബ്ളേക്കിന്റെ കവിതയിൽ നിന്ന് കടം കൊണ്ടതാണ് നോവലിന്റെ പേര്. നോവലിലെ പ്രധാന കഥാപാത്രമായ ജാനിന എന്ന മാനസിക അസ്വാസ്ഥ്യമുള്ള യുവതിക്ക് പ്രിയപ്പെട്ട കവിയാണ് ബ്ളേക്ക്. മനുഷ്യരേക്കാൾ മൃഗങ്ങളുടെ സൗഹൃദം ഇഷ്ടപ്പെടുന്ന ജാനിന തന്റെ രണ്ടുനായകളുടെ തിരോധാനത്തെക്കുറിച്ച് പറയുന്നിടത്താണ് നോവൽ തുടങ്ങുന്നത്. പശ്ചാത്തലം പോളണ്ടിലെ വിദൂരമായ ഒരു ഗ്രാമം. നായ്ക്കളുടെ തിരോധാനത്തിനുശേഷം കൊലപാതകങ്ങൾ കൂടി നടക്കുന്നതോടെ നോവൽ ക്രൈം ത്രില്ലറിന്റെ സ്വഭാവത്തിലേക്കു മാറുന്നു. നോവൽ ഇതേപേരിൽ ചലച്ചിത്രവുമായിട്ടുണ്ട്; വിവാദം സൃഷ്ടിക്കുകയും ചെയ്തു. 2009–ൽ ബെർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ക്രിസ്തുമതത്തിന് എതിരാണെന്നും പാരിസ്ഥിതിക തീവ്രവാദം വളർത്തുന്നതാണെന്നും വിമർശനങ്ങൾ ഉയർന്നു. വിവാദങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട ഓൾഗ, വിമർശനങ്ങൾ ചിത്രത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയാൽ കൂടുതൽപേർ ചിത്രം കാണാനെത്തുമെന്നാണ് അന്നു പ്രതികരിച്ചത്.

അറിയപ്പെടുന്ന ഫെമിനിസ്റ്റാണ് ഓൾഗ; വെജിറ്റേറിയനും. രണ്ടു പ്രത്യേകതകളും അവരുടെ നോവലുകളിൽ കടന്നുവന്നിട്ടുമുണ്ട്. 2007–ൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച നോവലായിരുന്നു ഫ്ലൈറ്റ്സ്. 11 വർഷത്തിനുശേഷമാണ് ആ നോവൽ ബുക്കർ സമ്മാനത്തിന് അർഹമാകുന്നത്. ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത പ്രമേയത്തിന്റെയും ഭാഷയുടെയും പേരിൽ. ഓൾഗയുടെ ആറാമത്തെ നോവൽ കൂടിയാണ് ഫ്ലൈറ്റ്സ്. അലഞ്ഞുതിരിയുന്ന ഒരു ഗോത്രത്തിന്റെ കഥയ്ക്കൊപ്പം അസ്വസ്ഥനായി യാത്ര ചെയ്യുന്ന ഒരു വ്യക്തിയുടെ നിരീക്ഷണങ്ങൾകൂടിയാണ് പ്രമേയം. 

വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് ജൻമനാട്ടിൽനിന്നു പലായനം ചെയ്യേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഓൾഗ. ഇപ്പോൾ ഉക്രൈനിലുള്ള പ്രദേശത്തുനിന്ന് അഭയാർഥികളായി പോളണ്ടിലേക്ക് ജീവിതം പറിച്ചുനട്ടു ഓൾഗയുടെ പിതാവിന്റെ കുടുംബം. അന്ന് ആറു വയസ്സാണ് ഓൾഗയ്ക്ക്. തുടക്കം കവിതയിൽ. വാഴ്സോ സർവകലാശാലയിൽ മനഃശാസ്ത്രമായിരുന്നു ഓൾഗയുടെ പഠനവിഷയം. ഒരു ഡോക്ടറേക്കാൾ മനശാസ്ത്രജ്ഞനായിരിക്കാം ജനങ്ങളെ കൂടുതൽ സഹായിക്കാൻ കഴിയുന്നത് എന്ന വിചാരത്തിലാണ് ഓൾഗ വിഷയം തിരഞ്ഞെടുത്തതും പഠിച്ചതും. പഠനശേഷം ആശുപത്രിയിൽ ലഹരിയുടെ അടിമകളായവരെ ചികിൽസിക്കുന്ന ജോലി ഏറ്റെടുത്തു. സഹപ്രവർത്തകനായ മനശാസ്ത്രജ്ഞനെ വിവാഹം കഴിച്ചു. ഒരു മകനു ജൻമം കൊടുത്തു. 

അഞ്ചുവർഷമേ ദീർഘിച്ചുള്ളൂ ഓൾഗയുടെ ആശുപത്രിജീവിതം. ചികിൽസക്കിടെ കഠിനമായ ഒരു യാഥാർഥ്യം അവർ മനസ്സിലാക്കി; രോഗിയേക്കാൾ ചികിൽസ വേണ്ടതു തനിക്കാണ്. രോഗിയേക്കാൾ അസ്വസ്ഥയാണു താൻ. അങ്ങനെ, 30–ാം വയസ്സിനുശേഷം നാടുവിട്ട് ഏകാന്തയാത്രയ്ക്കിറങ്ങി. തായ്‍വാനിൽനിന്നു ന്യൂസിലൻഡിലേക്ക്. പിന്നീട് പോളണ്ടിൽനിന്നു മകനെയും കൂട്ടി മലേഷ്യയിലേക്ക്. അപ്രതീക്ഷിതവും നാടകീയവുമായ യാത്രകളാണ് ഓൾഗ എന്ന എഴുത്തുകാരിയെ രൂപപ്പെടുത്തിയതും പ്രതിഭാശാലിയാക്കിയതും. ഇപ്പോഴിതാ പ്രമുഖരെയും പ്രശസ്തരെയും പിന്നിലാക്കി വിവാദങ്ങളിൽനിന്നു തലയൂരാൻ ശ്രമിക്കുന്ന നൊബേൽ കമ്മിറ്റി ഓൾഗയെ കണ്ടെടുത്തിരിക്കുന്നു. ഇനി കാത്തിരിപ്പ് അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ ഇംഗ്ലിഷിലെത്താൻ വേണ്ടിയാണ്. ഒരുപക്ഷേ യഥാർഥ അംഗീകാരം ഓൾഗയെ കാത്തിരിക്കുന്നതും അന്നായിരിക്കും. അവരുടെ നോവലുകൾ വ്യാപകമായി വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA