മേതിലിനും പ്രിയം അക്കിത്തം കവിതകള്‍

93-year-old-malayalam-poet-akkitham-won-the-jnanpith-award
SHARE

മലയാളത്തിൽ വ്യത്യസ്തമായ മേൽവിലാസമുള്ള ഒരു എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ഗദ്യത്തിലും പദ്യത്തിലും വ്യത്യസ്ത ഭാവനാ വിസ്ഫോടനങ്ങൾ സാധ്യമാക്കിയ ആധുനികൻ. അദ്ദേഹം ഒരിക്കൽ ഒരു കവിയെ നിരൂപകനും അധ്യാപകനുമായ കൽപറ്റ നാരായണനു ശുപാർശ ചെയ്തു: അക്കിത്തം അച്യുതൻ നമ്പൂതിരി. നിന്നെ കൊന്നവർ കൊന്നു പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ എന്ന അക്കിത്തത്തിന്റെ വരിയും മേതിൽ കൽപറ്റയ്ക്കു ശുപാർശ ചെയ്തു. അന്നുമുതൽ കൽപറ്റയുടെയും പ്രിയകവികളിലൊരാളാണ് അക്കിത്തം. മേതിലിനേപ്പെലാരാളുടെ ഇഷ്ടം നേടാൻ കഴിഞ്ഞ അക്കിത്തം സാധാരണക്കാരായ വലിയവിഭാഗത്തിന്റെ ഇഷ്ടകവിയെന്നതിനേക്കാൾ, കവിത ശ്രദ്ധിച്ചു വായിക്കുന്നവരുടെ,  വികാരത്തിനൊപ്പം വിചാരത്തിനും സ്ഥാനം കൊടുക്കുന്ന ആശയങ്ങളുടെ ആവിഷ്കാരത്തെ ഇഷ്ടപ്പെടുന്നവരുടെ കവിയാണ്.

അക്കിത്തത്തിന്റെ കവിതയുടെ കേന്ദ്രബിന്ദുവായി ഒരു ജലബിന്ദു തിളങ്ങുന്നുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട് നിരൂപകർ. അതൊരു കണ്ണുനീർത്തുള്ളിയാണ്; ഒപ്പം വിയർപ്പുതുള്ളിയും. ജീവന്റെ ശ്രോതസ്സും അതുതന്നെ. പ്രപഞ്ചം അതിൽ പ്രതിബിംബിക്കുന്നു. അതിന്റെ സുസ്മിതം ഇരുട്ടിലും കണ്ണിനു ദർശനം നൽകുന്നു. അക്കിത്തത്തിന്റെ മാസ്റ്റർപീസ് പലർക്കും പല കവിതയാണ്. വെണ്ണക്കല്ലിന്റെ കഥ എന്ന കവിതയെ അക്കിത്തത്തിന്റെ കാവ്യപ്രതിഭയുടെ ഏറ്റവും ധന്യരൂപമായി കാണുന്ന വലിയ വിഭാഗം നിരൂപകരുണ്ട്. അതംഗീകരിച്ചാലുമില്ലെങ്കിലും മലയാളത്തിലെ മികച്ച കവിതകളിലൊന്നാണ് വെണ്ണക്കല്ലിന്റെ കഥ. അക്കിത്തത്തിന്റെ മികച്ച കവിതകളിലൊന്നും.

ഒരു കലാകാരന്റെ കഥയാണ് വെണ്ണക്കല്ലിന്റെ കഥ. അധികാരത്തിനു മുന്നി‍ൽ ആത്മാവ് അടിയറ വയ്ക്കേണ്ടിവന്ന ഒരു ഗായകന്റെ നിശ്ശബ്ദവ്യഥ. ഒരു പഴങ്കഥയുടെ നിത്യനൂതനമായ ശീലുകളിൽ പറയുന്നുവെങ്കിലും എന്നും പ്രസക്തവും അനശ്വരവുമാണ് കഥയും അക്കിത്തത്തിന്റെ കാവ്യാവിഷ്കാരവും. വിദൂരമായൊരു ഗ്രാമത്തിലെ പ്രതിഭാസമ്പന്നനായ ഒരു ഗായകനെപ്പറ്റി പറഞ്ഞുകൊണ്ട് കവിത തുടങ്ങുന്നു. ദരിദ്രനെങ്കിലും സംതൃപ്തൻ. കല്ലിനെപ്പോലും അലിയിക്കാൻ കരുത്തുണ്ട് അയാളുടെ പാട്ടിന്. ഒരുനാൾ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ആജ്ഞ ലഭിക്കുന്നു; രാജകൊട്ടാരത്തിൽനിന്ന്. നാളെ മുതൽ നീയെന്റെ കൊട്ടാരത്തിൽ ഉൻമേഷത്തിരി കൊളുത്തണം. രാജകൊട്ടാരത്തിൽ താമസമാക്കി പാട്ടുപാടി രാജാവിനെ സന്തോഷിപ്പിക്കണമെന്ന്.

വീട്ടുവാതിലിൽ തളർന്നുമയങ്ങുന്ന ഭാര്യ. അവരുടെ മിഴിക്കോണിൽ വജ്രക്കല്ലുപോലെ തിളങ്ങുന്ന കണ്ണുനീർത്തുള്ളി. രാജശാസന ധിക്കരിക്കാനാവില്ല. മനസ്സില്ലാമനസ്സോടെ അയാൾ യാത്ര പറയുന്നു. കൊട്ടാരത്തിലേക്ക്. അവിടെ മറ്റൊരു ലോകം അയാളെ സ്വീകരിച്ചു. പുകൾപെറ്റ രാജാവിന്റെ സദസ്സിൽ അയാൾ ഒരു മാണിക്യമുത്തായി തിളങ്ങി. കൊട്ടാരനർത്തകികളുടെ കണ്ണുകൾ പാറപോലെ ഉറച്ച അയാളുടെ ആത്മാവിൽ പോറലുകൾ വീഴത്തി. ക്രമേണ ഗായകന്റെ മനസ്സിലെ അലിവിന്റെ തുരുത്തുകൾ നേർത്തുവന്നു. ആടുന്ന ചിലങ്കകൾക്കൊപ്പം പാടി അയാൾ സ്വയം മറന്നു. ഒരുദിവസം തന്നെത്തന്നെ അതിശയിക്കുന്ന തീവ്രതയോടെ പാടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അയാളുടെ ചുണ്ടുകൾ കോടി. സഭാവാസികൾ മിഴിച്ചിരിക്കെ നിർത്താതെ പൊട്ടിച്ചിരിച്ച്, ചിരിയിൽ മുഴുകി അയാൾ നിലത്തുവീഴുന്നു. അപ്പോൾ അയാളുടെ കൺകോണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു കണ്ണുനീർത്തുള്ളികൾ.

യുഗങ്ങൾ കടന്നുപോയി. രാജാവും രാജസദസ്സും നർത്തകിമാരും കാലപ്രവാഹത്തിലലിഞ്ഞുപോയി. ഗായകനും വിസ്മൃതനായി. പക്ഷേ അന്ന് അവസാനമായി അയാൾ വീഴ്ത്തിയ കണ്ണുനീർത്തുള്ളി കാലത്തിന്റെ തണുപ്പിൽ ഉറഞ്ഞുകൂടി കല്ലായി പരിണമിച്ചു. അതാണു വെണ്ണക്കല്ല്. പിന്നീടുവന്ന രാജപരമ്പരകളിലെ രാജാക്കൻമാർ ആ മനോഹരവസ്തു വെട്ടിയെടുത്ത് ആടിത്തിമിർക്കാൻ കൊട്ടാരങ്ങൾ പണിതു. എത്രയൊക്കെ കൊത്തിയിട്ടും ക്ഷതം വരാതെ ഇന്നുമുണ്ട് വെണ്ണക്കല്ലിന്റെ നിക്ഷേപം ഭൂമിയിൽ. ഉത്തമകലയുടെ പ്രഭവസ്ഥാനമായി അക്കിത്തം ഈ കവിതയിൽ ദുഃഖത്തെ കണ്ടെത്തുന്നു. വേർപാടിന്റെ വേദനയിൽനിന്നുയിർക്കൊണ്ടു കണ്ണുനീർത്തുള്ളി. ഇഷ്ടമില്ലെങ്കിലും അധികാരത്തിന്റെ മുമ്പിൽ തലകുനിക്കേണ്ടിവന്ന ഗായകന്റെ കഥയിൽനിന്നു ജനിച്ചു മലയാളത്തിലെ ഉൽകൃഷ്ട കവിത.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA