sections
MORE

മാടൻ, ഒടിയൻ, മറുത... ഇരുട്ടു പേടി കൊത്തിയ കാലം

poet-rose-mary
SHARE

പാറത്തോട്ടിലെ കുട്ടിക്കാല സന്ധ്യകൾ പേടിപെടുത്തുന്നതായിരുന്നു. വൈദ്യുതി വെളിച്ചമില്ല. എങ്ങും ഇരുട്ടുമൂടിക്കിടക്കും. റോഡിൽ മാടനും മറുതയുമൊക്കെ കാത്തുനിൽക്കുമെന്നു പറയും. മൂവന്തിക്കു കുട്ടികളെ പുറത്തിറക്കില്ല. പുള്ളിന്റെ കരച്ചിൽ കേട്ടാൽ ഓടിച്ചെന്നു വാതിലും ജനാലയുമൊക്കെ അടയ്ക്കുമായിരുന്നു. എഴുത്തുകാരിയും കവയിത്രിയുമായ റോസ് മേരി കുട്ടിക്കാലത്തെ പേടികളെപ്പറ്റി പറയുന്നു.

പാറത്തോട് ഒരു കുഗ്രാമമായിരുന്നു. പട്ടണത്തിൽ നിന്നു ഒത്തിരി ദൂരെ മാറിയാണ് ആ ഗ്രാമം. കാപ്പിത്തോട്ടങ്ങളും വിജനമായ റബർ തോട്ടങ്ങളും.. അവിടെ സന്ധ്യയ്ക്കു ‘മോന്തി’എന്നാണു പറയുക. ‘മൂവന്തി’ എന്നൊരു വാക്കില്ലേ? അതു ലോപിച്ചാണു ‘മോന്തി’ ഉണ്ടായിരിക്കാൻ സാധ്യത.  മോന്തിയായാൽ കുട്ടികളാരും  പുറത്തിറങ്ങിക്കൂടാ എന്നു മുതിർന്നവർ പറയും. മോശമായ പക്ഷികൾ വന്ന് ആക്രമിക്കും... പെൺകുട്ടികളെ കണ്ട് ഗന്ധർവന്മാർ മോഹിക്കും.. ബാധ വരും... എന്നൊക്കെയായിരുന്നു വിശ്വാസം.  ഇതൊന്നും കുട്ടികളെ ബാധിക്കരുത് അതാണ് കാർന്നോന്മാരുടെ ഭീതിയുടെ കാരണം. അക്കാലത്തു സന്ധ്യാസമയങ്ങളെപ്പറ്റി ഒത്തിരി ഭയം കലർന്ന വിശ്വാസങ്ങളുണ്ടായിരുന്നു. വൈദ്യുതി എത്തിയിട്ടില്ല.  

malayalam-poet-rose-mary

കാപ്പിത്തോട്ടങ്ങളിലും റബർ തോട്ടങ്ങളിലുമൊക്കെ ഇരുട്ടു മൂടി കിടക്കും. ഇരുട്ടിന് വല്ലാത്ത ഒരു നിഗൂഡതയുണ്ടല്ലോ. മൂവന്തിക്ക് അമ്മയൊന്നും എന്നെ പുറത്തു കളിക്കാൻ വിട്ട ഓർമ പോലുമില്ല.  വീടിനു ചുറ്റും കാടും പൊന്തയുമായതിനാൽ ‘പുള്ള്’ എന്നൊരു പക്ഷിവരുമായിരുന്നു. അത് വല്ലാത്ത ഒരു കരച്ചിലും ഒച്ചയുമാണ്. പിള്ളേരു കണ്ടാൽ പേടിക്കും. വാതിലൊക്കെ കൊട്ടിയടയ്ക്കും.  പേടി വന്നു പനി പിടിച്ച കുട്ടികളെ പുള്ള് അടിച്ചതാണെന്നു പറയുമായിരുന്നു. ഭൂതപ്രേതാദികൾ ഇറങ്ങുമെന്നു പറഞ്ഞു ഗർഭിണികളെയും സന്ധ്യക്കു പുറത്തുവിട്ടിരുന്നില്ല.

രാത്രികാലത്തു   തോട്ടത്തിലൂടെ സഞ്ചരിച്ചവർക്കു വഴി തെറ്റിയ കഥകളും ഒരുപാടുണ്ട്. മാടൻ, ഒടിയൻ, മറുത എന്നിവരുടെ വിദ്യകളാത്രെ. ദൂരെ മേയാൻ വിട്ടിരുന്ന പശുക്കൾ ചിലപ്പോൾ ചത്തുകിടക്കുന്നതു കാണാം. അവയുടെ വയറിൽ വലിയ പാടുകളും മുറിവുകളുമൊക്കെ കാണാം. മാടൻ അടിച്ചതാണെന്ന് ആളുകൾ പറയും. ഒരിക്കൽ എന്റെയൊരു ബന്ധു സെക്കൻഡ് ഷോ സിനിമ കഴിഞ്ഞു വരികയായിരുന്നു. നല്ല നിലാവുണ്ട്. പെട്ടെന്ന് വഴിയുടെ നടുക്ക് ഒരു സ്ത്രീ. വളരെ സുന്ദരി. യക്ഷിയാണ്. കഴുത്തിൽ വെന്തിങ്ങയുണ്ട്. അതിൽ ബലമായി പിടിച്ച് എങ്ങനെയോ ഒരു മരത്തിൽ വലിഞ്ഞു കയറി. വെന്തിങ്ങയുള്ളതുകൊണ്ടാണത്രെ അന്നു രക്ഷപെട്ടത് എന്നു പറഞ്ഞ് ആശ്വസിക്കുന്നതു കണ്ടിട്ടുണ്ട്. വലിയൊരു കറുത്ത പട്ടിയെ കണ്ട് പേടിച്ചു പനി പിടിച്ചവരുമുണ്ട്. ഇതൊക്കെ കല്പനകളാണോ അതോ യാഥാർഥ്യമാണോ എന്നൊന്നും അറിയില്ല. ഇപ്പോൾ പറഞ്ഞാൽ അതൊക്കെ കെട്ടുകഥകളാണെന്നേ പറയൂ. ഭീതി കലർന്ന ഒരു സുഖത്തോടെയാണ് അതെല്ലാം കേട്ടിരുന്നത്. 

കാലം മാറി, കഥയുടെ പൊരുൾ മാറിയില്ല.

കുട്ടിക്കാലത്തു ഞങ്ങൾ അനുഭവിച്ച ഇത്തരം കാര്യങ്ങളെക്കുറിച്ചു പറഞ്ഞാൽ ഇന്നത്തെ കുട്ടികൾ വിശ്വസിക്കണമെന്നില്ല. വൈദ്യുതിയില്ലാത്ത ഒരു കാലത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കു ചിന്തിക്കാനാകുമോ? നാട്ടിൽ എല്ലായിടത്തും ഇന്നു വൈദ്യുതിയായി. ഞാൻ ബിഎയ്ക്കു പഠിക്കുമ്പോഴാണ് നാട്ടിൽ ഇലക്ട്രിസിറ്റി എത്തുന്നത്. വഴിയിലെമ്പാടും വൈദ്യുതി വിളക്കുകൾ ഇന്നു വെളിച്ചം ചൊരിയുന്നു. പണ്ടത്തെപ്പോലെ ഇരുട്ടുതങ്ങി നിൽക്കുന്ന സ്ഥലങ്ങളില്ല. അന്ന് വലിയ പറമ്പിനകത്ത് ഒരു വീടുകാണും.  കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ ഒരു കിലോമീറ്ററെങ്കിലും സഞ്ചരിച്ചാല അയൽപ്പക്കത്ത് എത്താനാകും. അത്രയായിരുന്നു വീടുകൾ തമ്മിലുള്ള അകലം. കട്ടപിടിച്ച ഇരുട്ടിൽ വെളിച്ചമില്ലാതെ വീടു നിൽക്കുന്നതു വരെ പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ആളുകൾ  നേരത്തെ കിടന്നുറങ്ങുന്നതുകൊണ്ടാണ് വീടുകളിൽ വെളിച്ചമില്ലാതിരുന്നത്. ഇരുട്ടിന് ഒരു നിഗൂഡത വല്ലാത്തൊരു കാഴ്ച തന്നെയാണ്. അതൊക്കെ പോയി. ഇന്ന് അടുപ്പിച്ചടുപ്പിച്ചാണു വീടുകൾ നിൽക്കുന്നത്. എങ്ങും ട്യൂബ് ലൈറ്റുകളും എൽഇഡി വിളക്കുകളും. ഭൂതപ്രേതാദികളിലുള്ള വിശ്വാസമെല്ലാം പോയി. എന്റെ ചില കവിതകളിൽ ഇരുട്ടിന്റെ ഇമേജുകളൊക്കെ കൊണ്ടുവന്നിട്ടുണ്ട്. 

English Summary: Ezhuthu Varthamanangal - Poet Rose Mary Memoir about childhood days at Kanjirapilly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA