ADVERTISEMENT

എന്താണു കവിത എന്ന ചോദ്യത്തിനു ശ്രീകുമാർ കരിയാട് നൽകുന്ന മറുപടി ഇങ്ങനെയാണ്: ‘സാധാരണ ജീവിതാനുഭവങ്ങളിൽനിന്നും വളരെ ദൂരെ മാറി നിൽക്കുന്ന ഒരു പ്രതിഭാസം’. മലയാളകവിതയിൽ വേറിട്ടുനിൽക്കുന്നതാണു ശ്രീകുമാറിന്റെ ശബ്ദം. കവിതയുടെ വഴിയിൽ അദ്ദേഹം എത്തപ്പെട്ടിട്ടു കാൽനൂറ്റാണ്ടുകാലം പൂർത്തിയാകുന്നു.

∙ രചനാവഴിയില്‍ എത്തപ്പെട്ടത് എങ്ങനെ?

book-and-author-1

കവിതയിലേക്കുളള എന്റെ വരവ് അറച്ചറച്ചായിരുന്നു. ഇവിടെ പറഞ്ഞതുപോലെ സാധാരണ അനുഭവങ്ങളില്‍ നിന്നും വളരെ അകലെ നില്‍ക്കുന്ന ഒരു പ്രതിഭാസമായാണ് അന്നും ഇന്നും കവിതയെ കാണുന്നത്. മനുഷ്യനെ എന്നും വ്യാമോഹിപ്പിക്കുകയും ഭാഷയിലൂടെ ജീവിതത്തിന്റെ മറുപുറങ്ങളിലേക്കു കൊണ്ടുപോവുകയും ചെയ്യുന്ന അപൂര്‍വാനുഭവമാണ് കവിത. കവിത എഴുതാത്തവരും കവിതയെ മാനിക്കുന്നത് ഈ അപ്രാപ്യത കൊണ്ടാണെന്നു തോന്നുന്നു. കവിയിലൂടെ ഉരുത്തിരിയുന്ന അയാളുടെ മിത്താണു കവിത എന്നു ഞാന്‍ കരുതുന്നു. ഒരു നിഗൂഢകലയെന്ന നിലയില്‍ കവിതയെ നോക്കിക്കാണുന്നവനാണ് ഞാന്‍.

കവിയായിരുന്ന അച്ഛന്‍ തീര്‍ച്ചയായും എനിക്ക് കവിതയോട് ഒരു സ്വകാര്യമായ അടുപ്പം ഉണ്ടാക്കി. എന്നാല്‍, വൃത്തബദ്ധമായ  കവിതകള്‍ മാത്രം എഴുതിയിരുന്ന അദ്ദേഹം ബോധപൂര്‍വം എന്നില്‍ ഇടപെട്ടിരുന്നില്ല. ഒന്നാം ക്ലാസു മുതലുളള പാഠപുസ്തക കവിതകളിലൂടെ ഞാന്‍ മെല്ലെ കവിതാലോകത്തെത്തി. കുമാരനാശാനും വെണ്ണിക്കുളവും പളളത്തു രാമനും കൂത്താട്ടുകുളം മേരി ജോണും ജിയും കുഞ്ചനും തുഞ്ചനും കേരളവര്‍മയുമൊക്കെ എഴുതിയ ആ കവിതകളിലെ ആശയങ്ങളെക്കാള്‍, അവയുടെ നിഷ്കളങ്കഭാവമാണ് എന്നെ ആകര്‍ഷിച്ചത്. 

∙ കോളജിലെത്തുന്നതോടെയാണ് കവിതയുടെ വഴിയിൽ പെട്ടെന്നൊരു മാറ്റം സംഭവിക്കുന്നത്?

book-and-author-3

അതെ, കവിതയുടെ ഈ സൗമ്യഭാവത്തിന് എന്റെ കൗമാരകാലത്തോടെ പെട്ടെന്നൊരു മാറ്റം വന്നു. ആധുനികതയുടെ ഇരുണ്ട ലോകങ്ങള്‍ കൂടുതല്‍ പരിചിതമാകാന്‍ തുടങ്ങിയ കാലം. കോളജില്‍ വച്ചു തന്നെ ആധുനികതയുമായി ബന്ധപ്പെട്ട ഈ ഭാവുകത്വം ഉറച്ചുകഴിഞ്ഞു. വളരെ സ്വകാര്യമായി കവിതയെഴുതാനും തുടങ്ങി. കാലടി ശ്രീ ശങ്കരാകോളജില്‍ ചുളളിക്കാടും സച്ചിദാനന്ദനും വന്ന് ഒരു ക്ലാസ് മുറിയിലിരുന്നു രാവിലെ മുതല്‍ കവിതകള്‍ ചൊല്ലിയത് എന്നിലെ കവിയെ ഒന്നുകൂടി ജാഗ്രതപ്പെടുത്തിയെന്നു തോന്നുന്നു. ചുളളിക്കാടിന്റെ രീതിയില്‍ ധാരാളം കവിതകള്‍ എഴുതി സൂക്ഷിച്ചു, മിക്കവയും കീറിക്കളയുകയും ചെയ്തു. അക്കാലത്തു കേരള സർവകലാശാല നടത്തിയ ഒരു സാഹിത്യ ക്യാംപിൽ  പങ്കെടുത്തതോര്‍ക്കുന്നു. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, വി. രാജാകൃഷ്ണന്‍ എന്നിവരായിരുന്നു നേതൃത്വം വഹിച്ചത്. വി. രാജാകൃഷ്ണനും നരേന്ദ്രപ്രസാദും ആധുനികതയെപ്പറ്റിയും ഇമേജറികളെപ്പറ്റിയും വിശദീകരിക്കുകയും സൂക്ഷ്മമായ വായന എങ്ങനെയാണു സംഭവിക്കുന്നതെന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. സിനിമയും ചിത്രകലയുമൊക്കെയായി ബന്ധിപ്പിച്ച ആ സംസാരങ്ങള്‍ പുതിയ ഒരുള്‍ക്കാഴ്ച ഉണ്ടാക്കി. പി. ലങ്കേഷ്, ജി അരവിന്ദന്‍, എം.കെ.സാനു, വി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഞങ്ങളോടു സംസാരിച്ചു. ലങ്കേഷ് ‘സ്മോള്‍ ഈസ്  ബ്യൂട്ടിഫുള്‍‘ എന്ന ഷൂമാക്കറുടെ പുസ്തകത്തെപ്പറ്റി വിശദീകരിച്ചതോര്‍ക്കുന്നു. പിന്നീടു ബാലഹനുമാന്‍ സൂര്യനെ പിടിക്കാന്‍ ചാടുന്ന പോലെ ഞാന്‍ കവിതയുടെ നേര്‍ക്കു ചാടാന്‍ തുടങ്ങി. കവിതയുടെ ആയുധാഘാതത്താല്‍ പലതവണ മുറിഞ്ഞു മൂക്കുകുത്തി വീണു. അത്തരം പരാജയങ്ങളുടെ വലിയ ഒരു പാതയിലൂടെ ഞാന്‍ കവിതയില്‍ സഞ്ചരിച്ചിട്ടുണ്ടെന്നു സാരം.

∙ രചനാവഴിയിൽ സ്വാധീനം ചെലുത്തിയവർ ആരൊക്കെ?

കവിത ഏറെ എഴുതിയിട്ടും അപൂര്‍ണതാഭയം കൊണ്ട് ആരെയും കാണിക്കാറില്ലായിരുന്നു. ബന്ധുവും ജ്യേഷ്ഠകവിയുമായ ജയപ്രകാശ് അങ്കമാലിയുമായി ഇടയ്ക്കു കാണാറുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ കവിത കാണിക്കാറില്ലായിരുന്നെങ്കിലും കവിത എഴുതാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു.

ഇതിനിടയിലാണ് മറ്റൊരു ജ്യേഷ്ഠകവിയായ സച്ചിദാനന്ദന്‍ പുഴങ്കരയെ പരിചയപ്പെട്ടത്. പതിവുശീലം വിട്ട് എന്റെ കവിതകള്‍ അദ്ദേഹത്തെ കാണിക്കാന്‍ ഞാന്‍ തുനിഞ്ഞു. സ്നേഹമസൃണമായ തീക്ഷ്ണവിമര്‍ശനത്തോടെ നിരസൂയം എന്റെ കവിതയെ അദ്ദേഹം സമീപിച്ചു. എന്നെ കവി എന്ന് ആദ്യം അഭിസംബോധന ചെയ്തത് പുഴങ്കര തന്നെ. ഞാന്‍ ഇവിടെ പേരുപറയാത്ത വേറെ ചില പ്രാദേശിക കവികളാകട്ടെ, എന്റെ കവിതയെഴുത്തിനെ തടയുന്ന രീതിയില്‍ കൂര്‍ത്ത കുത്തുവാക്കുകള്‍ പറഞ്ഞു. 

തന്റെ നാട്ടിലെ ഒരു കവിയരങ്ങില്‍ പുഴങ്കര എന്റെ പേരു ചേര്‍ത്തു. എസ്. കണ്ണനും ആ കവിയരങ്ങില്‍ ഉണ്ടായിരുന്നു. പി. രാമനെ പരിചയപ്പെടുത്തിയതും പുഴങ്കരയാണ്. പിന്നീട് ഞാനും പുഴങ്കരയും കണ്ണനും  കുഴൂര്‍ വിത്സണും രാമനും രൂപേഷ് പോളും ഒക്കെ ചേര്‍ന്നു നടത്തിയ കവിതാ സംഭാഷണങ്ങള്‍ സമാന്തരമായി മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്താണ്  ആറ്റൂര്‍ എഡിറ്റ് ചെയ്ത പുതുമൊഴിവഴികളൊക്കെ വരുന്നത്. ഞാനും കണ്ണനുമൊക്കെ സ്വകാര്യമായി ധാരാളം എഴുതുന്ന കാലത്തും അധികമൊന്നും പ്രസിദ്ധീകരിച്ചുവന്നിരുന്നില്ല. എങ്കിലും സിനിമ, ചിത്രകല, നോവല്‍, സംഗീതം, ഭ്രാന്ത് തുടങ്ങിയവയുമായി ബന്ധപ്പെടുത്തി കവിതയെ കാണുന്ന ഒരു ശീലം ഞങ്ങള്‍ക്കുണ്ടായിരുന്നു. 

വട്ടം ഉടക്കി ഏതു വിശുദ്ധകവിതയുടേയും പരിപ്പെടുക്കുന്ന ഒരു  സ്വഭാവം അക്കാലത്ത് എനിക്കുണ്ടായിരുന്നു. അക്കാലത്തുതന്നെയാണ് എസ്. ജോസഫുമായി പരിചയപ്പെട്ടതും. തൊണ്ണൂറുകളിലെ സാമ്പ്രദായിക പുതുകവിതാരീതിയോടും ആറ്റൂര്‍ തുടങ്ങിയവര്‍ ഉന്നയിക്കുന്ന വാദങ്ങളോടും പൊരുത്തപ്പെടാന്‍ എനിക്കു സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ കവിതയിലെ പദാവലികളും വേറൊന്നായിരുന്നു. ഇതിന് എന്റെ ആദ്യസമാഹാരമായ  മേഘപഠനങ്ങള്‍ ( 2002) തെളിവാണ്. അക്കാലത്തുതന്നെ എന്റെ ധാരാളം കവിതകള്‍ സമകാലിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നു. നിലാവും പിച്ചക്കാരനും, തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം, മാഞ്ഞുപോയില്ല വൃത്തങ്ങള്‍, പഴയ നിയമത്തില്‍ പുഴകള്‍ ഒഴുകുന്നു തുടങ്ങിയവ എന്റെ സമാഹാരങ്ങളാണ്. എന്റെ അടുത്ത സമാഹാരം ‘ലെനിനും വസന്തവും കാമവും’ പാപ്പാത്തി ഉടന്‍ പ്രസിദ്ധീകരിക്കും.

∙ കവിതയിലെ വെല്ലുവിളികള്‍, എഴുത്തിലെ പ്രതിസന്ധികള്‍ എന്തെല്ലാമാണ്? 

ആധുനികോത്തരമെന്നും നവീനമെന്നുമൊക്കെ സ്വയം വിശേഷിപ്പിക്കുമ്പോഴും വളരെ സെക്ടേറിയനായ സമീപനങ്ങളാണ് ഇന്നത്തെ കവിതാ മേഖലയില്‍ കാണുന്നത്. കവിതയെ ജാതി, മത ഡിസ്കോഴ്സുകളുടെ വെളിച്ചത്തില്‍ മാത്രം വിലയിരുത്തുന്ന ഒരു രീതി വളരെ അധീശരൂപം പ്രാപിച്ചുകഴിഞ്ഞു. ഒരര്‍ത്ഥത്തില്‍ ലോകകവിതയില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളോടു സംവദിച്ചുകൊണ്ടിരുന്ന നമ്മുടെ  രീതി നാം കൈവിട്ടു. നമ്മുടെ ബുദ്ധിയുടെയും ഭാവനയുടെയും വട്ടം കുറഞ്ഞു. ഉപരിപ്ലവമായ റിയലിസ്റ്റിക്ക് ശൈലികളില്‍ പേലവമായി നടത്തുന്ന ആത്മകഥനങ്ങള്‍ മാത്രമായിക്കഴിഞ്ഞു ഇന്ന് കവിത. ഒറ്റപ്പെട്ട് വളരെ കുറച്ചുപേര്‍ മാത്രം കവിതയുടെ സങ്കീര്‍ണതകളെ അഭിസംബോധനചെയ്യുന്നു. അവര്‍ക്ക് മാധ്യമ ശ്രദ്ധയും തുലോം കുറവ്. കവി, സമൂഹോദ്ധാരകന്‍, യൂണിവേഴ്സിറ്റി പ്രഫസര്‍ അല്ലെങ്കില്‍  ഗുമസ്തന്‍, തത്വചിന്തകന്‍ എന്നീ സ്വത്വങ്ങള്‍ ഒരേസമയം താങ്ങുന്ന ഒരു മള്‍ട്ടിപ്ലക്സ് അഹമാണ് ഇന്ന് ഒട്ടേറെ കവികളെ നിയന്ത്രിക്കുന്നത്. അവര്‍ ഇടയ്ക്കിടയ്ക്കു പ്രഖ്യാപനങ്ങള്‍ ഛര്‍ദ്ദിക്കുന്നു. മാധ്യമ മാനേജുമെന്റുമായും സര്‍വകലാശാലകളുമായും രഹസ്യകച്ചവടം നടത്തുന്നു. അവര്‍ ഓക്കാനം വരുത്തുന്ന രീതിയില്‍ നമുക്ക് അതി-പരിചിതരായിക്കൊണ്ടിരിക്കുന്നു. വിശേഷാല്‍പ്പതിപ്പുകളിലും മുട്ടിനുമുട്ടിനു നടക്കുന്ന സാംസ്കാരികപരിപാടികളിലും അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമൊക്കെ ഇവരുടെ വിരസാവര്‍ത്തനങ്ങളാണ് നാം സഹിക്കുന്നത്.  മധ്യവയസ്കരും വൃദ്ധരും പ്രമേഹരോഗികളുമാണിവരില്‍ ഭൂരിപക്ഷവും. ഏറ്റവും പുതിയ തലമുറയുടെ കാവ്യഭാവനയ്ക്കോ കാവ്യചിന്തയ്ക്കോ ഇന്ന് മാധ്യമങ്ങള്‍ പ്രാതിനിധ്യം കൊടുക്കുന്നില്ല. ഒരു വിശേഷാല്‍പതിപ്പിലെ വിഭവങ്ങള്‍ ആര്‍ക്കുമിന്നു പ്രവചിക്കാനാകുന്നു. ക്രമം തെറ്റിക്കാന്‍ എഡിറ്റര്‍മാര്‍ക്കാകുന്നില്ല. മലയാളി മധ്യവര്‍ഗജീവിതം  കൂടുതല്‍ സമ്പന്നതകള്‍ ആര്‍ജ്ജിക്കാന്‍ ആര്‍ത്തിപിടിക്കുന്നതിന്റെ പ്രതിബിംബങ്ങള്‍ കവിതാരംഗത്തും നിഴല്‍ വീഴ്ത്തുന്നു.

∙ ഇപ്പോള്‍ ഫെയ്സ്ബുക്കിൽ എഴുതുന്ന കുറുങ്കവിതകളിലേക്ക് എങ്ങനെ എത്തി

എഫ്ബി എനിക്ക് ഒരു കളിത്തട്ടാണ്. ഭാഷാലീലയും വേഡ് പണ്ണും (word pun) ഞാന്‍ എഫ്ബിയിലൂടെ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഒറ്റവരിക്കവിതകളും. മാധ്യമത്തിന്റെ സാമീപ്യം, പ്രചോദിതമായ മനസ്സിനെ അപ്പപ്പോള്‍ത്തന്നെ പബ്ലിഷ് ചെയ്യാനുളള സൗകര്യം ഒരുക്കി. ഏതാണ്ട് അഞ്ഞൂറോളം ഒറ്റവരിക്കവിതകള്‍, എണ്ണം ഇതിലും കൂടാം, ഞാന്‍ എഫ് ബിയില്‍ എഴുതിയിട്ടുണ്ട്. 201 കവിതകള്‍ സമാഹരിച്ച് ‘പഴയ നിയമത്തില്‍ പുഴകള്‍ ഒഴുകുന്നു’ എന്ന പേരില്‍ ഒരു പുസ്തകം ഹൊറൈസണ്‍ ബുക്സ് പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം തന്നെ കവിതയിണങ്ങിയ ഗദ്യ-ഫിക്‌ഷന്‍- പരമ്പരകളും ഞാന്‍ ചെയ്തിരുന്നു. എന്റെ സ്വപ്നാന്വേഷണനിരീക്ഷണങ്ങള്‍, ശിവരാത്രിക്കളളന്‍ തുടങ്ങിയ രചനകളെ പലരും അഭിനന്ദിച്ചു. എന്നാല്‍ അവയൊന്നും  പൂര്‍ത്തിയായില്ല. ശ്രദ്ധ ചിതറിപ്പോകുന്ന ഒരു സ്വഭാവം കൊണ്ടാകാം., എഴുതിയവ സൂക്ഷിച്ചുവക്കാനും തുനിഞ്ഞില്ല. എങ്കിലും അവയുടെ ഛായ പിടിച്ചെഴുതുന്ന പരോക്ഷാനുകരണങ്ങള്‍ ചിലര്‍  നടത്തിയിട്ടുളളതില്‍ സന്തോഷമുണ്ട്. ഞാന്‍ വലിയ ആളോ അനനുകരണീയനോ ആയതുകൊണ്ടല്ല ഇത് സംഭവിച്ചത്. ഞാന്‍ അനുകരണീയനും സാധാരണനും ആയതുകൊണ്ടാണ്.

ഇന്ന്  നേരിടുന്നത് 

കവി എന്ന നിലയില്‍ ആത്മാനുകരണത്തിനപ്പുറം കടക്കുകയും സ്വന്തം ശൈലിയുടെ തടവുകാരനാകാതിരിക്കുകയും ചെയ്യുകയെന്നതു വലിയ ടാസ്കാണ്. കണ്ടിഷന്‍ ചെയ്യപ്പെട്ട വൊക്കാബുലറിയും ചിന്തയുമാണ് കവിയെ, കവിതയെ ആവര്‍ത്തിപ്പിക്കുന്നത്. ഞാ‍നറിയാതെതന്നെ എഴുത്തില്‍ എന്റെ തടവുകാരനായിക്കഴിഞ്ഞു. കവിത വായിക്കുന്നവര്‍ എന്നെ കൃത്യമായി നിര്‍വചനത്തിലൊതുക്കിക്കഴിഞ്ഞു. ‘എന്റെ സ്വത്വം’ എന്നൊക്കെപ്പറഞ്ഞ് മേനി നടിക്കാനിതൊക്കെ ധാരാളം. എന്നാല്‍ ഒരു കവിയും ഈ പ്രതിച്ഛായക്കു വശംവദരാകരുത്. ഇടയ്ക്കിടയ്ക്ക് പുറത്തേക്കു തെറ്റായ മെസ്സേജുകള്‍ അയച്ചുകൊണ്ടിരിക്കാനും അകമാകെ തകര്‍ത്ത് പുതിയ മനുഷ്യനാകാനും കവി ശ്രമിക്കണം. അതാണ് എഴുത്തിലൂടെ ഒരാള്‍ നേടുന്ന സ്വാതന്ത്ര്യവും  എന്നെനിക്ക് തോന്നുന്നു. കവിത മന്ത്രവും തന്ത്രവുമാകുന്നതങ്ങിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com