ആരാണു വിജയിയെന്നാണ് എന്റെ കൃതികൾ ചോദിക്കുന്നത്: ആനന്ദ് നീലകണ്ഠൻ

Anand-Neelakantan
SHARE

ഇതിഹാസങ്ങളുടെ വരികൾക്കിടയിലെ ജീവിതങ്ങളെപ്പറ്റിയാണ് ആനന്ദ് നീലകണ്ഠൻ എഴുതിയത്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിലൊരാളാണ് ഈ മലയാളി. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ ആനന്ദ് നീലകണ്ഠൻ സംസാരിക്കുന്നു.

∙ പുരാണങ്ങളും മലയാള കഥകളും കേട്ടു വളർന്ന തൃപ്പൂണിത്തുറക്കാരൻ. ഇഷ്ടഭാഷ മലയാളം. എന്നിട്ടും എന്തുകൊണ്ടാണ് എഴുതാൻ ഇംഗ്ലിഷ് തിരഞ്ഞെടുത്തത്?  

ഇഷ്ട ഭാഷ ഇന്നും മലയാളം തന്നെയാണ്. എന്നാൽ കൂടുതൽ വായനക്കാരിലേക്ക് എന്റെ കൃതി എത്തണം എന്നതുകൊണ്ടാണ് ഇംഗ്ലിഷ് തിരഞ്ഞെടുത്തത്. ഭാഷയല്ല ആശയമാണ് വലുത്. അതുകൊണ്ടുതന്നെ എഴുത്തുകാർ ഒരിക്കലും ഭാഷയിൽ കുടുങ്ങിപ്പോകരുത്. ഭാഷയിൽ കുടുങ്ങിക്കിടക്കുകയായിരുന്നെങ്കിൽ ഒരിക്കലും സംസ്കൃതഗ്രന്ഥങ്ങളോ മറ്റു ഭാഷയിലെ പുസ്തകങ്ങളോ നാം വായിക്കുമായിരുന്നില്ല. മികച്ച ആശയം ഏതു ഭാഷയിൽ അവതരിപ്പിച്ചാലും അതിനു സ്വീകാര്യത ലഭിക്കുന്നു. ലളിതമായ ഭാഷയിൽ എഴുതുവാനും സാധാരണക്കാരന്റെ മനസ്സിൽനിന്ന് ചിന്തിച്ചു നോക്കി അവയിൽ തിരുത്തെഴുത്തുകൾ നടത്തുവാനും ശ്രമിക്കാറുണ്ട്.

∙ തിരസ്കരിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്തവരുടെ കഥകളാണ് താങ്കൾ എഴുതാറ്. ഈ തിരഞ്ഞെടുപ്പിനു കാരണം? 

ആരാണു പരാജയപ്പെട്ടത് എന്ന ചോദ്യം നിലനിൽക്കുന്നു. രാവണൻ പരാജയപ്പെട്ടവനാണോ? രാമൻ യഥാർഥത്തിൽ വിജയിച്ചോ ? രാജാവായി ജീവിക്കുകയും രാജാവായി മരിക്കുകയും ചെയ്തവനാണ് രാവണൻ. ഒരു രാജ്യം കെട്ടിപ്പടുക്കുന്നു, നല്ല ദാമ്പത്യം, നല്ല മക്കൾ.. മരണംവരെയും എല്ലാം ഉള്ളവനായി രാവണൻ നിലനിൽക്കുന്നുണ്ട്. എന്നാൽ രാമനു രാജ്യം, ഭാര്യ, കുട്ടികൾ ഒടുവിൽ ലക്ഷ്മണനെപ്പോലും നഷ്ടപ്പെടുന്നു. ഏകാന്തമായി മരണത്തിലേക്കു നടന്നു നീങ്ങുന്ന രാമനെയാണ് നാം കാണുന്നത്. ആരാണു വിജയിച്ചത് എന്ന മറുചോദ്യമാണ് ഞാൻ കൃതികളിലൂടെ വായനക്കാരിൽ എത്തിക്കാൻ ശ്രമിക്കുന്നത്. മറ്റൊരു കണ്ണിലൂടെ നാം കഥകളെ നോക്കിക്കാണുന്നു, അത്രമാത്രം.

∙ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം വ്യക്തമായി താങ്കളുടെ നോവലുകളിൽ കാണാം. എത്ര ഭരണകർത്താക്കൾ മാറി വന്നാലും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്ന അവസ്ഥ കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു. അസുര തന്നെ ഉദാഹരണം.

അതൊരു പുതിയ ആശയമല്ല. കാലങ്ങളായി നമ്മൾ കേട്ടുപഴകിയ ഒന്നാണിത്. ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽത്തന്നെ’. വായനക്കാരോടു സത്യസന്ധത പുലർത്തുക എന്നതാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ കടമ. അതുകൊണ്ടുതന്നെ സാമൂഹികപ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുവാൻ സാധിക്കുകയില്ല. നമുക്കു ചുറ്റും കാണുന്ന യാഥാർഥ്യങ്ങളെ കൃതികളിൽ കൊണ്ടു വരുവാൻ ശ്രമിക്കുന്നു. ഞാൻ എഴുതിയ ലങ്കയോ മാഹിഷ്മതിയോ കിഷ്കിന്ധയോ ആയിക്കൊള്ളട്ടെ അവയിലെല്ലാം ഇന്ത്യയുടെ ഭാഗങ്ങൾ നിങ്ങൾക്കു കാണാം.

∙ ജാതീയത ശക്തമായ വിഷയമായി കൃതികളിൽ കടന്നുവരുന്നു. മുകൾത്തട്ട്, താഴ്തട്ട് എന്ന വേർതിരിവുള്ള സമൂഹത്തിന്റെ നേർകാഴ്ച, ഒരു സബാൾട്ടൻ ടച്ച്, എല്ലാ കൃതികളിലും കാണാമല്ലോ.? 

ജാതീയത ഒരു യാഥാർഥ്യമാണ്. കേരളത്തിൽ അതു മനസ്സിൽ ഒതുങ്ങിയാണെങ്കിൽ ഉത്തരേന്ത്യയിൽ ഇത്തരം വ്യത്യാസങ്ങൾ സാമൂഹികമായിത്തന്നെ പ്രകടമാണ്. ഇത് അവഗണിച്ചുകൊണ്ട് എഴുതാനാവില്ല. ശംബൂകന്റെയോ ബാലിയുടെയോ ജരന്റെയോ ഏകലവ്യന്റെയോ കഥ ഞാൻ കണ്ടെത്തിയതല്ല. രാമായണത്തിലും മഹാഭാരതത്തിലും കാണുന്നതു മാത്രമാണ് ഞാനും എഴുതിയിരിക്കുന്നത്. വാല്മീകിക്കോ വ്യാസനോ വേണമെങ്കിൽ യാഥാർഥ്യം മറച്ചുവെച്ച് എഴുതാമായിരുന്നു, എന്നാൽ അവരതു ചെയ്തില്ല. ഞാനും അതു തുടരുന്നു.

∙ രണ്ടുപേർ കഥ പറയുന്ന രീതി താങ്കളുടെ നോവലുകളിൽ കാണാം. മുഖ്യകഥാപാത്രവും സാധാരണക്കാർക്കിടയിൽനിന്ന് ഒരാളും. അസുരയിൽ രാവണനും ഭദ്രനും. അജയയിൽ ദുര്യോധനനും ജരനും. ഇത്തരമൊരു രചനരീതി ശ്രമകരമായിരുന്നോ?

നാമെല്ലാവരും പ്രജകൾ ആണല്ലോ. അതുകൊണ്ടുതന്നെ പ്രജയുടെ രീതിയിൽ നിന്ന് കാര്യങ്ങൾ നോക്കിക്കാണാൻ എളുപ്പമാണ്. പിന്നെ മറ്റെതൊരു ജോലിയും പോലെ തന്നെയാണ് എനിക്ക് എഴുത്ത്, അതുകൊണ്ടുതന്നെ ഇതൊരു കഠിനമായ പ്രക്രിയയായി ഇന്നേവരെ തോന്നിയിട്ടില്ല. എഴുത്ത് വളരെ ആസ്വാദ്യകരമായ ഒരു പ്രവൃത്തിയായാണ് ഞാൻ കാണുന്നത്. 

∙ താങ്കളുടെ മറ്റു കൃതികളെല്ലാം പുരാണങ്ങളെ ആസ്പദമാക്കിയുള്ളതാണ് അതുകൊണ്ടുതന്നെ റഫറൻസുകൾക്കു കുറവുണ്ടാവില്ല. എന്നാൽ ബാഹുബലി എന്ന ചിത്രത്തിന്റെ ഒരു പ്രീക്വൽ, പിന്നിലേക്കുള്ള ചരിത്രം, അതും സമയബന്ധിതമായി എഴുതുക. ആ അനുഭവത്തെക്കുറിച്ചു വിവരിക്കാമോ? 

ബാഹുബലിക്ക് ഒരു പിൻചരിത്രം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ രാജമൗലി വിളിച്ചപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. പിന്നീട് ബെംഗളൂരുവിൽ എത്തി 10 അധ്യായങ്ങൾ എഴുതിച്ചു വിലയിരുത്തിയ ശേഷമാണ് 500 ദിവസത്തിനുള്ളിൽ 3 ബുക്ക്‌ എന്ന കാര്യം എന്നോടു പറയുന്നത്. നടക്കുമോ എന്നു സംശയം പ്രകടിപ്പിച്ചപ്പോൾ, സമയബന്ധിതമായ എഴുത്താണ് ഒരു എഴുത്തുകാരന്റെ ക്രിയാത്മകതയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

∙ ദൈവിക പരിവേഷം വിട്ട് മാനുഷിക തലത്തിലേക്കു പുരാണകഥാപാത്രങ്ങളെ കൊണ്ടുവരുമ്പോൾ വിമർശനങ്ങൾക്കുള്ള സാധ്യതകൾ കൂടുതലല്ലേ? 

ഭാരതീയ സംസ്കാരം വിമർശനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഞാനെന്റെ പുസ്തകങ്ങളിൽ ആക്ഷേപകരമായ ഒന്നും എഴുതിയിട്ടില്ല. ഞാൻ എഴുതിയവയെല്ലാം എത്രയോ കാലങ്ങളായി നില നിൽക്കുന്നവയാണ്. കഥകളിയിലും ഓട്ടൻതുള്ളലിലും എല്ലാം ഇത്തരം പരാമർശങ്ങളുണ്ട്. ജൈനരാമായണം,  മാപ്പിളരാമായണം, കമ്പരാമായണം എന്നിവയെല്ലാം വ്യത്യസ്ത വ്യാഖ്യാനങ്ങളായാണ് നാം കാണുന്നത്. അതുകൊണ്ടാവാം വിമർശനങ്ങൾ ഇല്ലാതെ കടന്നു പോകുവാൻ സാധിക്കുന്നത്.

 

English Summery : About Anand Neelakantan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA