ADVERTISEMENT

‘തന്റെ പ്രിയജനങ്ങളുടെ പരിഭവം തീർക്കാനും അവരെ രസിപ്പിക്കാനും അല്ലാതെ ഇന്ദുലേഖയെക്കൊണ്ടു ഗൗരവമായ വല്ല കാര്യസാധ്യവും ഗ്രന്ഥകർത്താവ് ഉദ്ദേശിച്ചിട്ടുണ്ടോ? ഈ ചോദ്യം ഈ പുസ്‌തകം ആദ്യമായി അച്ചടിച്ചു വെളിയിലായ കാലത്തുതന്നെ പല യോഗ്യന്മാരും കാര്യമായി ആലോചിച്ചതും പരസ്യമായും രഹസ്യമായും ചില വാദപ്രതിവാദങ്ങൾക്കു സംഗതിയായതും ആണെന്നു ഞാൻ കേട്ടിട്ടുണ്ട്’ എന്നു മൂർക്കോത്തു കുമാരൻ എഴുതിയത് ചന്തുമേനോൻ വിടപറഞ്ഞ് എട്ടു വർഷം കഴിഞ്ഞാണ്: 1907 ൽ, ഭാഷാപോഷിണിയിൽ.

യഥാർഥത്തിൽ, ഇന്ദുലേഖയുടെ രചനയ്ക്കു പിന്നിൽ ചില സമകാലിക സംഭവങ്ങളുടെ അദൃശ്യസ്വാധീനം വായിച്ചെടുക്കാനാകും. തനിക്കു നേരിട്ടറിവുള്ള ഒരു യഥാർഥ സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ചന്തുമേനോൻ ഇന്ദുലേഖ എഴുതിത്തുടങ്ങിയതെന്നു ഞാൻ വിശ്വസിക്കുന്നു. 1885ൽ മലബാറിൽ നടന്നത്. ആ യഥാർഥ സംഭവത്തിൽനിന്നൊരു കഥാതന്തു മെനഞ്ഞ്, സാമൂഹികപരിഷ്കരണം കൂടി ലക്ഷ്യമിട്ട്, മലബാറിൽ നടക്കുന്ന ഒരു പ്രണയകഥ ചമയ്ക്കുകയായിരുന്നു ചന്തുമേനോൻ. ഇന്ദുലേഖയെക്കുറിച്ചുള്ള ഗവേഷണം തുടങ്ങേണ്ടത് ഇവിടെനിന്നാണ്.

O-Chandu-Menon
ഓ. ചന്തുമേനോൻ

 

 പ്രചോദനമായ യഥാർഥ സംഭവം

അത് ഒരു കോടതി വ്യവഹാരമായിരുന്നു. 1885 ൽ, ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ ചെലവു വഹിക്കാനാവശ്യപ്പെട്ടു മലബാറിലുള്ള ഒരു തറവാട്ടിലെ ഇളയ അംഗം കാരണവർക്കെതിരെ കേസു കൊടുത്തു വിജയിച്ചു. ഇംഗ്ലിഷ് വിദ്യാഭ്യാസത്തെ അത്രമേൽ പിന്താങ്ങിയിരുന്ന ചന്തുമേനോൻ ഈ കേസിൽ ഏതെങ്കിലും വിധത്തിൽ ഇടപെട്ടിരുന്നോ എ ന്നു വ്യക്‌തമല്ലെങ്കിലും ഈ സംഭവത്തെപ്പറ്റി അക്കാലത്തു വന്ന പത്രവാർത്ത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുതന്നെ വിശ്വസിക്കാം. അതായത്, പഞ്ചുമേനോനും അനന്തരവൻ ശിന്നനും യഥാർഥ മാതൃകകൾ ഉണ്ടായിരുന്നു.  ഇന്ദുലേഖയിലേക്കു വഴിതെളിച്ച പ്രചോദനത്തിന്റെ നുറുങ്ങുവെട്ടം ഈ കേസായിരുന്നിരിക്കണം. നോവലിൽ, ശിന്നനോ മാധവനോ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ ചെലവു വഹിക്കാനാവശ്യപ്പെട്ടു പഞ്ചുമേനോനെതിരേ കേസു കൊടുക്കുന്നില്ലെന്നു മാത്രം. ഒൻപതു വയസ്സുകാരനായ മൈനർ ക ഥാപാത്രമാണ് ശിന്നൻ എന്നതാകാം അതിനു കാരണം.

ശിന്നന്റെ വിദ്യാഭ്യാസം സംബന്ധിച്ച് പഞ്ചുമേനോനും മാധവനും തമ്മിലുണ്ടായ അഭിപ്രായഭിന്നതയെച്ചൊല്ലി മാധവനെ ശകാരിക്കുന്ന ചാത്തരമേനോന്റെ സംഭാഷണത്തോടെയാണ് നോവലിന്റെ തുടക്കം. ‘സത്യത്തിൽ ശിന്നനു മാധവനെപ്പോലെയോ തറവാട്ടിലെ മറ്റേതൊരു അംഗത്തെപ്പോലെയോ വിദ്യാഭ്യാസത്തിനുള്ള അവകാശം ന്യായമായും ഉള്ളതാണെന്നും ഇങ്ങനെയുള്ള സംഭവങ്ങൾ മലബാർ തറവാടുകളിൽ വിരളമായിരുന്നില്ലെ’ന്നുമുള്ള ചന്തുമേനോന്റെ പ്രസ്താവം ആ യഥാർഥ സംഭവത്തിലേക്കുള്ള ചൂണ്ടുപലകയാണ്. (മലബാർ ആക്ടിങ് കലക്ടർ ഡ്യൂമെർഗിന് ചന്തുമേനോൻ അയച്ച കത്ത്).

Robin-Jefry
റോബിൻ ജെഫ്രി

അധികമാരും ശ്രദ്ധിക്കാതെപോയ ഈ സുപ്രധാന വ്യവഹാരത്തെക്കുറിച്ച്, റോബിൻ ജെഫ്രിയുടെ ‘ദ് ഡിക്ലൈൻ ഓഫ് നായർ ഡൊമിനൻസ്’ (1976) എന്ന ഗ്രന്ഥത്തിലെ, കേവലം ഒറ്റവരിയിലൊതുങ്ങുന്ന അടിക്കുറിപ്പിൽനിന്നാണു സൂചന ലഭിക്കുന്നത്. 1885 നവംബറിൽ കേരളപത്രിക ഈ കോടതിവാർത്തയുമായി ബന്ധപ്പെട്ട ഒരു കത്ത്  പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഇംഗ്ലിഷിലുള്ള സംഗ്രഹം  റിപ്പോർട്ട് ഓൺ നേറ്റീവ് ന്യൂസ്‌പേപ്പേഴ്‌സ്, മദ്രാസ് (1885 നവംബർ 30) പ്രസിദ്ധീകരിച്ചു. 43 വർഷം മുൻപ് പ്രസിദ്ധീകരിച്ച ഗവേഷണകൃതിക്കുവേണ്ടി ജെഫ്രി ശേഖരിച്ച രേഖകൾ വീണ്ടെടുക്കുക ദുഷ്കരമായിരുന്നു. തമിഴ്നാട് ആർക്കൈവ്സിലുണ്ടാകാമെന്ന് അദ്ദേഹവും ചരിത്രഗവേഷകൻ ചെറായി രാമദാസും ചൂണ്ടിക്കാട്ടി. തുടർന്നുള്ള അന്വേഷണത്തിൽ റിപ്പോർട്ട് ഓൺ നേറ്റീവ് ന്യൂസ്‌പേപ്പേഴ്‌സ് രേഖകൾ ല ഭിച്ചു. (തമിഴ്നാട് ആർക്കൈവ്സ് ലൈബ്രേറിയൻ ഇ. ജഗൻ പാർഥിബനു നന്ദി). 

ചെങ്കുളത്തു കുഞ്ഞിരാമമേനോന്റെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രമാണു കേരളപത്രിക. കുന്ദലതയുടെ കർത്താവായ പി.അപ്പു നെടുങ്ങാടി, പി.വേലായുധൻ എന്നിവർ പത്രാധിപസമിതി അംഗങ്ങൾ. ചന്തുമേനോനെ കൂടാതെ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, കൊച്ചി ദിവാൻ പേഷ്കാർ സി. അച്യുതമേനോൻ തുടങ്ങിയവരും ഈ പത്രത്തിന്റെ ആദ്യകാല ലേഖകന്മാരായിരുന്നു. പത്രാധിപർ കുഞ്ഞിരാമമേനോൻ താമസിച്ചിരുന്ന വീട്ടിലാണ് പിന്നീടു ചന്തുമേനോൻ കോഴിക്കോട്ടായിരുന്നപ്പോൾ താമസിച്ചിരുന്നത്. ‘ ഈ പുസ്തകത്തിലെ കഥയെപ്പറ്റി ഞാൻ ആലോചിച്ചു തുടങ്ങിയതു ജൂൺമാസത്തിന്ന് എത്രയോ മുമ്പുതന്നെ ആയിരുന്നു. അതാതു സമയം വേണ്ടുന്ന നോട്സുകളും കുറിച്ചെടുത്തുവെച്ചിട്ടുണ്ടായിരുന്നു’ എ ന്ന് രണ്ടാം പതിപ്പിന്റെ അവതാരികയിൽ പറഞ്ഞിരിക്കുന്നത് കേരളപത്രികയിൽ വന്ന വാർത്തയെക്കൂടി ഉദ്ദേശിച്ചാകാം. ഇന്ദുലേഖയെ അഭിനന്ദിച്ചു കേരളപത്രിക എഴുതിയിട്ടുള്ളതിനെക്കുറിച്ചും അവതാരികയിൽ കുറിച്ചിട്ടുണ്ട്.

റിപ്പോർട്ട് ഓൺ നേറ്റീവ് ന്യൂസ്‌പേപ്പേഴ്‌സിലെ, 1885 നവംബറിലേക്കുള്ള മലയാളം പത്രവിഭാഗത്തിൽ ‘കേരളപത്രിക’യിലെ വാർത്തയുടെ സംഗ്രഹം നൽകിയിരിക്കുന്നത് സർക്കാരിന്റെ മലയാളം പരിഭാഷകൻ എൽ.ഗാർത്‌വെയ്റ്റ് ആണ്. ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനു വേണ്ട ചെലവു വഹിക്കാൻ വിസമ്മതിച്ച കാരണവർക്കെതിരെ കോടതിയെ സമീപിച്ചു കേസു ജയിച്ച തറവാട്ടിലെ ഇളയ അംഗത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കത്തിന്റെ രത്നച്ചുരുക്കമായാണു ഗാർത്‌വെയ്റ്റ് കോടതിക്കേസിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ജെഫ്രിയുടെ അടിക്കുറിപ്പിൽ വിട്ടുപോയ ഒരു സുപ്രധാന വിവരം ഗാർത്‌വെയ്റ്റിന്റെ സംഗ്രഹത്തിൽനിന്നാണ് ലഭിക്കുന്നത്. വ്യവഹാരം നടന്ന സ്ഥലം ജെഫ്രി പറഞ്ഞിട്ടില്ല. എന്നാൽ, ന്യൂസ് പേപ്പർ റിപ്പോർട്ടിൽ മലബാർ എന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

Indulekha-In-british-library
ഇന്ദുലേഖ ബ്രിട്ടീഷ് ലൈബ്രറിയിൽ

കേരളമിത്രം, പശ്ചിമതാരക, കേരളപതാക എന്നീ പത്രങ്ങളിലെ മറ്റു വാർത്തകളെക്കുറിച്ചുള്ള പരാമർശങ്ങളും 1885 ഡിസംബർ 11 തീയതിയിലുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1859ൽ, അനാരോഗ്യത്തെത്തുടർന്ന് ജർമൻ മിഷനറി ഹെർമൻ ഗുണ്ടർട്ട് രാജിവച്ചപ്പോൾ, പിൻഗാമിയായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്ടറായ എൽ.ഗാർ‌ത്‌വെയ്റ്റ് തന്നെയാകണം ഈ വാർത്താസംഗ്രഹം തയാറാക്കിയത്. ഗുണ്ടർട്ടിന്റെ ‘മലയാള വ്യാകരണ ചോദ്യോത്തരം’ (1860 ) എന്ന ഗ്രന്ഥം പരിഷ്കരിച്ച് ഇംഗ്ലിഷ് പരിഭാഷയോടുകൂടി 1865ൽ പ്രസിദ്ധീകരിച്ചതു ഗാർത്‌വെയ്റ്റിന്റെ മേൽനോട്ടത്തിലാണ്. വീണ്ടും പരിഷ്കരിച്ചതും ദ്വിഭാഷാപ്പതിപ്പും ഉൾപ്പെടെ ഇതിന് ഒട്ടേറെ പിൽക്കാല പതിപ്പുകളുണ്ടായി. 

