പൈങ്കിളിയല്ല; പൈങ്കിളിയുടെ മുത്തശ്ശിയുമല്ല; നട്ടെല്ലുള്ള ഇന്ദുലേഖ വായിക്കൂ...

indulekha-book-cover
SHARE

ഇന്ദുലേഖയെ പൈങ്കിളിയെന്നു വിളിച്ചവരുണ്ട്. പൈങ്കിളിയുടെ മുത്തശ്ശിയെന്ന് കടത്തിപ്പറഞ്ഞവരുമുണ്ട്. അവര്‍ക്ക് ഇന്ദുലേഖ ഒരു പ്രണയകഥ മാത്രമായിരുന്നു. കുടുംബത്തില്‍ത്തന്നെ ഉടലെടുക്കുന്ന ഒരു പ്രണയവും അതിനെ എതിര്‍ക്കുന്ന കാരണവരും സംശയവും ഒടുവില്‍ സംശയം ദൂരികരിച്ചുള്ള ശുഭ പരിസമാപ്തിയും. വായനയ്ക്കു രസം പകരാന്‍ ഒരു നമ്പൂതിരിപ്പാടിനെ കേന്ദ്രീകരിച്ചുള്ള ചില കോമഡി രംഗങ്ങളും കൂടിയായതോടെ അവരുടെ മനസ്സില്‍ ചന്ദുമേനോന്റെ വാത്സല്യഭാജനവും മലയാളത്തിന്റെ ലക്ഷണമൊത്തെ ആദ്യത്തെ നോവലും പൂര്‍ത്തിയാകുന്നു. ശേഷം ശ്രദ്ധ പില്‍ക്കാല നോവലുകളിലേക്ക്. കാലത്തെ അതിലംഘിച്ച കാവ്യഭാവനകളിലേക്ക്. അവരെ കുറ്റം പറയാനാവില്ല. അവര്‍ തെറ്റുകാരാണെന്ന് ആരും വിധിച്ചിരുന്നുമില്ല; ഇന്ദുലേഖയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഭാഗങ്ങള്‍ കണ്ടെടുക്കുന്നതുവരെ. 

നഷ്ട അധ്യായങ്ങള്‍ കണ്ടെടുത്തപ്പോഴാകട്ടെ ഇന്ദുലേഖ വളരുകയായിരുന്നു. പൈങ്കിളിയില്‍ നിന്ന് സമൂഹിക പ്രധാന്യവും കാലിക പ്രസക്തിയും കാലത്തെ കവച്ചുവയ്ക്കുന്ന തത്ത്വചിന്തയുടെയും ബലത്തില്‍. മലയാളത്തിലെ ആദ്യത്തെ നോവല്‍ രസം പകരാനുള്ള വൃഥാ വ്യായാമം മാത്രമല്ലെന്നും  അതിനുപിന്നില്‍ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടെന്നും കൂടി വെളിപ്പെട്ടു. പുതിയ വെളിപ്പെടുത്തലുകള്‍ വഴിതുറക്കുന്നത് പുനര്‍വായനകളിലേക്ക്. അതിനു നിമിത്തമായത് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇന്ദുലേഖയുടെ ആദിമധ്യാന്ത പൊരുത്തമുള്ള പുതിയ പതിപ്പിലൂടെയും. വെട്ടിമാറ്റപ്പെട്ട 18-ാം അധ്യായവും അവസാന ഖണ്ഡികകളും പുന:സ്ഥാപിച്ചും 1889-ലെ ആദ്യ പതിപ്പ് അതേ അച്ചടി സവിശേഷതകളോടെ ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം വീണ്ടും വായനക്കാരുടെ കൈകളിലെത്തിച്ചും. 

ഇംഗ്ലിഷ് നോവല്‍ മാതിരിയില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകം എന്ന വിശേഷണം യഥാര്‍ഥത്തില്‍ ഇന്ദുലേഖയ്ക്ക് ശാപമായി മാറിയതിന്റെ ചരിത്രം കൂടിയാണ് മലയാള സാഹിത്യത്തിന്റെ ചരിത്രം. മാതിരിയില്‍ എന്ന വാക്കിലൂടെ കോപ്പി അല്ലെങ്കില്‍ പകര്‍പ്പ് എന്ന അര്‍ഥം വരികയും ഒരു പാരഡി മാത്രമായി നോവലിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങളുമുണ്ടായി. കാലാകാലങ്ങളില്‍ നിരൂപകരും പണ്ഡിതരും വലിയ എഴുത്തുകാരുമൊക്കെ തരാതരം പോലെ ഇന്ദുലേഖയെ അധിക്ഷേപിക്കുകയും അക്കാലത്തുനിന്ന് നോവല്‍ ബഹുദൂരം ബഹുകാലം മുന്നിലേക്ക് വളര്‍ന്നുവെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. പക്ഷേ, സത്യം തിരിച്ചറിയണമെങ്കില്‍ ഇന്ദുലേഖയുടെ 18-ാം അധ്യായം വായിക്കണം. വെറുതെ വായിക്കുകയല്ല, മനസ്സിരുത്തി വായിക്കണം. അവസാന ഖണ്ഡികകളും വായിക്കണം. കാരണം വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളിലാണ് ഇന്ദുലേഖയുടെ ആത്മാവ് കുടികൊള്ളുന്നത്. മാധവന്റെ ഹൃദയത്തിന്റെ പ്രതിഫലനം കാണാനാവുന്നത്. കാലത്തിനും മുമ്പേ സഞ്ചരിച്ച ഒരു എഴുത്തുകാരന്റെ ദീര്‍ഘദര്‍ശനവും ഭാവിയെക്കുറിച്ചുള്ള പ്രവചനവും വരാനിരിക്കുന്ന പെണ്‍മുന്നേറ്റത്തിന്റെ സൂചനകളും വ്യക്തമായി കാണാനാവുന്നത്. 

ഏകദേശം 90 പേജുകളുണ്ട് ഇന്ദുലേഖയുടെ 18-ാം അധ്യായത്തിന്. ഈ ഭാഗമാണ് നൂറ്റാണ്ടിലധികം കാലം മറച്ചുവയ്ക്കപ്പെട്ടതും ഈ ദീര്‍ഘമായ അധ്യായത്തില്‍ അഭാവത്തില്‍ നോവല്‍ വിമര്‍ശിക്കപ്പെട്ടതും. യഥാര്‍ഥത്തില്‍ സംഭവിച്ചത് 18-ാം അധ്യായത്തിന്റെ പ്രാധാന്യം ചന്തുമോനോന് ആറിയാമായിരുന്നെങ്കിലും അന്നത്തെയും പിന്നീടും വന്ന പല എഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും ആ പ്രാധാന്യം തിരിച്ചറിയാനുള്ള കഴിവില്ലായ്മയുമാണ്. അതിന്റെ കുറ്റം ചാര്‍ത്തപ്പെട്ടതോ ഇന്ദുലേഖയില്‍. ചന്തുമേനോനില്‍. ആക്ഷേപത്തിലൂടെ വലിയൊരു ജനതയുടെ കണ്ണില്‍നിന്ന് വെറും പൈങ്കിളിയെന്ന് അധിക്ഷേപിച്ച് നോവലിനെ മാറ്റിനിര്‍ത്താനും കഴിഞ്ഞു. പക്ഷേ, സ്വര്‍ണപാത്രം കൊണ്ടു മൂടിയാലും സത്യം പുറത്തുവരുമെന്നതു സാധൂകരിച്ചുകൊണ്ട് ഒടുവില്‍ സത്യം പുറത്തുവരികയാണ്. സുവര്‍ണശോഭയോടെ. 

18-ാം അധ്യായം പെട്ടെന്നൊരു പ്രേരണയില്‍ ചന്തുമേനോന്‍ എഴുതുകയായിരുന്നില്ല. ഒട്ടേറെ മലയാളി സുഹൃത്തുക്കളുടെ പ്രേരണ അതിനുപിന്നുലുണ്ടെന്ന് എഴുത്തുകാരന്‍ തന്നെ തുറന്നുപറയുന്നുണ്ട്. മാധവനും അച്ഛനും ബന്ധുവും തമ്മിലുള്ള സംഭാഷണമാണ് ഈ അധ്യായം. അതായത് സംവാദം. ചന്ദുമേനോന്‍ സംവാദം എന്ന വാക്ക് തന്നെയാണ് ഉപയോഗിച്ചത്. എന്നിട്ടും പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് സംവാദം എന്ന വാക്ക് മലയാളിയുടെ ദൈനംദിന വ്യവഹാരത്തില്‍ ഇടംപിടിക്കുന്നത്. പൈങ്കിളിയുടെ നേരേ വിപരീത ദിശയില്‍ സഞ്ചരിച്ച ആനന്ദ് എന്ന എഴുത്തുകാരന്‍ സംവാദം എന്ന വാക്ക് തന്റെ പുസ്തകത്തിന്റെ ടൈറ്റിലാക്കുകപോലും ചെയ്തു. അത് ഒരു നൂറ്റാണ്ടിനുശേഷമാണെന്നതാണ് വിചിത്രവും അതിശയകരവുമായ വസ്തുത. 

18-ാം അധ്യായത്തിന്റെ പകുതി ഭാഗവും സമര്‍പ്പിച്ചിരിക്കുന്നത് മതമില്ലായ്മയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്. അക്കാലത്ത് ആ ചര്‍ച്ച മലയാളി സമൂഹത്തില്‍ സജീവമായിരുന്നു എന്നാണ് ചന്തുമേനോന്‍ പറയുന്നത്. എങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളിലും ഇക്കാലത്തുമോ? ഇന്നും ആ ചര്‍ച്ച സജീവം തന്നെ. എന്നുമാത്രമല്ല അക്കാലത്ത് ഉന്നയിക്കപ്പെട്ട ആശയങ്ങളില്‍നിന്ന് സംവാദം വലിയ പുരോഗതിയൊന്നും നേടിയിട്ടില്ല എന്നതും ശ്രദ്ധിക്കണം. ദേശീയ കോണ്‍ഗ്രസിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് കുറച്ചധികം പേജുകള്‍ ചര്‍ച്ച ചെയ്യുന്നത്. കൃത്യമായ ഒരു രാഷ്ട്രീയ ചര്‍ച്ച. 1889-നു ശേഷം മലയാളത്തില്‍ ഇതിനോടകം എത്രയോ നോവലുകള്‍ വന്നു. ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായി ആയിരക്കണക്കിനു നോവലുകള്‍. ഇവയില്‍ എത്രയെണ്ണത്തില്‍ നൂറോളം പേജുകളില്‍ ഒരു സംവാദം ഉള്‍പ്പെടുത്താന്‍ എത്ര എഴുത്തുകാര്‍ക്ക് ധൈര്യം ലഭിച്ചിട്ടുണ്ട് എന്ന് ആലോചിക്കുമ്പോള്‍ മനസ്സിലാകും ഇന്ദുലേഖയുടെ പ്രസക്തി. ചന്തുമേനോന്റെ പ്രവാചക ദൃഷ്ടി. എന്തിന് 18-ാം അധ്യായം വെട്ടിമാറ്റിയതെന്ന ദുരൂഹമായ ചോദ്യത്തിന്റെ ഉത്തരവും. 

ചന്തുമേനോന്‍ ഇന്ദുലേഖ അവസാനിപ്പിക്കുന്നത് ഒരു അപേക്ഷയോടു കൂടിയാണ്. ഒരു നൂറ്റാണ്ടോളം ഇരുട്ടില്‍ തള്ളിയിട്ടിരുന്നു ഈ അപേക്ഷയേയും. കാരണം ഒന്നേയുള്ളൂ. ആണ്‍കുട്ടികളെപ്പോലെതന്നെ പെണ്‍കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കണമെന്നാണ് എഴുത്തുകാരന്‍ അപേക്ഷിക്കുന്നത്. ആ അപേക്ഷ കണ്ണില്‍പ്പെടുകയും അതംഗീകരിച്ച് കേരളീയ സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുകയും ചെയ്താല്‍ സംഭവിക്കുന്ന ‘തിന്‍മകള്‍’  പലരെയും പിന്നോട്ടുവലിച്ചിട്ടുണ്ടെന്നു വ്യക്തം. 

ഇപ്പോഴിതാ നോവല്‍ പൂര്‍ണരൂപത്തില്‍ പുറത്തുവന്നിരിക്കുന്നു. ചന്തുമേനോന്‍ എഴുതിയ അന്നത്തെ ഭാഷയുടെ പൂര്‍ണഗാംഭീര്യത്തോടെ. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പഴയകാല മലയാളത്തിന്റെ സംഗീതാത്മകയോടെ. വായിക്കൂ... വിധിക്കൂ.. ഇന്ദുലേഖ പൈങ്കിളിയോ?  അതോ കാലത്തിനു മുന്നേ പറന്ന നോവല്‍ പക്ഷിയോ? 

ഇന്ദുലേഖ വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Manorama Books to re-publish O. Chandumenon's 1889-epic novel Indulekha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA