sections
MORE

ഓതിക്കനാകാൻ ജനിച്ച അച്യുതൻ ഉണ്ണി

akkitham-is-the-sixth-malayalam-writer-who-bagged-the-jnanpith-award
SHARE

തിരുവോണമൂട്ടുകൾ, ഗണപതിഹോമം, ഈശ്വരസേവകൾ, കാലുകഴുകിച്ചൂട്ടുകൾ, ജാതിമതഭേദമില്ലാതെ വരുന്നവർക്കൊക്കെ സദ്യയും എണ്ണയും മുണ്ടും..ഉണ്ണി പിറന്നപ്പോൾ അക്കിത്തത്തു മനയിലുള്ളവർ ഇത്രയൊക്കെയേ ആഗ്രഹിച്ചിട്ടിള്ളൂ. ഉണ്ണിയുണ്ടാവട്ടെ. കുറ്റി മുടിയരുത്. അല്ലാതെ ഉണ്ണി കവി ആകണമെന്ന് ആരും മോഹിച്ചിട്ടില്ല. കവിയാകുന്നത് അന്തസ്സുള്ള ഏർപ്പാടെന്നു കരുതിയിട്ടുമില്ല. ഉണ്ണിയെ നല്ലൊരു ഓത്തനാക്കണം. നല്ലൊരു ‘ഓതിക്കൻ’. ശാസ്ത്രവും കടുകട്ടി. ബ്രാഹ്മണവും കടുകട്ടി എന്നെല്ലാം കേൾക്കണം. ഇല്ലത്തേക്കുള്ള വാധ്യാർപ്പണി മുറയ്ക്കു നടക്കുമല്ലോ. ഈ കൊതിയുമായാണ് പതിന്നാലുകൊല്ലം അച്ഛൻ അക്കിത്തത്തെ അച്യുതൻ എന്ന ഉണ്ണിയുമായി പാടുപെട്ടത്.

തുറന്ന വാതിലടയ്ക്കണം.

എടുത്ത കിണ്ടി കമിഴ്ത്തണം.

കിടന്ന പായ മടക്കണം.

ഇരുന്ന പലക ചാരണം.

ഇങ്ങനെ തത്ത്വോപദേശങ്ങളുടെ ചങ്ങല. രാവിലെ അഞ്ചുമണിക്ക് എണീറ്റാൽ പകൽ പതിനൊന്നിനേയുള്ളൂ പ്രാതൽ. രാത്രി പതിനൊന്നിന് ഉറക്കവും. ശാരീരികവും മാനസികവുമായി അനുഭവിച്ച വേദനകൾക്ക് കണക്കില്ലെന്നോർക്കുന്നു അക്കിത്തം. ഉറങ്ങും മുമ്പുണരുകയും കളി തീരാതെ നിർത്തുകയും ചെയ്ത കാലം. ഇതിനുപുറമേ മറ്റൊരു ഉൽകണ്ഠ കൂടിയുണ്ടായി കാരണവൻമാർക്ക്. അക്കിത്തത്തെ ഉണ്ണി ഇത്തിരി മന്ദബുദ്ധിയാണെന്ന് ഒരു സംസാരം. മനോരാജ്യക്കാരൻ. തന്നെക്കുറിച്ചുള്ള ആരോപണം കേട്ടപ്പോൾ കുട്ടിയായ അച്യുതന് അത്ഭുതം തോന്നിയില്ല. അതു ശരിതന്നെയാണ്. ആളുകൾ മുമ്പിൽനിന്നു വളരെനേരം സംസാരിക്കുന്നു. കുറേക്കഴിയുമ്പോൾ അച്യുതനു സംശയം: അപ്പോൾ എന്തേ പറഞ്ഞിരുന്നത് !

കുട്ടിയായ അച്യുതൻ ഉറപ്പിച്ചു. താനൊരു മന്ദബുദ്ധി തന്നെ. കുട്ടികൾ കൂടുമ്പോൾ ശക്തരായ കൂട്ടുകാർ അടിക്കും. കിഴുക്കും. കളിയാക്കും. ചെവിത്തട്ട കൂടുതൽ വലുതായതുകൊണ്ട് ‘ആനച്ചെവിയൻ’ എന്നുവിളിക്കും. വിഡ്ഢിയാണ്. കാതിന്റെ തട്ട വലുതാണ്. തടിയനാണ്. അശക്തനാണ്. ഇക്കാര്യമൊക്കെ സ്വയം സമ്മതിച്ചുകൊടുത്തു. ഇതൊന്നും ഹർജി കൊടുത്തു സമ്പാദിച്ചതല്ലല്ലോ എന്നൊരു വേദന മനസ്സിൽ ബാക്കിനിന്നു. വിടരാൻ ഭയന്ന വേദന. പലദിവസങ്ങളിലും ഏകാന്തമായ രാത്രികളിൽ, അല്ലെങ്കിൽ നിർജനമായ മൂലകളിൽ അന്തരാത്മാവിന്റെ ഇരുണ്ട അഗാധതകളിലേക്ക് ചുഴിഞ്ഞ്, ചുഴിഞ്ഞിറങ്ങി അച്യുതൻ തേങ്ങിക്കരഞ്ഞു. ഭയവും വേദനയുമൊന്നും അപ്പോഴും കവിതയായി വിടർന്നില്ല. പകരം കണ്ട ചുമരിൻമേലൊക്കെ ചിത്രങ്ങൾ വര‍ഞ്ഞു. കൈകൾ വടിത്തലപ്പിൻമേലൂന്നി നിവർന്നുനിൽക്കുന്ന രാജാജിയുടെ കറുത്ത കണ്ണടയുള്ള ചിത്രം നൂറുതവണയെങ്കിലും വരച്ചുകാണണം. എല്ലാ ചിത്രത്തിനു താഴെയും മറക്കാതെ എഴുതും: അച്യുതൻ ഉണ്ണി. പിന്നീടെപ്പോഴോ ചിത്രകല കൈമോശം വന്നു. ഏഴെട്ടു വയസ്സുകാലം. അരമംഗലത്തമ്പലത്തിന്റെ ചുവരുകളിൽ കുട്ടികൾ വികൃതരൂപങ്ങൾ കുത്തിവരച്ചതു കണ്ടു. ഉള്ളിലുയർന്ന പ്രതിഷേധത്തിന്റെ ചൂടിൽ അലക്കുകണക്കെഴുതുന്നതുപോലെ അച്യുതൻ എഴുതിവച്ചു:

അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകിൽ

വമ്പനാമീശ്വരൻ വന്നി–

ട്ടെമ്പാടും നാശമാക്കിടും.

അച്യുതൻ ഉണ്ണി.

കവിയുടെ കന്നിക്കൊയ്ത്ത്. ആദ്യകവിത. ദീർഘവും സഫലവുമായ കാവ്യസപര്യയുടെ തുടക്കം.

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA