ചിലരുടെ സംസർഗ്ഗം നമ്മെ കൂടുതൽ ഉത്തമമായ ദർശനത്തിലേക്കും ജീവിതചര്യയിലേക്കും നയിക്കും

innathe-chintha-vishayam-sunday-meditation
SHARE

പ്രതാപത്തിലും പ്രൗഢിയിലും കഴിയുന്ന ഒരു രാജാവ്. അദ്ദേഹത്തിന് സ്നേഹനിധികളായ മൂന്നു പെണ്‍മക്കൾ. അവരുടെ ഏതാവശ്യവും യഥാസമയം നിറവേറ്റിക്കൊടുക്കാനുള്ള സജ്ജീകരണം. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അന്തരീക്ഷം.

ഒരു ദിവസം രാജാവ് തന്റെ മൂന്നു മക്കളെയും അരികെ വിളിച്ച് അവരോടു സംസാരിക്കുകയായിരുന്നു. ഓരോരുത്തരോടും ഒരേ ചോദ്യം ഉന്നയിച്ചു. ‘നീ എപ്രകാരം എന്നെ സ്നേഹിക്കുന്നു?’ വളരെ ജിജ്ഞാസയോടും ഔത്സുക്യത്തോടും ഉന്നയിച്ച ചോദ്യമാണ്. മൂത്തമകൾ ഉത്തരം പറഞ്ഞു: ‘ഡാഡി എനിക്ക് തനി തങ്കം പോലെയാണ്.’ രാജാവിന് അത്യന്തം സന്തോഷമായി. അത്ര അമൂല്യമായി അവൾ കണക്കാക്കുന്നല്ലോ എന്നു ചിന്തിച്ചു. അനന്തരം രണ്ടാമത്തവളോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞു: 

‘ഡാഡി, എനിക്ക് അമൂല്യമായ പവിഴം പോലെയാണ്.’ അതു കേട്ടപ്പോഴും രാജാവ് സന്തോഷിച്ചു. എത്ര ഉന്നതവും വിശിഷ്ടവുമായ വിധത്തിൽ തന്റെ പ്രിയമക്കൾ തന്നെ വീക്ഷിക്കുന്നല്ലോ എന്നുള്ള ബോധ്യം സന്തുഷ്ടി നൽകി. പിന്നീട് മൂന്നാമത്തെ മകളോടു ചോദിച്ചു. ‘ഡാഡി, അങ്ങ് എനിക്കു ഉപ്പിനു തുല്യമാണ്.’ രാജാവ് അതുകേട്ട് സ്തബ്ധനായി. കോപാക്രാന്തനായി അവളെ പുറത്താക്കിക്കൊണ്ടു പറഞ്ഞു. ‘ഇതാണോ നിനക്ക് എന്നോടുള്ള സ്നേഹം?’ മറ്റു രണ്ടുപേരുടെയും ഉത്തരങ്ങൾക്കുശേഷം, കേവലം ഉപ്പിനെപ്പോലെ എന്നു കേട്ടപ്പോഴാണ് ക്രോധത്തിന്റെ പ്രതികരണം.

രാജാവിന്റെ സചിവോത്തമൻ ഇതെല്ലാം ശ്രവിച്ചും നിരീക്ഷിച്ചും അവിടെ നിൽപുണ്ടായിരുന്നു. അയാൾക്ക് ഇളയ മകളോട് അനുകമ്പയും സഹതാപവും തോന്നി. പക്ഷേ, ഒന്നും പറഞ്ഞില്ല. അന്ന് മന്ത്രി പ്രമുഖൻ രാജകൊട്ടാരത്തിലെ അടുക്കളയിലെത്തി. പാചകക്കാരന് ഒരു നിർദേശം നൽകി. അന്നുണ്ടാക്കുന്ന വിഭവങ്ങൾക്കൊന്നും അശേഷം ഉപ്പു ചേർക്കരുത്. കാരണമൊന്നും പറഞ്ഞില്ല. മന്ത്രി ആജ്ഞാപിച്ചതാണല്ലോ; രാജാവിന് എന്തെങ്കിലും പഥ്യമുണ്ടായിരിക്കാം എന്നയാൾ കരുതി. 

രാജാവ് ഭക്ഷണത്തിനിരുന്നു. വിഭവങ്ങൾ മേശമേൽ നിരന്നു. ഓരോ വിഭവവും ഭക്ഷിച്ചപ്പോൾ ഒരു രുചിയുമില്ല. ഉപ്പിന്റെ അംശംപോലുമില്ലാത്ത വിഭവങ്ങൾ! രാജാവ് വേഗത്തിൽ ഇൗർഷ്യയും ദേഷ്യവും നിറഞ്ഞ് പാചകക്കാരായ എല്ലാവരോടും ആക്രോശിച്ചു. വളരെ ചൂടുപിടിച്ച രംഗം! അപ്പോൾ അവിടെത്തന്നെ ഉണ്ടായിരുന്ന മന്ത്രി പ്രമുഖൻ കോപിഷ്ടനായ രാജാവിനോട് വിനയപൂർവം പറഞ്ഞു: ‘തീരുമനസ്സുകൊണ്ട് ക്ഷമിക്കണം ഞാനാണ് കുറ്റക്കാരൻ. ഞാനാണ് അവരോട് ഒന്നിലും ഉപ്പു ചേർക്കാതെ പാചകം ചെയ്യാൻ നിർദേശിച്ചത്.

തിരുമനസ്സിന് ഇപ്പോൾ മനസ്സിലായല്ലോ ഉപ്പു ചേർക്കാതിരുന്നാൽ ഉണ്ടാകുന്ന അനുഭവം. ഉപ്പിന്റെ പ്രാധാന്യം തിരുമേനിക്കു ബോധ്യം വരാനാണ് ഞാൻ ഇപ്രകാരം വർത്തിച്ചത്. അങ്ങയുടെ ഇളയ മകൾ പറഞ്ഞ മറുപടി അവിടുന്ന് ഓർക്കുന്നുണ്ടല്ലോ. അവളുടെ ഡാഡി ഉപ്പിനെപ്പോലെയെന്നു പറഞ്ഞപ്പോൾ അത്രമാത്രം പ്രാധാന്യം അവളുടെ ജീവിതത്തിൽ അച്ഛനുണ്ടെന്നാണ്. അവിഭാജ്യഘടകമായി, ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകി ഹൃദ്യമാക്കുന്നു എന്നാണ് അവൾ അർഥമാക്കിയത്. അതുകേട്ട് രാജാവ് പശ്ചാത്തപിച്ചിട്ടുണ്ടാവണം.

ക്രിസ്തുവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ‘‘നിങ്ങൾ ഭൂമിയുടെ ഉപ്പ് ആകുന്നു. ഉപ്പ് കാരമില്ലാതെ പോയാൽ അതിന്നു എന്തൊന്നുകൊണ്ട് രസം വരുത്താം. പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും ഇൗ ഉപ്പിന്റെ പരാമർശമുണ്ട്. 

ഉപ്പിന്റെ മൂന്നു ഗുണങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. അതുകൊണ്ടാണ് ക്രിസ്തു ഉപ്പിനോടു നമ്മുടെ ജീവിതത്തെ ദൃഷ്ടാന്തീകരിച്ചത്: (1) വെണ്മയും വിശുദ്ധിയും – ഉപ്പിന്റെ വെണ്മയാർന്ന നിറവും കലർപ്പില്ലാത്ത ഘടനയും ആരെയും ആകർഷിക്കുന്നതാണ്. റോമ്മാക്കാർ നിർവചിക്കുന്നത് ഏറ്റവും വെടിപ്പാർന്ന വസ്തുവെന്നാണ്. ദൈവങ്ങൾക്ക് നിവേദ്യം അർപ്പിക്കുമ്പോൾ ഉപ്പ് അതിൽ ഉൾപ്പെട്ടിരുന്നു. യഹൂദന്മാർ യാഗം അർപ്പിക്കുമ്പോഴും ഉപ്പ് അവിഭാജ്യഘടകമാണ്. ഉപ്പിനെപ്പോലെ വെണ്മയും വിശുദ്ധിയും പുലർത്തുവാൻ നമ്മിൽനിന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇന്നത്തെ സമൂഹം ധാർമികമായി താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ആത്മീകരെന്നു വിശേഷിപ്പിക്കപ്പെടുന്നവരിൽ പോലും ഭൗതികത്വത്തിന്റെ അതിപ്രസരവും തന്മൂലമുള്ള ധർമ ക്ഷയവുമാണുള്ളത്. ഇവിടെയാണ് യാക്കോബു ശ്ലീഹായുടെ സന്ദേശം പ്രസക്തമാകുന്നത്. ‘‘ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളണം.’’

