sections
MORE

ജീവിതത്തിനും കലയ്ക്കുമിടയിൽ, എവിടെയാണു നിങ്ങൾ ?

ezhuthumesha-article-image
SHARE

ചില പുസ്തകങ്ങൾ വായിച്ചു കുറേക്കഴിഞ്ഞാകും നാം അതിലെ ഒരു രംഗമോ മറ്റോ പെട്ടെന്ന് ഓർമിക്കുക. ഓർമ ശരിയാണോ എന്നറിയാൻ അതേ പുസ്തകം വീണ്ടും മറിച്ചുനോക്കിയാൽ, നാം ഓർമിച്ചതുപോലെയല്ലായിരുന്നു ആ രംഗമെന്നും കണ്ടെത്തിയേക്കാം. 

ഇത്തരത്തിലുള്ള മിന്നൽ സ്മരണകൾ കൊണ്ടു മാത്രം എനിക്കു മറക്കാനാവാത്ത ചില പുസ്തകങ്ങളുണ്ട്. അതിലൊന്ന് എ.ജെ. മുഹമ്മദ് ഷഫീറിന്റെ ‘കീമിയ’ എന്ന സങ്കീർണസുന്ദരമായ നോവലാണ്. അതിൽ, വനാന്തരത്തിൽ സ്ഥിതി ചെയ്യുന്നതും ആദ്യ സിനിമയുടെ പ്രദർശനത്തോടെ പൂട്ടിപ്പോയതുമായ ഒരു പഴയ തിയറ്ററുണ്ട്. സുറിയാനി ഭാഷയിലുള്ള ഒരു സിനിമയായിരുന്നു അവിടെ പ്രദർശിപ്പിച്ചത്. വർഷങ്ങൾക്കുശേഷം ആ ആദ്യസിനിമയുടെ പ്രിന്റ് അടങ്ങിയ പെട്ടിയിൽനിന്നു മറ്റൊരു സിനിമയ്ക്കായുള്ള തിരക്കഥ ലഭിക്കുന്നു. അപൂർണമായ ആ കഥ ഷൂട്ടു ചെയ്യാൻ തീരുമാനിക്കുന്ന ചെറുപ്പക്കാരുടെ സംഘം, അതിൽ ഡ്രാക്കുളയുടെ വേഷം ചെയ്യാൻ തിരഞ്ഞെടുക്കുന്നത് ഓസ്ട്രിയക്കാരനായ ആൻഡേഴ്സൻ എന്ന നടനെയാണ്. ഇയാൾ ഡ്രാക്കുളയുടെ വേഷത്തിൽ തനിയെ ഒരു മലയോര തീവണ്ടിയിൽ യാത്ര ചെയ്യുന്ന രംഗം എന്നെ ഭ്രമിപ്പിച്ചു. അയാൾ ടിബറ്റിലെ ലാസയിൽ‌‌ ഹോട്ടലിൽ മുറിയെടുക്കാൻ ചെല്ലുന്നു. തന്റെ പേരു ഡ്രാക്കുള എന്നാണെന്നാണ് അയാൾ റിസപ്ഷനിസ്റ്റിനോടു പറയുന്നു.

കീമിയയിലെ അന്തരീക്ഷ നിർമിതിയാണ് എന്നെ ആകർഷിച്ചത്. അതിലേക്ക് ലോകത്തിന്റെ ഏതു ഭാഗത്തിരുന്നാലും എനിക്ക് ഓർമകൾ കൊണ്ടുവന്നു വയ്ക്കാനാകും. അങ്ങനെ ആ നോവലിൽ ഇല്ലാത്ത രംഗങ്ങൾ പോലും ഞാൻ സങ്കൽപിച്ചു നോക്കി. ആ അന്തരീക്ഷം അത്രയേറെ ഭാവനാപ്രേരകമായിരുന്നു. ഒരാൾ തനിക്കു ഭാവിയിലെന്നോ കിട്ടിയേക്കാവുന്ന സൗഭാഗ്യത്തിന്റെ പേരിൽ വളരെ മുൻപേ ആനന്ദിച്ചുതുടങ്ങുന്നതിന്റെ ഉദാഹരണമായാണു ഞാൻ ആൻഡേഴ്സന്റെ വേഷത്തെ കണ്ടത്. അരങ്ങിനു പുറത്ത് അരങ്ങിലെ വേഷത്താൽ പരിഹാസ്യരാകുക എന്നതു കലാകാരനു ശീലമായിരുന്നു.

യാഥാർഥ്യത്തിനും കലയ്ക്കുമിടയിലെ സഞ്ചാരങ്ങൾക്കായി, രണ്ടാമതൊരു നോവൽ കൂടി പറയാം. 2012 ൽ വാങ്ങിവച്ചിട്ടും വായിക്കാത്ത പലതരം പുസ്തകങ്ങൾക്കിടയിൽ അതു മറഞ്ഞുകിടന്നു. ഒരു നട്ടുച്ചയ്ക്ക് അലമാരയ്ക്കുമുന്നിൽനിന്നു കണ്ണട വയ്ക്കാതെ ഓരോ പുസ്തകത്തിന്റെയും മടക്കിലെ എഴുത്തു വായിക്കാനാകുമോ എന്നു ഞാൻ പരിശ്രമിക്കുകയായിരുന്നു. അപ്പോഴാണു 103 താളുകൾ മാത്രമുള്ള ‘യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും’ മങ്ങിത്തെളിഞ്ഞത്. കരുണാകരന്റെ ഈ നോവൽ കുവൈത്ത് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്. പിന്നീടു വരാനിരിക്കുന്ന ‘യുവാവായിരുന്ന ഒൻപതു വർഷം’ ഇതിലെ കളിയരങ്ങിലാണ് ആദ്യ ഭാവന ചെയ്യപ്പെട്ടതെന്നും എനിക്കു ഇപ്പോൾ തോന്നുന്നു.

കലയുടെയും കലാകാരന്റെയും തിയറ്റർ ആണ് ‘യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും’. അതു ഭാമയും അച്യുതനും ശിവനും വേഷമിട്ട പ്രേമാവിഷ്കാരം കൂടിയാണ്. നടനും കവിയും സൈനികനും ഒരേ ഹൃദയഭാരം കൊണ്ടു നടക്കുന്നവർ ആയതിനാലാണു ഫ്രഞ്ച് നാടകകൃത്തായ അർതോ ഒരു നാഡീമിടിപ്പായി ഇതിലേക്കു വന്നത്. സാധാരണ മലയാളിയുടെ ചിന്തയിലോ ജീവിതത്തിലോ കടന്നുവരാത്ത അർതോ മലയാള നോവലിലെ അന്തരീക്ഷമാകുന്നതിന്റെ അസാധാരണത്വമാണ് എന്നെ ആകർഷിച്ചത്. സൂസൻ സൊന്റാഗിന്റെ അപ്രോച്ചിങ് അർതോ എന്ന പ്രബന്ധത്തിൽ വായിക്കാം: ‘കലയും ജീവിതവും തമ്മിലുള്ള വിഭജനം അയാൾ എതിർത്തു. പ്രതിനിധാനവും യാഥാർഥ്യവും തമ്മിലുള്ള വിഭജനവും അയാൾ വകവച്ചില്ല. അത്തരമൊരു വിഭജനം നിലനിൽക്കുന്നില്ല എന്നതല്ല എതിർപ്പിനു കാരണം. കാഴ്ച വയലന്റ് ആകുമെങ്കിൽ ഈ വിഭജനം ഇല്ലാതാക്കാനാകുമെന്ന് അർതോ വിശ്വസിച്ചു. കലയുടെ ‘ക്രൂരത’ അതിന്റെ നേരിട്ടുള്ള ധാർമികപ്രവൃത്തി മാത്രമല്ല, ജ്ഞാന പ്രവൃത്തി കൂടിയാണത്രേ.’

തന്റെ ആശയങ്ങൾ തന്നെ ഉപേക്ഷിച്ചുപോകുന്നുവെന്നായിരുന്നു അർതോയുടെ പരാതി. ചിന്തിക്കാൻ കഴിയുന്നില്ല എന്നതല്ല ചിന്തകളെ സ്വന്തമാക്കി വയ്ക്കാനാകുന്നില്ല എന്നായിരുന്നു പ്രശ്നം. അയാൾ അരങ്ങിൽത്തന്നെ എപ്പോഴും നിന്നു. ഷഫീറിന്റെ ആൻഡേഴ്സനും അങ്ങനെയായിരുന്നു, തനിക്കു ചോര കുടിക്കാതെ ഡ്രാക്കുളയാകാനാകുമെന്നും ആ വേഷമഴിച്ചുവച്ചാൽ തന്റെ യാഥാർഥ്യം സ്ഥലം വിട്ടുപോയേക്കുമെന്നും അയാൾ ഭയന്നു.

കരുണാകരന്റെ നോവലിലെ അച്യുതൻ പരാജയപ്പെട്ട നടനാണ്, എഴുത്തുകാരനാണ്, കാമുകനുമാണ്. ഇത് ഒരേ നടന്റെ വേഷങ്ങളാണ്. അതായത് എപ്പോഴും ഒരു നടൻ മതി ഇതെല്ലാം ചെയ്യാൻ. അയാൾ എപ്പോഴും ഇതെല്ലാം ആയിരിക്കുന്നു. തന്റെ ഫിക്‌ഷനും ചിന്തയും തമ്മിൽ വ്യത്യാസമില്ലെന്ന് ഒരാൾ കരുതുന്നതോടെ അയാൾ ഭ്രാന്തിലേക്കു പ്രവേശിക്കുന്നു. കലയിൽ, ഓർമയിൽ, പ്രണയത്തിൽ നഷ്ടമാകുന്നു എന്നു പറയുന്നത് ആലങ്കാരികമായി അല്ല, യഥാർഥത്തിൽ തന്നെയാണ്.

ഫിക്‌ഷനിലെ നുണകൾ, പ്രേമത്തിലെ നുണകൾ, ഫിക്‌ഷനിലെ സത്യങ്ങൾ, പ്രേമത്തിലെ സത്യങ്ങൾ– നിങ്ങൾ എവിടെയാണു നിൽക്കുന്നത്? നുണയ്ക്കും സത്യത്തിനുമിടയിൽ, ജീവിതത്തിനും കലയ്ക്കുമിടയിൽ ചാടിക്കളിക്കുകയാണോ? അല്ലെങ്കിൽ ഏതെങ്കിലുമൊന്നിൽ മാത്രം പാർക്കുകയാണോ? ഒരാൾക്ക് എപ്പോഴും പൊളിറ്റിക്കലാകാൻ, അല്ലെങ്കിൽ ഭാവനശാലിയാകാൻ, ആർട്ടിസ്റ്റിക് ആകാൻ സാധിക്കുമോ എന്ന ചോദ്യം ഉയർത്തുന്ന രചനകൾ എനിക്കു വിട്ടുകൊടുക്കാനാവില്ല. എഴുത്തുകാരൻ പണി നിർത്തിയിടത്തു ഞാൻ തുടങ്ങാറുണ്ട്. അതാണ് ഇപ്പോൾ ഞാനിവിടെ ഈ രണ്ടു നോവലുകൾ വിചാരിച്ചത്.

English Summary: Do fictional characters affect our real life? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA