sections
MORE

ആൾക്കൂട്ടവുമായി അലഞ്ഞ എൻജിനീയറിങ് ഗ്രാജ്വേറ്റ് എഴുത്തച്ഛൻ പുരസ്കാര പ്രഭയിൽ

anand-writer-photo
SHARE

1969 ഫെബ്രുവരി. ആയിരത്തിലധികം പേജുവരുന്ന ആദ്യ നോവലിന്റെ കയ്യെഴുത്തുപ്രതിയുമായി ഒരു എഴുത്തുകാരൻ മദിരാശിയിൽ (ഇന്നത്തെ ചെന്നൈ) എത്തുന്നു. ഹാരിസ് റോഡിൽ. എം.ഗോവിന്ദനെ കാണുകയാണ് ലക്ഷ്യം. ‘ഒഴിവുസമയത്ത് ഇതു വായിച്ച് എനിക്കെഴുതിയാൽ നന്ന്’ എന്ന അഭ്യർഥനയും നോവലിനൊപ്പം എഴുത്തുകാരൻ കുറിപ്പായി വച്ചിട്ടുണ്ട്.  ‘മടുപ്പു തോന്നിയാൽ തിരിച്ചയക്കുക’ എന്നും മടി കൂടാതെ അയാൾ കൂട്ടിച്ചേർത്തു. ഗോവിന്ദൻ വീട്ടിൽ ഇല്ലായിരുന്നു.പുസ്തകത്തിന്റെ പൊതി വീട്ടിൽവച്ച് ആനന്ദ് മടങ്ങിപ്പോന്നു. അതേക്കുറിച്ചു ഗോവിന്ദൻ പിന്നീടു പറഞ്ഞു:വീട്ടിലെത്തുമ്പോൾ മേശപ്പുറത്ത് ഒരു പൊതിയിരിക്കുന്നു. അതിൻമേൽ ചായ കുടിച്ചുവച്ച ഒരു ഗ്ളാസിന്റെ പാടും. 

എഴുത്തുകാരന്റെ പേര് ആനന്ദ്. നോവൽ ആൾക്കൂട്ടം. ആനന്ദ് എന്ന എഴുത്തുകാരന്റെ അരങ്ങേറ്റമായിരുന്നു അത്. അന്നുമിന്നും വലിയ  എഴുത്തുകാർക്ക് ഭാവന ചെയ്യാൻപോലുമാവാത്ത വിനീതമായ രംഗപ്രവേശം. വർഷങ്ങൾ കുറച്ചെടുത്തെങ്കിലും ഗോവിന്ദൻ നോവൽ വായിച്ചു. ആ അക്ഷരങ്ങളിലെ പ്രതിഭ തിരിച്ചറിഞ്ഞു. മലയാളം കാത്തിരുന്ന എഴുത്തുകാരനാണ് ആനന്ദ് എന്നു പ്രവചിച്ചു. അതൊരു ദീർഘദർശനമായിരുന്നു. ആൾക്കുട്ടത്തിൽ തുടങ്ങി അഭയാർഥികളിലൂടെ, മരഭൂമികൾ ഉണ്ടാകുന്നതിലൂടെ, ഗോവർധന്റെ യാത്രകളിലൂടെ, ജൈവമനുഷ്യനിലൂടെ ആനന്ദ് മലയാളത്തിലെ വേറിട്ട എഴുത്തുകാരനായി. വലിയ പുരസ്കാരങ്ങളൊക്കെ സ്വന്തമാക്കിയ അദ്ദേഹത്തിന് ഇപ്പോൾ എഴുത്തഛൻ പുരസ്കാരവും. 

അറുപതുകളുടെ അവസാനം തന്റെ നോവലിന്റെ കയ്യെഴുത്തുപ്രതി കൈമാറുമ്പോൾ പോലും  ഗോവിന്ദൻ അതു വായിക്കുമെന്നോ മികച്ച അഭിപ്രായം പറയുമെന്നോ പ്രതീക്ഷയില്ലായിരുന്നു  ആനന്ദിന്. പ്രസിദ്ധീകരിച്ചില്ലെങ്കിലും താൻ അറിയപ്പെട്ടില്ലെങ്കിലും അതു തന്റെ പ്രശ്നമേ അല്ലെന്ന നിലപാടുമായിരുന്നു അദ്ദേഹത്തിന്. പക്ഷേ, പ്രസിദ്ധീകരിക്കപ്പെടാനുള്ള യോഗ്യതയുണ്ടായിരുന്നു ആൾക്കൂട്ടത്തിന്. ഇന്നും മലയാളത്തിലെ പ്രകാശഗോപുരമായി ആൾക്കൂട്ടം നിലനിൽക്കുന്നു. മലയാളത്തിലെ എണ്ണംപറഞ്ഞ കൃതികളിലെന്ന്.  മലയാളത്തിലെ ആദ്യ ഇന്ത്യൻനോവൽ എന്നു വിശേഷിപ്പിക്കാം ആൾക്കൂട്ടത്തെ. വിപുലവും വിശാലവുമായ ക്യാൻവാസിൽ നാഗരിക ഇന്ത്യയുടെ ചരിത്രം ഏതാനും വ്യക്തികളിലൂടെ ആവിഷ്കരിച്ച പരീക്ഷണപുസ്തകം.നിരൂപകൻമാർ ആദ്യം മുഖം തിരിച്ചെങ്കിലും സഹൃദയർ ഏറ്റെടുത്ത പുസ്തകം. മരുഭൂമികളും ഗോവർധന്റെ യാത്രകളും മരണസർട്ടിഫിക്കറ്റുമൊക്കെയുണ്ടെങ്കിലും ഇന്നും മികച്ച വായനക്കാരുടെ പ്രിയപുസ്തകം ആൾക്കൂട്ടം തന്നെ.

