sections
MORE

അവസാനകവിത കൈമടക്കിൽ സൂക്ഷിച്ച് മാഞ്ഞുപോയ സാഹിത്യ വസന്തം

a-ayyappan
SHARE

‘കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ...’ ഈ വരികൾ ഓർമയില്ലേ? അതെഴുതിയ കവി ഇന്ന് ഓർമ മാത്രമാണ്. മലയാളിക്ക് അത്ര വേഗം മായ്ച്ചു കളയാൻ പറ്റാത്ത പേരാണ് എ. അയ്യപ്പൻ. മലയാളകവിതയിൽ പൊള്ളുന്ന വരികൾ കൊണ്ട് അടയാളമിട്ട ആ കവി വിടപറഞ്ഞിട്ട് ഒൻപതു വർഷം പിന്നിടുന്നു. കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ച് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തിയ കവിയാണ് എ.അയ്യപ്പൻ. കവിയുടെ ജീവിതപാതയിലേക്ക് ഒരെത്തിനോട്ടം.

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു; പതിനഞ്ചാം വയസ്സിൽ അമ്മയും. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവ് വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

വെയിൽ തിന്നുന്ന പക്ഷി, എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ബലിക്കുറിപ്പുകൾ,  ചിറകുകൾ കൊണ്ടൊരു കൂട്, കൽക്കരിയുടെ നിറമുള്ളവൻ, ജയിൽമുറ്റത്തെപ്പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ, മണ്ണിൽ മഴവില്ല് വിരിയുന്നു, കാലംഘടികാരം തുടങ്ങിയവയാണ് പ്രധാനകൃതികൾ. തെറ്റിയോടുന്ന സെക്കൻഡ് സൂചി എന്ന ഓർമക്കുറിപ്പുസമാഹാരവുമുണ്ട്. 

‘വെയിൽ തിന്നുന്ന പക്ഷി’ക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കനകശ്രീ പുരസ്കാരം, പണ്ഡിറ്റ് കെ.പി കറുപ്പൻ പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം 2010–ല്‍  കവിതയ്ക്കുള്ള ആശാൻ പുരസ്കാരം എന്നിവയടക്കം ധാരാളം അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ആശാൻ പുരസ്കാരം ഏറ്റുവാങ്ങാൻ പോകുന്നതിന്റെ രണ്ടു ദിവസം മുൻപാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തിനരികിലെത്തിയത്. തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹം ഒക്ടോബർ 26-ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു.

അയ്യപ്പന്റെ ജീവിതത്തെപ്പറ്റി ‘ഇത്രയും യാതഭാഗം’ എന്ന പേരിൽ ഒഡേസ സത്യൻ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.

അവസാന കവിത


പല്ല്

അമ്പ് ഏതു നിമിഷവും

മുതുകിൽ തറയ്ക്കാം

പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും

എന്റെ രുചിയോർത്ത്

അഞ്ചെട്ടു പേർ

കൊതിയോടെ

ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതിൽ തുറന്ന്

ഒരു ഗർജ്ജനം സ്വീകരിച്ചു

അവന്റെ വായ്‌ക്ക് ഞാനിരയായി

ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി എഴുതി ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് ഈ കവിത. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA