ADVERTISEMENT

കുറച്ചു കാലം മുമ്പ് പ്രശസ്ത എഴുത്തുകാരനായ എന്‍.എസ്. മാധവന്‍, ഇക്കാലത്ത് അന്തര്‍മുഖരായ എഴുത്തുകാരെ കാണാനേയില്ല എന്നോ മറ്റോ പറയുകയുണ്ടായി. അന്തര്‍മുഖത്വം കൊണ്ടാണോ എലെനാ ഫെരാന്റെ (Elena Ferrante) എന്ന തൂലികാ നാമത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ മികച്ച രചനകള്‍ നടത്തിയിട്ടുള്ള എഴുത്തുകാരി, താനാരാണ് എന്നറിയിക്കാതെ സൃഷ്ടി നടത്തുന്നതെന്ന് അറിയില്ല. രാജ്യാന്തര പ്രശസ്തിയുള്ള ഒരാള്‍ക്ക് ഇത്തരം ഒരു ഒളിച്ചു കഴിയല്‍ ഇന്നത്തെ ലോകത്തും സാധ്യമാണോ എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഫെയ്‌സ്ബുക്കിനോടും ട്വിറ്ററിനോടുമൊക്കെ മുഖം തിരിച്ചു നില്‍ക്കുന്ന അവരാരാണ് എന്നറിയാന്‍ ആഗ്രഹിച്ചു പോയാല്‍ അതില്‍ തെറ്റുണ്ടോ എന്നും പലരും ചോദിക്കുന്നു. എന്തായാലും, ഏതാനും വര്‍ഷം മുമ്പ് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകൻ ക്ലോഡിയോ ഗാറ്റി ‘രഹസ്യപ്പൊലീസു കളിച്ച്’, ഫെരാന്റെയുടെ പിന്നില്‍ അനിതാ രാജ (Anita Raja) എന്നയാളാണെന്നു പറഞ്ഞതോടെ, ഇന്ത്യന്‍ സാഹിത്യപ്രേമികള്‍ക്ക് ഉത്സാഹം കയറിയിരുന്നു. അതേപ്പറ്റി കൂടുതല്‍ തിരക്കും മുമ്പ് എലെനായെക്കുറിച്ചും അവരുടെ എഴുത്തിനെക്കുറിച്ചും അല്‍പം അറിയുന്നത് രസകരമാണ്:

നിയാപോളിറ്റന്‍ നോവല്‍സ് (Neapolitan Novels) എന്നാണ് അവരുടെ നാലു പ്രശസ്ത നോവലുകളുടെ പരമ്പരയെ വിളിക്കുന്നത്. നേപ്പിള്‍സില്‍ ജനിച്ച ബുദ്ധിമതികളായ രണ്ടു യുവതികളുടെ കഥയാണ് ഇവ. പുസ്തകങ്ങള്‍ എഴുതിയ ശേഷം, പ്രശസ്തമായാലും ഇല്ലെങ്കിലും, അതു വായിച്ചു കേള്‍പ്പിക്കാനും മറ്റുമായി നടക്കുന്ന ഇന്നത്തെ എഴുത്തുകര്‍ക്കു വിപരീത ദിശയിലാണ് എലെനയുടെ സഞ്ചാരം. ‘എഴുതിക്കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ക്ക് അവയുടെ രചയിതാവിനെ ആവശ്യമില്ല’ എന്നാണ് എലെനയുടെ വാദം. തന്റെ അജ്ഞാതാവസ്ഥയാണ് തന്റെ എഴുത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് എന്നാണ് എലെന പറയുന്നത്. ലോകത്തെ ഏറ്റവുമധികം സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില്‍ 2016 ല്‍ എലെനയുടെ പേര് ടൈം മാഗസില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. 

രഹസ്യാത്മകത

തൂലികാ നാമത്തില്‍ 1992 ല്‍ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചതിനു ശേഷം ആരാണ് എലെനാ ഫെരാന്റെ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴും അവരുമായി ഇന്റര്‍വ്യൂ നടത്താം; ഇമെയിലിലൂടെയാണെന്നു മാത്രം. അങ്ങനെ അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം കൂട്ടിവച്ച് അവരാരാണ് എന്നു കണ്ടെത്താനുള്ള ശ്രമം നടന്നിരുന്നു. 2003 ല്‍ അവര്‍ തന്റെ കത്തുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചതോടെ ചില വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. അതുവച്ച് അവര്‍ നേപ്പിള്‍സിലാണ് വളര്‍ന്നത് എന്നു കണ്ടെത്തിയിരുന്നു. കൂടാതെ, അവരിപ്പോൾ വിവാഹിതയല്ലെന്നും മനസ്സിലാക്കാനാകുമായിരുന്നു. എന്താണു ചെയ്യുന്നത് എന്ന ചോദ്യത്തിന് ‘എഴുതും, തര്‍ജ്ജമ ചെയ്യും, പഠിപ്പിക്കും’ എന്ന ഉത്തരമായിരുന്നു അവര്‍ നല്‍കിയത്. 

2016ല്‍ മാര്‍ക്കൊ സാന്റഗറ്റാ എന്ന നോവലിസ്റ്റ്, എലെനാ ആരാണെന്നതിനെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ എലെനയ്ക്ക് ഇറ്റാലിയന്‍ രാഷ്ട്രീയത്തെക്കുറിച്ചു നല്ല പിടിപാടുണ്ട്. അതേവര്‍ഷം ഓഗസ്റ്റിലാണ് ക്ലോഡിയോ ഗാറ്റി അന്വേഷണം ആരംഭിച്ചതും അനിതാ രാജയാണ് തൂലികാ നാമത്തിനു പിന്നില്‍ എന്നു പറഞ്ഞതും. എന്നാല്‍, ഗാറ്റിക്കെതിരെ വന്‍ വിമര്‍ശനമാണുയര്‍ന്നത്. എലെനയുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തിയെന്നാരോപിച്ചാണ് രചനകളുടെ ആരാധകരും മറ്റും ഗാറ്റിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്. 

പുതിയ പുസ്തകം

എലെന പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് അവരുടെ പേര്‍ ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണം. ഇതിനു മുമ്പുള്ള നോവല്‍ 2014ല്‍ ആണ് പ്രസിദ്ധീകരിച്ചത്. നിയാപോളിറ്റന്‍ നോവലുകളിലെ അവസാനത്തേതായിരുന്നു മൈ ബ്രില്ല്യന്റ്ഫ്രണ്ട് എന്ന നോവല്‍. നോര്‍ത്ത് അമേരിക്കയില്‍ മാത്രം അതിന്റെ 20 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. തുടര്‍ന്ന് എലെനയുടെ അടുത്ത നോവലിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. 

പുതിയ നോവലിനെക്കുറിച്ചും അധികം കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. ‘അതില്‍ എന്താണ് അദ്ഭുതം? നിഗൂഢത എഴുത്തുകാരിയുടെ സ്വഭാവമല്ലേ’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും പുതിയ പുസ്തകം നവംബര്‍ 7ന് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഇംഗ്ലിഷ് പരിഭാഷ എന്നുണ്ടാകുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ന്യൂയോര്‍ക്കര്‍ മാസികയിലെ എഡിറ്റര്‍ ആന്‍ ഗോള്‍ഡ്‌സ്‌റ്റെയ്ന്‍ ആയിരിക്കും നോവല്‍ തര്‍ജ്ജമ ചെയ്യുക. ഇറ്റാലിയന്‍ പതിപ്പു പുറത്തെത്തി ഒരു വര്‍ഷം കഴിഞ്ഞാണ് പരിഭാഷ പുറത്തിറങ്ങാറുള്ളത്. പുതിയ പുസ്തകത്തിന്റെ പേര് അറിയണമെങ്കിലും നവംബര്‍ 7 വരെ കാത്തിരിക്കണമെന്നാണ് പ്രസാധകര്‍ പറയുന്നത്. നേപ്പിള്‍സ് തന്നെയായിരിക്കാം കഥ നടക്കുന്ന സ്ഥലം എന്നാണ് പ്രാഥമികാനുമാനം. 

ശരിക്കും ആരാണ് എലെനാ ഫെരാന്റെ?

ആര്‍ക്കും കൃത്യമായി അറിഞ്ഞുകൂടെന്നാണ് ഇപ്പോഴും പത്രക്കാര്‍ പറയുന്നത്. തന്റെ വ്യക്തിത്വത്തെ എഴുത്തില്‍നിന്നു വേര്‍തിരിച്ചു നിർത്തണം എന്ന ചിന്തയാണ് അവരെ നിഗൂഢയായി കഴിയാന്‍ പ്രേരിപ്പിക്കുന്നതത്രേ. പൂര്‍ത്തിയാക്കപ്പെട്ട ഒരു പുസ്തകത്തില്‍നിന്ന് തന്നെ അടര്‍ത്തി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ പുസ്തകങ്ങള്‍ തന്റെ രക്ഷാകര്‍തൃത്വത്തില്‍നിന്ന് മാറിനില്‍ക്കണമെന്നും അവര്‍ പറയുന്നു.

