ADVERTISEMENT

പലരും ചോദിക്കാറുണ്ട്, ഒരു വർഷം എത്ര പുസ്തകം വായിക്കും ? ഇതേവരെ ഈ കണക്കു മാത്രം ഞാനെടുത്തിട്ടില്ല. ഞാൻ വളരെ സാവധാനം വായിക്കുന്നു. ഇടയ്ക്കു നിർത്തുന്നു. മറ്റു സ്ഥലങ്ങളിൽ പോകുന്നു. തിരിച്ചെത്തി വീണ്ടും തുടങ്ങുന്നു. അപ്പോഴേക്കും മുൻപു വായിച്ചതു മറന്നിട്ടുണ്ടാകും. അതിനാൽ ആദ്യം മുതൽ വീണ്ടും വായിക്കുന്നു. ഇമ്മട്ടിൽ പലനാൾ വായിച്ചും വായിക്കാതെയുമാണ് ഒരു പുസ്തകം ഓർമയുടെയോ മറവിയുടെയോ ഭാഗമാകുന്നത്. ചിലത് ഓർമയ്ക്കുള്ളിൽ വിരിയുന്ന മറ്റൊരു ഓർമയാകാറുണ്ട്. ഉദാഹരണം പറഞ്ഞാൽ, ആനന്ദിന്റെ അഭയാർത്ഥികൾ. ആൾക്കൂട്ടത്തിനുശേഷം ഞാൻ ഓടിച്ചെന്നു വായിച്ചതാണ്. അതിലെ സന്ദർഭങ്ങളിലേറെയും ഞാൻ മറന്നുകഴിഞ്ഞു. എന്നാൽ ആ പുസ്തകത്തിന്റെ ഓർമയ്ക്കകം മറ്റു പിറവികളുണ്ടായിട്ടുണ്ട്. ആനന്ദിന്റെ ‘പ്രജ്ഞയും കരുണയും’ എന്ന പ്രബന്ധത്തിൽ വന്നതും ‘ജൈവ മനുഷ്യ’ന്റെ ഭാഗമായിത്തീർന്നതുമായ, സെമിറ്റിക് മതങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനങ്ങളിലേറെയും ആദ്യം പ്രത്യക്ഷപ്പെട്ടത് അഭയാർഥികളിലായിരുന്നു.

 

ഒരു നോവലാണോ നോവൽരൂപത്തിലുള്ള പ്രബന്ധമാണോ എന്ന ചർച്ച അന്നു സജീവമായിരുന്നു. ശുദ്ധിവാദികളെ ആ കൃതി ശുണ്ഠി പിടിപ്പിച്ചു. അത്തരം നിരൂപകരെയും അധ്യാപകരെയും മറികടന്നാണ് അഭയാർഥികൾ എന്നെപ്പോലെ സാഹിത്യപരിചയമില്ലാത്ത പ്രീഡിഗ്രി വിദ്യാർഥിയുടെ അടുത്തേക്കു വന്നത്. എനിക്കൊപ്പം ‘അഭയാർഥികൾ’ വായിച്ച എന്റെ സഹപാഠി അക്കാലത്ത് ആ നോവലിനെ കുറിച്ചു മാത്രം, എനിക്കെഴുതിയ നീണ്ട കത്ത്, ഇപ്പൊഴും എന്റെ ഉള്ളിലുണ്ട്. എന്തൊരു സൗന്ദര്യമായിരുന്നു അതിന്. ഖനനത്തിനിടെ മണ്ണിനടിയിൽനിന്നു ലഭിക്കുന്ന അമ്മദൈവത്തിന്റെ മൺപ്രതിമ ഉണർത്തുന്ന ചിന്തകളിലൂടെ ആരംഭിക്കുന്ന ആ നോവലിലെ അന്തരീക്ഷം അനന്യമായിരുന്നു. അഭയാർഥികൾ വായിച്ചു രസിച്ച അധികം പേരെ ഞാൻ കണ്ടിട്ടില്ല. എന്നാൽ, പിന്നീടു ഞാൻ ഡോ. കെ.എം. തരകൻ എഴുതിയ, അഭയാർഥികളെക്കുറിച്ചുള്ള നീണ്ട ലേഖനം വായിക്കുകയുണ്ടായി. ഞാൻ വായിച്ച നല്ല പഠനങ്ങളിലൊന്ന് അതായിരുന്നു.

 

ഒരു വർഷം ഒരാൾക്ക് എത്ര പുസ്തകം വേണം എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കാറുള്ള കാര്യം. എന്റെ രീതി വച്ചാണെങ്കിൽ ഞാൻ ഒരു എഴുത്തുകാരനെ വായിച്ചു തുടങ്ങിയാൽ അയാളെ ഇഷ്ടമായാൽ മിക്കവാറും മാസങ്ങളോളം ഞാൻ അയാളെ മാത്രമേ വായിക്കൂ. ഞാൻ പുതിയ നോട്ടുപുസ്തകം എടുക്കുന്നു. അതിൽ അയാളുടെ പേരെഴുതുന്നു. അയാളെപ്പറ്റി കിട്ടാവുന്നതെല്ലാം ശേഖരിക്കുന്നു. അയാളുടെ മികച്ച വാക്യങ്ങൾ പകർത്തിയെഴുതുന്നു. അങ്ങനെ ഒപ്പം സഞ്ചരിക്കുന്നു. ഒരു ഉദാഹരണം പറഞ്ഞാൽ, ഡബ്ല്യു. ബി. സെയ്ബാൾഡിന്റെ ഞാൻ ആദ്യം വായിച്ച നോവൽ ‘ദി എമഗ്രന്റ്സ്’ ആണ്. ഹോളോകോസ്റ്റിനുശേഷം നാലു പ്രവാസിജൂതരുടെ ജീവിതകഥയാണത്. നാലു വ്യക്തികൾ, നാലു കഥകൾ – അതൊരു നോവൽ. സെയ്ബാൾഡിനു വേണ്ടി ഞാൻ ഒരു നോട്ട്ബുക് വാങ്ങി. ഞാൻ നിശ്ചയിച്ചു, ആ വർഷം ഞാൻ സെയ്ബാൾഡ് മാത്രമേ വായിക്കുകയുള്ളു.

