ADVERTISEMENT

കാടാണ്, ആ കാടിനെ അറിഞ്ഞ ഒരു ഉമ്മയാണ് അക്ബർ എന്ന കവിയെ മലയാളത്തിനു നൽകിയത്. പന്ത്രണ്ടാമത്തെ പ്രസവത്തിൽ ഉമ്മയ്ക്കു കിട്ടിയ സമ്പാദ്യം.  വാപ്പ  മരിക്കുമ്പോൾ പുറമ്പോക്കിലെ ഒരു കുടിൽ മാത്രമായിരുന്നു അവരുടെ സമ്പാദ്യം. അതിനകത്ത് മറ്റൊന്നും ചെയ്യാനില്ലാതെ  ഉമ്മയും മോനും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു.. തന്നെ കവിതയിലേക്കു കൊണ്ടുവന്ന ഉമ്മയെപ്പറ്റിയും കവിയാക്കി മാറ്റിയ നേര്യമംഗലത്തെപ്പറ്റിയും ശ്രദ്ധേയനായ കവി അക്ബർ സംസാരിക്കുന്നു. 

akbar-ezhutuvarthamanangal-photo-02

∙ എന്റെ ജീവചരിത്രമാണ് എന്റെ കവിതയെന്നു അബ്കർ പറഞി‍ട്ടുണ്ട്. അതിന്റെ തുടക്കം എവിടെയാണ്? എങ്ങനെയാണു കവിത വരുന്നത്? 

കവിത എന്നതിനെ നിർവചിക്കാൻ ഒന്നും ഞാൻ ആളല്ല. വ്യക്തമായ ഒരു മറുപടിയും എനിക്ക് അസാധ്യമാണ്.  ഉമ്മയ്ക്കും വാപ്പയ്ക്കും 12 കുട്ടികൾ ഉണ്ടായതിൽ ജീവിച്ചിരുന്ന ഏകയാൾ ഞാനാണ്. കുഞ്ഞുനാൾ മുതൽ ഒറ്റപ്പെടൽ സമ്മാനിച്ച അന്തർമുഖത്വം ആയിരുന്നു എന്റെ കവിത. അന്ന് ആരും കാണാതെ ഇരുന്ന് എഴുതുമായിരുന്നു. കവിത എന്നൊന്നും വിളിക്കാൻ പറ്റില്ല. എന്തൊക്കെയോ. നേര്യമംഗലം കാടിന്റെയും പുഴയുടെയും നാടാണ്. കുളിക്കാൻ പോകുമ്പോൾ ആരുമറിയാതെ കാടേറി പോകുമായിരുന്നു. വലിയൊരു ജീവലോകമാണ് കാട്. വിസ്മയങ്ങളുടെ പച്ചപ്പും കിളിയൊച്ചകളും പുഴുക്കളും... അതിന്റെ തണുപ്പാവാം എന്റെ കവിത. അതുകൊണ്ടു തന്നെ പെരിയാറും കാടുമുള്ള കവിതകൾ ആണ് ഞാൻ കൂടുതലും എഴുതിയിട്ടുള്ളത്. കവിത ഒരുതരം ഉള്ളനക്കം ആണെന്നു കരുതാം. എങ്ങെനെയൊക്കെയോ അതു വരുന്നു. അറിയാതെയാണ് ആ വരവ്. പിന്നീടു വായിക്കുമ്പോൾ ഞാൻ തന്നെ എഴുതിയതാണോ എന്നു ആകുലപ്പെട്ടുപോകുന്ന ഒന്ന്. എന്റേതായ അനുഭങ്ങൾ മാത്രമേ ഞാൻ എഴുതിയിട്ടുള്ളു. എന്റെ ജീവചരിത്രം ആണ് കവിത.

akbar-ezhutuvarthamanangal-photo-03

∙ അക്ബറിലെ കവിയെ രൂപപ്പെടുത്തിയത് ആരൊക്കെയാണ്? കവിതയ്ക്കു കൂട്ടുവന്നവർ ആരൊക്കെയാണ് ? 

എന്നിലെ കവിതയെ ആരും രൂപപ്പെടുത്തിയിട്ടില്ല. അത് തനിയെ അങ്ങു രൂപപെടുകയായിരുന്നു. നിരക്ഷരയായ ഉമ്മ ചെറുപ്പത്തിൽ എന്നെ മൊയീൻ കുട്ടി വൈദ്യരുടെ ‘പക്ഷിപ്പാട്ട്’  ചൊല്ലി കേൾപ്പിക്കുമായിരുന്നു. അതിൽ നബിയോടു സംസാരിക്കുന്ന പക്ഷിയെ സൃഷ്ടിച്ചത് ആരാണെന്ന് ഓർത്ത് തല പുകച്ചിട്ടുണ്ട്. പക്ഷിപ്പാട്ട് മൊയീൻ കുട്ടി വൈദ്യർ എഴുതിയതാണെന്ന് അന്ന് അറിയില്ലായിരുന്നു. പിന്നെ വയലാർ രാമവർമയുടെ ‘ആയിഷ’, ചങ്ങമ്പുഴയുടെ ‘രമണൻ’ ഒക്കെ ഉമ്മ ചൊല്ലിത്തന്നിട്ടുണ്ട്. അതും വായിക്കാതെ എവിടുന്നൊക്കെയോ കേട്ടു പഠിച്ചത്. അതൊക്കയാവാം കവിത എഴുതാൻ തോന്നിച്ചത്. സ്കൂൾ കാലത്തു ചിത്രകല ആയിരുന്നു ഇഷ്ടം. കവിത രഹസ്യമായ ഒന്നായിരുന്നു.  വിഎച്ച്എസ്എസ്ഇ പഠനകാലത്താണ് സംസ്ഥാന തല മത്സരത്തിന് ഒരു കവിത അയച്ചു കൊടുക്കുന്നത്. അതിനു ഒന്നാം സമ്മാനം കിട്ടി. പിന്നെ കവിത കൂടുതൽ എഴുതാനും പുറംലോകം കാണിക്കാനും ധൈര്യം വന്നു. കോളജ് പഠനകാലത്ത് മലയാളം അധ്യാപകൻ കെ.വി.ശശിധരൻ നായർ സാറാണു ശരിക്കും കവിത എന്താണെന്നൊക്കെ പറഞ്ഞു തന്നത്. സഹപാഠികളായ പി.ടി. ബിനു, അലിയാർ ഇരുമ്പുപാലം എന്നിവരൊക്കെ കവികൾ ആയിരുന്നു. 

ബിനു ഇന്നും എഴുതുന്നുണ്ട്. അലിയാർ ഇപ്പോൾ എഴുതുന്നില്ല. സീനിയർ ആയി പഠിച്ചവരാണ് നിരൂപകൻ കെ.വി. സജയ്, ചലച്ചിത്ര ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, സംവിധായകനും എഡിറ്ററുമായ ബി. അജിത്കുമാർ, സംവിധായകൻ കെ.എം. കമാൽ, അജയ് പി. മങ്ങാട്ട് തുടങ്ങിയവർ. വലിയ സാഹിത്യ അറിവുകൾ ഉള്ളവരായിരുന്നു അവരൊക്കെ. അവരൊക്കെ ഒത്തിരി പ്രചോദനം ആയിട്ടുണ്ട്. സജയ് ചേട്ടൻ ആയിരുന്നു കവിതയുടെ വലിയ വഴികാട്ടി. നെരൂദയുടെയും റിൽക്കെയുടെയും കവിതകൾ പരിഭാഷപ്പെടുത്തി പറഞ്ഞു തന്നത് സജയ് ആണ്. മാറാടിയിലെ വീട് എഴുത്തിന്റെ വീടായിരുന്നു അന്ന് . ഡി. വിനയചന്ദ്രൻ, എസ്.ജോസഫ്, കുരീപ്പുഴ ശ്രീകുമാർ, മുല്ലനേഴി അങ്ങനെ ഒത്തിരിപേർ.. കവിതയുടെ വഴിയേ നടക്കാൻ ചേർന്നുനിന്നു. 

akbar-ezhutuvarthamanangal-photo-05

∙ എങ്ങനെയാണ് ഒരു വിലയിരുത്തൽ ? തോൽക്കുന്നയാളാണോ വിജയിച്ചയാളാണോ നല്ല  കവിതകളെഴുന്നത്? 

കവിത എന്നത് സങ്കടങ്ങളുടെ ഒരു പുഴയായാണു  തോന്നിയിട്ടുള്ളത്. കവിത എഴുതുക... എന്നതു തന്നെ  മാനസികമായി ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. അത് എഴുതി തീരുമ്പോൾ ആശ്വാസം തോന്നും എന്നൊക്കയുള്ള പറച്ചിലുകൾ തട്ടിപ്പാണ്. അതുകഴിഞ്ഞും കവിത ഇങ്ങനെ പുറകെ നടക്കും. കാവ്യജീവിതം ശരിക്കും മറ്റുള്ളവർ വിചാരിക്കുന്ന വിജയിച്ച ഒരാൾ ആക്കിയിട്ടില്ല. തോൽക്കുക എന്നതാവാം കവിത. കവി എന്ന ലേബൽ കിട്ടാൻ എളുപ്പമാണ്, പക്ഷേ കവിത എഴുതാൻ ഭയങ്കര പാടാണ്. ഇപ്പോൾ ഒത്തിരി കവികൾ എഴുതുന്നുണ്ട്. കവിതകളുള്ള ഒരുപാടു പേർ. അതിന് ഒത്തിരി കഷ്ടപ്പാടുണ്ട്. കവിതയിൽ പണിയെടുക്കേണ്ടതായി വരും. അതാണു കവിതാ ജീവിതത്തെ മാറ്റി നിർത്തുന്നത് എന്നു തോന്നുന്നു. ഒരു സാമൂഹ്യ പ്രശ്നം ഉണ്ടാവുമ്പോൾ കവിത എഴുതാൻ പാടില്ലേ എന്നൊക്ക ചിലർ ചോദിക്കാറുണ്ട്. കവിത ഇതൊന്നുമല്ല. സാമൂഹ്യവിമർശങ്ങൾ കവിതയിലേക്കു കൊണ്ടുവരികയല്ല ചെയ്യേണ്ടത്. അത് തനിയെ വരുമ്പോൾ, അതിൽ കവിത ഉണ്ടാവും. എന്റെ അഭിപ്രായത്തിൽ കവി ജീവിതം ഹൈറേഞ്ചിലെ റോഡുകൾ പോലെ ദുർഘടം പോലെയാണ്. 

akbar-ezhutuvarthamanangal-photo-04

∙ ഉമ്മയ്ക്കു പന്ത്രണ്ടാം പ്രസവത്തിൽ ഉണ്ടായ കുട്ടിയാണ്. അതിനാൽ തന്നെ വലിയ വാൽസല്യം ഉണ്ട്. ഉമ്മയോടു തിരിച്ചും. ഉമ്മ തന്ന അറിവ് എന്താണ്? 

ഉമ്മയ്ക്ക് 40വയസുകഴിഞ്ഞതിനു ശേഷമുണ്ടായ ഒറ്റ മകനാണു ഞാൻ. ശരിക്കുപറഞ്ഞാൽ പന്ത്രണ്ടാം പ്രസവത്തിൽ ഉണ്ടായ കുട്ടി. 11പ്രസവങ്ങളിൽ ആരും ജീവിച്ചിരുന്നില്ല. ഞാൻ മാത്രം ജീവിച്ചു. വാപ്പയും ഉമ്മയും കുറച്ചു എരുമകളുമായിരുന്നു എന്റെ ലോകം. ഞാൻ ആദ്യമേ പറഞ്ഞു, ഉമ്മ ആണ് എന്റെ ലോകം. അന്നും ഇന്നും. വാപ്പ മലപ്പുറം സ്വദേശിയാണ്. പണ്ടു റബ്ബർ ടാപ്പിങ്ങിനു വന്നപ്പോൾ ഉമ്മയെ വിവാഹം ചെയ്യുകയായിരുന്നു. വാപ്പ എല്ലാവരെയും സഹായിക്കുന്ന ആളായിരുന്നു. ഒത്തിരി സ്ഥലം ഉണ്ടായിരുന്നു. പക്ഷേ മരിക്കുമ്പോൾ പുറമ്പോക്കിൽ ഒരു കുടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലങ്ങളിൽ ഉമ്മയും ഞാനും മാത്രമായിരിക്കും വീട്ടിൽ. ഞാൻ ആകെ ശരിക്കും സംസാരിക്കുന്നത് ഉമ്മയോടാണ്. ഉമ്മ എന്നോടും. അത് ഇനിയും ഒത്തിരി കാലമുണ്ടാകുമെന്നു കരുതുന്നു. കവിതയിലേക്കു കൊണ്ടുവന്നത് ഉമ്മയാണ്. ഉമ്മയും നേര്യമംഗലവുമാണ് എന്റെ കവിത. ഉമ്മ ഒത്തിരി കഷ്ടപ്പെട്ട ആളാണ്. ആ കഷ്ടപ്പാട് ഇപ്പോഴും ഞാനായും തുടരുന്നു. അതൊക്കയാവും കവിതകൾ എഴുതി പോകുന്നതിനു കാരണം. ഉമ്മ എപ്പോഴെങ്കിലും പോയാൽ ഞാൻ ഉണ്ടാകുമോ എന്ന ആധി എപ്പോഴുമുണ്ട്. അതാണ് കവിത ആയി മുളയ്ക്കുന്നത്. കാട്ടിലെ മരക്കുഞ്ഞുങ്ങളെ പോലെ.

∙ അക്ബറുടെ കവിതയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ വല്ലാതെ ഉള്ളുലച്ചതായി അറിയാം. ഇതേക്കുറിച്ച് എഴുതുകയും ചെയ്തു. ആ സംഭവത്തെ പൂർണമായും അതിജീവിക്കാനായി എന്നു കരുതുന്നു ?  

2017അവസാനത്തോടെയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകർക്ക് ‘അക്ബറാവ്‌സ്‌കി’ എന്ന കവിതാസമാഹാരം നൽകിയത്. അവർ അതു പരിഗണിക്കുന്നതായി അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിൽ അവരുടെ ബുള്ളറ്റിനിൽ പരസ്യവും പ്രത്യക്ഷപ്പെട്ടു. ഞാനടക്കം 10 പേരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്നുവെന്നു പരസ്യത്തിൽ നിന്നും മനസിലായി.  2001-ലാണ് ‘ബാംബുരി’എന്ന ആദ്യ സമാഹാരം ഇറങ്ങുന്നത്. അന്ന് ഒത്തിരി വായിക്കപ്പെട്ട പുസ്തകമാണ്. പിന്നീട് ഇപ്പോഴാണു രണ്ടാമത് ഒരു പുസ്തകം വരുന്നത്. നവംബറിൽ പ്രസാധകരുടെ ഓഫിസിൽ ചെന്നപ്പോഴാണ് പുസ്തകം അച്ചടിക്കുന്നില്ലെന്നും മാറ്റിവച്ചെന്നും അറിയുന്നത്. കാരണം ആരാഞ്ഞപ്പോൾ മറ്റൊരു എഴുത്തുകാരന്റെ കവിത എന്റെ പേരിൽ ഒരു വാരികയിൽ വന്നതാണു പ്രശ്നം എന്നറിഞ്ഞു. ഇ– മെയിൽ വഴി കവിത അറ്റാച്ചു ചെയ്തപ്പോൾ എനിക്കു പറ്റിപ്പോയ ഒരു അബദ്ധമായിരുന്നു അത്. അതു സുഹൃത്തു കൂടിയായ ആ കവിക്കു ബോധ്യപ്പെടുകയും ചെയ്തു. മലയാളത്തിലെ പല കവികളുടെയും കവിതകൾ എന്റെ കൈയിൽ സൂക്ഷിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന പ്രാദേശിക കേബിൾ ടീവി ചാനലിന്റെ കംപ്യൂട്ടറിൽ ആണ് അതു സൂക്ഷിച്ചിരിക്കുന്നത്. എനിക്ക് വീട്ടിൽ സ്വന്തമായി കംപ്യൂട്ടർ ഒന്നുമില്ല. ഇതാണ് സംഭവിച്ചതെന്നു ഞാനും സുഹൃത്തും പ്രസാധകരെ അറിയിച്ചെങ്കിലും അവർ  വിസമ്മതം അറിയിക്കുകയാണുണ്ടായത്. 

രണ്ടുവർഷത്തോളം ഒരു പുതിയ പുസ്തകം ഇറങ്ങുന്നുവെന്ന  പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അതു പെട്ടെന്ന് ഇല്ലാതായപ്പോൾ സങ്കടം തോന്നി. അവഗണന നേരിട്ടപ്പോൾ ജന്മനായുള്ള അപകർഷതയിലേക്കു വീണു പോയി. നാലഞ്ചു ദിവസം നീണ്ട വിഷാദത്തിലേക്കും... പിന്നീട് ആ പുസ്തകം മറ്റൊരു പ്രസാധകർ ഏറ്റെടുക്കുകയായിരുന്നു. ഡിസംബർ 29ന് അതു പ്രകാശിതമാകും. എന്റെ നാടായ നേര്യമംഗലത്തു നാട്ടുകാർ ആ ചടങ്ങ് ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ എന്തിനായിരുന്നു എന്നെ ഇങ്ങനെ തഴഞ്ഞത്? അതിനു പിന്നിൽ ആരുമാവട്ടെ... അവരോടു സ്നേഹം മാത്രം. ഈ അനുഭവം വലിയൊരു വാശിയിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. ചെറുപ്പമേ തൊട്ടുള്ള ഇല്ലായ്മയെ കവിതയെഴുത്ത് എന്ന വാശികൊണ്ട് തോൽപ്പിച്ചിട്ടുണ്ട്. എന്നെ ഒത്തിരി പേർ ഇഷ്ടപ്പെടുന്നുണ്ട് എന്നെനിക്കു മനസിലായത് 2018-ലെ പ്രളയകാലത്താണ്. അന്ന് എന്റെ വീട് വളരെയേറെ അപകടാവസ്ഥയിലായിരുന്നു. ആ വീടിന് പകരം ഒരു നല്ല വീടുണ്ടാക്കി തന്നവർ കേരളത്തിലങ്ങോളമുള്ള എന്റെ സ്നേഹിക്കുന്നവർ ചേർന്നായിരുന്നു. അതുപോലെ ഇതിലും ഒത്തിരി പേർ പിന്തുണച്ചു. അതില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ തന്നെ ഇല്ലാതായി പോയേനെ. അത്രക്ക് ഭീകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്. എന്റെ കവിതയെ സംശയത്തോടെ വീക്ഷിക്കുന്നത് ഒത്തിരി സങ്കടത്തിലേക്ക് ഓടിച്ചുവിട്ടു .ഇങ്ങനെ തിരിച്ചടികൾ ഒത്തിരി അനുഭവം ഉണ്ട്. കുഞ്ഞുനാൾ മുതൽ ഏറെ സഹിക്കേണ്ടിവന്നിട്ടുണ്ട്. അതെല്ലാം എഴുതാനുള്ള വാശി തരുന്നുണ്ട്. ഇപ്പോൾ കൂടുതൽ എഴുതാൻ തുടങ്ങുന്നു. എന്റെ കവിതകൾ ആണ് അവഗണനയ്ക്കുള്ള മറുപടി. കൂടുതൽ നല്ല കവിതകളാണ് ലക്ഷ്യം. പിന്നെ മുടങ്ങികിടന്ന നേര്യമംഗലം പശ്ചാത്തലമായ ഒരു നോവലും തുടർന്ന് എഴുതാൻ തുടങ്ങിയിട്ടുണ്ട്. അത് താമസിയാതെ എഴുതി തീർക്കും.

English Summary : Ezhuthu Varthamanangal - Interview of Writer Akbar Neriamangalam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com