ADVERTISEMENT

ചിരാർജിതമായ കാവ്യസംസ്കാരത്തിൽ ഉറച്ചുനിന്ന്, ആശയഭദ്രതയുള്ള കവിതകളിലൂടെ മലയാളത്തിന്റെ ഇഷ്ടം നേടിയ കവിയാണ് അക്കിത്തം എന്ന ഇല്ലപ്പേരിൽ അറിയപ്പെട്ട അക്കിത്തം അച്യുതൻ നമ്പൂതിരി. കേരളീയ സാമൂഹിക ജീവിതം പുരോഗമനപരമായ പരിവർത്തനത്തിനു വിധേയമായ കാലത്ത് കവിത എഴുതിത്തുടങ്ങുകയും ലോകത്തെ കീഴ്‌മേൽ മറിച്ച മാറ്റങ്ങൾക്കു സാക്ഷിയാകുകയും ചെയ്ത കവി. ഇരുപതാം നൂറ്റാണ്ടിൽ പിറന്ന്, കാലത്തിന്റെ ഇതിഹാസം കവിതയാക്കിയ അക്കിത്തം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പുതിയകാലത്തിന്റെ സന്ദേഹങ്ങൾ കവിതയ്ക്കു വിഷയമാക്കി കാലത്തോടൊപ്പം നടന്നു. കാൽപനിക കവിത വസന്തം വിരിയിച്ച കാലത്തും വിപ്ളവകവികൾ അരങ്ങുവാണപ്പോഴും മാറ്റൊലിക്കവിയാകാൻ നിന്നുകൊടുക്കാതെ ശബ്ദം വേറിട്ടുകേൾപ്പിച്ച കവി. ആധുനിക കവികൾ പുതുമയും പരീക്ഷണങ്ങളും രൂപത്തിലും ഭാവത്തിൽ കൊണ്ടുവവന്നപ്പോൾ അതിനു വഴിപ്പെടാനും അക്കിത്തം തയ്യാറായില്ല.തന്റേതായ കർമക്ഷേത്രത്തിലുറച്ചുനിന്ന് അദ്ദേഹം പ്രഭാതത്തിന്റെ ഉജ്വലതയും നിലാവിന്റെ കാന്തിയുമൊത്തിണങ്ങിയ കവിതകൾ എഴുതി. ഒരു കണ്ണീർക്കണം ശാശ്വതമായി കരളിൽ പ്രതിഷ്ഠിച്ച് കാരുണ്യവും സ്നേഹവും ഭക്തിയും മോക്ഷവും മന്ത്രങ്ങളാക്കി സ്നേഹത്തിലധിഷ്ഠിതമായ നവലോകം സ്വപ്നംകണ്ടു. വ്യക്തിജീവിതത്തിലെ ദുഃഖത്തിൽനിന്നുയിർക്കൊണ്ടതല്ല അദ്ദേഹത്തിന്റെ കണ്ണുനീർ; മറിച്ച് ലോകജീവിതം മനസാക്ഷിയിലേൽപിച്ച ആഘാതങ്ങൾ കണ്ണുനീരായി മാറുകയായിരുന്നു. പാരമ്പര്യാധിഷ്ഠിത സംസ്കാരത്തെ ഉൾക്കൊണ്ട് ജീവിക്കുന്ന കാലത്തെയും സ്വാധീനിച്ച വിഷയങ്ങളെയും വിവരണാത്മക കഥാകാവ്യങ്ങളായി അദ്ദേഹം കൈരളിക്കു സമ്മാനിച്ചു. ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ എഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യം അക്കിത്തത്തിന്റെ പ്രശസ്തി പാരമ്യത്തിലെത്തിച്ചു. 

ഹിംസയിലടിയുറച്ച വിപ്ളവം സാമൂഹികമാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഭൂരിപക്ഷം വിശ്വസിച്ചപ്പോഴും തെറ്റായ മാർഗത്തിലൂടെ ശരിയായ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ കവിതകൾ സൗമ്യമായി ഓർമിപ്പിക്കുന്നു. പൂവിനെ കശക്കിയെറിയുന്നവർ സ്വന്തം മോക്ഷം തന്നെ ഇല്ലാതാക്കുന്നെന്ന് അദ്ദഹം ഉറപ്പിച്ചുപറഞ്ഞു. ( നിന്നെ കൊന്നവർ കൊന്നു പൂവേ, തന്നുടെ തന്നുടെ മോക്ഷത്തെ !  ) ഇടിഞ്ഞുപൊളിഞ്ഞ ലോകം, ബലിദർശനം തുടങ്ങിയ കാവ്യസമാഹാരങ്ങൾ അക്കിത്തത്തിനു മലയാളത്തിന്റെ മഹാകവിപട്ടം നേടിക്കൊടുത്തു. വെണ്ണക്കല്ലിന്റെ കഥ, സഞ്ചാരികൾ, നിമിഷക്ഷേത്രം, സ്പർശമണികൾ തുടങ്ങി അവസാനപുസ്തകം അന്തിമഹാകാലം വരെ സുദീർഘമായ കാവ്യജീവിതത്തിൽ അക്കിത്തം എഴുതിയത് കരുത്തുറ്റ, കാതലുറപ്പുള്ള കരുണരസം കരകവിയുന്ന കവിതകൾ.

ഇടതുപക്ഷ വിരുദ്ധമായ ആശയങ്ങളുടെ പ്രചാരകൻ എന്നാരോപിച്ച് വിമർശനങ്ങൾക്കു വിധേയനായിട്ടുണ്ട് അക്കിത്തം. ഇടതുവിരുദ്ധമെന്നതിനേക്കാൾ മനുഷ്യത്വവിരുദ്ധതയാണു താൻ എതിർക്കുന്നതെന്നു  കവി മറുവാദം ഉന്നയിച്ചു. സ്നേഹശൂന്യമായ, മറ്റുള്ളവരുടെ ദുഃഖത്തിൽ സഹതപിക്കാത്ത, സങ്കടങ്ങളിൽ കണ്ണീർ തൂവാത്ത ഒരു ലോകം അദ്ദേഹത്തിനു സങ്കൽപിക്കാനേ ആവില്ല. ഭക്തി അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന്റെ കാതലാണ്. കുട്ടിക്കാലത്ത് ഈശ്വരനെക്കുറിച്ചെഴുതിയ നാലുവരിയുമായി കവിതാലോകത്ത് പിച്ചവെച്ച കവിയുടെ ആദ്യശ്ളോകംതന്നെ ഗുരുവായൂരപ്പനോടുള്ള പ്രാർഥനയായിരുന്നു. ഈശ്വരസ്നേഹം  കേവലഭക്തിക്കപ്പുറം ലോകത്തെ മുഴുവനും ഉൾക്കൊള്ളുന്ന നിരുപാധിക സ്നേഹമാണെന്നു കവി വ്യാഖ്യാനിക്കുന്നു.

മറ്റു ജീവികൾ എന്നപോലെ മനുഷ്യൻ ദൈവത്തിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. എങ്കിൽ മനുഷ്യന്റെ ബുദ്ധി ഈശ്വരനെ നിഷേധിക്കരുത്. ഈശ്വരന്റെ ഏറ്റവും ശോഭനമായ രൂപം സ്നേഹമാണ്: അക്കിത്തം എഴുതി. ബോധാവസ്ഥ നിലനിൽക്കുന്നവർക്കു ചെയ്യാവുന്ന ഏറ്റവും മൗലികമായ കാര്യം പ്രാർഥനയാണെന്നും അദ്ദേഹം വിശദീകരിച്ചു. നമ്മളാരും ശരിയായ അർത്ഥത്തിൽ ഇല്ല, ഉള്ളതു ഭഗവാൻ മാത്രം എന്ന ബോധം ഉൾക്കൊണ്ട് മഹാഭാഗവതം അദ്ദേഹം മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുമുണ്ട്. മലയാളത്തിനു പരിചിതമായ ഭാവഗീതി പാരമ്പര്യത്തിൽ നിന്നു വേറിട്ട് വിവരണാംശം മുറ്റിയ കഥാകാവ്യങ്ങളിലാണ് അക്കിത്തത്തിന്റെ പ്രതിഭ ഔന്നത്യം പ്രാപിക്കുന്നത്. ലളിതമായ ആഖ്യാനക്രമം, സംസ്കൃതസ്വാധീനസ്പർശമുള്ള സരളമായ പദവാക്യരീതി, പ്രദേശിക വർണം തിളങ്ങുന്ന അലങ്കാരകൽപനകൾ എന്നിവ അക്കിത്തം കവിതകളുടെ സവിശേഷതകളായി എടുത്തുപറഞ്ഞിട്ടുണ്ട് നിരൂപകർ.

കണ്ണുനീർത്തുള്ളികൾകൊണ്ടും ചിരിത്തരികൾകൊണ്ടും മൗലികമായ കാവ്യബിംബങ്ങൾ വാർത്തെടുത്തു അക്കിത്തം. മറ്റുള്ളവർക്കായി പൊഴിക്കുന്ന ഒരു കണ്ണീർത്തുള്ളിയിലൂടെ ആയിരം സൗരമണ്ഡലങ്ങളുടെ ഉദയശോഭ ഹൃദയത്തിൽ ഏറ്റുവാങ്ങാനാവുമെന്നു സ്ഥാപിക്കുന്നു അദ്ദേഹത്തിന്റെ കവിതകൾ. നിസ്വാർഥമായ ഒരു പുഞ്ചിരിയിലൂടെ  സ്നേഹത്തിന്റെ പൗർണമിവെളിച്ചം ജീവിതത്തിൽ പുലർത്താനാവുമെന്നും. വൈകിയെങ്കിലും പ്രഭ കുറയാതെത്തിയ ജ്ഞാനപീഠം കണ്ണീരും പുഞ്ചിരിയും നിറ‍‍ഞ്ഞ നിരുപാധികമായ സ്നേഹം എന്ന അക്കിത്തത്തിന്റെ കാവ്യവിശ്വാസത്തിന്റെ വിളംബരം കൂടിയാണ്. ഏത് ഇരുട്ടിനും മീതെ വിജയം വരിക്കുന്ന പരിശുദ്ധ സ്നേഹത്തിന്റെയും അര്‍ഹതയുടെയും അംഗീകാരം. 

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com