ADVERTISEMENT

ഫെയ്‌സ്ബുക്കിലൂടെ ഒരു നോവൽ എഴുതിത്തുടങ്ങുക, അതു വളരെ കാര്യമായി വായനക്കാർ സ്വീകരിക്കുക, വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നോവലിലെ കഥാപാത്രങ്ങളായ കല്യാണിയും ദാക്ഷായണിയും താരങ്ങളാവുക, അവരെ കാത്തിരിക്കാൻ ആളുകളുണ്ടാവുക, പിന്നെ പെട്ടെന്ന് ആ നോവൽ എങ്ങുമെത്താതെ നിലച്ചു പോവുക, പിന്നീട് അത് പ്രമുഖ പ്രസാധകർ പുസ്തകമാക്കുക- ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. തലശ്ശേരി ബ്രണ്ണൻ കോളജിലെ അധ്യാപികയായ ആർ.രാജശ്രീ എഴുത്തുകാരി കൂടിയാണ്. നായികനിർമ്മിതി-വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ എന്നിവ രാജശ്രീ എഴുതിയ മറ്റു പുസ്തകങ്ങളാണ്. കല്യാണിയുടെയും ദാക്ഷായണിയുടെയും കത രാജശ്രീയുടെ ആദ്യത്തെ നോവലാണ്. സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിതങ്ങളെക്കുറിച്ചും വ്യക്തമായി പലപ്പോഴും സംസാരിക്കുന്ന എഴുത്തുകാരിയുടെ പുസ്തകങ്ങളെല്ലാം അത്തരം ആഖ്യാനങ്ങളാൽ മുഖരിതവുമാണ്. പുസ്തകത്തെക്കുറിച്ചും കല്യാണിയെക്കുറിച്ചും ദാക്ഷായണിയെ കുറിച്ചും ആർ.രാജശ്രീ സംസാരിക്കുന്നു. 

Writer-Rajasree-Book-01

 

∙ അൻപതു വർഷം മുൻപ് ജീവിച്ചിരുന്ന രണ്ടു സ്ത്രീകൾ, അവരുടെ ജീവിതം, കാലം... എങ്ങനെ കല്യാണിയെയും ദാക്ഷായണിയെയും അവരുടെ കതയെയും ഒരു കഥ ആക്കി. അവരെ തിരഞ്ഞെടുക്കാൻ കാരണം? 

 

rajasree-845

നേരത്തെ തന്നെ ഫെയ്‌സ്ബുക്കിൽ കല്യാണിയേച്ചി എന്നൊരു കഥാപാത്രത്തെ ഞാൻ നിർമിച്ചുവച്ചിരുന്നു. അവരും ഞാനും തമ്മിലുള്ള സംഭാഷണം രണ്ടു വർഷം മുൻപ് പോസ്റ്റ് ചെയ്തിരുന്നപ്പോൾ അതിന് അന്നും വായനക്കാരുണ്ടായിരുന്നു. ഏറ്റവും ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന കല്യാണിയേച്ചിയും സാധാരണ ഭാഷയിൽ സംസാരിക്കുന്ന ഞാനും എന്ന നിലയിലാണ് ആ പോസ്റ്റുകൾ എഴുതിയത്. എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. എന്നാൽ അതൊരു നോവൽ ആക്കാമെന്നു വിചാരിച്ചപ്പോൾ കല്യാണിയേച്ചിയ്ക്ക് ഒപ്പം ഒരു കൂട്ടുകാരിയെയും ഉൾപ്പെടുത്തി. അതാണ് ദാക്ഷായണി. ഒരു തോന്നലിന്റെ പുറത്താണ് പെട്ടെന്നൊരു ദിവസം എഴുതിത്തുടങ്ങുന്നത്. അതിനു തുടർച്ച ഉണ്ടാകുമെന്നോ അടുത്ത ദിവസം അതിന്റെ ബാക്കി എഴുതാൻ പറ്റുമെന്നോ ഒരു ഉറപ്പും എനിക്കുണ്ടായിരുന്നില്ല. പക്ഷേ വായനക്കാർക്ക് കല്യാണിയേച്ചിയെയും ദാക്ഷായണിയേയും ഒരുപാടിഷ്ടപ്പെട്ടു. എഴുതിയെഴുതി വന്നപ്പോൾ അതൊരു നീണ്ട അനുഭവമായി, നോവലായി. നമ്മുടെ നാട്ടിൽ അവരെപ്പോലെ നിരവധി അമ്മൂമ്മമാരൊക്കെയുണ്ട്. അവരുടെ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, ജീവിതത്തിൽ അവർ നേരിട്ടുള്ള പരീക്ഷണങ്ങൾ, അങ്ങനെ എല്ലാം കൂടി ചേർത്തിട്ടാണ് നോവൽ രൂപത്തിലേക്ക് അതെത്തിയത്.

 

∙ സ്ത്രീകളുടെ സങ്കടങ്ങളാണ് നോവലിൽ. ഒന്നും രണ്ടുമല്ല അതിലുള്ള സ്ത്രീകൾ. ശക്തരാണെങ്കിലും നിത്യ ദുരിതം പേറുന്നവരാണ് അവർ. യഥാർഥത്തിൽ സ്ത്രീകൾ ഇത്ര ദുരിതം പേറുന്നവരായത് എങ്ങനെയാണെന്നു തോന്നുന്നു?

Writer-Rajasree-Book-02

 

ഇത്രയധികം ദുരിതങ്ങൾ തങ്ങൾ പേറുകയാണ് എന്ന ബോധത്തോടുകൂടിയല്ല പണ്ടത്തെ സ്ത്രീകൾ ജീവിച്ചത് എന്നാണെനിക്കു തോന്നുന്നത്. ഒരു ദുരിതം എന്ന നിലയ്ക്കല്ല, ജീവിതത്തെ നേരിട്ട് സ്വീകരിക്കുകയാണ് അവർ ചെയ്യുന്നത്. ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും കരയേണ്ടപ്പോൾ കരയുകയും ചെയ്യുന്നു. അതുപോലെ ചീത്ത വിളിക്കേണ്ടപ്പോൾ അവർ ചീത്ത വിളിക്കുന്നു, സ്‌നേഹിക്കുമ്പോൾ സ്നേഹിക്കുന്നു, അങ്ങനെയാണ് അതിനെ കാണേണ്ടത്. നോവൽ പറയുന്നതും ആ സ്ത്രീകളെ കുറിച്ചാണ്. ഗ്രാമീണ ജീവിതം എക്കാലത്തും അത്തരം സ്ത്രീഅനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു, നമ്മളൊന്നും അത് അറിഞ്ഞിട്ടില്ല, അത്രയേ ഉള്ളൂ.  

 

∙ പുതിയ തലമുറയിൽ കല്യാണിയും ദാക്ഷായണിയും വരുമ്പോൾ അവർ അവരെ പരിചയപ്പെടുത്തുന്നത് എങ്ങനെയാവും? 

 

