അടുത്തറിഞ്ഞ ആദ്യത്തെ വലിയ കവി: അക്കിത്തവുമായും അദ്ദേഹത്തിന്റെ ഇല്ലവുമായും അടുത്ത ബന്ധം പുലർത്തിയ എം.ടി.വാസുദേവൻ നായർ അക്കിത്തത്തെ ഒരിക്കൽ വിശഷിപ്പിച്ചു. അക്ഷരങ്ങളെ അറിഞ്ഞകാലം മുതൽ കവിയെഴുതാൻ ആഗ്രഹിച്ചിട്ടുണ്ട് എം.ടി. കവിതയെഴുതിത്തുടങ്ങിയെങ്കിലും പിന്നീടു കഥകളും നോവലുകളെമെഴുതിതേണ്ടിവന്നയാൾ. ആത്മാവിൽനിന്നൊഴുകുമ്പോൾ കഥകളും കവിതകളാകുമെന്നു തെളിയിച്ച എഴുത്തുകാരൻ. കവിതകൾ മനഃപാഠമാക്കിയ, കവികളെ ആരാധിച്ചിച്ച സാഹിത്യാസ്വാദകൻ. അഭിമാനത്തോടെ, അതിലേറെ സ്നേഹാദരവുകളോടെ എംടി കുറിച്ചിട്ടുണ്ട് അക്കിത്തത്തെക്കുറിച്ച്.
അമേറ്റൂർ അക്കിത്തത്തു മന: കുട്ടിക്കാലത്തെ എംടിയുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങി വായിക്കാനാകാത്ത കാലം. അന്ന് അറിയാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തിയത് കവിയുടെ ഇല്ലം. കവികളെക്കുറിച്ചും കവിതകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അറിയാൻ വിശ്വസിച്ച് ആശ്രയിക്കാവുന്ന അഭയകേന്ദ്രം കൂടിയായിരുന്നു അക്കിത്തം. വാരാന്ത്യങ്ങളിൽ ഇല്ലത്തുനിന്നു പുസ്തകങ്ങൾ എംടി തിരഞ്ഞെടുത്തു വീട്ടിൽക്കൊണ്ടുവരും. വായിച്ചു പൂർത്തിയാക്കി തിരിച്ചുകൊടുക്കും. ഇല്ലത്തേക്കുള്ള അന്നത്തെ യാത്രകൾ. കവിയുമായി നടത്തിയ സാഹിത്യ സംഭാഷണങ്ങൾ. സാംസ്കാരികകേന്ദ്രം പോലെയും വായനശാല പോലെയും പ്രവർത്തിച്ച അക്കിത്തത്തു മനയിൽനിന്നു കിട്ടിയ പുസ്തകങ്ങൾ വഴികാട്ടിയവെളിച്ചം. ജീവിതത്തിലെ പ്രഭാപൂരിതമായ നാളുകൾ എന്ന് അക്കാലത്തെ വിശേഷിപ്പിച്ചു എംടി. ഇരുട്ടു വീണ വഴിത്താരകളിലെ വഴിവിളക്ക് എന്ന് അക്ഷരാർത്ഥത്തിൽ കവിയെ അഭിസംബോധന ചെയ്യുന്നു കഥാകാരൻ.
കാവ്യചൈതന്യം കൊണ്ട് സാഹിത്യപഥങ്ങളെ ദീപ്തമാക്കിയ അക്കിത്തം കോഴിക്കോട് ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ എംടിയും നഗരത്തിലുണ്ട്; പത്രാധിപരായി. എന്നും എപ്പോഴും ഏതുകാര്യത്തിനും എംടിക്ക് ശല്യപ്പെടുത്താൻ സ്വാതന്ത്ര്യമുള്ളയാൾ. ഇന്റർമീഡിയറ്റ് കഴിഞ്ഞപ്പോൾ എംടിക്ക് കോളജ് മാറണമെന്നു മോഹം. ലക്ഷ്യം തൃശൂർ കേരളവർമ.സാഹിത്യകാരൻമാർ അധ്യാപകരായുള്ള, സാഹിത്യാന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന കലാലയം. എൻ.വി. കൃഷ്ണവാരിയർ അന്ന് അവിടെ അധ്യാപകൻ. അദ്ദേഹത്തിന്റെ ശുപാർശ കിട്ടിയാൽ പ്രവേശനം ലഭിക്കും. എൻവിയെ കാണാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചത് അക്കിത്തത്തോട്. അദ്ദേഹം സന്തോഷത്തോടെ എൻവിക്കു കൊടുക്കാൻ കത്തു നൽകി. എംടിക്ക് എൻവിയെ കാണാൻ കഴിഞ്ഞില്ല. കേരളവർമയിൽ മലയാള സഹിത്യം പഠിക്കാൻ ആഗ്രഹിച്ചയാൾ പാലക്കാട് വിക്ടോറിയ കോളജിൽ ശാസ്ത്രവിഷയത്തിനു പിന്നീടു പ്രവേശനം നേടി.
അക്കിത്തത്തെ തന്റെ കുടുംബത്തിലെ ഒരംഗമെന്ന് എംടി വിശേഷിപ്പിച്ചിട്ടുണ്ട്. താൻ അവരുടെ കുടുംബത്തിലെ അംഗമെന്നു സമ്മതിച്ചിട്ടുമുണ്ട്. എന്നും എംടിയുടെ സമീപത്തുതന്നെയുണ്ടായിരുന്നു കവി. ഇടശ്ശേരി, ഉറൂബ് , കടവനാട് കുട്ടിക്കൃഷ്ണൻ തുടങ്ങിയ എഴുത്തുകാരുടെ സൗഹൃദവലയത്തിലേക്ക് എംടിയെ ആനയിച്ചതും അക്കിത്തംതന്നെ. കവിതയുടെ ആരാധകൻ എന്ന് എംടി സന്തോഷഷത്തോടെ സ്വയം വിശേഷിപ്പിക്കുന്നു. മലയാളത്തിലെ മികച്ച കവിതകളൊക്കെയും തിരഞ്ഞുപിടിച്ചു വായിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഓർമയിൽനിന്നെടുത്ത് അനായാസമായി ചൊല്ലാൻ കഴിയുന്ന കവിതകൾ കൂടുതലും അദ്ദഹം വായിച്ചത് ഇടശ്ശേരിയുടെത്. രണ്ടാമത് അക്കിത്തത്തിന്റേതും. കാലം ചിതൽകുത്താത്ത പൂമരങ്ങൾ എന്നാണ് എംടി കവികളെക്കുറിച്ചു പറയുന്നത്. തണലും സുഗന്ധവും നൽകുന്ന തരുഛായകൾ. നമ്മുടെ വരണ്ട സാമൂഹികജീവിതത്തിലെ അപൂർവസൗഭാഗ്യങ്ങൾ. ഒട്ടും സംശയിക്കേണ്ട; എംടിയുടെ വിശേഷണങ്ങൾ നൂറുശതമാനവും യോജിക്കും അക്കിത്തത്തിനും അദ്ദേഹത്തിന്റെ ഇല്ലത്തിനും.
പാരമ്പര്യമായും പൈതൃകമായും ലഭിച്ചതാണ് അക്കിത്തത്തിനു ബ്രാഹ്മണസംസ്കാരം. അടയാളചിഹ്നമായ പൂണുനൂൽ പലപ്പോഴും അഴിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതു സൂക്ഷ്മശരീരത്തിൽനിന്ന് അഴിഞ്ഞിട്ടില്ലെന്നു എഴുതിയിട്ടുണ്ട് അക്കിത്തം ഒരു കവിതയിൽ. ജീവിതത്തിൽ തന്നെ അഗാധമായി സ്വാധീനിച്ച വലിയച്ഛനെക്കുറിച്ച് അക്കിത്തം സ്മരിച്ചിട്ടുമുണ്ട്. ആറാൺകുട്ടികളുടെയും അഞ്ചുപെൺകുട്ടികളുടെയും അച്ഛനായിരുന്നു വലിയച്ഛൻ. അക്കിത്തത്തിന് അഞ്ചുവയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. തറ്റുടുത്ത വസ്ത്രം കൊണ്ട് ഇടയ്ക്കിടയ്ക്ക്, കണ്ണട ഊരി, കണ്ണു തുടയ്ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അദ്ദേഹം വടക്കുപുറത്തുള്ള ശാലപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തു പയറു വിതയ്ക്കുക പതിവാണ്. പയറു പൂത്തുകായ്ച്ചുനിൽക്കുമ്പോൾ രണ്ടു തൊഴുത്തുകളിലുമുള്ള പത്തുപതിനഞ്ചു പശുക്കളെ ശാലപ്പറമ്പിലേക്കു വിടും. അവ പയറുമുഴുവൻ തിന്നുതീർക്കുന്നതുവരെ വലിയച്ഛൻ രാമൻ സോമയാജിപ്പാട് അതുകണ്ടുനിൽക്കും. അന്നത്തെ ആ മഹത്തായ ദൃശ്യത്തിനു സാക്ഷിയായ, വലിയഛ്ഛന്റെ പൈതൃകം അഭിമാനമായി പേറുന്ന കവിക്ക് മനുഷ്യസ്നേഹത്തെക്കുറിച്ച് പാടാതിരിക്കാൻ കഴിയുമോ ? സ്നേഹരാഹിത്യത്തെ എതിർക്കാതിരിക്കാനാവുമോ ?
English Summary: Akkitham Achuthan Namboothiri honoured with Jnanpith Award