sections
MORE

ഇന്ദ്രിയാതീതമായി ഒന്നുമില്ല; നമ്മെ ഭയപ്പെടുത്തുന്നത് ഉള്ളിലെ ഭയം: ഇന്ദുഗോപൻ സംസാരിക്കുന്നു

SHARE

വർത്തമാനകാല മലയാള ചെറുകഥയിലെ വേറിട്ട ശബ്ദമാണ് ജി.ആർ. ഇന്ദുഗോപൻ. തികച്ചും സാധാരണ മനുഷ്യരുടെ ജീവിതവും വൈകാരിക ചുറ്റുപാടുകളും ഇന്ദുഗോപന്റെ എഴുത്തിനു വിഷയമാകുന്നു. അതേസമയം, ആഖ്യാനത്തിലും ഭാഷയിലും അത് അസാധാരണമാംവണ്ണം വേറിട്ടുനിൽക്കുകയും ചെയ്യുന്നു. പകയും പ്രണയവും പ്രതികാരവും നിസ്സഹായതയുമൊക്കെ ഇഴചേർന്നുകിടക്കുന്ന കഥകളിൽ പലതിനും പശ്ചാത്തലമായി ഒരു മൂടൽമഞ്ഞുപടലം പോലെ നിഗൂഢതയും അതിൽനിന്നു പടർന്നു വ്യാപിക്കുന്ന ഭയവുമുണ്ട്. ഇന്ദുഗോപനുമായുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ

∙ നിഗൂഢത എഴുത്തിന്റെ പശ്ചാത്തലസംഗീതം

മിസ്റ്ററിക്ക് അതിന്റേതായിട്ടുള്ള ഒരു സൗന്ദര്യതലമുണ്ട്. അത് കൂമ്പിയ ഒരു പുഷ്പത്തിന്റെ സൗന്ദര്യമാണ്. എന്നാൽ വിടർന്നു നിൽക്കുന്ന ഒരു പുഷ്പത്തിന്റെ സൗന്ദര്യമാണ് അപസർപ്പക കഥയ്ക്ക്. വിരിഞ്ഞു നിൽക്കുന്ന പുഷ്പത്തിലേക്കാണ് ശലഭങ്ങൾ അല്ലെങ്കിൽ വായനക്കാർ വന്നു ചേരുന്നത്. 

∙ പല കഥകൾക്കും പിന്നിൽ ഒരു അപസർപ്പകൻ ഒളിഞ്ഞിരിപ്പുണ്ട്.

എല്ലാ മനുഷ്യരിലും ക്രൈം ഉണ്ടല്ലോ. നമ്മുടെ സംസാരം വഴിയോ പ്രവൃത്തി വഴിയോ പുറത്തു വരുന്ന അത്തരം ക്രൈമിന്റെ സംഗതികളെ ചികഞ്ഞെടുക്കുകയും അതിനെ കൂട്ടിയോജിപ്പിക്കുകയും ചെയ്യാനുള്ള സവിശേഷമായ ബുദ്ധിവിശേഷം കാണിക്കുന്ന ഒരു സാധാരണ മനുഷ്യനും അയാളുടെ സഹപാഠിയായ സർക്കിൾ ഇൻസ്പെക്ടറും. അത് ഒരു പുസ്ത പരമ്പരയായി എഴുതാനാണ് ഞാൻ ഉദ്ദേശിച്ചത്. ആദ്യത്തെ ബുക്ക് ഇറങ്ങിയിട്ട് ഒരുപാടു നാളായി. ജോലിയും മറ്റു തിരക്കുകളുമായി രണ്ടാമത്തെ പുസ്തകം പൂർത്തിയായതേ ഉള്ളൂ. കുടുംബവും തൊഴിലുമൊക്കെ കാരണമുള്ള തിരക്കുകൾ കാരണം എഴുതാൻ സമയമില്ലാതെവരിക, മാനസികമായ ഉൾപ്രേരണ കുറഞ്ഞിരിക്കുക, സർഗ്ഗാത്മകത തുടിച്ചു നിൽക്കുകയും അതേസമയം ശാരീരികമായി നമ്മൾ തളരുകയും ചെയ്യുക തുടങ്ങിയ ഘട്ടങ്ങളിലൊക്കെ നമ്മുടെ സഹായത്തിനു വരുന്ന ഒരു വിഭാഗമാണ് ഈ അപസർപ്പക കഥകൾ. അത് നമ്മളെ ഇരുത്തി എഴുതിപ്പിക്കും. നമുക്ക് ഒരു ഇരട്ട എൻജിൻ ഉള്ളിൽ ഫിറ്റ് ചെയ്യുന്നതു പോലെയുള്ള അവസ്ഥയാണ്. 