പുതിയ തലമുറയിൽ ഒരു കല്യാണിയും ദാക്ഷായണിയും ഉണ്ടാകുമോ എന്നെനിക്കുറപ്പില്ല. ഇവരെ വായിച്ചിട്ട് പല പ്രായത്തിലുള്ളവർ എന്നെ വിളിക്കാറുണ്ട്, അതിൽ ചെറുപ്പക്കാർ മുതൽ വയസ്സു ചെന്നവർ വരെയുണ്ട്. പ്രത്യേക തരത്തിലുള്ള ഒരു സ്ത്രൈണാനുഭവമാണ് അവർക്ക് ഇതിൽ ലഭിച്ചതെന്നു തോന്നുന്നു. മറ്റേതോ കാലത്ത് മറ്റാർക്കോ നടന്ന കഥപോലെ അവർ സ്വീകരിക്കുകയും അതിൽ ചിലതൊക്കെ സ്വംശീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കാലത്തിലെ കുട്ടികളെ സംബന്ധിച്ച് അവരിൽ ഈ കഥാപാത്രങ്ങളില്ലെങ്കിലും അവർ ഒരുപാടു പിന്തുടരുന്നു എന്ന് പലരും പറയുന്നുണ്ട്. ഒരു ബാധ പോലെ ഈ കഥാപാത്രങ്ങൾ ആവേശിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ സന്തോഷമാണ്. ഏറ്റവും സന്തോഷം തോന്നിയത് പുതിയ തലമുറയിലെ കുട്ടികൾ വിളിച്ചിട്ട് ഞങ്ങൾ വായിച്ചു, ഇഷ്ടമായി, ഞങ്ങൾക്ക് കെട്ടിപ്പിടിക്കാൻ തോന്നുന്നു എന്നൊക്കെ കേട്ടപ്പോഴാണ്. ശരിക്കും ഈ കഥയിൽ നൊസ്റ്റാൾജിയ ഒക്കെ തോന്നേണ്ടത് കുറച്ചു മുതിർന്നവർക്കാണ്, ഗൃഹാതുരത ഒരു ഘടകമാണു താനും. എന്നാൽ പുതിയ കുട്ടികളെ സംബന്ധിച്ച് കല്യാണിയും ദാക്ഷായണിയും അവരെ ആവേശിച്ചു, ഇഷ്ടം തോന്നിപ്പിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ആ കഥാപാത്രങ്ങൾക്ക് അത്ര സാർവജനീനമായ സ്ത്രൈണത പങ്കുവയ്ക്കാൻ ഉള്ളതുകൊണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു. 

 

∙ അപസർപ്പക ആഖ്യാനങ്ങൾ എന്ന പുസ്തകം ഇതിന് മുൻപ് വന്നിരുന്നു. അപസർപ്പക കഥകളെക്കുറിച്ചു പറയുമ്പോഴും സ്ത്രീകളുടെ ഇടങ്ങളെ കൊള്ളിച്ചു പറയുന്നതായി തോന്നിയിരുന്നു. അപസർപ്പക കഥകളിലെ സ്ത്രീ അനുഭവങ്ങൾ? 

 

അപസർപ്പക കഥകളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് രസകരമാണ്. കുറ്റാന്വേഷകരായ സ്ത്രീകളുണ്ടാവാം, അങ്ങനെ അല്ലാതെ ഇതിലെ സ്ത്രീകളുടെ കർതൃത്വം വളരെ ലോലമാണ്. സ്ത്രീകളുടെ ലൈംഗികത എന്നത് കുറ്റവാളികളെ പിടിക്കാൻ അധികാരികൾക്ക് ഉപയോഗിക്കാനോ അല്ലെങ്കിൽ കുറ്റാന്വേഷകനെ പെടുത്താൻ വേണ്ടി വില്ലന്മാർക്ക് ഉപയോഗിക്കാനോ ഉള്ള ഉപകരണങ്ങൾ മാത്രമാണ്. കുറ്റാന്വേഷക സ്ത്രീകളാണെങ്കിൽ പോലും പണ്ടുമുതലേ നമ്മൾ എഴുതി വച്ചിരിക്കുന്ന സ്ത്രൈണ മനോഭാവങ്ങൾക്കു വിധേയരായി ജീവിക്കുന്നവരാണ്. ആ പുസ്തകത്തിൽ പ്രധാനമായും ഞാൻ പഠനത്തിനെടുത്തത് സിഐഡി പരമ്പരയായിരുന്നു, അതിലെ സ്ത്രീകളെയെടുത്താൽ നമുക്കറിയാം, നൃത്തം ചെയ്തും മാതൃവേഷം കെട്ടിയും പ്രണയം അഭിനയിച്ചുമൊക്കെ കുറ്റവാളികളെ പെടുത്തുകയാണ് അവരുടെ ജോലി. പൊതുസ്വത്വത്തിന്റെ അപ്പുറത്ത് സ്ത്രൈണത മാത്രമാണ് കൂടുതലും ഉപയോഗപ്പെടുത്തുന്നത്. അതിനപ്പുറം ഒരു ആഖ്യാനം അവർക്ക് അപസർപ്പക കഥകളിൽ കാണാനാകില്ല. അതേസമയം മിസ് മാർപ്പിളിനെ പോലെയുള്ള കുറ്റാന്വേഷകരുണ്ട് എന്നതും മറക്കുന്നില്ല, എന്നാലും കൂടുതൽ കുറ്റാന്വേഷക, മാന്ത്രിക നോവലുകളിലടക്കം സ്ത്രീ ശരീരമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നതാണ് വസ്തുത.

 

∙ ആദ്യമായി ഒരു നോവൽ എഴുതുക, അത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുക, അത് പിന്നീട് ഒരുപാട് വായിക്കപ്പെടുക പുസ്തകം ആവുക.. - എന്ത് തോന്നുന്നു? 

 

നോവൽ എഴുതുക എന്ന നിലയ്ക്ക് തുടങ്ങിയതായിരുന്നില്ല, ഒന്നാമത്തെ അധ്യായം എഴുതിക്കഴിഞ്ഞ് അടുത്തത് പിറ്റേന്ന് എഴുതുമോ എന്നുറപ്പില്ല. തുടരും എന്ന് എഴുതാനുള്ള ആത്മവിശ്വാസം പോലും ആദ്യമുണ്ടായിരുന്നില്ല. പിന്നെ വായനയെ ഗൗരവത്തിലെടുക്കുന്ന പല വായനക്കാരും അതു വായിച്ചിട്ട് അതിലൊരു ഫിക്‌ഷന്റെ സാധ്യതയുണ്ട് എന്നു പറഞ്ഞതുകൊണ്ടാണ് അത് ഗൗരവമായത്. എല്ലാ ദിവസം ഓരോ അധ്യായം പോസ്റ്റ് ചെയ്യുക എന്നത് കുറച്ചു ബുദ്ധിമുട്ട് തന്നെയായിരുന്നു. നമ്മുടെ ദൈനംദിന കാര്യങ്ങൾ ഒന്നും മാറ്റിവയ്ക്കാതെ വേണം എഴുതാൻ. പലപ്പോഴും രാത്രി പതിനൊന്നു മണിയാവും എഴുതാനിരിക്കുമ്പോൾ. ചിലപ്പോൾ രാത്രി രണ്ടു മണിക്കൊക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ ചിലർ മെസേജ് അയക്കും. എഫ്ബിയിൽ ടാഗ് ചെയ്യുകയും ഫോൺ വിളിച്ച് ചോദിക്കുകയും ഒക്കെ ചെയ്യുന്ന വായനക്കാരുള്ളതുകൊണ്ട് നല്ല സമ്മർദമനുഭവിച്ചിരുന്നു. അവരുടെ താൽപര്യം കണ്ടപ്പോൾ അതിൽ കുറേക്കൂടി ഗൗരവം കൊടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അവരുടെ നിർദ്ദേശങ്ങളനുസരിച്ച്, അധ്യായങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാൻ തീരുമാനമായപ്പോഴാണ് പോസ്റ്റ് നിർത്തിയത്. പിന്നീട് എഡിറ്റ് ചെയ്യാനും എവിടെയാണ് കൂടുതൽ വായനക്കാരെ ആകർഷിച്ചതെന്നറിയാനുമൊക്കെ ഈ എഫ് ബി പോസ്റ്റിങ് സഹായിച്ചിട്ടുണ്ട്. ഇപ്പോൾ അദ്‌ഭുതമാണ്. എഫ് ബിയൊക്കെ വളരെ ചപലമാണ് എന്നൊക്കെ പറയുമ്പോൾ ഇവിടെ ഒരു നോവൽ സൃഷ്ടിക്ക് ഇത്തരം ഒരു പ്ലാറ്റഫോം കാരണമായി. അപ്പോൾ അതിനെ കുറച്ചുകൂടി ഗൗരവത്തിലെടുക്കണം എന്നാണെനിക്ക് തോന്നുന്നത്. 

 

∙ എന്തുകൊണ്ടാണ് ആ നോവൽ ആദ്യംതന്നെ എഫ് ബിയിൽ പോസ്റ്റ്‌ ചെയ്യാതെ ഒരു പ്രസാധകനു കൊടുക്കാതിരുന്നത്? 

 

പണ്ട് എഴുതിക്കൊണ്ടിരുന്ന ഒരാളാണ് ഞാൻ. ഇരുപതു വർഷം മുൻപ് എഴുത്ത് നിർത്തി. എഴുതിക്കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് എഴുത്തുകാരി എന്ന നിലയ്ക്ക് പേരു കിട്ടിയെനേ. എഴുതാതിരിക്കുന്ന ഒരാൾ ഒരു നോവൽ എഴുതി മുൻനിര പ്രസാധകർക്ക് അയച്ചുകൊടുത്താൽ അവരതു പ്രസിദ്ധീകരിക്കുെമന്നു ഞാൻ കരുതുന്നില്ല. കൂടുതൽ മൽസരമുള്ളൊരു രംഗവുമാണല്ലോ ഇത്. മാത്രവുമല്ല ഇത് ഒരു നോവലായിത്തീരുമെന്നു പോലും ഞാൻ വിചാരിച്ചിരുന്നതല്ല. ഇരുപതോളം അധ്യായങ്ങൾ ആയപ്പോഴാണ് സുഹൃത്തുക്കൾ പറഞ്ഞത് ലീഡിങ് ആയ പ്രസാധകർ ആരെങ്കിലും വന്നാൽ ഗൗരവമായി എടുക്കണമെന്ന്. എഫ് ബിയിൽ ഒരുപാടു പേർ വായിച്ചു തുടങ്ങിയപ്പോൾ പ്രസാധകർ സമീപിച്ചു, അതിൽ മാതൃഭൂമിയാണ് ഞാൻ തിരഞ്ഞെടുത്തത്. അതു നല്ല തീരുമാനമാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. എന്നിരുന്നാലും എഫ്ബിയിൽ വന്നിരുന്നില്ലെങ്കിൽ ഇപ്പോഴും അതു വെളിച്ചം കാണുമോ എന്നു സംശയമാണ്. 

 

∙ ഓരോ ദിവസവും അന്നത്തെ ചാപ്റ്റർ എന്ന രീതിയിൽ ആയിരുന്നല്ലോ നോവൽ. ഭാഷയിൽ ഇത്ര ആത്മവിശ്വാസം ഉണ്ടായിരുന്നോ. 

 

എഴുതുന്ന ഒരാളെ സംബന്ധിച്ച് ഭാഷയിൽ ആത്മവിശ്വാസം ഉണ്ടായിരിക്കണമല്ലോ. ഓരോ ദിവസവും ഓരോ അധ്യായം വച്ചിട്ട് എഴുതേണ്ടി വന്നതാണ്. വായനക്കാരുടെ സമ്മർദമാണ് അതിനു പിന്നിൽ. എന്നാൽ അത് എഴുത്തിനോടുള്ള അവരുടെ ഇഷ്ടം കൊണ്ടാണ്. പലരും അതിനെ ഗൗരവത്തോടെ കാണുന്നു, വായിക്കുന്നു, അഭിപ്രായം പറയുന്നു. അപ്പോൾ സ്വാഭാവികമായും എഴുതിപ്പോകും.

 

∙ വർഷങ്ങൾക്കു മുൻപുള്ള കണ്ണൂർ, അവരുടെ ഭാഷ, കൊല്ലം, അവിടുത്തെ നാട്ടു ഭാഷ. ഇതെല്ലാം അതിമനോഹരമായി കൈകാര്യം ചെയ്തു. ഇതിനു പിന്നിലെ അധ്വാനം ... 

 

ഞാൻ കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന ഒരാളാണ്. സാധാരണഗതിയിൽ അവിടെ ജനിച്ചു വളർന്ന ഒരാൾക്ക് ആ ഭാഷ ഉപയോഗിക്കുന്നത് അത്ര ബുദ്ധിമുട്ടു ഉള്ള കാര്യമല്ല. പക്ഷേ എന്റെ മാതാപിതാക്കൾ തിരുവിതാംകൂറുകാരാണ്. അച്ഛൻ പത്തനംതിട്ടയാണ്, അമ്മ ആലപ്പുഴക്കാരിയാണ്. തെക്കാണ് ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും. കുട്ടിക്കാലത്ത് അവിടെ ചെല്ലുമ്പോൾ തെക്കൻ തിരുവിതാംകൂറിലുള്ള ബന്ധുക്കൾ നമ്മളെ കണ്ണൂർകാരായാണു കാണുന്നത്; പ്രത്യേക ഭാഷയൊക്കെ പറയുന്നവരാണ് നമ്മൾ എന്ന നിലയിൽ. അതുകൊണ്ട് ഈ രണ്ടു സ്ഥലങ്ങളെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ഒരു ഏകദേശ ധാരണയുണ്ട്. അവിടെ കേട്ട കഥകൾ, നടന്ന സംഭവങ്ങൾ ഒക്കെ മനസ്സിലുണ്ട്. അവരിൽ പലരെയും എനിക്കു നല്ല പരിചയവുമുണ്ട്. പിന്നെ തെക്കു നിന്ന് വടക്കുമായുള്ള ബന്ധമൊക്കെ കുട്ടിക്കാലത്തുതന്നെ അറിഞ്ഞിട്ടുണ്ട്. തെക്കോട്ടു പോകുമ്പോൾ അവിടെ കണ്ണൂർ ഭാഷ സംസാരിച്ചിട്ട് കാര്യമില്ല, ഇപ്പോഴും വീട്ടിൽ അമ്മയും അച്ഛനുമൊക്കെ തെക്കൻ ഭാഷയാണ് ഉപയോഗിക്കുന്നത്. ഞങ്ങൾ രണ്ടു സഹോദരിമാർക്ക് രണ്ടു ഭാഷയും വശമാണ്. ആവശ്യമുള്ള ഭാഷ, ഏതു നാട്ടിലാണോ ചെല്ലുന്നത് അത് ഉപയോഗിക്കും. അത് നോവലിലും ഉപകാരപ്പെട്ടു. 

 

∙ രാജശ്രീ എന്ന സ്ത്രീയെ എങ്ങനെ സ്വയം പരിചയപ്പെടുത്തും; എഴുത്തുകാരി, അധ്യാപിക, വീട്ടമ്മ..? 

 

എഴുത്തുകാരി, അധ്യാപിക എന്നൊക്കെ അറിയപ്പെടാൻ തന്നെയാണിഷ്ടം. പുരുഷന്മാർ വീട്ടച്ഛൻ എന്നറിയപ്പെടാൻ സാധ്യതയില്ലാത്തതുകൊണ്ട് വീട്ടമ്മ എന്ന പേരിൽ അറിയപ്പെടേണ്ട കാര്യമില്ല. വീടുമായി ബന്ധപ്പെട്ടു നമ്മുടെ വ്യക്തിത്വം ചുരുക്കേണ്ടതില്ല. എന്തെങ്കിലുമൊരു കഴിവില്ലാത്ത ഒരു സ്ത്രീയുമുണ്ടാവില്ല. അത് ഞാൻ ഉറക്കെപ്പറയുന്നു. വീട്ടിൽ സ്ത്രീയും പുരുഷനും ഒന്നിച്ച് ഇടപെടേണ്ടതുണ്ട്, അതുകൊണ്ടുതന്നെ അവിടം ഒരാളുടേതു മാത്രമല്ല. അതുകൊണ്ട് എനിക്ക് ഏറ്റവും വിയോജിപ്പുള്ള ഒരു പദം കൂടിയാണ് വീട്ടമ്മ. സ്വന്തം നിലയ്ക്ക് അതിനൊരു ജനാധിപത്യക്കുറവുണ്ട്. മറ്റ് ഏതൊരു അടയാളപ്പെടുത്തലിനെയും ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇപ്പോൾ ആളുകൾ നോവലിസ്റ്റ് എന്ന് വിളിക്കുന്നു, അധ്യാപിക എന്നു വിളിക്കുന്നു, അതിനെയൊക്കെ സ്വീകരിക്കുന്നു. എന്നാലും എഴുത്തുകാരി എന്നറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം. 

 

∙ എന്താണ് രാജശ്രീക്ക് എഴുത്ത്? 

 

ഏതു തരത്തിൽ നോക്കിയാലും നമുക്കൊരു സേഫ്റ്റിവാൽവ് വേണമല്ലോ. എനിക്ക് എഴുത്ത് അങ്ങനെയൊന്നായി തീർന്നിട്ടുണ്ട്. എല്ലാ എഴുത്തും പ്രകാശനം ചെയ്യാൻ വേണ്ടി എഴുതുന്നതാണ്. ചിലത് നമ്മളോടു തന്നെയുള്ള സംഭാഷണങ്ങളായി മാറാറുണ്ട്. സാഹിത്യം എന്നത് ജീവിതത്തിൽനിന്നു മാറി നിൽക്കുന്ന ഒന്നായി ഞാൻ കാണുന്നില്ല. ചിലരുടെ, ആരെയും കാണിക്കാത്ത ഡയറിക്കുറിപ്പുകളൊക്കെ വായിച്ചാൽ എന്തു മനോഹരമാണ്. നമ്മുടെ ആത്മസംതൃപ്തിക്കു വേണ്ടി, ആരോടും പറയാത്ത കാര്യങ്ങൾ എഴുതാൻ വേണ്ടി, അങ്ങനെ ആത്മപ്രകാശനമാണ് എഴുത്ത് എന്നാണു ഞാൻ വിചാരിക്കുന്നത്. നമ്മൾ ജീവിക്കുന്ന കാലം, ദേശം എല്ലാം എഴുത്തിൽ വരും. നമ്മുടേതായ ഒരു വെളിപ്പെടുത്തൽ; അതുതന്നെയാണത്.

 

∙ അടുത്ത പുസ്തകം...

 

ഇത് എഴുതുന്നതിനു മുൻപ് ഒരു നോവൽ എഴുതിത്തുടങ്ങിയിരുന്നു. പക്ഷേ അഞ്ച് അധ്യായം ആയപ്പോൾ നിന്നു. അത് എഫ്ബിയിലൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ ‘കല്യാണിയുടെയും ദാക്ഷായണിയുടെയും കത’യൊക്കെ പേനയും പേപ്പറും ഉപയോഗിക്കാതെ എഴുതിയതാണ്. പൂർണമായും സ്മാർട്ട് ഫോൺ ഉപയോഗിച്ച് എഴുതിയ നോവൽ. നോട്ട്പാഡിൽ എഴുതുന്നതിനു പരിധിയുണ്ടല്ലോ, അത് അവസാനിക്കുന്നതു വരെയാണ് ഒരു ഖണ്ഡം. അങ്ങനെയാണ് ആദ്യമെഴുതിത്തുടങ്ങിയ നോവലും എഴുതിയത്. അഞ്ച് അധ്യായങ്ങൾ മൊബൈലിൽ ഉണ്ട്, സത്യം പറഞ്ഞാൽ കല്യാണിയുടെ കഥ രണ്ടാമത്തെ നോവൽ ആണ്. ആദ്യത്തേത് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അത് എഴുതി മുഴുമിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com