ADVERTISEMENT

കാൽപനികമായ മായക്കാഴ്ചകളിൽ ഭ്രമിച്ചുനിന്ന മലയാള കവിതയെ ആരുറപ്പുള്ള, എല്ലുറപ്പുള്ള കവിതകൊണ്ടു പകരം വയ്ക്കുകയും ആ പ്രക്രിയയിൽ നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്കാരത്തെ, ഭാവുകത്വത്തെ നവീകരിക്കുകയും ചെയ്ത കവിയാണു ജ്ഞാനപീഠ പുരസ്കാരത്താൽ ആദരിക്കപ്പെടുന്നത്. കവിതയിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിലുള്ള ബലവത്തായ കണ്ണിയായി നിന്നു. പാരമ്പര്യത്തിന്റെ നല്ലവശങ്ങളെ ഉൾക്കൊണ്ടുതന്നെ ആധുനികതയുടെ പ്രകാശത്തിലേക്ക് മുഖത്തെളിമയോടെ വളർന്നു. സവിശേഷമായ പറച്ചിൽ രീതിയാണ് കേവലവ്യവഹാരഭാഷയെ കവിതയുടെ ഭാവുകത്വഭാഷയിലേക്കുയർത്തുന്നത് എന്ന സത്യം നമ്മെ അനുഭവിപ്പിച്ചു അക്കിത്തം. 

‘‘വജ്രം തുളച്ചിരിക്കുന്ന രത്നങ്ങൾക്കുള്ളിലൂടെ ഞാൻ 

കടന്നു പോന്നു ഭാഗ്യത്താൽ, വെറും നൂലായിരുന്നു ഞാൻ’’ 

എന്ന് എഴുതിയ കവിയാണ്. നിങ്ങൾക്ക് എന്നെ രത്നമാലയായി തോന്നുന്നുണ്ടാവാം. എന്നാൽ ഞാൻ വെറും നൂലു മാത്രമാണ്; ഈ രത്നങ്ങൾക്കിടയിലൂടെ കടന്നുവരാൻ ഭാഗ്യമുണ്ടായ ഒരു നൂൽ! ഈ രത്നങ്ങൾ തുളച്ചതു പോലും ഞാനല്ല, വജ്രമാണ്. ഈ വിനയമനോഭാവം അക്കിത്തത്തിന്റെ വ്യക്തിത്വശുദ്ധിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ‘ഇദം നമമ:’ എന്ന സങ്കൽപമുണ്ടല്ലോ. ഇതൊന്നും തന്റേതല്ല എന്നു പറയുന്ന മനസ്സ്. ആ മനസ്സ് അക്കിത്തത്തിന് സ്വന്തമാണ്. അതല്ലെങ്കിൽ, 

‘‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ; 

എന്റെയല്ലീമഹാക്ഷേത്രവും മക്കളേ’’ 

എന്ന് അദ്ദേഹം എഴുതുമായിരുന്നില്ലല്ലോ. 

കനൽക്കാഴ്ചകൾ 

അക്കിത്തത്തെ പൊതുവേ സാഹിത്യാസ്വാദകർ ഇന്നു കാണുന്നത് മലയാളകവിതയുടെ മുത്തച്ഛനായാണ്. പ്രായം കൊണ്ട് മുത്തച്ഛനാണ് അക്കിത്തം. എന്നാൽ ഇതേ അക്കിത്തം, ഇതേ മുത്തച്ഛൻ തന്നെയാണ് ഇന്നും മലയാളത്തിലെ ഏറ്റവും ആധുനികകവി എന്ന മറ്റൊരു സത്യവുമുണ്ട്. ഭാഷയെയും ഭാവുകത്വത്തെയും കാലാനുസൃതമായി പുതുക്കാൻ കഴിയുന്നു എന്നതു കൊണ്ടാണ് അക്കിത്തത്തിന് ഒരേസമയം മുത്തച്ഛനായ കവിയായും ആധുനികനായ കവിയായും തുടരാൻ കഴിയുന്നത്. 

മലയാളത്തിലേക്ക് ആധുനികത കൊണ്ടുവന്നത് സൂക്ഷമമായി നോക്കിയാൽ അക്കിത്തമാണെന്നു കാണാം. ചങ്ങമ്പുഴ ഉണർത്തിവിട്ട കാൽപനികതയുടെ ഭാവസൗന്ദര്യം കാവ്യാന്തരീക്ഷത്തിലാകെ പടർന്നു നിറഞ്ഞു നിന്നിരുന്ന ഒരു ഘട്ടത്തിലാണ് ‘ഇടിഞ്ഞു പൊളിഞ്ഞ ലോകം’ എന്ന് അക്കിത്തം എഴുതിയത്. 

‘‘അരിവെപ്പോന്റെ തീയിൽ ചെന്നീയാംപാറ്റ പതിക്കവേ 

പിറ്റേന്ന് ഇടവഴിക്കുണ്ടിൽ കാണ്മൂ ശിശുശവങ്ങളെ’’ 

എന്ന് അക്കിത്തം എത്രയോ കാലം മുൻപ് എഴുതി. കവിത അതിന്റെ പ്രഭാവലയം അഴിച്ചുവയ്ക്കുകയായിരുന്നു; തെരുവിലേക്കിറങ്ങിനടക്കുകയായിരുന്നു; പൊള്ളുന്ന കനൽക്കാഴ്ചകളിലേക്കു കണ്ണയയ്ക്കുകയായിരുന്നു’. അതാണ് അക്കിത്തമുണ്ടാക്കിയ മാറ്റം. ഭാഷയിലെ മാറ്റം; ‘ഭാവുകത്വത്തിലെ മാറ്റം’! 

‘‘നിരത്തിൽ കാക്ക കൊത്തുന്നൂ 

ചത്തപെണ്ണിന്റെ കണ്ണുകൾ; 

മുല ചപ്പിവലിക്കുന്നു  നരവർഗ്ഗനവാതിഥി’’ 

ചത്ത പെണ്ണിന്റെ കണ്ണും മുല ചപ്പിവലിക്കലും ഒന്നും അന്നു കവിതയ്ക്കു പറ്റിയ വാക്കുകളോ ഇമേജുകളോ ആയിരുന്നില്ല. എന്നിട്ടും പരുക്കൻ വാക്കുകൾകൊണ്ട് പൊള്ളുന്ന ജീവിതസത്യങ്ങൾ അക്കിത്തം ആവിഷ്കരിച്ചു. സത്യത്തിൽ അവിടെയാണ് നമ്മുടെ ആധുനികതയുടെ തുടക്കം. ആ നിലയ്ക്ക് കാവ്യചരിത്രം പൊളിച്ചെഴുതേണ്ടതുണ്ട്. 

ഇഎംഎസിൽ വിങ്ങിപ്പൊട്ടി 

ഇഎംഎസുമായി അടുത്ത ബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്. അദ്ദേഹത്തിന്റെ ഇല്ലത്ത് കമ്യൂണിസ്റ്റ് സാഹിത്യത്തിനു വേണ്ടി പൊലീസുകാർ പോയി പരതിയിട്ടുണ്ട്. അത്തരം ഒരാൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാവുക വയ്യ. പക്ഷേ, ‘ഇരുപതാം നൂറ്റാണ്ടിന്റെഇതിഹാസം’ രചിച്ച അക്കിത്തത്തെ കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇഎംഎസിനെക്കുറിച്ചു പറയുമ്പോൾ വാക്കു കിട്ടാതെ നിരുദ്ധകണ്ഠനായി പതറിയ അക്കിത്തത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. ഒരു ടെലിവിഷൻ അഭിമുഖവേളയിലായിരുന്നു അത്. 

‘‘വെളിച്ചം ദുഃഖമാണുണ്ണീ 

തമസ്സല്ലോ സുഖപ്രദം’’ 

എന്ന് എഴുതിയതിനെയും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. കവി വെളിച്ചം ദുഃഖമാണെന്നു പറയുമ്പോൾ വെളിച്ചത്തെ അപലപിക്കുകയായിരുന്നു ആ കവി എന്നല്ല മനസ്സിലാക്കേണ്ടത്. കവിത ആവശ്യപ്പെടുന്നത് മറ്റൊരു വായനയാണ്. തെറ്റായ മനസ്സിലാക്കലുകളാണ് അക്കിത്തത്തെ തെറ്റിദ്ധരിക്കുന്നതിനു വഴിവച്ചത്. ‘ഡ്രൈവറുടെ പ്രസ്താവന’ പോലെ ഏകാധിപത്യത്തെ ആക്ഷേപിക്കുന്ന കവിതകൾ വരെ എഴുതിയിട്ടുണ്ട്. അതൊക്കെ കാണാൻ പലർക്കും കഴിയാതെ പോകുന്നു. 

(കവിയായ ലേഖകൻ, ജ്ഞാനപീഠം ജൂറി അംഗവുമാണ്)

English Summary: Akkitham Achuthan Namboothiri honoured with Jnanpith Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com