sections
MORE

രക്ഷപെടുത്തപ്പെട്ടവര്‍ക്കു വേണ്ടാത്ത സഹായിക്കും പറയാനുണ്ട് ; എല്ലാവരും കേള്‍ക്കേണ്ട വാക്കുകള്‍

writer-anand-feature
SHARE

അറിയപ്പെടുന്നത് നോവലിസ്റ്റും കഥാകൃത്തുമായിട്ടാണെങ്കിലും കവിയുമാണ് ആനന്ദ്. ഒപ്പം ശില്‍പിയും. ആനന്ദിന്റെ മിക്ക കൃതികളുടെയും പുറംചട്ട അലങ്കരിക്കുന്നതും  ശില്‍പങ്ങള്‍ തന്നെ. അവയില്‍ ചിലതു സൃഷ്ടിച്ചത് അദ്ദേഹം തന്നെയും. 

കവിയെന്ന നിലയില്‍ ആനന്ദിന്റെ ഏറ്റവും മികച്ച സൃഷ്ടി സംവാദം എന്ന കവിതയാണ്. 1973–ൽ എഴുതിയത്. അന്ന്  കവിത വായിച്ച അയ്യപ്പപ്പണിക്കർ പ്രത്യേകതാൽപര്യമെടുത്ത് ‘കേരളകവിത’ മാസികയിൽ പ്രസിദ്ധീകരിച്ചു. മുറിഞ്ഞുപോകുന്ന സംവാദമായിരുന്നു പ്രമേയം. കാൽനൂറ്റാണ്ടിനുശേഷം അതേ കവിത അളവുകൾ എന്ന കഥയിൽ വേറൊരു രൂപത്തിൽ പുനർജനിച്ചു.

ദീർഘമായ ഇടവേളയ്ക്കുശേഷം ‘സംവാദം’ വീണ്ടുമെത്തി; കേൾവി എന്ന കഥയിൽ. ആദ്യത്തെ അതേ രൂപത്തിൽ. ഡൽഹിയിൽ സുഹൃത്തായ ഒരു പുരോഹിതനുണ്ടായ വേദനാകരമായ അനുഭവത്തെക്കുറിച്ചാണ് കേൾവി. മുപ്പത്തിമൂന്നു കൊല്ലം മുമ്പ് എഴുത്തുകാരന്റെ മുൻപിലൂടെ, ഒരു കൈ വായുവിൽ ഉയർത്തി എന്തോ പറയുവാൻ ശ്രമിച്ച് പെട്ടെന്നു കൈ താഴെയിട്ട് ഒന്നും പറയാതെ, തിരിഞ്ഞുനോക്കാതെ നടന്നുപോയ ഇനിയൊരിക്കലും കാണുകയില്ലെന്നു കരുതിയ അപരിചിതന്റെ വേദനാകരമായ തിരിച്ചുവരവ് ആ കഥയിലുണ്ട്. കേൾക്കാൻ ആളില്ലാത്തയിടത്തു സംസാരിക്കാൻ ശ്രമിച്ച തുൾസി ആയിരുന്നു അത്. ലോകം അയാളെ ശിക്ഷിച്ചതു നാവുതന്നെ മുറിച്ചുകളഞ്ഞുകൊണ്ടായിരുന്നു.

ഒരുദിവസം വൈകുന്നേരം തിരക്കില്ലാത്ത വഴിയിൽ ഒരു സ്ത്രീയെ രണ്ടുനാലു മനുഷ്യർ കൂടി ആക്രമിക്കുന്നത് കണ്ട് തുൾസി ഇടയിൽ ചാടിവീണു. സ്ത്രീ ഓടിരക്ഷപ്പെട്ടു. പക്ഷേ, തുൾസി അടി കൊണ്ട് അവശനായി. അക്രമികളും ഓടിപ്പോയി. ഏറെനേരം കഴിഞ്ഞാണ് ഒരു പൊലീസ് പട്രോൾവാൻ അയാളെ വഴിയിൽനിന്നു പൊക്കിയെടുത്തത്. ഏറെക്കാലം അയാൾ ആശുപത്രിയിൽ കിടന്നു. മസ്തിഷ്കത്തിലെ ആഘാതവും മറ്റു മുറിവുകളും അയാളുടെ ശ്രവണശക്തിയും സംസാരശേഷിയും കവർന്നെടുക്കുക മാത്രമല്ല ചെയ്തത്, ശരീരത്തെ മുഴുവൻ ബാധിക്കുകകൂടിയാണ്. സാമ്പത്തികശേഷിയില്ലാത്ത ആ മനുഷ്യനെ സഹായിക്കാൻ സർക്കാരോ സന്നദ്ധസംഘടനകളോ എത്തിയില്ല. ചികിൽസ മുന്നോട്ടുകൊണ്ടുപോകാൻ വീട്ടുകാർക്കും ശേഷിയില്ലായിരുന്നു. കഷ്ടിച്ചുണ്ടായ വരുമാനം നിലച്ചപ്പോൾ ഭാര്യയും കുട്ടികളും കഷ്ടത്തിലായി. വൈകിയുണ്ടായ ചെറിയ കുട്ടികൾ. അയാളെ പോറ്റുവാൻ അവരെക്കൊണ്ടു കഴിയാതായി. പത്രങ്ങളിൽ വാർത്ത വന്നു. പൊലീസ് കേസെടുത്തു. അക്രമികൾ പിടിക്കപ്പെട്ടു. പക്ഷേ, തുൾസീദാസ് രക്ഷപ്പെടുത്തിയ സ്ത്രീയോ അവരുടെ ആരെങ്കിലുമോ ആയാളെ ഒരിക്കലെങ്കിലും ആശുപത്രിയിലോ വീട്ടിലോ സന്ദർശിച്ചില്ല.

തുൾസിയുടെ ജീവിതം തരുന്ന സന്ദേശം പറയപ്പെടാത്ത വാക്കുകളുടെയല്ല, കേൾക്കപ്പെടാത്തവയുടേതാണ്. സംവാദമല്ല നടക്കപ്പെടാതിരുന്നത്; സംവേദനമാണ്. ആർക്കുവേണ്ടിയാണോ സംസാരിച്ചത് ആ ആൾ കൈ ഉയർത്തുകപോലും ചെയ്യാതെ നടന്നുപോയി. ഉച്ചരിക്കപ്പെടാത്ത വാക്കുകൾ. വായിക്കപ്പെടാത്ത ലിപികൾ. എഴുതപ്പെടാത്ത പുസ്തകങ്ങൾ. മുഴുമിക്കാത്ത വാഗ്ദാനങ്ങൾ. നിവർത്തിക്കപ്പെടാത്ത കർത്തവ്യങ്ങൾ.

1973 – ൽ ആനന്ദ് എഴുതിയ കവിത: സംവാദം

എന്റെ മുഖത്തുനിന്ന് അയാൾ കണ്ണെടുത്തതേയില്ല

ഇടയ്ക്കിടെ വഴിയിൽ തുറിച്ചുനിൽക്കുന്ന പാറകൾ നോക്കുവാനല്ലാതെ

പൊട്ടാൻപോകുന്ന കുമിള പോലെ നിറഞ്ഞിരുന്നു പരിചയമില്ലാത്തതെങ്കിലും അയാളുടെ മുഖം

തീർച്ചയായും അയാൾക്ക് എന്നോടെന്തോ പറയുവാനുണ്ടായിരുന്നു

എന്നെ കണ്ടപ്പോൾ അയാൾ വേഗം കുറച്ചിരുന്നു

പിന്നീട് എന്നെ കടന്നുപോയപ്പോഴും തിരിഞ്ഞ് എന്നെത്തന്നെ നോക്കി

അൽപദൂരം ചെന്നതിനുശേഷം തിരിഞ്ഞുനിന്ന് ഒരു കൈ വായുവിലുയർത്തി

എന്നെ വിളിക്കാനെന്നപോലെ

പിന്നെ പെട്ടെന്നു കൈ താഴെയിട്ട് ഒന്നും പറയാതെ തിരിഞ്ഞുനോക്കാതെ നടന്നുപോയി

അയാളുടെ കാലടികളുടെ ശബ്ദം വഴിയിൽ ഒന്നൊന്നായി മരിച്ചുവീഴുന്നതു ഞാൻ കേട്ടു

ഒടുവിൽ ഞാനും എന്റെ കാലടികളുടെ ശബ്ദവും തനിച്ചു പാതയിൽ അവശേഷിച്ചപ്പോൾ

ഇനി ഒരിക്കലും അയാളെ കാണുകയില്ല എന്നോർത്തപ്പോൾ

എന്റെ തൊണ്ട കനത്തു

English Summary: Ezhuthachan Puraskaram for Novelist Anand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA