പാഴ്നിലം പകരം നൽകിയത്

HIGHLIGHTS
  • ടി.എസ് എലിയറ്റിന്റെ 'ദ് വെയ്സ്റ്റ് ലാൻഡ്' എന്ന കവിത വന്ന വഴി
Eliot
SHARE

എപ്പോൾ വേണമെങ്കിലും സമനില കൈവിടാവുന്നവൾ എന്നാണ് വിർജീനിയ വൂൾഫ് വിവിയനെപ്പറ്റി പറഞ്ഞത്. വിവിയൻ– ടി.എസ്. എലിയറ്റിന്റെ ആദ്യഭാര്യ.

ഒരിക്കലും ചേർന്നു പോകാനാവാത്ത രണ്ടു പേരായിരുന്നു ഇരുവരും. വെറുമൊരു ‘പാഴ്നിലം’ എന്ന നിലയിൽ കണ്ട ആ ജീവിതത്തിൽനിന്നു നൂറുമേനി കൊയ്യാനായി എന്നത് എലിയറ്റിന്റെ കവിത്വത്തിന്റെ മഹത്വമാണ്. ചില പരാജയങ്ങൾ മറ്റു ചില വിജയങ്ങൾക്ക് കാരണമായേക്കാമല്ലോ. ജീവിതത്തിലുണ്ടായ പരാജയത്തിന്റെ കനലിൽ ചവുട്ടി നിന്നെഴുതിയ കവിത ലോകോത്തരമായി മാറിയത് അങ്ങനെയാണ്. 

ടി.എസ് എലിയറ്റിന്റെ 'ദ് വെയ്സ്റ്റ് ലാൻഡ്' എന്ന കവിത വന്ന വഴി അങ്ങനെ നോക്കിയാൽ കനൽവഴിയാണ്.

അപകർഷതാ ബോധത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് മാനസിക വിഭ്രാന്തിയോളമെത്തുന്ന അവസ്ഥയായിരുന്നു വിവിയന്റേത്. എലിയറ്റിനെന്നല്ല സ്വന്തം സഹോദരങ്ങൾക്ക് പോലും ജീവിതം കഠിനമാക്കിയിരുന്നു അവർ. മാനസിക പ്രശ്നങ്ങൾക്ക് ഇന്നത്തേതു പോലെ കൃത്യമായി ചികിത്സയുളള, സഹിഷ്ണുതയോടെയും അനുകമ്പയോടും കാണണമെന്നു മനസ്സിലാക്കുന്ന, കാലമായിരുന്നില്ല അന്നെന്ന് ഓർക്കണം.

വിവിയനൊപ്പമുള്ള  അസമാധാനം നിറഞ്ഞ ജീവിതമാണ് എലിയറ്റിന്റെ മാസ്റ്റർപീസായ വെയ്സ്റ്റ് ലാൻഡിന്റെ എഴുത്തിന് പ്രചോദനമായത് എന്നാണ് പരക്കെ പറയപ്പെടുന്നത്. സഹനത്തിന്റെ പാരമ്യത്തിൽനിന്ന് ഉരുവായതിന്റെ വീര്യമാകാം വെയ്സ്റ്റ് ലാൻഡിന്റെ വിജയത്തിന് കാരണം.

എലിയറ്റ് തന്നെ പറഞ്ഞിട്ടുള്ളത് ‘വിവാഹം അവൾക്ക് ഒരു സന്തോഷവുമേകിയില്ല. എനിക്കു തന്നതാവട്ടെ ദ് വെയ്സ്റ്റ് ലാൻഡ് എഴുതാനുള്ള മാനസികാവസ്ഥയും.’ എന്നാണ്. ‘സഹനത്തിന്റെ പാതയിൽ ജീവിക്കുന്നവനും സൃഷ്ടിപരതയും തമ്മിലുള്ള ദൂരം മുൻപ് ധരിച്ചിരുന്നതിലും കുറയുന്ന അവസ്ഥ’ എന്നാണ് എലിയറ്റിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കത്തുകളിലെ ഒരു വരി ഇതിനെക്കുറിച്ചു പറയുന്നത്.

മിഡിൽടൺ മുറേയ്ക്ക് എഴുതിയ ഒരു കത്തിൽ എലിയറ്റ് ചോദിക്കുന്നുണ്ട്, എനിക്ക് എന്റെ മരണം കൊണ്ടോ ജീവിച്ചിരുന്നു കൊണ്ടോ മറ്റൊരാളെ കൊല്ലാൻ എന്തവകാശം എന്ന്. തന്റെ മരണവും ഒന്നിച്ചുള്ള ജീവിതവും വിവിയനെ ഒരുപോലെ തകർക്കും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഡാന്റേയുടെ ആരാധകൻ സ്വന്തം ഇൻഫേർണോയിൽ പുകഞ്ഞ് നീറുകയായിരുന്നു.

എലിയറ്റ് നടത്തിയിരുന്ന ദി ക്രൈറ്റീരിയൻ എന്ന മാസികയിൽ പല തൂലികാനാമങ്ങളിലും വിവിയൻ എഴുതിയിരുന്നു. ചെറുകഥകൾ, നിരൂപണങ്ങൾ എന്നിവയാണ് എഫ് എം, ഫാനി മാർലോ, ഫെയ്റോൺ മോറിസ്, ഫെലിസ് മോറിസൺ എന്നിങ്ങനെ പല പേരുകളിൽ അവർ എഴുതിയിരുന്നത്.

വിവിയന്റെ മരണം ഒരു മനോരോഗ ചികിസാലയത്തിൽ വച്ചായിരുന്നു. പാരനോയ്ഡ് സ്കീസോഫ്രീനിയയും ബൈപോളാർ ഡിസോർഡറും അരങ്ങു തകർത്ത ജീവിതം. മരണത്തിന് വളരെ വർഷങ്ങൾക്ക് ശേഷം അവരുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. വായിച്ചാൽ അവരോടും അവരിടപെട്ട എലിയറ്റ് ഉൾപ്പടെ ഉള്ളവരോടും സഹതാപം തോന്നുന്ന കുറിപ്പുകൾ.

പെയിന്റഡ് ഷാഡോ എന്ന പേരിൽ കരോൾ സെയ്മർ-ജോൺസ് വിവിയന്റെ ജീവചരിത്രം എഴുതുകയുണ്ടായി. ഇതിൽ പറയുന്നത് പ്രകാരം, പരാജയപ്പെട്ട വിവാഹ ജീവിതത്തിന്റെ മുഴുവൻ കുറ്റവും വിവിയന്റെ തലയിൽ വച്ചു കെട്ടുകയായിരുന്നു എലിയറ്റും കൂട്ടുകാരും. വിവിയൻ ബലിയാടാക്കപ്പെട്ടവൾ ആണെന്നാണ് കരോളിന്റെ അഭിപ്രായം.

തെറ്റ് ആരുടെ ഭാഗത്തെന്നും എന്താണ് അവർക്കിടയിൽ സംഭവിച്ചതെന്നും ഇനി വിശകലനം ചെയ്യുന്നത് നിരർഥകമാണ്. എന്തായാലും വിവിയൻ ഭാര്യയായിരുന്ന കാലം എലിയറ്റിന്റെ പ്രധാനപ്പെട്ട കവിതകളുടെ കാലം കൂടിയായിരുന്നു.

ടോം ആൻഡ് വിവ് എന്ന പേരിൽ ഇവർ ഇരുവരേയും കുറിച്ച് സിനിമയും നാടകവും ഇറങ്ങിയിട്ടുണ്ട്. 

വിവിയനുമായി വേർപിരിയലും അവരുടെ മരണവുമൊക്കെ കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷം എലിയറ്റ് വീണ്ടും വിവാഹിതനായി. ചെറുപ്പക്കാരിയും സുന്ദരിയും സമർഥയുമായ വലേറിയായിരുന്നു വധു. എലിയറ്റിന്റെ സെക്രട്ടറിയായിരുന്നു അവർ. 

എട്ടുവർഷത്തിനു ശേഷം എലിയറ്റ് മരിക്കുന്നതുവരെ തുടർന്നു ആ സന്തോഷം നിറഞ്ഞ ദാമ്പത്യം. അക്കാലമത്രയും എലിയറ്റിന്റെ ആദ്യ വായനക്കാരിയും ലിറ്റററി എഡിറ്ററും വലേറിയായിരുന്നു.

'എ ഡെഡിക്കേഷൻ ടു മൈ വൈഫ്' എന്ന കവിത ഈ ദാമ്പത്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എലിയറ്റ് എഴുതിയത്. എലിയറ്റിന്റെ പ്രശസ്ത കവിതകളോടു ചേർത്ത് ചിന്തിക്കുമ്പോൾ യാതൊരു പ്രത്യേകതകളും അവകാശപ്പെടാനില്ലാത്ത ബാലിശമായ ഒരു കവിത എന്നേ ഇതിനെ പറയാനാകൂ.

ദ് വെയ്സ്റ്റ് ലാൻഡ്, എ ഡെഡിക്കേഷൻ ടു മൈ വൈഫ് എന്നീ കവിതകളുടെയും ജീവിതത്തിന്റെയും വിജയപരാജയങ്ങളെ താരതമ്യം ചെയ്താൽ വിരോധാഭാസങ്ങളേ കാണാനാവൂ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഗംഭീര കവിത എന്നും ആധുനിക കവിതയുടെ നെടുംതൂൺ ആയ സൃഷ്ടി എന്നുമൊക്കെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ദ് വെയ്സ്റ്റ് ലാൻഡ്.

ഏറ്റവും മോശമായ സാഹചര്യത്തിലെഴുതിയ കവിത അതി ഗംഭീരവും സംതൃപ്ത ജീവിതത്തിലെഴുതിയത് അപ്രസക്തവും അപ്രധാനവും. ജീവിതം സന്തോഷകരമല്ലാത്ത കാലത്ത് കവിതയിൽ ആശ്രയം തേടുകയായിരുന്നു കവി. പിന്നീട് സന്തോഷവും സംതൃപ്തിയും കവിതയുടെ തീക്ഷ്ണത കുറയ്ക്കുകയും ചെയ്തു. 

അസമാധാനത്തിൽനിന്നു വിപ്ലവങ്ങളും മികച്ച കലാസൃഷ്ടികളും ഉണ്ടാകുന്നത് ലോക വ്യാപകമായിത്തന്നെ കണ്ടിട്ടുള്ളതാണ്. പക്ഷേ, മൂല്യമേറുന്ന കലാസൃഷ്ടികൾ ഉണ്ടായേക്കാം എന്നതുകൊണ്ട് മാത്രം ആരും അസമാധാനത്തെ ആഗ്രഹിക്കില്ലല്ലോ; അതും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കാലത്തും മികച്ചവ ഉണ്ടാകാമെന്നിരിക്കെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA