ADVERTISEMENT

കൊച്ചി ∙ ഒട്ടേറെ അപൂർവ വസ്തുക്കളാണു ബാങ്ക് ഹൗസിലുള്ളത്. കമല സുരയ്യ അവസാനകാലത്തു പുണെയിലേക്കു താമസം മാറ്റും മുൻപു തന്റെ കൈവശമുണ്ടായിരുന്ന തോക്ക് സൂക്ഷിക്കാൻ ഏൽപിച്ചതു രാമചന്ദ്രനെ ആയിരുന്നു. നൂറ്റാണ്ടു പിന്നിട്ട പല സൂക്ഷിപ്പുകൾക്കൊപ്പം ഈ തോക്കും  ശ്രീകുമാരി രാമചന്ദ്രന്റെ കൈവശമുണ്ട്. ബാങ്കിൽ ഉപയോഗിച്ചിരുന്ന വിദേശനിർമിത സേഫ് ഇന്നും ഈ വീട്ടിലുണ്ട്. കൊച്ചിയിൽ വൈദ്യുതി ആദ്യമെത്തിയ വീടുകളിലൊന്നാണു ബാങ്ക് ഹൗസ്. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യകാല ഫാൻ ഈ വീടിന്റെ അലങ്കാരങ്ങളിലൊന്നാണ്. മണ്ണെണ്ണ ഉപയോഗിച്ചു കത്തിച്ചിരുന്ന പഴയ വിളക്കുകളിലൊന്നു കാലത്തിനുചേർന്ന രീതിയിൽ വൈദ്യുതിവിളക്കായി രൂപം മാറിയിരിക്കുന്നു. 100 ലീറ്റർ വെള്ളം കൊള്ളുന്ന ചെമ്പ്, എണ്ണപ്പാത്തി, ഗ്രാമഫോൺ തുടങ്ങിയവയും നൂറ്റാണ്ടു പിന്നിട്ട വീട്ടിലെ ആദ്യകാലസൂക്ഷിപ്പികളാണ്. 3 നിറത്തിലുള്ള മഷി ഒഴിച്ചുവയ്ക്കാവുന്ന പാത്രങ്ങൾ സഹിതമുള്ള മരത്തിന്റെ പെൻസ്റ്റാൻഡ്, ഭരണികൾ, ജർമൻ സിൽവറിൽ തീർത്ത മുറുക്കാൻചെല്ലം എന്നിവയും ഈ വീട്ടിലെ പഴയ ശേഖരത്തിലുണ്ട്. പൂജാമുറിയിൽ 100 വർഷം പിന്നിട്ട ഗ്ലാസ് പെയിന്റിങുകളും കലണ്ടറുകളുമുണ്ട്. 

നൂറ്റാണ്ടിന്റെ പഴക്കമുള്ള ബാങ്ക് ഹൗസ് 

bank-house-kochi
ചിറ്റൂർ റോഡ് ബാങ്ക് ഹൗസ് വീടിന്റെ ഉൾഭാഗം. ചിത്രം: മനോരമ

ഒരു നൂറ്റാണ്ടിലേറെയായി ചിറ്റൂർ റോഡിൽ തലയുയർത്തി നിൽക്കുന്ന ബാങ്ക് ഹൗസ് ഞായറാഴ്ച പൊളിച്ചുതുടങ്ങും. 102 വർഷം പഴക്കമുള്ള വീടാണിത്. ചരിത്രത്തിന്റെ ഭാഗമായ പല സവിശേഷതകളാണ് ഈ പഴക്കത്തിൽ പാർക്കുന്നത്. അതിൽ പലതും സംരക്ഷിച്ചുകൊണ്ടാണ് ഈ വിടു പൊളിച്ചു പുതിയതു പണിയുന്നതും.  തിരുനെൽവേലിയിൽനിന്ന് ഇവിടെയെത്തി കൊച്ചി രാജ്യത്തെ ആദ്യ സ്വകാര്യബാങ്കായ എസ്.വി. ബാങ്കിനു തുടക്കമിട്ട എസ്.വി. വെങ്കിടേശ്വര അയ്യർ എന്ന ബാങ്കർ നിർമിച്ചതാണ് ഈ വീട്. എസ്.വി. ബാങ്കർ എന്ന പേരിലായിരുന്ന വീട് പിന്നീടു ബാങ്ക് ഹൗസ് ആയി മാറി. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രനും കുടുംബവുമാണ് ഇപ്പോൾ  ഇവിടെ താമസം. ശ്രീകുമാരിയുടെ ഭർത്താവ് പരേതനായ രാമചന്ദ്രന്റെ പിതാവാണ് എസ്.വി. വെങ്കിടേശ്വര അയ്യർ. 2  നിലകളിലായി 3000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ 5 മുറികളുണ്ട്. നൂറ്റാണ്ടു പിന്നിട്ടിട്ടും തിളക്കം മങ്ങാത്ത കുത്താമ്പുള്ളി തറയോടുകൾ വീടിനു വേറിട്ട ചേലും നൽകിയിരിക്കുന്നു. 

ഈ വീടു പൊളിച്ചശേഷം പുതിയ വീട് പണിയാൻ ഒന്നര വർഷമാണു വേണ്ടത്. ഞായറാഴ്ച പൊളിച്ചുതുടങ്ങുന്ന വീടിന്റെ സ്ഥാനത്തു കാർപാർക്കിങിനു മുകളിലായി നാലു നില കെട്ടിടമാണു പുതുതായി നിർമിക്കാൻ പോകുന്നത്. ഒന്നും രണ്ടും നിലകൾ വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കും. മൂന്നും നാലും നിലകൾ തന്റെ 2 മക്കൾക്കായിരിക്കുമെന്നു ശ്രീകുമാരി രാമചന്ദ്രൻ പറഞ്ഞു. അതിനും മുകളിൽ ഒരു നില കോട്ടേജായി മാറ്റും. അവിടെ ഈ വീട്ടിലെ പഴയ സാധനസാമഗ്രികളും പുസ്തകങ്ങളും സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ശ്രീകുമാരി രാമചന്ദ്രൻ പറഞ്ഞു.

പുസ്തകങ്ങൾ സംഭാവന ചെയ്യും

ശ്രീകുമാരി രാമചന്ദ്രനും ഭർത്താവ് രാമചന്ദ്രനും വാങ്ങിക്കൂട്ടിയ പുസ്തകങ്ങളുടെ വലിയൊരു ശേഖരത്തിൽനിന്നു നല്ലൊരു പങ്ക് സംഭാവനയായി നൽകിക്കഴിഞ്ഞു. എറണാകുളം പബ്ലിക് ലൈബ്രറി, ചങ്ങമ്പുഴ ലൈബ്രറി എന്നിവിടങ്ങളിലേക്കാണ് ആദ്യം നൽകിയത്. പബ്ലിക് ലൈബ്രറിയുമായി രാമചന്ദ്രന് അടുത്ത ബന്ധമായിരുന്നു. അവശേഷിക്കുന്ന പുസ്തകങ്ങളിൽനിന്ന് ഇനിയൊരു ഭാഗം വിവിധ സ്കൂളുകളിലേക്കു നൽകാൻ രാജ്യാന്തര പുസ്തകോത്സവ സമിതിയെ ഏൽപിച്ചിട്ടുണ്ട്. ആദ്യകാലത്തു രണ്ടേക്കറിലായിരുന്നു ബാങ്ക് ഹൗസും വെങ്കിടേശ്വര അയ്യരുടെ ബന്ധുക്കളുടെ വീടുകളും സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ബാങ്ക് ഹൗസ് 15 സെന്റിലാണ്. കാലപ്പഴക്കമാണു വീട് പൊളിക്കാൻ കാരണം. ചെറിയ ചോർച്ച ചിലയിടങ്ങളിൽ കണ്ടുതുടങ്ങി. അറ്റകുറ്റപ്പണികൾ ആവശ്യമായ ഘട്ടത്തിലാണു  വീട്. അതിനുമാത്രം 50 ലക്ഷത്തിലേറെ രൂപ ചെലവു വരുമെന്നു തിരിച്ചറിഞ്ഞപ്പോഴാണു പൊളിച്ചുപണിയാൻ തീരുമാനിച്ചത്. വിവാഹശേഷം 1968ൽ ഈ വീട്ടിലെത്തിയ ശ്രീകുമാരി രാമചന്ദ്രൻ തന്റെ 33 പുസ്തകങ്ങൾ രചിച്ചതും ഈ വീട്ടിൽവച്ചാണ്.

English Summary : Malayalam Writer Kamala Suraiyya's gun at Bank House Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com