∙ സാധാരണക്കാരനായ കുറ്റാന്വേഷകൻ

ഏതു കാലത്തിനും ഏതു സ്ഥലത്തിനും അനുഗുണമായ ജെൻഡർ ഓഫ് ലിറ്ററേച്ചർ ആയിരിക്കണം നമ്മൾ പ്രൊഡ്യൂസ് ചെയ്യേണ്ടത്. അതുകൊണ്ടാണ് ഞാനൊരു അപസർപ്പകനെ സൃഷ്ടിച്ചപ്പോൾ  അതൊരു കൂലിപ്പണിക്കാരനായത്. തികച്ചും മലയാളിയായ, തലേക്കെട്ടൊക്കെ കെട്ടി ഏതു പണിക്കും പോകുന്ന ഒരാൾ. നമ്മുടെ പരിസരത്തൊക്കെ ഒരുപക്ഷേ അയാളുണ്ടാവും. ഇത് ഒരു പരമ്പരാഗത അപസർപ്പക കഥ പോലെ ആകരുത് എന്നുണ്ടായിരുന്നു. ഒരു അനുതാപത്തിന്റെ വലിയ സംഗതിയാണ് ഈ അപസർപ്പകൻ. അയാൾക്ക്  ശാസ്ത്രീയ ആയുധമില്ല, പൈപ്പ് വലിക്കുന്നില്ല. വല്ലപ്പോഴും ഒരു കുറ്റിബീഡി വലിക്കുന്ന സാധാരണക്കാരൻ. മാനുഷികതയെ ബേസ് ചെയ്തുകൊണ്ടുള്ള ഒരു അപസർപ്പക പരമ്പര. കൃത്യമായ ധാരണയോടെ ചിട്ടപ്പെടുത്തിയ കഥ. അതിന്റെയൊരു വ്യത്യാസം കുറച്ചു വായനക്കാർക്കെങ്കിലും ഫീൽ ചെയ്തത് ഈയൊരു കാരണം കൊണ്ടാണ്. നമ്മുടെ മണ്ണിന്റെ വാസനയുള്ള ഒരു അപസർപ്പക സീരീസാണിത്. അല്ലാതെ മറ്റുള്ളവരുമായുള്ള യാതൊരു ബാന്ധവവും നമുക്കില്ല. 

∙ എഴുത്തുകാരൻ അപ്രസക്തനാണ്

ഞാൻ ഒരു കഥ എഴുതിയിട്ട് മാറിനിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. എന്റെ ഒരു വ്യക്തിത്വം ആ കൃതിയിലോ അതിന്റെ സ്വഭാവത്തിലോ കർശനമായിട്ടും വരരുതെന്ന് ആഗ്രഹിച്ച്  മാറി നിൽക്കുന്ന ഒരാൾ. റൈറ്റർ അപ്രസക്തനാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആഹാരം കഴിക്കുന്നതു പോലെയുള്ള ഒരു പ്രോസസാണ് എഴുത്തും. നമ്മൾ കാണിക്കേണ്ട മര്യാദ നമ്മുടെ കഥാപാത്രങ്ങളോടാണ്. അല്ലാതെ സ്വയം കഥാകൃത്തിനോടോ വായനക്കാരോടോ അല്ല. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൊന്നും ഞാൻ സജീവമല്ലാത്തത്.

∙ കഥകളുടെ രാഷ്ട്രീയം

അങ്ങനെയുള്ള ചില കഥകളൊന്നും മനഃപൂർവം ചെയ്യുന്നതോ ഒരു പൊളിറ്റിക്കൽ സ്റ്റോറി നാളെ രാവിലെ എഴുതിക്കളയാം എന്നു കരുതുന്നതോ അല്ല. സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടെ മനസ്സിലേക്കു വരുന്നതാണ്. അല്ലാതെ അങ്ങനെ ഒരു കഥ എഴുതണമെന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. സമൂഹത്തെ കൃത്യമായി ശ്രദ്ധിക്കുന്ന ഒരു റൈറ്ററുടെ രചനയിൽ ഇത്തരം കഥകൾ കയറിവരും. സ്വാഭാവികമായും അങ്ങനെ വരണം. അങ്ങനെ വരുന്നുണ്ടല്ലോ എന്ന വിശ്വാസം എനിക്കിത്തരം കഥകൾ എഴുതുമ്പോൾ തോന്നാറുണ്ട്. 

∙ ഇന്ദ്രിയാതീതമായി ഒന്നുമില്ല

ഇന്ദ്രിയാതീത കഥകളുടെ ഒരു പുസ്തകം എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കുറെയൊക്കെ എഴുതി. അതിന്റെ ഏറ്റവും രസകരമായ കാര്യം, ഞാനൊരു വിശ്വാസിയല്ല എന്നതാണ്. പത്രപ്രവർത്തകനായിരിക്കെ, പ്രേതമുണ്ടെന്നു പറയുന്ന വീടുകളിൽ ഒറ്റയ്ക്കു താമസിച്ച് ഫീച്ചറെഴുതിയിരുന്നു. അപ്പോൾ മനസ്സിലായത്, ഇന്ദ്രിയാതീതം എന്നു പറയുന്നൊരു കാര്യം ഇല്ല. നമ്മെ ഭയപ്പെടുത്തുന്നത് സൂക്ഷ്മമായ എലമെന്റ്സ് ആണ്. പണ്ടു കണ്ട കാര്യങ്ങളെത്തന്നെ നമ്മൾ നിർവചിക്കുന്നതാണ് ഭയം. ഏറ്റവും വലിയ യുക്തിവാദിയായ എ.ടി. കോവൂർ പണ്ട് ആനമറുതയെ കണ്ട് ഒരു സെക്കൻഡ് ഭയന്നു പോയ കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന്റെ മകനൊരിക്കലും ഈ ആനമറുതയെ കണ്ട് ഓടില്ല എന്നാണ്. കാരണം ആനമറുത എന്നത് എന്താണെന്നു പോലും മകനറിയില്ല. 

നമ്മുടെ ഉള്ളിൽ കിടക്കുന്ന ചില കാര്യങ്ങളാണ് വൻ ആകാരം പൂണ്ട് നമ്മെത്തന്നെ ഭയപ്പെടുത്തുന്നത്. ഞാൻ ഒരു വലിയ പാടത്തിന്റെ നടുക്ക് ഒരു ചെറിയ വീട്ടിൽ ചിമ്മിനി വിളക്കിന്റെ പ്രകാശത്തിന്റെ ധൈര്യത്തിൽ രാത്രി കണ്ടിരുന്ന ഒരാളാണ്. ആ നിലയ്ക്ക്  ഭയം എന്നത് എനിക്ക് അപ്രസക്തമാണ്. ഭയത്തിനെ പ്രതിരോധിക്കാനുള്ള എലമെന്റ്സ് ഒന്നും ഇല്ല, പോരാടുക എന്നതു മാത്രമേ ഉള്ളൂ. നമ്മുടെ ഉള്ളിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാക്കി എടുക്കുന്നത്.  ഒറ്റക്കാലുമാത്രം ഉള്ള വികലാംഗയായ പാവം പ്രേതത്തിന്റെ കഥ ഞാൻ എഴുതിയിട്ടുണ്ട്. അതൊക്കെ ഭയപ്പെടുത്തുന്നവയായിരുന്നില്ല. ഞാനെഴുതിയിട്ടുള്ള കഥകളൊന്നും ഭയപ്പെടുത്താൻ വേണ്ടിയുള്ളവയല്ല. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ തന്നെ പ്രതിബിംബമാകുന്ന കഥകളാണവയൊക്കെ. അതുകൊണ്ടുതന്നെ ഇന്ദ്രിയാതീതമായ ഒരു അനുഭവങ്ങളും എനിക്കില്ല.

∙ സംവിധാനത്തിനു സമയം വേണം

സിനിമാ സംവിധാനം വലിയൊരു കോഓർഡിനേഷൻ വേണ്ട പ്രക്രിയ ആണ്. മനുഷ്യരെ ഒത്തൊരുമിപ്പിച്ചു കൊണ്ടു പോകണം. അതിൽ മിടുക്കരായ ആൾക്കാർ ഉണ്ടെന്നിരിക്കെ അതിന്റെ പുറകെ പോയാൽ എഴുത്തിനെ അതു ബാധിക്കുമെന്ന് ഒരു സിനിമ ചെയ്തതുകൊണ്ട് മനസ്സിലായി. സംവിധാനം പറ്റാത്ത ഒരു പണിയല്ല. സമയമാണ് പ്രശ്നം. അല്ലാതെ സംവിധാനത്തിനോടു വിരക്തിയില്ല.

∙ എഴുത്തുകാർ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ

രാഷ്ട്രീയത്തിൽ എഴുത്തുകാർ ഇടപെടുന്നത് മോശം സംഗതിയല്ല. സമൂഹത്തിന്റെ ഭാഗമാണ് എഴുത്തുകാർ. പ്രകടമായ രാഷ്ട്രീയ ചായ്‍വ് കാണിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്ത എഴുത്തുകാരുണ്ട്. എന്നെ സംബന്ധിച്ച് തൽക്കാലം അതു പറ്റില്ല. കാരണം സമയമില്ല. എഴുത്തുകാർ പലപ്പോഴും  രാഷ്ട്രീയത്തിൽ ഇടപെടാത്തത് അവർ രാഷ്ട്രീയ നിരക്ഷരരായതുകൊണ്ടല്ല, ഈ സമയക്കുറവു കൊണ്ടാണ്. 

∙ പത്രപ്രവർത്തനം എഴുത്തിനെ ശക്തമാക്കി

പത്രപ്രവർത്തനം എഴുത്തിനെ പതിന്മടങ്ങ് ശക്തിപ്പെടുത്തുകയായിരുന്നു. സമീപത്തേക്കു വന്ന മനുഷ്യരെയൊക്കെ ഞാൻ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് മനുഷ്യർ വന്നു, കണ്ടു, അവരുടെ കഥകൾ കേൾക്കാൻ പറ്റി. പക്ഷേ അപ്പോഴെല്ലാം മറ്റൊരു കണ്ണ് നമ്മൾ തുറന്നു വച്ചു. പത്രപ്രവർത്തകൻ കാണേണ്ട മട്ടിലല്ലാത്ത ഒരു കണ്ണ്. സകല സൂക്ഷ്മതകളോടും കൂടി അത് വരണമെന്നുള്ള മട്ടിൽ ഉള്ള എഴുത്താണ് ഞാൻ പത്തുപന്ത്രണ്ടു വർഷമായി സ്വീകരിച്ചു വന്നിട്ടുള്ളത്.  

∙ എഴുതുന്നതിന്റെ ആനന്ദം

ഞാൻ ഭാവന ഉപയോഗിച്ചെഴുതുന്ന ഒരാളല്ല. ജീവിതവും മനുഷ്യരും ഇല്ലെങ്കിൽ എനിക്കു പറ്റില്ല. എനിക്ക് റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ ബസ് സ്റ്റോപ്പിലോ ഇരുന്ന് ലാപ്ടോപ്പ് തുറന്നു വച്ച് എഴുതാൻ പറ്റും. വേട്ടക്കാരിയായ കുട്ടിയമ്മയുടെ ജീവിതം എഴുതിയിട്ടുണ്ട്. നെയ്യാറിലെ അജ്ഞാതനായ ഒരു മുതലപിടുത്തക്കാരനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ജീവിച്ചിരിക്കുമ്പോൾ അവർ അടയാളപ്പെടേണ്ടതായിട്ടുണ്ട്. 

ഞാൻ എഴുതുന്ന ആൾക്കാരൊന്നും എന്നിൽനിന്ന് അന്യരല്ല. എന്റെ യാത്രയോടൊപ്പം എല്ലാ മനുഷ്യരും ഉണ്ട്. അത് ഒറ്റപ്പെട്ടതല്ല. അതനുഭവിക്കുന്ന ആനന്ദമാണ് ഒരു റൈറ്റർക്കുള്ളത്. ബേസിക്കായി വേണ്ടത് ഒരു റൈറ്ററുടെ ആനന്ദമാണ്. പിന്നീടു മാത്രം മതി കൃതി. അതുകൊണ്ടാണ് കൃതി എന്നത് സെക്കൻഡറി ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത്. അതിനൊപ്പം നിന്നില്ലെങ്കിൽ റൈറ്റേഴ്സ് ബ്ലോക്കോ ഒക്കെ ഉണ്ടാവാം. ഭാഗ്യത്തിന് എനിക്കത് ഉണ്ടായിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA