ADVERTISEMENT

കൂടല്ലൂരിൽ നിളയുടെ നിർമലതീരത്തെ തഴുകി വരുന്ന കാറ്റിന് എംടിയുടെ വള്ളുവനാടൻ സാഹിത്യത്തിന്റെ നിരുപമ സുഗന്ധമാണ്. കൂടല്ലൂരിൽ നിള നിറഞ്ഞൊഴുകുകയല്ല, എംടിയുടെ വീടു നിൽക്കുന്ന തീരത്തോടു ചേർന്ന് നീരാടാൻ മാത്രമുള്ള ആഴത്തിൽ പതഞ്ഞൊഴുകുകയാണ്; ‘അറിയാത്ത ആഴങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം’ എന്ന എംടിയുടെ വരികൾ സൗമ്യമായി ഓർമിച്ച്.

 

MT-Vasudevan-Nair-845

തൃത്താലയ്ക്കടുത്ത് എംടിയുടെ ജന്മനാടായ കൂടല്ലൂരും എംടി കൃതികളിൽ വരുന്ന പ്രദേശങ്ങളും ക്ഷേത്രങ്ങളും ചെറിയൊരു ടൂറിസം സർക്യൂട്ടായി രൂപപ്പെട്ടിരിക്കുന്നു. വള്ളുവനാടാൻ പ്രകൃതിഭംഗി ആസ്വദിച്ച്, നിളയും തെക്കേപ്പാട്ട് തറവാടും മലമൽക്കാവ്, കൊടിക്കുന്നത്ത് ദേവീ ക്ഷേത്രങ്ങളും കണ്ട് കഥകളെയും കഥാപാത്രങ്ങളെയും ഓർക്കാൻ, അവയെ മലയാളത്തിനു സമ്മാനിച്ച പ്രതിഭയെ മനസ്സുകൊണ്ടൊന്നു നമസ്കരിക്കാൻ അനേകർ എത്തുന്നു.

 

thekkeppattu-home
എംടിയുടെ തെക്കേപ്പാട്ട് തറവാട്

നിളയുടെ കരയിൽ ചെമ്മൺ പാതയും അതിനപ്പുറം പാടങ്ങളുമായിരുന്നു പണ്ട്. പച്ചച്ച പാടങ്ങൾ ഇന്ന് അങ്ങിങ്ങു മാത്രം. റോഡിൽനിന്നു നോക്കിയാൽ പാടത്തിനപ്പുറം കവുങ്ങുകൾക്കിടയിലൂടെ തെക്കേപ്പാട്ട് നാലുകെട്ടിന്റെ പടിപ്പുര കാണാമായിരുന്നു. ഇന്ന് റോഡിനോടു ചേർന്ന് വലിയ വീടുകളാണ്. പുഴക്കരയിൽനിന്നു നോക്കിയാൽ വീടു കാണില്ല. പക്ഷേ കൂടല്ലൂരിലെ കൂട്ടക്കടവിനടുത്ത് റോഡിൽ നിന്നൊരു ചെമ്മൺ പാതയിലൂടെ അൽപം മുമ്പോട്ടു നടന്ന് ഇടത്തേക്കു തിരിഞ്ഞാൽ ഉയരത്തിൽ തെക്കേപ്പാട്ട് തറവാട്. എംടി സാഹിത്യ ആരാധകർ ജന്മസാഫല്യം പോലെ ആ കാഴ്ചയിൽ മനംകുളിർന്നു നിൽക്കും.

 

വീടിനു മുന്നിൽ ഇപ്പോഴുമുള്ള പാടത്തിലൂടെ ഗെയ്‌ലിന്റെ പ്രകൃതിവാതക പൈപ്പ് പോയിട്ടുണ്ട്. പൈപ്പ് മൂടിയതിനു മുകളിൽ ചെറുവാഴകൾ നട്ടിരിക്കുന്നു. വള്ളുവനാട്ടുകാർ ഊണിന്റെ കൂടെ രുചികരമായ തോരനാക്കി കഴിക്കുന്ന ചെറുവാഴക്കൂമ്പുകൾ തലകുനിച്ചു നിൽക്കുന്നു. തെക്കേപ്പാട്ട് ഇപ്പോൾ ആരും താമസമില്ല. എംടിയുടെ മൂത്ത ഏട്ടന്റേതാണു വീട്. മക്കൾ പലയിടത്താണ്. പുതുക്കി പണിതു മനോഹരമാക്കിയ വീട് എംറ്റി. (ശൂന്യം)

 

MT-Vasudevan-Nair-home
എംടി പണികഴിപ്പിച്ച സിതാര എന്ന വീട്

കൂടല്ലൂരുകാരുടെ ‘വാസ്വേട്ടൻ’ കോഴിക്കോട്ടുനിന്നു വല്ലപ്പോഴുമേ വരാറുള്ളു. തെക്കേപ്പാട്ടു വീടിന്റെ പിറകിലെ ഇരുണ്ട പച്ചപ്പു നിറഞ്ഞ കുന്നാണ് താന്നിക്കുന്ന്. അതുവഴിയുള്ള റോഡ് തകർന്നിരിക്കുന്നു. കൂട്ടക്കടവിനു മുന്നിലെ റോഡിനു മറുവശം മകൾ സിതാരയുടെ പേരിൽ എംടി മറ്റൊരു വീട് പണിയിച്ചിട്ടുണ്ട്. പ്രളയ കാലത്ത് ആ വീടും മുങ്ങിയിരുന്നു. നിള സംഹാരരുദ്രയായി എല്ലാറ്റിനും മീതേ ഒഴുകി. 

 

എംടി പഠിച്ച മലമൽക്കാവ് എൽപി സ്കൂളിനടുത്തു തന്നെയാണ് കൂടല്ലൂരുകാർ മലമക്കാവ് എന്നു വിളിക്കുന്ന അയ്യപ്പക്ഷേത്രം. ഇവിടെയുള്ള കുളത്തിലാണ് പ്രശസ്തമായ നീലത്താമര വിരിയുന്നത്. നീലത്താമര സിനിമയുടെ ഒരു ഭാഗം ലാൽ ജോസ് ഷൂട്ട് ചെയ്തതും ഈ കുളത്തിന്റെയും ആലിന്റെയും പരിസരങ്ങളിലായിരുന്നു. എംടിയും തന്റെ കഥയുടെ സിനിമയിലേക്കുള്ള രണ്ടാമൂഴം ആസ്വദിച്ച് ആഴ്ചകളോളം സെറ്റിലുണ്ടായിരുന്നു.

 

കൊടിക്കുന്നത്ത് ദേവീക്ഷേത്രത്തിൽ പുനരുദ്ധാരണം നടക്കുകയാണ്. ഐശ്വര്യമുള്ള ദേവീപ്രതിഷ്ഠ എംടി ടൂറിസം സർക്കീട്ടിനെത്തുന്ന ആരാധകരുടെ മനം കവരുന്നു. ദൈവത്തെക്കുറിച്ചു ചോദിച്ചപ്പോൾ എംടി പണ്ടൊരിക്കൽ ഈ ക്ഷേത്രത്തിലെ ദേവിയുടെ കഥ പറഞ്ഞു. ഒരു വീട്ടിൽനിന്ന് ദിവസവും ക്ഷേത്രത്തിലേക്കു പാൽ കറന്ന് എത്തിച്ചിരുന്നു. ദേവിയുടെ പടച്ചോറായിരുന്നു അവിടുത്തെ കുട്ടികളുടെ അന്നം. വെള്ളപ്പൊക്കക്കാലത്ത് പാൽ ക്ഷേത്രത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. കുട്ടികൾ വിശന്നു കരഞ്ഞു. രാത്രി വീടിന്റെ വാതിലിൽ ആരോ മുട്ടുന്നു. വൃദ്ധയായ സ്ത്രീയാണ്. പടച്ചോറ് ഒരു പാത്രത്തിലാക്കി കൊണ്ടുവന്നിരിക്കുകയാണ്.

 

പാത്രം തിരികെ കൊടുക്കാൻ അന്വേഷിച്ചപ്പോൾ ആരെയും കണ്ടില്ല. പിറ്റേന്ന് ക്ഷേത്രത്തിൽ നിന്നറിഞ്ഞു– അത് അവിടെ ദേവിക്കു നിവേദിക്കാൻ ഉപയോഗിക്കുന്ന പാത്രമാണ്...!! പടച്ചോറു കൊണ്ടുവന്നത് ദേവി....?!

 

എംടി സാഹിത്യത്തിലെ സേതുവും ഗോവിന്ദൻകുട്ടിയും വേലായുധനും അപ്പുവും നളിനിയേടത്തിയും കുട്ട്യേടത്തിയും... അവരുടെ കാലടിപ്പാടുകൾ ഈ മണ്ണിൽ പുതഞ്ഞു കിടക്കുന്നു. സാഹിത്യാസ്വാദകർക്ക് വരാം, കാണാം, നിളയുടെ കാറ്റിന്റെ സാന്ത്വനവുമായി മടങ്ങാം. 

 

എംടിയെയും ഒ.വി. വിജയനെയും ചേർത്തു കൂടല്ലൂരിനൊപ്പം തസ്രാക്കിലും സന്ദർശനം നടത്തുന്നവരുണ്ട്. ഇങ്ങനെയൊരു സാഹിത്യ ടൂറിസം സർക്യൂട്ട് അപൂർവം; കേരളത്തിൽ മാത്രം.

 

English Summery : MT Vasudevan Nair Birth Place  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com