ചന്തുമേനോന്റെ ഔദ്യോഗിക ജീവിതം എഴുത്തിനെ സ്വാധീനിച്ചതിന്റെ തെളിവാണു ‘ശാരദ’യെന്ന, പരിഭാഷകനും നിരൂപകനുമായ ഡോ.ആർ.ഇ. ആഷറിന്റെ പ്രസ്താവം ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്: ‘Where Indu-lekha gave a picture of the section of Malabar society to which Chandu Menon belonged, Sa-rada reflected his life as a member of government services’. 

കേസിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട യഥാതഥ വിവരണങ്ങളിൽനിന്നു വ്യക്തമാകുന്നത്, എഴുത്തുകാരന് ആ സംഭവത്തെക്കുറിച്ച് നേരിട്ടറിവുണ്ടായിരുന്നു എന്നു തന്നെയാണെന്ന്, അപൂർണമായി ഒടുങ്ങിയ ശാരദയെക്കുറിച്ചുള്ള പഠനത്തിൽ ആഷർ ചൂണ്ടിക്കാട്ടുന്നു: 

‘The action of the part of the book that was printed leads up to the start of a big law–suit and the author’s intimate knowledge of the background is very apparent in his realistic portraits of the people involved in a piece of litigation.’ 

ശാരദയുടെ രചനയ്ക്കു പിന്നിൽ ഒരു വ്യവഹാരകഥയുണ്ടെങ്കിൽ, അതിനും മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട ഇന്ദുലേഖയുടെ രചനയിലും ഒരു യഥാർഥ വ്യവഹാരം സ്വാധീനിച്ചിരിക്കാം. ഇതിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോൾ, കേരളത്തിന്റെ സാമൂഹികചരിത്രഗവേഷണങ്ങളിലൂടെ വിഖ്യാതനായ റോബിൻ ജെഫ്രി പൂർണമായും യോജിച്ചു. ‘I agree with you: the links between this case and Indulekha looking tantalizing’ : അദ്ദേഹം മറുപടിയായി കുറിച്ചു. 

Indulekha-last-page
ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ അവസാന പേജ്

 

ഇന്ദുലേഖ ഒരു മറുപടി?

ഒരു ഉത്തരേന്ത്യൻ പുസ്തകത്തിനു മറുപടിയായാണോ ഇന്ദുലേഖ രചിക്കപ്പെട്ടത്? 

ഒന്നാം പതിപ്പിലെ അവസാന അധ്യായമായ ‘കഥയുടെ സമാപ്തി’ യിലെ അവസാനത്തേതിനു തൊട്ടുമുൻപുള്ള ഖണ്ഡികയിലെ ഒരു പരാമർശമാണ് ഇ ങ്ങനെയൊരു അന്വേഷണത്തിനു പ്രേരിപ്പിക്കുന്നത്. ‘ഇംക്ലീഷ പഠിച്ച ഇംക്ലീഷ സമ്പ്രദായമാവുന്നതകൊണ്ട നുമ്മടെ നാട്ടുകാരായ സ്‌ത്രീകൾക്ക അത്യാപത്ത വരുന്നു എന്ന കാണിപ്പാൻ ഇയ്യടെ വടക്കെ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്‌തകം എഴുതീട്ടുണ്ട’ എന്നാണ് ചന്തുമേനോൻ എഴുതിയത്. പ്രസിദ്ധീകരിച്ച് ആറു പതിറ്റാണ്ടുകൾക്കുശേഷം വെട്ടിനീക്കപ്പെട്ട ഈ പരാമർശം ഇന്ദുലേഖയ്ക്കു പിന്നിലെ പ്രചോദനങ്ങളിലൊന്നിലേക്കുള്ള താക്കോലാണ്. യഥാർഥത്തിൽ, സ്‌ത്രീകളുടെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനെതിരെ ആഞ്ഞടിച്ച ആ ഉത്തരേന്ത്യൻ പുസ്‌തകത്തിനു മറുപടിയായാണ് ഇന്ദുലേഖ എന്ന ഇംഗ്ലിഷ് സംസാരിക്കുന്ന മലബാർ നായർ പെൺകൊടിയെ ചന്തുമേനോൻ സൃഷ്‌ടിച്ചതെന്നു ന്യായമായും കരുതാം. ആ ഉത്തരേന്ത്യൻ പുസ്‌തകത്തിനുള്ള  മറുപടിയെന്നവണ്ണമാണ് ചന്തുമേനോൻ നോവല്‍ ഉപസംഹരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്–‘ ഇംക്ലീഷ സ്‌ത്രീകളെപ്പൊലെ നുമ്മടെ സ്‌ത്രീകൾക്ക അറിവും മിടുക്കും സാമർത്ഥ്യവും ഉണ്ടായാൽ അതകൊണ്ട വരുന്ന  ആപത്തകളെ എല്ലാം ബഹു സന്തൊഷത്തൊടുകൂടി സഹിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു. ആര എന്തതന്നെ പറയട്ടെ. ഇംക്ലീഷ പഠിക്കുന്നതകൊണ്ട എ ല്ലാ സ്‌ത്രീകളും പരിശുദ്ധമാരായി വ്യഭിചാരം മുതലായ യാതൊര ദുഷപ്രവൃത്തിക്കും മനസ്സ വരാതെ അരുന്ധതികളായി വരുമെന്ന ഞാൻ പറയുന്നില്ല. വ്യഭിചാരം മുതലായ ദുഷപ്രവൃത്തികൾ ലൊകത്തിൽ എവിടെയാണ ഇല്ലാത്തത. പുരുഷന്മാർ ഇംക്ലീഷ  പഠിച്ചവര എ ത്ര വികൃതികളായി കാണുന്നുണ്ട. അ തപൊലെ സ്‌ത്രീകളിലും വികൃതികൾ ഉണ്ടായിരിക്കും. പുരുഷന്മാർ ഇംക്ലീഷ പഠിപ്പുള്ളവർ ചിലർ വികൃതികളായി തീരുന്നതിനാൽ പുരുഷന്മാരെ ഇംക്ലീഷ പഠിപ്പിക്കുന്നത അബദ്ധമാണെന്ന പറയുന്നുണ്ടൊ.

അതുകൊണ്ട എന്റെ ഒരു മുഖ്യമായ അപെക്ഷ എന്റെ നാട്ടുകാരൊട ഉള്ള ത കഴിയുന്നപക്ഷം പെൺകുട്ടികളെ ആൺകുട്ടികളെപൊലെ തന്നെ എല്ലായ്‌പൊഴും ഇംക്ലീഷ പഠിപ്പിക്കെണ്ടതാണെന്നാകുന്നു’. ഒന്നാം പതിപ്പിലെ ഈ ഭാഗം പിൽക്കാലത്ത് ഒഴിവാക്കപ്പെട്ടതുകൊണ്ടാകാം നിരൂപകശ്രദ്ധ പതിയാതെ പോയത്. ഏതാണ് ആ ഉത്തരേന്ത്യൻ പുസ്തകമെന്നോ ആരാണ് അത് എഴുതിയതെന്നോ ചന്തുമേനോൻ രേഖപ്പെടുത്തിയിട്ടില്ല.  എഴുത്തുകാരൻ കഥാവശേഷനായി ഒരു നൂറ്റാണ്ടു പിന്നിട്ട വേളയിൽ, പുസ്തകം ഏതാണെന്ന് അനുമാനിക്കാൻ മാത്രമേ കഴിയൂ. ഒരുപക്ഷേ, മ ഹാരാഷ്ട്രയിലെ മഹാദേവ് ഗോവിന്ദ റാനഡെയുടെ രചനകളാകാം. മഹാരാഷ്ട്രയിൽ റാനഡെയുടെ കൃതികൾ വലിയ സംവാദങ്ങൾക്കു വഴി തെളിച്ചിട്ടുണ്ട്. റാനഡെയുടെ മാത്രമല്ല, ബാലഗംഗാധര തിലകന്റെ പുസ്തകങ്ങളാകാനും സാധ്യതയുണ്ടെന്നാണ് ‘ദി ഐവറി ത്രോൺ’ ഉൾപ്പെടെ വിഖ്യാതരചനകളുടെ കർത്താവായ ചരിത്രകാരൻ മനു എസ്. പിള്ളയുടെ അഭിപ്രായം. സ്ത്രീകൾ ഇംഗ്ലിഷ് പഠിക്കുന്നത് അവരെ ഇന്ത്യക്കാരല്ലാതാക്കിക്കളയും എന്നായിരുന്നു തിലകന്റെ വിശ്വാസം. അതിനും മുൻപു പാഴ്സി സമുദായത്തിലും ഇംഗ്ലിഷ് വിദ്യാഭ്യാസം സംബന്ധിച്ച സംവാദങ്ങൾ നടന്നിട്ടുണ്ട്. പത്രങ്ങളിലും ആനുകാലികങ്ങളിലും അതു സംബന്ധിച്ച ലേഖനപരമ്പരകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളതു കൂടാതെ ലഘുലേഖകളും ധാരാളമായി പ്രചരിച്ചിരുന്നെന്നു മനു ചൂണ്ടിക്കാട്ടുന്നു.  

അങ്ങനെയെങ്കിൽ, ‘വടക്കേ ഇന്ത്യൻ പുസ്തക’മെന്നു ചന്തുമേനോൻ പറഞ്ഞത് ഇത്തരമൊരു ലഘുലേഖയെക്കുറിച്ചുമാകാം. 

 

നഷ്ടപ്പെട്ട ചിത്രം

ഇന്ദുലേഖയുടെ രചനയിൽ ഒരു ഛായാചിത്രം പ്രചോദനമായിട്ടുണ്ടോ? 

‘ചന്തുമേനോൻ വെറുതെ നോവൽ എഴുതിത്തുടങ്ങുകയായിരുന്നില്ല. എഴുതുന്നതിനു മുൻപ് ഇന്ദുലേഖയെ നേരിൽ കാണണമെന്ന് അദ്ദേഹത്തിനു തോന്നി. മനസ്സിലുള്ളതു ചിത്രകാരനു വർണിച്ചുകൊടുത്തു. അങ്ങനെ വരച്ച ഇന്ദുലേഖയെ കണ്ടുകണ്ടാണ് അദ്ദേഹം നോവൽ പൂർത്തിയാക്കിയത്.’ ഇന്ദുലേഖയെ സംബന്ധിച്ചുള്ള ഗവേഷണങ്ങൾക്കിടയിൽ വായിക്കാനിടയായ ഈ നിരീക്ഷണമാണ് ഛായാചിത്രത്തെ പ്പറ്റിയുള്ള അന്വേഷണത്തിനു പ്രേരിപ്പിച്ചത്. 

നിർഭാഗ്യകരമെന്നു പറയട്ടെ, ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ, അരനൂറ്റാണ്ടു മുൻപ് നഷ്ടപ്പെട്ടെന്നു കരുതപ്പെടുന്ന ഒരു ചിത്രത്തെപ്പറ്റിയുള്ള വിശ്വസനീയമായ ചില വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.

‘ഇന്ദുലേഖയുടെ അമ്മ – ചന്തുമേനോന്റെ ഇഷ്ടഭാജനം’ എന്ന പേരിൽ , അരനൂറ്റാണ്ടു മുൻപ് പരശുരാമൻ എഴുതി, മനോരമ പ്രസിദ്ധീകരിച്ച ലേഖനമാണ് നഷ്ടചിത്രത്തിലേക്കു വെളിച്ചം വീശിയത്.

ചന്തുമേനോന്റെ നിർദേശപ്രകാരം രാജാ രവിവർമയുടെ ശിഷ്യനായ വാരിയർ ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിന്റെ ചിത്രം വരച്ച കഥയാണ് ലേഖനത്തിൽ. ചിത്രം നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച അമ്മുഅമ്മയാണ് ലേഖകന്റെ വാർത്തയുടെ ഉറവിടം. ചന്തുമേനോന്റെ പൗത്രിയിൽനിന്നാണ് ചിത്രം ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിഅമ്മയുടേതാണെന്ന് സ്ഥിരീകരിച്ചത്. ചന്തുമേനോന്റെ ജീവിതകാലത്ത് വരയ്ക്കപ്പെട്ട മനോഹരമായ ഈ ചിത്രം നഷ്ടപ്പെട്ടത് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാകണം. പിൽക്കാലത്ത് ഇന്ദുലേഖയുടെ ചിത്രമെന്നു  തെറ്റിദ്ധരിച്ചത് ഈ ചിത്രമാകണം. പരശുരാമന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ പരിശോധിക്കാം. 

‘അത് ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയുടെ ചിത്രമാണ്. വരപ്പിച്ചതു ചന്തുമേനോൻ. വരച്ചതു രവിവർമയുടെ ശിഷ്യനായ വാരിയരും. മലയാളി മഹിളകളുടെ മനോഹാരിത മാലോകർക്കു മനസ്സിലാക്കിക്കൊടുത്ത മഹാനായ ചിത്രകാരന്റെ ശിഷ്യൻ ഇന്ദുലേഖയുടെ മാതാവിന്റെ ചിത്രം രചിച്ചതു കാണാൻ ഭാഗ്യമുണ്ടായിരുന്ന ശ്രീമതി അമ്മുഅമ്മ അതിങ്ങനെ വിവരിക്കുന്നു: ‘കേരളപത്രികയുടെ ജനയിതാവായിരുന്ന ചെങ്കുളത്തു കുഞ്ഞിരാമമേനോൻ താമസിച്ചിരുന്ന വീട്ടിലായിരുന്നു പിന്നീടു ചന്തുമേനോൻ കോഴിക്കോട്ടായിരുന്നപ്പോൾ താമസിച്ചിരുന്നത്. വീട് ഇപ്പോഴുമുണ്ട്. അവിടെ തെക്കിനിയുടെ കോണി കയറി നേരേ ഇടത്തോട്ടു പോയാൽ (നാലുകെട്ടും ഉയർത്തിയ വീടാണ്) അവസാനം ചെന്നെത്തുന്നത് തെക്കിനിയുടെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന മുറിയിലാണ്. അതായിരുന്നു ചന്തുമേനോന്റെ ശയനമുറി. കുറേ വർഷങ്ങൾക്കു മുൻപ് ഞാൻ ആ മുറിയിൽ ചെന്നു കയറിയപ്പോൾ അതിന്റെ കിഴക്കേ ചുമരിൽ സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രം ചട്ടക്കൂട്ടിലിട്ടു തൂക്കിയിട്ടിരിക്കുന്നതു കണ്ടു. ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിയമ്മയുടെ സ്വരൂപം സങ്കൽപിച്ചു മുത്തച്ഛൻ വരപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പൗത്രി പറഞ്ഞത്. അതു ശരിയായിരിക്കണം’.

‘സമൃദ്ധമായ തലമുടി തുമ്പുകെട്ടി പിന്നോട്ടിട്ടിരിക്കുന്നു. നെറ്റിയിൽ കറുത്ത ചാന്തിൻപൊട്ട്. കാതിൽ കൊത്തുപണിയുള്ള തോഡ. കഴുത്തിൽ എണ്ണച്ചരടും പതക്കവും. കയ്യിൽ മുഴുവള. പാദരക്ഷയില്ല. ഒരു പുളിയിലക്കരമുണ്ട് ചുമലിൽ ഇട്ടതുകൊണ്ട് മാറു മുഴുവനായി മറയ്ക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, വിശേഷം അവിടെയൊന്നുമല്ല. ഇടത്തെ കയ്യിൽ ഒരു സംസ്കൃതശ്ലോകം മലയാളലിപിയിൽ എഴുതിയ ഓല പിടിച്ചു വായിച്ചു രസിക്കുന്ന മട്ടിലാണു നിൽപ്. ഇന്നത്തെ ശ്രദ്ധ അന്നില്ലാതിരുന്നതുകൊണ്ട് ആ ശ്ലോകം പകർത്തിയെടുത്തില്ല. കഷ്ടമായിപ്പോയി. ശൃംഗാരരസപ്രധാനമായ കവിതയാണതെന്നാണ് ഒരു നേരിയ ഓർമയുള്ളത്. അവരുടെ മുഖത്തെ പുഞ്ചിരി നല്ലപോലെ ഓർമയുണ്ട്. ആ ചിത്രം ഇന്നു കാണാനില്ല. ശ്ലോകമാകട്ടെ മറന്നുംപോയി.’

ഇന്ദുലേഖയുടെ ചിത്രം വരപ്പിക്കാതെ അമ്മയുടെ ചിത്രം വരപ്പിക്കാനുള്ള കാരണവും അന്വേഷിക്കുന്നുണ്ട്. ‘ഇന്ദുലേഖയുടെ അടിമുടി വർണന പുസ്തകത്തിലുണ്ട്. ലക്ഷ്മിയമ്മയുടെ വർണനയാവട്ടെ ഒരു ദിക്കിലും കൊടുത്തിട്ടുമില്ല. ഞാൻ പുസ്തകം മുഴുവൻ പരതിനോക്കി. ഇല്ല, ലക്ഷ്മിയമ്മയുടെ രൂപലാവണ്യം ഒരു ദിക്കിലും കാണാനില്ല.’  ആ പ്രൗഢ ചന്തുമേനോന്റെ ഇഷ്ടജനങ്ങളിൽ ഒരാളായിരിക്കണമെന്നു പറഞ്ഞാണ് പരശുരാമൻ ലേഖനം (1969 ജനുവരി 12) അവസാനിപ്പിക്കുന്നത്. 

ഒരുപക്ഷേ, ഇന്ദുലേഖയുടെ അമ്മയ്ക്കു ചന്തുമേനോൻ മാതൃകയാക്കിയത് സ്വന്തം ഭാര്യയെത്തന്നെയാകാം. അതാകാം ആ കഥാപാത്രത്തിനു ലക്ഷ്മിക്കുട്ടിയമ്മയെന്നു പേരു നൽകിയതും. ഇന്ദുലേഖയുടെ ചിത്രം വരപ്പിക്കാതെ അമ്മയുടെ ചിത്രം വരപ്പിച്ചതും അക്കാരണത്താലാകാം. മൂർക്കോത്തു കുഞ്ഞപ്പയാണ് പരശുരാമൻ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്. ചന്തുമേനോന്റെ സ്നേഹിതനും ജീവചരിത്രകാരനുമായ മൂർക്കോത്തു കുമാരന്റെ മൂത്ത മകനാണ് കുഞ്ഞപ്പ എന്നതും ഈ ലേഖനത്തിന് ആധികാരികത നൽകുന്നു. 

 

ആ ‘കിളിമാനൂർ രാജാവ്’ ചരിത്രപുരുഷനല്ല

ഇന്ദുലേഖയുടെ അച്ഛൻ ‘കിളിമാനൂർ രാജാവി’നു യഥാർഥ ജീവിതത്തിൽ മാതൃകയുണ്ടോ? 

ഇന്ദുലേഖയെ കിട്ടാതെ വന്ന സൂരി നമ്പൂരിപ്പാട് തന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയെ സംബന്ധം ചെയ്യുമെന്നു കറുത്തേടത്തു കേശവൻ നമ്പൂതിരി ആശങ്കപ്പെടുന്നുണ്ട് നോവലിൽ. ഒരാളുടെ ഭാര്യയായിരിക്കുമ്പോൾ തന്നെ വലിയൊരു ആഢ്യൻ നമ്പൂതിരി വന്ന് ആവശ്യപ്പെട്ടാൽ അയാളുമായി സംബന്ധത്തിനു സമ്മതിക്കുമോ എന്നൊരു ചോദ്യം പി.കെ. ഗോപാലകൃഷ്ണൻ ഉന്നയിച്ചിട്ടുണ്ട് (ഒ. ചന്തുമേനോൻ,1982). സ്ഥാനത്യാഗം ചെയ്ത കൊച്ചിയിലെ സർ രാമവർമ മഹാരാജാവ് എഴുതിവച്ചിരുന്ന ‘ആത്മകഥാ കുറിപ്പുകളി’ൽനിന്ന്  ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട്, ശൂദ്രർക്കിടയിൽ അങ്ങനെയും ആചാരമുണ്ടായിരുന്നു എന്നു സമർഥിക്കുകയും ചെയ്യുന്നു.

‘തൃപ്പൂണിത്തുറയിലെ പള്ളിയിൽ ഭവനത്തിൽ യശശ്ശരീരനായ രാജാവിന് (അന്ന് അദ്ദേഹം യുവരാജാവായിരുന്നു) ഒരു പോറ്റുമകൾ ഉണ്ടായിരുന്നു. പതിനാറു വയസ്സായ ആ പെൺകുട്ടി അപ്പോൾ ഭർത്തൃമതിയായിരുന്നു. ഞാനും ഒരു ‘സഹഭർത്താവാ’കാമെന്ന നിർദേശം ഞാൻ വച്ചു. അവളുടെ ഭർത്താവിനു തടസ്സമൊന്നുമില്ലാതിരുന്നതു കൊണ്ട് അപ്രകാരം നടന്നുവരികയും ചെയ്തു. അക്കാലത്ത് ഈ വക സംഗതികൾ അനുചിതമാണെന്നു കരുതിയിരുന്നില്ല. അതുകൊണ്ട് ആരും ഒന്നും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല’.

1881 നുശേഷം നടന്ന ഈ സംഭവത്തിന്റെ വെളിച്ചത്തിലാകാം, ഇന്ദുലേഖയുടെ അച്ഛനായ ‘കിളിമാനൂർ രാജാവി’നെപ്പറ്റി പല വായനക്കാരും തെറ്റിദ്ധരിച്ചത്. ‘ഇന്ദുലെഖയുടെ  അച്ഛൻ കിളിമാനൂർ രാജാവ സ്വർഗ്ഗാരൊഹണമായ ശെഷം ലക്ഷ്മിക്കുട്ടി അമ്മയുടെ ഭർത്താവായ കറുത്തെടത്ത കെശവൻ നമ്പൂരി’ എന്നാണ് ഒന്നാം പതിപ്പിലെ കഥാപാത്രങ്ങളുടെ പട്ടികയിലെ പരാമർശം. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ചരിത്രത്തിൽ ഒരന്വേഷണം നടത്തുന്നത് കൗതുകകരമായിരിക്കും. ഏതെങ്കിലും രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയ്ക്ക് ഒരു നമ്പൂതിരി ഭർത്താവായി വന്നിട്ടുണ്ടോ? അവർ പിന്നീടു മലബാറിലേക്കു പോ യോ? വാസ്തവമെങ്കിൽ ലഭിക്കുന്നത് ചരിത്രത്തിൽ മറഞ്ഞുകിടക്കുന്ന ഒരു വിധവാവിവാഹത്തിന്റെ രേഖകളാണ്. 

1880 കളിൽ കിളിമാനൂർ തമ്പുരാക്കന്മാർ തിരുവിതാംകൂറിനു പുറത്തുനിന്നുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചതായുള്ള പരാമർശങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ തിരുവിതാംകൂറിന്റെ ചരിത്രകാരൻ മനു എസ്. പിള്ള പറഞ്ഞത്. കിളിമാനൂരുമായി ബന്ധപ്പെട്ടതല്ലെങ്കിലും അത്തരം വിവാഹങ്ങൾ നടന്നിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി: 

‘രാജാ രവിവർമയുടെ മകൻ, മാവേലിക്കര കൊട്ടാരത്തിലെ കേരളവർമ ഒരു നായർ വനിതയെയാണു വിവാഹം ചെയ്തത്. 1890കളിൽ, തിരുവിതാംകൂർ ഇളയരാജാവ് ചതയം തിരുനാൾ വിവാഹം കഴിച്ചത് തൃശൂരിലെ പ്രമാണികളായ വടക്കേ കുറുപ്പത്തു കുടുംബത്തിൽനിന്നുള്ള ഒരു മേനോൻ സ്ത്രീയെയാണ് (കൊച്ചി രാജാക്കന്മാർ വധുക്കളെ കണ്ടെത്തിയിരുന്നതും ഇതേ കുടുംബത്തിൽനിന്നാണ്). 1862 ൽ ആയില്യം തിരുനാൾ മഹാരാജാവു തന്നെ തൃശൂരിനടുത്ത് മുകുന്ദപുരത്തുനിന്നുള്ള മേനോൻ സ്ത്രീയെ– പാണാപിള്ള ലക്ഷ്മി കല്യാണിപ്പിള്ള എന്ന നാഗർകോവിൽ അമ്മച്ചിയെ വിവാഹം ചെയ്തിരുന്നല്ലോ. ഇന്ദുലേഖയുടെ അച്ഛനായ തമ്പുരാനെ കിളിമാനൂർ കൊട്ടാരവുമായി ചന്തുമേനോൻ ബന്ധപ്പെടുത്തിയതിനു പിന്നിൽ ഒരു യഥാർഥ മാതൃക ഉണ്ടാകണമെന്നില്ല–  മനു എസ്. പിള്ള പറയുന്നു. 

കൗതുകകരമെന്നു പറയട്ടെ, ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭാര്യയായ കല്യാണിപ്പിള്ളയാണ് അറിയപ്പെട്ടിടത്തോളം, ആദ്യമായി സാരിയുടുക്കുന്ന മലയാളി വനിത. 1868 ൽ എടുത്ത ഒരു ഫൊട്ടോഗ്രഫാണ് അതിനു തെളിവ്. 

 

ബ്രിട്ടനിലെത്തിയ ഇന്ദുലേഖ 

സാഹിത്യചരിത്രപരമായ പ്രാധാന്യമുള്ള ഇന്ദുലേഖയുടെ ഒന്നാം പതിപ്പിന്റെ ഒരു പ്രതി പോലും അവശേഷിക്കുന്നില്ലെന്നാണ് സമീപകാലം വരെയും മലയാള സാഹിത്യലോകം വിശ്വസിച്ചിരുന്നത്. ഡോ.ആർ. ഇ.ആഷർ എഴുതിയ ‘ത്രീ നോവലിസ്‌റ്റ്‌സ് ഓഫ് കേരള’ എ ന്ന പ്രബന്ധം (1970) വായിച്ചതോടെയാണ് ഇന്ദുലേഖയുടെ ഒന്നാം പതിപ്പ് ബ്രിട്ടനിലുണ്ടെന്ന് എനിക്കു ബോധ്യപ്പെട്ടത്. ബ്രിട്ടിഷ് ലൈബ്രറിയിലെയും ഇ ന്ത്യാ ഓഫിസ് റെക്കോഡ്സ് ശേഖരത്തിലെയും മലയാളപുസ്‌തകങ്ങൾ പരിശോധിച്ചിട്ടുള്ള ഗവേഷകനാണ് ആഷർ. പ്രബന്ധത്തിന്റെ അടിക്കുറിപ്പിൽ, 1889 ലെ ഒന്നാം പതിപ്പ് ആഷർ പരിശോധിച്ചതിന്റെ തെളിവുകൾ ഉണ്ടായിരുന്നു. ആദ്യ പതിപ്പിലെ പതിനെട്ടാം അധ്യായത്തിന്റെ പേജ് നമ്പർ ( 385– 470) ഉൾപ്പെടെയാണു പരാമർശിച്ചിരിക്കുന്നത്.  മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 1968 ജൂൺ 24ന് ആഷർ നടത്തിയ പ്രഭാഷണത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഈ പ്രബന്ധം. ടി.ഡബ്ല്യൂ. ക്ളാർക് എഡിറ്റു ചെയ്ത ‘ദ് നോവൽ ഇൻ ഇന്ത്യ– ഇറ്റ്സ് ബർത് ആൻഡ് ഡവലപ്മെന്റ്’ എന്ന പുസ്തകത്തിൽ ഈ പ്രബന്ധം ഉൾപ്പെടുത്തിയിട്ടുണ്ട്. (മലയാള ഭാഷാസാഹിത്യപഠനങ്ങൾ (1989)എന്ന പേരിൽ ആഷറിന്റെ ലേഖനങ്ങൾ സമാഹരിച്ചു പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ, നിർഭാഗ്യകരമെന്നു പറയട്ടെ, ലേഖനത്തിന്റെ മലയാള പരിഭാഷയിൽ ഇന്ദുലേഖയുടെ ഒന്നാം പതിപ്പിനെ സൂചിപ്പിക്കുന്ന അടിക്കുറിപ്പില്ല). 

ഏതാനും വർഷങ്ങൾക്കു മുൻപ് ലഭിച്ച രണ്ടാം പതിപ്പിനെ ആധാരമാക്കി ഡോ പി.കെ. രാജശേഖരനും ഡോ പി. വേണുഗോപാലനും ചേർന്നു രചിച്ച ഗവേഷണപഠനം സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 'മലയാളസാഹിത്യത്തിന്റെ ചരിത്രത്തിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന്' എന്നാണ് അവർ ഒന്നാം പതിപ്പിനെ വിശേഷിപ്പിച്ചത്. 'ഈ ഒന്നാം പതിപ്പിന്റെ ഒരു പ്രതിപോലും ലഭ്യമല്ല (അല്ലെങ്കിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല) എന്നതാണ് ഖേദകരമായ കാര്യം'. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവർ കുറിച്ചു (നഷ്ടഭാഗങ്ങൾ ചേർത്ത് ‘ ഇന്ദുലേഖ’ വായിക്കൂ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ഏപ്രിൽ 13).  2012ൽ, ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിൽനിന്നു രവി ഡി.സി. ശേഖരിച്ച രണ്ടാം പതിപ്പിന്റെ പകർപ്പ് പരിശോധനയ്ക്കായി അവർക്കു കൈമാറുകയായിരുന്നു. തുടർന്ന് 1890 ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പു പ്രകാരം തിരുത്തിയ ഇന്ദുലേഖയുടെ പരിഷ്കരിച്ച പതിപ്പ്, 2014 മേയ് 2ന് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. ഒന്നാം പതിപ്പും രണ്ടാം പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താനും രണ്ടാം പതിപ്പിൽനിന്നുള്ള ഉദ്ധരണികൾക്കും ഈ കുറിപ്പിൽ ഉപയോഗിച്ചിട്ടുള്ളത് 2014 ലെ പരിഷ്കരിച്ച പതിപ്പാണ്.

ആഷറിന്റെ കുറിപ്പിൽനിന്നു ലഭിച്ച സൂചനയെത്തുടർന്നാണ് ഇന്ദുലേഖയുടെ ആദ്യപതിപ്പ് അന്വേഷിച്ചു ബ്രിട്ടിഷ് ലൈബ്രറിയുമായി ബന്ധപ്പെട്ടത്. 1889ലെ ഒന്നാം പതിപ്പ്, ഇന്ത്യ ഓഫിസ് റെക്കോഡ്സ് ശേഖരത്തിൽ ഉണ്ടെന്നു മറുപടി കിട്ടി. ആദ്യകാല പതിപ്പുകളെപ്പറ്റി തുടർന്നു നടത്തിയ അന്വേഷണത്തിൽനിന്ന് ലഭിച്ച വിവരം അമ്പരപ്പിക്കു ന്നതായിരുന്നു. ബ്രിട്ടിഷ് ലൈബ്രറി എ ന്ന മഹാപ്രപഞ്ചത്തിലെ അതിസൂക്ഷ്‌മ മായ ആന്തരവിഭാഗങ്ങളിൽ പലയിടത്തായി ഇന്ദുലേഖയുടെ ആദ്യകാല പതിപ്പുകൾ ചിതറിക്കിടക്കുന്നു– ആകെ എട്ടു പ്രതികൾ !

ബ്രിട്ടിഷ് ലൈബ്രറി ശേഖരങ്ങളിലുള്ള ഇന്ദുലേഖ പതിപ്പുകളുടെ വിവരങ്ങൾ തന്നത് ഇപ്രകാരം:

ഇന്ത്യ ഓഫിസ് ശേഖരത്തിൽ ഒന്നാം പതിപ്പു കൂടാതെ രണ്ടാം പതിപ്പിന്റെ മൂന്നു പ്രതികളും 1922 ലെ പതിപ്പും  (1889 – Shelfmark:  Mal. D. 128

1890 – Shelfmarks: Mal.D.144, Mal.D.398, Mal.D.346.1922 Mal.D. 377)

ബ്രിട്ടിഷ് മ്യൂസിയം ഡിപ്പാർട്മെന്റ് ഓഫ് പ്രിന്റഡ് ബുക്സ്, ഓറിയന്റൽ കലക്‌ഷൻസിൽ 1890ലെ രണ്ടു പ്രതികൾ, 1906ലെ പതിപ്പിന്റെ ഒരു പ്രതി ( 1890 – Shelfmarks :  14128.d.28 & 14178.d.201906: 14178.dd.8.)

ഇന്ദുലേഖ പതിപ്പുകൾ ഇത്തരത്തിൽ വിന്യസിക്കപ്പെട്ടതിനു പിന്നിൽ പുസ്ത കശേഖരണത്തിനു പിന്തുടർന്നിരുന്ന സവിശേഷമായ സംവിധാനങ്ങളും സ മ്പ്രദായങ്ങളുമാണ്. ബ്രിട്ടിഷ് ലൈബ്രറിയിലെ ദക്ഷിണേന്ത്യൻ ഭാഷാവിഭാഗം ക്യൂറേറ്ററുമായി നടത്തിയ ഇമെയിൽ ആശയവിനിമയത്തിൽനിന്ന് ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി:

‘‘പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയും ബ്രിട്ടിഷ് മ്യൂസിയം എന്ന പേരിലും ഇന്ത്യ ഓഫിസ് ലൈബ്രറി എന്ന പേരിലും രണ്ടു സ്‌ഥാപനങ്ങൾ വെവ്വേറെ നിലനിന്നുപോന്നിരുന്നു. ബ്രിട്ടിഷ് ഗവൺമെന്റിന്റെ കീഴിൽ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസിന്റെ അധികാരപരിധിയിലായിരുന്നു ഇന്ത്യ ഓഫിസ് ലൈബ്രറി. ബ്രിട്ടിഷ് കോളനിയായിരുന്ന ഇന്ത്യയിൽ പ്രാദേശികഭാഷകളിലുണ്ടാകുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും രാജകീയ അവകാശങ്ങളുപയോഗിച്ച് സമാഹരിക്കാനും ബ്രിട്ടനിലെ ഇന്ത്യ ഓഫിസ് ലൈബ്രറിയിൽ അവയെല്ലാം ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്‌തു സൂക്ഷിക്കാനും ചിട്ടയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേ സമയം തന്നെ അക്കാലത്തെ ബ്രിട്ടിഷ് മ്യൂസിയത്തിൽ വിവിധ ലോകഭാഷകളിൽ അച്ചടിക്കപ്പെട്ട പുസ്‌തകങ്ങളും ചിത്രങ്ങളും കയ്യെഴുത്തുപ്രതികളും ഉൾപ്പെട്ട വൈവിധ്യപൂർണമായ ഒരു ശേഖരവും സൂക്ഷിച്ചുപോന്നു. ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്‌ത്യനാടുകളിലെ സാഹിത്യകൃതികൾ അവിടെ ശേഖരിച്ച് കാറ്റലോഗ് ചെയ്യപ്പെട്ടു. അന്നത്തെ ബ്രിട്ടിഷ് മ്യൂസിയത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചിരുന്ന ഡിപ്പാർട്‌മെന്റ് ഓഫ് പ്രിന്റഡ് ബുക്‌സിനായിരുന്നു ഇതിന്റെ ചുമതല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഇന്ത്യ ഓഫിസ് ലൈബ്രറിയിലെയും ബ്രിട്ടിഷ് മ്യൂസിയത്തിലെ ഡിപ്പാർട്മെന്റ് ഓഫ് പ്രിന്റഡ് ബുക്‌സിലെയും ശേഖരങ്ങൾ അന്യോന്യം ലയിച്ച് ഒന്നാകുകയും യു.കെ.യിലെ ദേശീയ, രാജ്യാന്തര സ്‌ഥാപനങ്ങളുടെ ലൈബ്രറി ശേഖരങ്ങളും കൂടി ഉൾപ്പെടുത്തി ബ്രിട്ടിഷ് ലൈബ്രറിയായി രൂപപ്പെടുകയും ചെയ്‌തു’’ ക്യൂറേറ്റർ വിശദീകരിച്ചു.  

ഇതിനിടയിൽ സമാന്തരമായി മറ്റൊരന്വേഷണവും നടക്കുന്നുണ്ടായിരുന്നു. മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന, സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സായാഹ്ന ഫൗണ്ടേഷനായിരുന്നു അതിനു പിന്നിൽ. 2014ൽ, ഡോ. മാധവ് നായിക്കിനു ബ്രിട്ടിഷ് ലൈ ബ്രറിയിൽനിന്നു ലഭിച്ച ഒന്നാംപ്രതിയുടെ പകർപ്പ് സായാഹ്നയ്ക്കു കൈമാറി.  ഒന്നാം പതിപ്പിനെക്കുറിച്ചു ഞാൻ നടത്തുന്ന അന്വേഷണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന സായാഹ്നയിലെ പി.എൻ. വിജയൻ അവർക്കു ലഭിച്ച റ ഫറൻസ് പകർപ്പ് ഗവേഷണപഠനങ്ങൾക്കായി എനിക്കു സമ്മാനിച്ചു. ഒടുവിൽ യഥാർഥ ഇന്ദുലേഖ മാധവനൊപ്പമാണ് കേരളത്തിൽ തിരിച്ചെത്തിയതെന്നത് കൗതുകപരിണാമം. (മാധവ് നായിക്കിനും സായാഹ്നയ്ക്കും പി.എൻ. വിജയനും നന്ദി)

 

(മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ ആമുഖപഠനത്തിൽനിന്ന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com