ആദ്യ കത്തിൽ ആനന്ദ് സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്: ഞാനൊരു എൻജിനീയറാണ്.ഗ്രാജ്വേറ്റ്.1958 മുതൽ പല സ്ഥലങ്ങളിലായി ജോലിചെയ്തുവരുന്നു.1966–ൽ നാലുകൊല്ലത്തെ സേവനത്തിനായി എന്നെ പട്ടാളത്തിലെടുത്തു.ഞാൻ ഇരിങ്ങാലക്കുട സ്വദേശിയാണ്.എന്നെപ്പറ്റി എനിക്കിത്രയേ അറിയാവൂ. 

എന്നെക്കുറിച്ചു ഞാൻ എന്ന വിഷയത്തെക്കുറിച്ച് എഴുതാൻ പറഞ്ഞാൽ ഒരു പുസ്തകം തന്നെ എഴുതിക്കൂട്ടുന്നവർക്കിടയിൽ എത്രമാത്രം വ്യത്യസ്തനാകുന്നു ആനന്ദ്. എം.ഗോവിന്ദന് ആനന്ദ് ആദ്യത്തെ കത്തെഴുതുന്നത് 1969 ഫെബ്രുവരിയിൽ. അന്ന് ആനന്ദിന് ഇരുപത്തിമൂന്നു വയസ്സുമാത്രം പ്രായം. എന്റെതന്നെ അനുഭവങ്ങളും എനിക്കു പരിചയമുള്ള മറ്റുള്ളവരുടെ അനുഭവങ്ങളും മുൻനിർത്തി ഇടത്തരക്കാരുടെ പുരോഗമനത്തെക്കുറിച്ചു പഠിക്കുകയായിരുന്നു ആൾക്കൂട്ടത്തിൽ ആനന്ദ്. 

സ്വാതന്ത്ര്യത്തെക്കുറിച്ചുകൂടിയാണ് ആ നോവൽ.വ്യക്തിയുടെ സ്വാതന്ത്ര്യവും രാജ്യത്തിന്റെ സ്വാതന്ത്ര്യവും.സമൂഹത്തിന്റെ ദുരന്തവും വ്യക്തിയുടെ ദുരന്തവും ഒന്നാകുന്ന ദാരുണാവസ്ഥ. 

ആധുനികതയുടെ പ്രഭാവകാലത്തും വേറിട്ടുനിന്ന എഴുത്തുകാരനാണ് ആനന്ദ്. അസ്തിത്വവാദം ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചു പറഞ്ഞപ്പോൾ ആത്മഹത്യയുടെ അർഥമില്ലായ്മയെക്കുറിച്ചാണ് ആനന്ദ് പറഞ്ഞത്. ജീവിതത്തിന് അർഥമില്ലെന്ന് എനിക്കറിയാം. പക്ഷേ ആത്മഹത്യ അതിലും എത്രയോ നിരർഥകമാണെന്ന് ആൾക്കൂട്ടത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. 

അൾക്കൂട്ടം എന്ന നോവൽ പ്രസിദ്ധീകരണത്തിനു കാത്തിരുന്ന കഥ ഇന്ന് ചരിത്ര രേഖയാണ്. 1968 –72 കാലത്ത് ആനന്ദ് ഗോവിന്ദന് എഴുതിയ  21 കത്തുകളിൽ ആ ചരിത്രമുണ്ട്. എം.ഗോവിന്ദൻ ആനന്ദിന് അയച്ച മറുപടിക്കത്തുകളിൽ ആൾക്കൂട്ടത്തെക്കുറിച്ച് പ്രശംസിച്ചപ്പോൾ ആനന്ദ് അതിശയിക്കുന്നുണ്ട്– എന്റെ പുസ്തകത്തെക്കുറിച്ചു മാത്രം എന്തിനിത്രയേറെ എഴുതുന്നു എന്ന്. അത് ചെറിയൊരു സംഭവം മാത്രം എന്നാണ് അദ്ദേഹം വിശദീകരിച്ചതും. പക്ഷേ ഗോവിന്ദൻ പ്രവചിച്ചതുപോലെ ആൾക്കൂട്ടം വലിയൊരു സംഭവം തന്നെയായി മാറി. മലയാള സാഹിത്യത്തിലെ വലിയൊരു സംഭവം. 

അറിവ് എന്ന കവിതയിൽ ആനന്ദ് എഴുതുന്നു: 

അറിയാനാവില്ലൊന്നിനേയു– 

മലട്ടാതതിനെ. 

അറിയലലട്ടലാണ്, 

അനക്കലാണ്,ഇടപെടലാണ്. 

അറിയാനാവില്ലൊന്നിനേയുമതിനാ– 

ലതെന്നെയുമറിയുന്നില്ലെങ്കിൽ. 


English Summary: Ezhuthachan Puraskaram for Novelist Anand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA