ADVERTISEMENT

വായനക്കാർ എന്നാൽ മിക്കവാറും സാഹിത്യവായനക്കാരെയാണു നാം ഉദ്ദേശിക്കുന്നത്. ഇവിടെ എഴുതുമ്പോഴെല്ലാം ഞാൻ മനസ്സിൽ വിചാരിക്കുന്നതും അങ്ങനെ തന്നെ. പക്ഷേ, യഥാർഥ ജീവിതത്തിൽ നാം തമ്മിൽ സംസാരിക്കുകയാണെങ്കിൽ സംസാരം സാഹിത്യത്തിൽ തുടങ്ങിയാലും രാഷ്ട്രീയത്തിലോ മതത്തിലോ ചെന്നു മുട്ടാം, പിന്നെയും ദിശ മാറാം. അതിനാൽ സാഹിത്യത്തിൽ മാത്രം ഒരുങ്ങുന്നതല്ല നമ്മുടെ വിനിമയങ്ങൾ. എല്ലാ നല്ല സാഹിത്യവായനയും സാഹിത്യേതര മേഖലകളിൽ കൂടി സഞ്ചരിക്കുകയും അവിടെനിന്നുള്ള വിഭവങ്ങളുമായി സാഹിത്യത്തിലേക്കു തിരിച്ചുവരികയും വേണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിലുള്ള ‘റീഡർ’ അപാരമായ വൈവിധ്യങ്ങളിൽ ജീവിക്കുന്നു. അതേസമയം വിഭജനങ്ങളെ ചെറുക്കുകയും ചെയ്യുന്നു. അയാൾ കഥ മാത്രമല്ല ചരിത്രവും രാഷ്ട്രീയവും പത്രവും വായിക്കും.

സാഹിത്യം പകരുന്ന സൗന്ദര്യാനുഭൂതികളുടെ സ്വഭാവരൂപീകരണം സാഹിത്യബാഹ്യമായ അനുഭവങ്ങളും അറിവുകളും കൂടി ചേർന്നാകും. നല്ല സാഹിത്യ വായനക്കാരനു തെളിച്ചമുള്ള ചരിത്രബോധവും നിശിതമായ രാഷ്ട്രീയചിന്തയും ഉണ്ടാകേണ്ടതാണ്. എങ്കിൽ അയാളുടെ വായനാരീതി വേറെയാകും. ഇങ്ങനെ ഓരോ വായനക്കാരനുമുള്ളിൽ രൂപമെടുക്കുന്ന ഭാവുകത്വ വൈവിധ്യമാണു വിവിധ സാഹിത്യപ്രസ്ഥാനങ്ങളുടെ നിർമാണത്തിലേക്കുവരെ ചെന്നെത്തുന്നത്. ചിലർക്ക് വായന, ധൈഷണികത പ്രസരിപ്പിക്കുന്നതാകാം. മറ്റു ചിലർക്ക് വൈകാരികതയുടെ ഈർപ്പമാകാം. ഇനിയും ചിലർക്ക് ഉദാസീനമായ വെറും നേരംപോക്കുമാകാം. ഒരു രചനയെ നല്ലത്, ചീത്ത എന്ന് വേർതിരിക്കുന്നതിന്റെ മാനദണ്ഡവും ഇത്തരത്തിലുള്ള ഭാവുകത്വ ശീലങ്ങളാണെന്നു നമുക്കറിയാം.

സാഹിത്യരൂപങ്ങളെ സംബന്ധിച്ച നമ്മുടെ വിചാരങ്ങളിലും ഇതു പ്രകടമാണ്. നോവൽ കുറച്ചു വലിയ കഥ, നീണ്ടകഥ എന്നെല്ലാം സങ്കൽപമുണ്ട്. ഒരു കഥ തുടങ്ങി, കുറേ കഥാപാത്രങ്ങളിലൂടെയും അതിലേറെ സംഭവങ്ങളിലൂടെയും വികസിച്ച് യുക്തമായ അന്ത്യം പൂകുമെങ്കിൽ അതൊരു നോവലാണ്. ഈ ഒരു രീതി മാത്രം വച്ചാണെങ്കിൽ ബഷീർ നോവലിസ്റ്റല്ലെന്നു പറയേണ്ടിവരും. തകഴി എഴുതിയതുപോലെ വലിയ നോവലുകൾ ബഷീറിന്റേതായില്ല. ബഷീറിൽ സാഹിത്യപാരമ്പര്യങ്ങൾക്ക് വിധേയമായ കഥാഘടന ഇല്ലെന്നും കാണാം. വലിയ ആഖ്യാനങ്ങൾ നടത്താത്ത, അതിനാവശ്യായ ഭാഷാഗൗരവം ഇല്ലാത്ത ബഷീറിന് അമിത പരിഗണന കിട്ടിയെന്നു കരുതിയ നിരൂപകരും എഴുത്തുകാരും നമ്മുടെ നാട്ടിലുണ്ടായിരുന്നു.

മാർക്കേസിനു നൊബേൽ സമ്മാനം കിട്ടിയപ്പോൾ കൊളംബിയയിലെ മാധ്യമപ്രവർത്തകർക്കിടയിൽ ഒരു സംസാരമുണ്ടായി – മാർക്കേസിനേക്കാൾ നന്നായി എഴുതുന്ന എത്രയോ പേരുണ്ട് പത്രക്കാരായിട്ട്. എന്നിട്ടും നൊബേൽ സമ്മാനം താരതമ്യേന കഴിവു കുറഞ്ഞ ഒരാൾക്കാണത്രേ കിട്ടിയത്. ഒട്ടേറെ പത്രക്കാർ കുറേ നോവലുകൾ അന്ന് അവിടെ എഴുതിനോക്കിയത്രേ. ഇതു പറയാൻ കാരണം ഈ വർഷത്തെ ഒരു പ്രധാന സംഭവം ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ജേണലിസം രചനകൾ പുസ്തകമായി ഇറങ്ങിയതാണ്. സ്പാനിഷിൽ മുൻപേ വന്ന 3 വോള്യങ്ങളിൽനിന്നും തിരഞ്ഞെടുത്തവ. അതു വായിച്ചപ്പോൾ എനിക്ക് ഒന്നുകൂടി ഉറപ്പായ ഒരു കാര്യം എഴുത്ത് എന്ന പ്രക്രിയയിൽ ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ വിഭാഗീയതകൾ ഇല്ലെന്നതാണ്. നല്ല ഗദ്യകാരൻ എപ്പോഴും അങ്ങനെ തുടരുന്നു. സാഹിത്യരൂപം എന്ന വിഭജനം ആസ്വാദന സൗകര്യം മാത്രമാണ്. വൃത്തവിമുക്തമായ അന്തരീക്ഷത്തിൽ രൂപമെടുക്കുന്ന ജനാധിപത്യാഭിലാഷങ്ങളാണു നോവൽ എന്ന ഗദ്യരൂപത്തെ നിർമിച്ചത്. അതിൽ സൂര്യനു കീഴെയുള്ള സകലതും വന്നു നിരക്കുന്നു. 

ബഷീർ ഒരിക്കൽ ഒരു കഥയിൽ വിശദമായ പാചകക്കുറിപ്പ് നൽകുകയുണ്ടായി. തകഴിയുടെ കുറ്റവിചാരണ എന്ന കഥ, ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങൾ നേരിൽ കണ്ട ഒരാളുമായുള്ള കഥാകൃത്തിന്റെ സംവാദമാണ്. 1950കളിൽ എഴുതപ്പെട്ട ആ കഥ തകഴിയുടെ ഗാന്ധിവിമർശന ലേഖനമായും വായിക്കാവുന്നതാണ്. വൈവിധ്യം ആഗ്രഹിക്കുന്ന റീഡർക്കു ബഷീറും തകഴിയും വേണം. അതിനിടയിലെ വിഭജനം അയാൾ എതിർക്കുന്നു.

ലോകത്തിലെ പല വലിയ എഴുത്തുകാരുടെയും പത്രമെഴുത്തുകൾ പുസ്തകരൂപത്തിലിറങ്ങിയിട്ടുണ്ട്. ജോർജ് ഓർവെൽ, ഹെമിങ്‌വേ.. എന്നാൽ അവരിൽനിന്നെല്ലാം വ്യത്യസ്തമായി മാർക്കേസിലുള്ളത് ആ പത്രമെഴുത്തുകൾ അദ്ദേഹത്തിന്റെ സാഹിത്യരചനകളോട് അദ്ഭുതകരമാം വിധം ചേർന്നു നിൽക്കുന്നുവെന്നതാണ്. വരാനിരിക്കുന്ന എല്ലാ പ്രധാന കഥകളുടെയും ആദ്യ ആവിഷ്കാരങ്ങൾ ആ റിപ്പോർട്ടുകളിലുണ്ട്.

ഒരാൾ ഭാഷയിൽ പണിയെടുക്കാൻ തുടങ്ങുമ്പോൾ ആദ്യം ആ ഭാഷ, എഴുത്തുകാരന്റെ കയ്യിൽ ഒരു കുഞ്ഞിനെ എന്നപോലെ എപ്പോഴും പിടഞ്ഞുകൊണ്ടിരിക്കും. കുഞ്ഞു താഴെ വീഴുമോ എന്ന ഭയം വിട്ടുപോകുകയില്ല. എന്നാൽ, മാർക്കേസിന്റെ കയ്യിൽ അടങ്ങിയിരുന്ന് അദ്ദേഹത്തിന്റെ കണ്ണിലേക്ക് ഉറ്റുനോക്കുന്ന ഗദ്യമാണു നാം വായിക്കുന്നത്. പുസ്തകത്തിന്റെ പേരായ ‘ദ് സ്കാൻഡൽ ഓഫ് സെൻച്വറി’എന്നത് മാർക്കേസ് 1955ലെഴുതിയ  ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ്. ഇറ്റാലിയൻ മാധ്യമങ്ങൾ ആഘോഷിച്ചെഴുതിയ ഒരു പെൺകുട്ടിയുടെ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്, കഥ പോലെ എഴുതിയിരിക്കുന്നു; പത്രമെഴുത്തിൽ വേണ്ടതായ കൃത്യത, വ്യക്തത, വസ്തുനിഷ്ഠത എന്നിവ ചോർന്നുപോകാതെ തന്നെ. ക്രോണിക്ക്ൾ ഓഫ് എ ഡെത്ത് ഫോർടോൾഡ് അടക്കമുള്ള രചനകളിൽ മാർക്കേസ് പിന്നീടു പ്രയോഗിച്ച ആഖ്യാനശൈലി ‘ദ് സ്കാൻഡൽ ഓഫ് സെൻച്വറി’എന്ന  ലേഖനപരമ്പരയിലും തെളിഞ്ഞുകാണാം. കഥയാണോ ജേണലിസമാണോ എന്നു കൃത്യമായി വിഭജിക്കാനാവാതെ ആ ഗദ്യശൈലി അനന്യമായിരിക്കുന്നു.

പത്രപ്രവർത്തന ജീവിതത്തിലെ വിപുലമായ സാമൂഹികാനുഭവങ്ങൾക്കു പിന്നീട് അദ്ദേഹത്തിന്റെ ഭാവനകളിൽ എന്തെല്ലാം രൂപാന്തരം സംഭവിച്ചുവെന്ന് ഈ ജേണലിസം രചനകൾ പറയും. 1958 ലെ അതിഭയങ്കര വേനലിൽ ജലക്ഷാമം മൂലം വെനസ്വേലയുടെ തലസ്ഥാന നഗരമായ കരാക്കസ് വരണ്ടുണങ്ങിപ്പോയി. തുള്ളിവെള്ളമില്ലാതെ എലികൾ വരെ കൂട്ടത്തോടെ ചത്തൊടുങ്ങി. ചത്ത എലികളെ കൂട്ടത്തോടെ മറവു ചെയ്യലായിരുന്നു നഗരസഭാ ജീവനക്കാരുടെ മുഖ്യ ജോലി. വെള്ളം കിട്ടാതെ പട്ടിയും പൂച്ചയും അടക്കം ജീവികളെല്ലാം തെരുവിലൂടെ ഭ്രാന്തരായി അലയുന്ന ദൃശ്യം മാർക്കേസ് കരാക്കസ് വിതൗട്ട് വാട്ടർ എന്ന വാർത്താലേഖനത്തിൽ വിവരിക്കുന്നുണ്ട്. മാജിക്കൽ റിയലിസമോ സർ റിയലിസമോ  എന്നു സംശയിക്കും വിധം അമ്പരപ്പുണ്ടാക്കുന്ന വിവരണം. പാനമയിൽനിന്ന് യുഎസ് ജലവിമാനങ്ങൾ കരാക്കസിലേക്ക് അയച്ചു. ഇങ്ങനെ വിമാനങ്ങളിൽ അയച്ച വെള്ളത്തിന്റെ 30 ശതമാനവും കടുത്തചൂടിൽ ആവിയായി പോയത്രേ!

നൊബേൽ സമ്മാനം കിട്ടുന്നതിനു രണ്ടുവർഷം മുൻപ് 1980 ഒക്ടോബർ എട്ടിന് മ‍ഡ്രിഡിലെ ഒരു പത്രത്തിൽ നൊബേൽ സമ്മാനങ്ങളെ സംബന്ധിച്ച് മാർക്കേസ് ഒരു രസികൻ ഫീച്ചറെഴുതി. 1976ൽ ബോർഗെസിനു നൊബേൽ സമ്മാനം കൊടുക്കാൻ തീരുമാനിച്ചിട്ട് അവസാന നിമിഷം സ്വീഡിഷ് അക്കാദമി തീരുമാനം മാറ്റിയതിനെപ്പറ്റി ആ ലേഖനത്തിലുണ്ട്. ബോർഗെസ് ആ വർഷം ചിലിയുടെ ഏകാധിപതി പിനോഷെയുമായി നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ചയാണു കാരണം. പിനോഷെയെ പ്രശംസിക്കുന്ന വിധം ചില പ്രസ്താവനകളും എഴുത്തുകാരൻ നടത്തി. നവംബറിൽ സമ്മാനം പ്രഖ്യാപിച്ചപ്പോൾ അതു യുഎസ് നോവലിസ്റ്റ് സോൾ ബെല്ലോയ്ക്കായിരുന്നു. മറ്റൊരു സംഭവം, തനിക്കു നൊബേൽ സമ്മാനമുണ്ടെന്ന കാര്യം പാബ്ലോ നെരൂദയ്ക്കു മൂന്നു ദിവസം മുൻപേ ചോർന്നുകിട്ടിയതാണ്. പക്ഷേ, ‘പത്രത്തിൽ വരും വരെ ഞാൻ ഇതു വിശ്വസിക്കില്ല’എന്നൊരു പ്രസ്താവനയും നെരൂദ നടത്തി.

കഥയുണ്ടോ എന്നു ചോദിച്ച് എഴുതിയ പത്രാധിപർക്കു ബഷീർ, താൻ ഇപ്പോൾ ഒന്നും എഴുതാറില്ല, അസുഖമാണ് എന്നെല്ലാം പറഞ്ഞ് ഒരു മറുപടിയെഴുതി. പിറ്റേലക്കം ആ കത്ത് വാരികയിൽ അച്ചടിച്ച പത്രാധിപർ, ബഷീറിനു പ്രതിഫലവും അയച്ചുകൊടുത്തു. എഴുത്തു കൊണ്ടു സന്തോഷിക്കാൻ നിങ്ങൾ ശീലിക്കുമ്പോൾ കഥയെന്നോ നിരൂപണമെന്നോ നോവലെന്നോ ഉള്ള വിഭജനങ്ങൾ ഒരു സൗകര്യം മാത്രമാകുന്നു. മികച്ച ഗദ്യം വ്യത്യസ്തതകളെ ഉൽപാദിപ്പിക്കുന്നു, എന്നാൽ വിഭജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു.

English Summary : Web Column Ezhuthumesha : What are the different types of readers ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com