ADVERTISEMENT

ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം ആശങ്കയുടെയും സംഘർഷത്തിന്റെയും നിഴലിലാണെങ്കിലും ഒരു യുവ പാക്കിസ്ഥാനി എഴുത്തുകാരിയുടെ നോവലിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യ. ഇന്ത്യൻ സിനിമയിലെ ഏറ്റവും തിളക്കമുള്ള ബോളിവുഡ്. ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും. എഴുത്തിലൂടെ ഇതിനകം തന്നെ ശ്രദ്ധേയയായ ഫാത്തിമ ഭൂട്ടോയുടെ പുതിയ നോവലിലാണ് ഇന്ത്യൻ സംസ്കാരം പൂത്തുലഞ്ഞുനിൽക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനുമല്ലാതെ, പെറുവാണ് പശ്ചാത്തലം. ന്യൂ കിങ്സ് ഓഫ് ദ് വേൾഡ് എന്നാണ് നോവലിന്റെ പേര്. 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ അനന്തരവളാണ് ഫാത്തിമ ഭൂട്ടോ. മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും മുർതാസ ഭൂട്ടോയുടെ മകളും. കാബൂളിൽ ജനിച്ച ഫാത്തിമ വളർന്നത് സിറിയയിൽ. വിദ്യാഭ്യാസം അമേരിക്കയിലും ഇംഗ്ലണ്ടിലും. 37 കാരിയ ഫാത്തിമ ഇതിനകം തന്നെ തന്റെ പുസ്തകങ്ങളിലൂടെ ലോക പ്രശസ്തയാണ്. ബേനസീർ ഭൂട്ടോയുടെ കടുത്ത വിമർശകയായും അറിയപ്പെടുന്ന അവർ രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കാതെ എഴുത്തു മുഖ്യജോലിയായി സ്വീകരിച്ചാണ് ജീവിക്കുന്നത്. 

ബേനസീർ അധികാരം കയ്യാളിയ കാലത്ത് 1996 ൽ ആയിരുന്നു ഫാത്തിമയുടെ പിതാവ് മുർതാസയുടെ മരണം. കാരണക്കാരായാത് പാക്കിസ്ഥാൻ പൊലീസും. കുട്ടിക്കാലം മുതലേ ജനിച്ചുവളർന്നയിടം വിട്ട് മറ്റു രാജ്യങ്ങളിലും പ്രവാസിയായും ജീവിച്ച ഫാത്തിമയുടെ മനസ്സിൽ ഇനിയും ഉണങ്ങാത്ത മുറിവുകളുണ്ട്, പലായനത്തിന്റെ വേദനയുണ്ട്, സംഘർഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഇനിയും അവസാനിക്കാത്ത പോരാട്ടങ്ങളുടെയും ഉണങ്ങാത്ത ചോരപ്പാടുകളുമുണ്ട്. പാക്കിസ്ഥാൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു നോവൽ തന്നെ ഫാത്തിമ എഴുതിയിട്ടുമുണ്ട്– 2010 ൽ പ്രസിദ്ധീകരിച്ച സോങ്സ് ഓഫ് ബ്ലഡ് ആൻഡ് സ്വോർഡ്. 

15–ാം വയസ്സിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു ഫാത്തിമ– വിസ്പേഴ്സ് ഓഫ് ദ് ഡെസേർട്. രണ്ടാമത്തെ പുസ്തകത്തിന്റെ പേര് 8.50. കശ്മീരിലെ ഭൂചലനമായിരുന്നു പ്രമേയം. 2013 ൽ വിമർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നോവൽ ഫാത്തിമയെ ലോകസാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തി– ദ് ഷാഡോ ഓഫ് ദ് ക്രസന്റ് മൂൺ. ഈ വർഷം  ആദ്യം രണ്ടാമത്തെ നോവൽ പുറത്തുവന്നു– ദ് റൺഎവേയ്സ്. ഇപ്പോഴിതാ ഇന്ത്യയുമായി സാംസ്കാരികമായി ഏറ്റവുമടുത്തുനിൽക്കുന്ന നോവൽ– ന്യൂ കിങ്സ് ഓഫ് ദ് വേൾഡ്.

ഔദ്യോഗിക കണക്കനുസരിച്ച് 500 ൽ താഴെ മാത്രമാണ് പെറുവിലെ ഇന്ത്യൻ വംശജരുടെ സംഖ്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രത്യേകിച്ചു കരാറുകളോ മറ്റു ബന്ധങ്ങളോ ഇല്ലെങ്കിലും ബോളിവുഡ് സിനിമകൾക്ക് പെറുവിൽ ആരാധകരേറെ. ഷാരൂഖ് ഖാനും മാധുരി ദീക്ഷിതുമെല്ലാം ഇഷ്ടതാരങ്ങൾ. 1950–കളുടെ തുടക്കത്തിലാണ് ഈ വിചിത്രമായ സിനിമാ ബന്ധം തുടങ്ങുന്നത്. 1954–ൽ ബൂട്ട് പോളിഷും 57–ലെ മദർ ഇന്ത്യയും റിലീസ് ചെയ്തതോടെ പെറുവിന്റെ ഹൃദയത്തിലിടും നേടുകയായിരുന്നു ബോളിവുഡ്. പിന്നീട് കാലാകാലങ്ങളിൽ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ പെറുവിലുമെത്തി. ബോളിവുഡ് പാട്ടുകളും നൃത്തചലനങ്ങളും ഹിറ്റായി. ഇന്നും ആ നാട്ടിലെ ജനം മൂളിനടക്കുന്നത് ഇന്ത്യൻ സിനിമാ ഗാനങ്ങൾ. മുറികളിലും മനസ്സിലും അലങ്കരിക്കുന്നത് ഇന്ത്യൻ സ്ക്രീനിനെ ഇളക്കിമറിക്കുന്ന താരങ്ങളുടെ വർണപ്പൊലിമയുള്ള ചിത്രങ്ങളും. 

സിനിമാറ്റിക് നൃത്തം പഠിപ്പിക്കുന്ന ഒരു യുവതിയാണ് ന്യൂ കിങ്സ് ഓഫ് ദ് വേൾഡിലെ നായിക. ഒരു സിനിമ പോലെ ആസ്വദിക്കാവുന്നതാണ് നോവലിന്റെ പ്രമേയവും. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം അസുഖകരമായ കാലത്തിലൂടെ കടന്നുപോകുകയാണെങ്കിലും ഫാത്തിമ കറാച്ചിയിൽ നിന്ന് ഇന്ത്യയിലേക്ക് മനസ്സുകൊണ്ട് ഒരു തീർഥയാത്ര നടത്തുകയാണ്; ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദവും സ്നേഹവും ആഗ്രഹിക്കുന്ന സാധാരണക്കാരുടെ വികാര വിചാരങ്ങൾ പങ്കുവച്ചുകൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com