 

ചില എഴുത്തുകാരെ വായിക്കുമ്പോൾ മാസങ്ങളോളം അവർ മാത്രം, അവരുടെ എല്ലാം വായിച്ചുതീരുന്നതു വരെയുള്ള അലച്ചിൽ, അതു കഴിഞ്ഞാൽ വായിച്ചതിനെപ്പറ്റിയുളള വിചാരങ്ങളുടെ തിക്കുമുട്ടൽ. നമ്മുടെ കയ്യിൽ വലിയ ഒരു എഴുത്തുകാരനെ കിട്ടിയാൽ വിടരുത്, കുറഞ്ഞത് ഒരു വർഷമെങ്കിലും അയാളുടെ പിന്നാലെ നടക്കുക. അയാളുടെ മനം കവരും വരെ പിന്തിരിയരുത്. അതൊരു നേട്ടമായി, അഹങ്കാരമായി തോന്നാറുണ്ട്– മറ്റാരുടെയും അടുക്കൽ അപ്പോൾ ഞാൻ പോകില്ലെന്നത്.

 

ആദ്യം ഉറൂബിന്റെ ഒരു ചെറുകഥയാണു വായിച്ചത്. പിന്നീടു ‘സുന്ദരികളും സുന്ദരന്മാരും’ വായിച്ചപ്പോൾ തീരുമാനിച്ചു ഞാൻ ഇനി ഉറൂബിനെ വിട്ടുപോകില്ലെന്ന്. പിന്നീട് ആനന്ദിനെയും ഉറൂബിനെയും താരതമ്യം ചെയ്തു ചില വിചാരങ്ങൾ നടത്തിയപ്പോഴാണ് എനിക്ക് നോവൽ എന്ന സാഹിത്യരൂപം സംബന്ധിച്ച് പുതിയ ചില ഉൾക്കാഴ്ചകൾ ലഭിച്ചതും.

 

ഒരു വർഷം ഒരാൾ എത്ര പുസ്തകം വായിക്കും? ഇരുന്നു വായിക്കാൻ കസേരയും മുറിയും ആൾ–ഫോൺ അനക്കമില്ലാത്ത മണിക്കൂറുകളും സ്വന്തമായുണ്ടെങ്കിൽ, പുസ്തകം ശരാശരി 300 പേജാണെങ്കിൽ 10–15 പുസ്തകം വരെ വായിക്കാം. കൂടുതൽ പിശുക്കിയാണു വായനയെങ്കിൽ വർഷം ആറു നോവൽ വായിക്കണമെന്നാണ് എന്റെ ആഗ്രഹം, അതിൽ മൂന്നെണ്ണമെങ്കിലും ഓർത്തുവയ്ക്കണമെന്നും. അവ ഓർമയിലുണ്ടോ എന്നറിയാനുള്ള മാർഗം, സുഹൃത്തിനു മുൻപാകെ അതേപ്പറ്റി 10 വാക്യങ്ങൾ പൊടുന്നനെ പറയാൻ കഴിയുമോ എന്നതും.

 

ഈ വർഷം വായിച്ചതിൽനിന്ന് ഒരു സിലക്‌ഷൻ:

ദ് ഗ്രേറ്റ് വീവർ ഫ്രം കശ്മീർ – ഹൽദോർ ലാക്‌സ്നസ് (ഐസ്‌ലൻഡിക്)

സോ മച്ച് ലോങിങ് ഇൻ സോ ലിറ്റിൽ സ്പെയ്സ് – കാൾ ഓവ് ക്നോസ്‌ഗാർഡ് (നോർവീജിയൻ)

പൊസസ്ഡ് ബൈ മെമ്മറി – ഹാരോൾഡ് ബ്ലൂം (ഇംഗ്ലിഷ്)

ദി ഇയേഴ്സ് – ആനി എർനോ (ഫ്രഞ്ച്)

ദ് ഫ്ലെയിം – ലെനാ‍ഡ് കോയെൻ (ഇംഗ്ലിഷ്)

മാനുവൽ ഓഫ് പെയിന്റിങ് ആൻഡ് കാലിഗ്രഫി – ഷുസെ സരമാഗോ (പോർചുഗീസ്)

ബ്രേക് ദ് മിറർ – നാനാവോ സകാകി (ജാപ്പനീസ്)

യൂറോപ്സ് ഇന്ത്യ: വേഡ്സ്, പീപ്പിൾ, എംപയേഴ്സ് 1500–1800 – സഞ്ജയ് സുബ്രഹ്മണ്യം (ഇംഗ്ലിഷ്)

 

English Summary : List of Books Read by Ajay P mangattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com