ADVERTISEMENT

ദേശത്തെ കാഴ്ചകൾ തന്റെ രചനകളിലൂടെ മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും സന്നിവേശിപ്പിക്കുന്ന കഥാകൃത്താണു ശ്രീകണ്ഠൻ കരിക്കകം. കേരളീയപ്രകൃതിയുടെ നിലവിളിയുടേയും നിലനില്പിന്റേയും രാഷ്ട്രീയമാണ് ശ്രീകണ്ഠന്റെ കഥകൾ ചർച്ച ചെയ്യുന്നത്. ‘എഴുത്തുവർത്തമാന’ത്തിൽ ശ്രീകണ്ഠൻ തന്റെ കുട്ടിക്കാലത്തേക്കു യാത്ര ചെയ്യുകയാണ്. ഏതൊരു മനുഷ്യനേയും പോലെ കുട്ടിക്കാലം ഇന്നും അദ്ദേഹത്തിന്റെ മനസിൽ പച്ച പിടിച്ചുനിൽക്കുന്നു. കരിക്കകത്ത് അന്നൊരു സിനിമാഷൂട്ടിങ് നടന്നു. കരിക്കകത്തിന്റെ ഗ്രാമീണതയും പച്ചപ്പും ആകാശവും ഒപ്പിയെടുത്ത ചിത്രം. അതെവിടെയും റിലീസു ചെയ്തില്ല. ആ സിനിമയെ തേടിയുള്ള സഞ്ചാരമാണു ശ്രീകണ്ഠൻ വിശദീകരിക്കുന്നത്.

∙ നഗരം നാവുനീട്ടിയെടുത്ത ഗ്രാമം. 

‘കേരളത്തിലെ എല്ലാ ഗ്രാമങ്ങളും അന്ന് ഏറെക്കുറെ തുറസുകളായിരുന്നു. അതായിരുന്നു അന്നത്തെ ഏറ്റവും വലിയ സൗഭാഗ്യം. പഞ്ചാരമണൽപ്പുറം, വയൽ, തെങ്ങുംതോപ്പുകൾ, മാവും പനയും പോങ്ങും പറങ്ങിമാവും തുടങ്ങി പിന്നെയും പേരറിയാത്ത ഒരു കൂട്ടം മരങ്ങൾ നിറഞ്ഞ പ്രകൃതി. അതായിരുന്നു ഞങ്ങളുടെ കരിക്കകം എന്ന ഗ്രാമം.’

– ശ്രീകണ്ഠൻ പറയുന്നു.

sreekandan-karikkakam-book

തിരുവനപുരം നഗരമധ്യത്തിൽ നിന്നും വളരെ അകലെയല്ലാതെയാണ് കരിക്കകം ഗ്രാമം. ശ്രീകണ്ഠൻ പറയുന്നതുപോലെ തീർത്തും ഗ്രാമീണമായ  പശ്ചാത്തലമല്ല ഇന്നുള്ളത്. നഗരം തന്റെ കോൺക്രീറ്റ് വനവിസ്തൃതി കരിക്കകത്തേയ്ക്കും നീട്ടിയിരിക്കുന്നു. ശ്രീകണ്ഠൻ സംസാരിക്കുന്നു. 

∙ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓർമകൾ 

വേനലവധിക്കാലത്തിലൂടെയാണ് കുട്ടിക്കാലത്തെപ്പറ്റി അധികംപേരും ഓർത്തെടുക്കുക. ഒരു പ്രത്യേകത, അന്ന് എല്ലാ അവധിക്കാലവും കുട്ടികൾക്കു കളിക്കാൻ വേണ്ടി മാത്രമുള്ള കാലമായിരുന്നു. ഞങ്ങൾക്കന്ന് ഒരേയൊരു കളി– ക്രിക്കറ്റ് ! ക്രിക്കറ്റ് മലയാളിയുടെ സിരകളെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്ന കാലമായിരുന്നു. കരിക്കകം കവലയിൽ ഒത്തുകൂടുമ്പോൾ സ്കോർ ചോദിക്കുന്നതും കളി വിശകലനം നടത്തുന്നതുമൊക്കെ വലിയ ഗമയായിരുന്നു. പുരോഗമനത്തിന്റെ ലക്ഷണം. ക്ലാസ് മുറിയിൽ റേഡിയോ ഒളിപ്പിച്ചുവച്ച് കമന്ററി കേൾക്കുന്ന വിദ്യാർഥിയുടെ അടുത്തുചെന്ന് സ്കോർ എത്രയായി എന്നു ചോദിക്കുന്ന കോളജ് അധ്യാപകനായിരുന്നു മറ്റൊരു ഹീറോ. ഇന്ന് എല്ലാവരും കളി മൊബൈൽ ഫോണിൽ  ലൈവ് സ്ട്രീമിങ് കാണുന്ന കാലം. അന്നൊന്നും ഒരു മലയാളി പോലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയിരുന്നില്ല. ശ്രീശാന്തിനെപ്പോലെ ഒരു മലയാളി ക്യാപ്റ്റന്റെ കൈയിൽ നിന്നും  ന്യൂബോൾ വാങ്ങി കപിൽദേവിനെപ്പോലെ ബൗളിങ് ഓപ്പൺ ചെയ്യുമെന്നൊന്നും കരുതുക കൂടി ചെയ്യാത്ത കാലം. 

sreekandan-karikkakam-01

അവധിക്കാലത്ത് ഞങ്ങള്‍ രാവിലെ തുടങ്ങുന്ന ക്രിക്കറ്റുകളി ചിലപ്പോൾ വൈകുന്നേരം വരെ നീണ്ടുപോകും. ഒരു വല്ലാത്ത ഞെരിപ്പ്. പതിനൊന്നുമണി കഴിയുമ്പോൾ പഞ്ചാരമണൽ ചൂടുപിടിക്കാൻ തുടങ്ങും. മണ്ണു ചൂടാകാൻ തുടങ്ങിയാൽ കാലുകൾ പൊള്ളാതിരിക്കാൻ കുഴിയെടുത്തു നിൽക്കും. കുഴിയിൽ പിന്നെ വെള്ളം വീഴ്ത്തും. ഞാനും ജ്യേഷ്ഠനും അനുജനും പിന്നെ അയൽവീട്ടിലെ ശാന്തചേച്ചിയുടെ മകൻ കുട്ടനും പിന്നെ അച്ഛനോടൊപ്പം ട്രാൻസ്പോർട്ടിൽ ജോലി ചെയ്യുന്ന ഡ്രൈവർ രാമചന്ദ്രൻ മാമന്റെ മകൻ ശിവകുമാറുമാണ് ഞങ്ങളുടെ സ്ഥിരം ടീം. പച്ചമടലും ഉണങ്ങിയ മടലും കൊണ്ട് ഉണ്ടാക്കിയ ബാറ്റ്. രണ്ടു രൂപയ്ക്കു റബർ പന്തു കിട്ടും. പൂഴിമണ്ണിൽ പിച്ച് ഉണ്ടാക്കുന്ന ജോലി പരീക്ഷാക്കാലത്തേ തുടങ്ങും. ദൂരെ എവിടെയങ്കിലും പോയി ചെളി കൊണ്ടുവരും. അതു മണ്ണിൽ കുഴച്ചിട്ട് അടിച്ചുറപ്പിക്കും. അതൊട്ടും ബലം ഉണ്ടാകില്ല. എങ്കിലും അതൊരു വാങ്കട സ്റ്റേഡിയത്തിലേയോ ഈഡൻ ഗാർഡൻസിലേയോ പിച്ചാണെന്നും അവിടെ കൃഷ്ണമാചാരി ശ്രീകാന്തായും വിവിയൻ റിചാർഡ്സായും ബാറ്റു ചെയ്യുകയാണെന്നും വിശ്വസിക്കാൻ ഞങ്ങൾ‍ക്ക് അതൊക്കെ തന്നെ ധാരാളമായിരുന്നു. അങ്ങനെയായിരുന്നു ആ ദിനങ്ങളൊക്കെയും.

∙ അവധിക്കാലത്തെത്തിയ സിനിമാഷൂട്ടിങ്

അങ്ങനെ ഒരവധിക്കാല സായാഹ്നത്തിൽ ഞങ്ങൾ പറങ്കിമാവിൻ ചുവട്ടിൽ സ്റ്റംപൊക്കെ കുത്തി കളിക്കാൻ തുടങ്ങുമ്പോൾ അകലെ അല്പംമാറി കാടുപിടിച്ചു കിടക്കുന്ന ഇടത്ത് ഒരു വലിയ ആൾക്കൂട്ടം. ഞങ്ങൾക്കു കൗതുകമായി. കളിക്കോപ്പെല്ലാം ഒതുക്കിവച്ച് അങ്ങോട്ടോടി. അവിടെ എന്തോ നടക്കുന്നുണ്ട്. എന്നാൽ ഒന്നും കാണാനാകുന്നില്ല. വഴിയടഞ്ഞ് ചുറ്റും ആളുകൾ മൂടിനിൽക്കുകയാണ്. എല്ലാവരുടേയും കണ്ണുകൾ മുന്നിലെവിടെയോ തറഞ്ഞുനിൽക്കുന്നു. മനുഷ്യമതിൽ ! ഞങ്ങൾ കുട്ടികൾ നൂഴ്ന്നു കയറുവാൻ ഇടംതിരഞ്ഞു. തിക്കിയം തിരക്കിയും  നാട്ടുകാർ വളഞ്ഞുനിൽക്കുന്നതിൽ നിന്നും ശക്തമായ വെളിച്ചം പുറത്തേക്കു വരുന്നുണ്ട്. വലിയ ശബ്ദത്തിൽ എന്തോ മുരൾച്ചയും. ജനറേറ്റർ പ്രവർത്തിക്കുന്ന ശബ്ദമാണ്. മുന്നിലെ മനുഷ്യമല അനക്കമറ്റു നിൽക്കുന്നു.  ഞങ്ങൾക്ക് ഒന്നും കാണാനാവുന്നില്ല. അവിടെ എന്താണു നടക്കുന്നതെന്നു നോക്കി നിൽക്കുന്നവരോട് ചോദിക്കണമെന്നുണ്ട്. ഒന്നുരണ്ടു പേരോടു തിരക്കി. ആരും ഒന്നും മിണ്ടുന്നില്ല. മാത്രമല്ല ആ ചോദ്യത്തിൽ അവർ അസ്വസ്ഥരാവുകയും ചെയ്യുന്നുണ്ട്.

ഞങ്ങൾ പിന്നെ പണി തുടങ്ങി. ആരുടെയൊക്കെയോ ഇടയിലൂടെ നൂഴ്ന്നും നുഴഞ്ഞും കയറി ഏറ്റവും മുന്നിലെത്തി. ചിലർ ചീത്തവിളിച്ചു. മൈൻഡു ചെയ്തില്ല. അപ്പോൾ  ആഹാ, ഇതെന്തൊരത്ഭുതം ! വലിയ പോങ്ങുമരത്തിന്റെ ചുവട്ടിൽ കനത്ത വെളിച്ചത്തിനു മുന്നിൽ നിന്ന് രണ്ടു മനുഷ്യർ എന്തൊക്കെയോ കാണിക്കുന്നു. ഒരാൾ സഗൗരവം മാറിനിന്ന് അതെല്ലാം കാണുന്നു. മറ്റൊരാൾ പരീക്ഷയ്ക്കു പേപ്പർ വച്ചെഴുതുന്നതുപോലെയുള്ള കാർഡ്ബോർഡു നോക്കി എന്തൊക്കെയോ ഉറക്കെ വായിച്ചുകൊടുക്കുന്നു. തടിപ്പുറത്ത് ഉറപ്പിച്ച വലിപ്പമുള്ള ക്യാമറ. ക്യമറാമാൻ, കൂറ്റൻ റിഫ്ളകറുകൾ. ആൾക്കൂട്ടത്തോട് അകന്നുനിൽക്കുവാനും നിശബ്ദരാകാനും ആക്രോശിക്കുന്ന കുറേ തടിയന്മാർ. അവർ ഗുണ്ടകളെപ്പോലെ. അങ്ങനെ ആകെ ഒരു ജഗപൊഗ.

sreekandan-karikkakam-book-02

ആ അന്തരീക്ഷത്തിടയിൽ നിന്നും ഞങ്ങളും ചിലതൊക്കെ മനസ്സിലാക്കി. ഒരു സിനിമ ചിത്രീകരണമാണു നടക്കുന്നത്. ആയിക്കോട്ടെ, പക്ഷേ ഞങ്ങളുടെ നാട്ടിൽ വന്നു സിനിമ എടുക്കുന്നവർ ഞങ്ങളോടു നിശബ്ദരാകുവാനും അകന്നു നിൽക്കുവാനും ഒക്കെ പറയുന്നതെന്തിനാണ്? അതെന്തു കോപ്പിലെ ഇടപാടാണ്? അതുമാത്രം ഞങ്ങൾക്കു മനസിലാകുന്നില്ല.

∙ ഡ്രൈവർ മദ്യപിച്ചിരുന്നു

അഭിനയിക്കുന്നവർ രണ്ടുപേർ മധ്യവയസു പിന്നിട്ട രണ്ടു നടന്മാരാണ്. കാക്കി ഉടുപ്പും പാന്റുമാണു വേഷം.. കഴുത്തിൽ ഒരു തോർത്തും. രണ്ടു പേരും  നന്നായി മദ്യപിച്ചിട്ടുണ്ട്. (കാഴ്ചയിൽ)  അവർ ഏതോ വണ്ടിയുടെ ഡ്രൈവർമാരാണ്. അവർ തമ്മിൽ തർക്കിക്കുകയും പരസ്പരം പിടിച്ചതള്ളുകയും കള്ളുകുപ്പിയിൽ നിന്നും കള്ള് കുടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ ഓരം ചേർന്നുനിന്ന് ഞങ്ങളും എല്ലാം നോക്കി നിന്നു. നാട്ടുകാർ അവരുടെ അഭിനയം കണ്ട് ഉറക്കെ ചിരിക്കുന്നുണ്ട്. 

അതിനിടയിൽ ഒരു സ്ലേറ്റിൽ ചോക്കുകൊണ്ട് എഴുതിയ ഏതാനും വാക്കുകൾ ഞങ്ങൾ വളരെ ശ്രമപ്പെട്ടു വായിച്ചെടുത്തു: ‘ഡ്രൈവർ മദ്യപിച്ചിരുന്നു.’

സ്ലേറ്റിൽ ഇത് എന്തിനെഴുതിയിരിക്കുന്നു എന്നു മനസിലാകാതെ ഞങ്ങൾ  അന്നത്തെ ദിവസം മുഴുവനും അവിടെയങ്ങനെ നിന്നു. അന്നത്തെ ചിത്രീകരണം പൂർത്തിയാക്കി അവർ മടങ്ങി. എല്ലാം കഴിഞ്ഞുവീട്ടിൽ എത്തിയപ്പോൾ ആകെ പ്രശ്നം. കളിക്കാൻ പോയ കുട്ടികൾ എങ്ങോട്ടാണു പോയതെന്നറിയാതെ അമ്മ ആകെ വിരണ്ടുനിൽക്കുന്നു. അഞ്ചാറുമണിക്കൂറായി തിരക്കി നടക്കുന്നതിന്റെ മുഴുവൻ ദേഷ്യവും അമ്മ ഞങ്ങൾക്കുമേൽ തീർത്തു. അടികിട്ടി കാലൊക്കെ തിണർത്തു. സങ്കടമായി. സിനിമാഷൂട്ടിങ് കണ്ടതിന്റെ ത്രില്ലൊക്കെ മാഞ്ഞുപോയി. നാട്ടുകാർക്കൊപ്പം സിനിമാചിത്രീകരണം കാണുകയായിരുന്നെന്ന ന്യായമൊന്നും അമ്മയുടെ മുന്നിൽ ഏശിയില്ല. എന്തായാലും അടികിട്ടി.

∙ റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് 

പിന്നേറ്റു ചില കാര്യങ്ങൾ ബോധ്യപ്പെട്ടു. ‘ഡ്രൈവർ മദ്യപിച്ചിരുന്നു’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഞങ്ങൾ കണ്ട നടന്മാർ ആലുംമൂടനും പൂജപ്പുര രവിയുമായിരുന്നു. അതോടെ ആ സിനിമ എന്ന് റിലീസാകുമെന്ന ആകാംക്ഷയായി. പിറ്റേ ദിവസം മുതൽ പത്രം നോക്കാൻ തുടങ്ങി. ‘ഡ്രൈവർ മദ്യപിച്ചിരുന്നു’ എന്ന സിനിമയുടെ വാർത്തയോ ചിത്രമോ പോസറ്ററോ അതിലുണ്ടോ? ആ ഡ്രൈവർമാരുടെ പടമുണ്ടോ? ആകാംക്ഷ ദിവസങ്ങളോളം നീണ്ടു. ‍‍ഞങ്ങൾ പരസ്പരം അതിനെപ്പറ്റി പല കഥകളും ഉണ്ടാക്കിപ്പറഞ്ഞു. മറ്റൊരു പേരിൽ ഒരുപക്ഷേ, ആ ചിത്രം ഇറങ്ങിയിട്ടുണ്ടാകാം. എന്നു ചിലർ പറഞ്ഞു. എനിക്കെന്തോ അങ്ങനെയൊന്നും വിശ്വസിക്കാനായില്ല. എങ്കിലും എന്നെങ്കിലും ഒരു നാൾ ആ പേരിലൊരു സിനിമ പ്രത്യക്ഷപ്പെടുമെന്നു തന്നെ ഞാൻ  ആത്മാർഥമായും വിശ്വസിച്ചു. 

∙ ആ നല്ലകീറ് ആകാശത്തെ കാട്ടിത്തരുമോ? 

ജീവിതത്തിലിന്നോളം ആ സിനിമയെക്കുറിച്ച് പല കാലങ്ങളിലായി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കാലംപറഞ്ഞു പലരോടും ആരാഞ്ഞിട്ടുണ്ട്.സിനിമാചരിത്രങ്ങളിൽ പരതിയിട്ടുണ്ട്. അപ്പോഴൊന്നും ആരും അങ്ങനെയൊരു സിനിമ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഒരിടത്തും അങ്ങനെയൊരു സിനിമയെക്കുറിച്ചു പരാമർശിച്ചിട്ടുപോലുമില്ല. എങ്കിൽ അതെന്റെയൊരു സ്വപ്നമായിരിക്കുമോ? ഞാൻ കണ്ട സ്വപ്നം?! ഒടുവിൽ ഗൂഗിളിന്റെ താക്കോൽ തിരിച്ചു. എവിടെയാണു ‘ഡ്രൈവർ മദ്യപിച്ചിരുന്നു’ എന്ന ആ സിനിമ? അന്നത്തെ ‘ഡ്രൈവർ’മാരുടെ മുഖം എന്റെ മുന്നിൽ ഇപ്പോഴും ഉണ്ട്. എന്നിലെ അഞ്ചാംക്ലാസുകാരനിൽ. ഒടുവിൽ ഗൂഗിളും പറഞ്ഞു, ‘ഡ്രൈവർ മദ്യപിച്ചിരുന്നു’ എന്നൊരു ചിത്രം മലയാളസിനിമാചരിത്രത്തിൽ ഇല്ല.

അതൊരു സംവിധായകന്റെ സ്വപ്നങ്ങളുടെ ശേഷിപ്പെന്നോണം ഒരു നിർമാതാവിന്റെ നെഞ്ചിലെ നെരിപ്പോടെന്നോണം ഏതെങ്കിലുമൊരു സ്റ്റുഡിയോയുടെ വെളിമ്പുറത്തു പൊടിപിടിച്ചു കിടപ്പുണ്ടെങ്കിൽ, അതിൽ എന്റെ നാടായ കരിക്കകത്തിന്റെ നഷ്ടപ്പെട്ടുപോയ ഒരു കീറ് നല്ല ആകാശം കാണാൻ കഴിഞ്ഞേക്കും. അതിൽ ഒരു പോങ്ങുമരവും പൂവരശും കാട്ടുപനയുമൊക്കെ ഉണ്ടാകും. ഒപ്പം ഞങ്ങളുടെ നിശ്വാസങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com