എലെനയുടെ സാമ്പത്തിക ഇടപാടുകളുടെ ചുവടുപിടിച്ചാണ് അവരാരാണ് എന്നറിയാനുള്ള ശ്രമം ഗാറ്റി നടത്തിയതും അവരുടെ ആരാധകരെ അരിശംകൊളളിച്ചതും.  ഇത്തരം പത്രപ്രവര്‍ത്തനം ജുഗുപ്‌സ ജനിപ്പിക്കുന്നതാണ് എന്നാണ് എലെനയുടെ പ്രസാധകന്‍ ദ് ഗാര്‍ഡിയന്‍ ദിനപത്രത്തോടു പറഞ്ഞത്. ഇത്തരം പ്രവൃത്തി നടത്തുക വഴി തങ്ങളുടെ പ്രിയ എഴുത്തുകാരി ഇനി എഴുതിയേക്കില്ല എന്ന ഭീതിയാണ് അവരുടെ ആരാധകര്‍ പങ്കുവച്ചത്. 

അനിതാ രാജാ എന്ന പേരില്‍ അറിയപ്പെടുന്ന, ഭര്‍ത്താവിനൊപ്പം റോമില്‍ താമസിക്കുന്ന, ട്രാന്‍സ്‌ലേറ്ററായി ജോലിയെടുത്തിരുന്ന, റിട്ടയര്‍ ചെയ്ത സ്ത്രീയാണ് എലെനാ ഫെരാന്റെ എന്നാണ് ഗാറ്റിയുടെ കണ്ടെത്തല്‍. ജര്‍മന്‍ ഭാഷയില്‍ നിന്നുള്ള പുസ്തകങ്ങളാണ് അവര്‍ ഇറ്റാലിയനിലേക്കു തര്‍ജ്ജമ ചെയ്തിരുന്നത്. അവരുടെ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ചുവടു പിടിച്ചും അദ്ദേഹം അന്വേഷണം നടത്തിയിരുന്നു. 

നേപ്പിള്‍സിലെ തയ്യൽക്കാരിയായിരുന്നു തന്റെ അമ്മയെന്ന് എലെനാ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഗോള്‍ഡാ ഫ്രെയ്ഡാ (Golda Frieda Petzenbaum) എന്ന അധ്യാപികയുടെ മകളാണ് അവരെന്നാണ് ഗാറ്റി പറയുന്നത്. എന്നാൽ‌ ഗാറ്റിയുടെ പല നിഗമനങ്ങളും തെറ്റാണെന്നും തങ്ങള്‍ക്ക് അതിൽ യാതൊരു താത്പര്യവുമില്ലെന്നുംഎലെനയുടെ ആരാധകര്‍ പറയുന്നു. 

എലെന അനിതാ രാജയാണെന്ന വെളിപ്പെടുത്തല്‍ വന്ന ശേഷം സംഹിതാ ചക്രബര്‍ത്തി ചോദ്യോത്തര രീതിയില്‍ എഴുതിയതു പരിശോധിക്കാം: 

ആരാണവര്‍?

അനിതാ രാജാ

എന്തുകൊണ്ടാണ് നമുക്ക് ഇത്രയധികം ഉത്സാഹം തോന്നുന്നത്?

അനിതാ രാജയാണ് ഇറ്റാലിയന്‍ എഴുത്തുകാരിയായ എലെനാ ഫെരാന്റെ എന്നതിനു തെളിവുള്ളതുകൊണ്ട്.

അവര്‍ ഇന്ത്യക്കാരിയാണോ?

അങ്ങനെയായിരുന്നെങ്കില്‍ എന്നു നമ്മള്‍ ആഗ്രഹിക്കുന്നു. പക്ഷേ അല്ല. അവര്‍ ജര്‍മന്‍ പുസ്‌തകങ്ങള്‍ തര്‍ജ്ജമ ചെയ്ത ഇറ്റാലിയന്‍ ട്രാന്‍സ്‌ലേറ്ററാണ്.

താന്‍ എലെനാണെന്ന് അവര്‍ സമ്മതിച്ചോ?

ഇല്ലേയില്ല.

അവര്‍ നിഗൂഢയായി ഇരിക്കട്ടെ അല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com