(2) സാധനങ്ങൾ ചീഞ്ഞുപോകാതെ സൂക്ഷിക്കുന്നു. (Preservative quality) മത്സ്യവ്യവസായികൾക്കും മറ്റും മത്സ്യം ചീഞ്ഞുപോകാതെ സൂക്ഷിക്കാൻ ഒരുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്നത് ഉപ്പാണ്. അന്ന് ഐസ് ലഭ്യമായിരുന്നില്ല. ദുഷിച്ചുപോകാതെ വിശുദ്ധിയിൽ സൂക്ഷിക്കുന്നതിന് ഉപ്പ് സഹായിക്കുന്നു. ചിലരുടെ സംസർഗ്ഗം നമ്മെ കൂടുതൽ ഉത്തമമായ ദർശനത്തിലേക്കും ജീവിതചര്യയിലേക്കും നയിക്കും. അവരുടെ സംഭാഷണം, പെരുമാറ്റം, സമീപനം, പ്രതികരണം ഇവയൊക്കെ പ്രചോദനവും ഉൽക്കർഷവും ഉളവാക്കും. എന്നാൽ, മറ്റു ചിലരുടെ സമ്പർക്കം, തെറ്റിലേയ്ക്കും‌ തിന്മയിലേയ്ക്കും നയിക്കുന്നതാകും. അവിടെയാണ് Peer Pressure ദോഷകരമായി പരിണമിക്കുന്നത്. എന്റെ സാമീപ്യവും എന്നോടുള്ള സംസർഗവും അന്യരെ തിന്മയിലേക്കു നയിക്കുന്നതോ, നന്മയിലേക്ക് ഉയർത്തുന്നതോ എന്ന് ആത്മശോധന ചെയ്യേണ്ടതാണ്. 

(3) അലിഞ്ഞു ചേർന്നു മറ്റുള്ളവർക്ക് സഹായമായിത്തീരുന്നു: ഭക്ഷണം ആസ്വാദ്യവും രുചിപ്രദവുമാക്കുവാൻ ഉപ്പ് പ്രവർത്തിക്കുന്നു. അതിനായി അലിഞ്ഞുചേരുന്ന, സ്വയംവ്യയം ചെയ്യുന്ന അനുഭവമാണ് അതിനുള്ളത്. മറ്റുള്ളവരെ സഹായിക്കുവാൻ അവരുടെ ജീവിതം സുഗമവും സന്തോഷകരവുമാക്കുവാനുമുള്ള യത്നം എത്രയും ശ്ലാഘനീയമാണ്. ഇന്ന് അധികംപേരും സ്വാർഥമതികളും സ്വാർഥതാൽപര്യക്കാരുമാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരും ചികിത്സയ്ക്കു വകയില്ലാതെ മാരകരോഗത്തിനടിമപ്പെട്ടവരും എല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. പക്ഷേ, അവരിലേക്കു നമ്മുടെ നോട്ടവും ശ്രദ്ധയും പതിയാറില്ല. പുതിയ സമ്പാദനമാർഗങ്ങൾ വഴിവെട്ടിപ്പിടിക്കുന്നതിനും ആഡംബരങ്ങൾ വർധിപ്പിക്കുന്നതിനും ഒക്കെയാണ് നമുക്കു താൽപര്യം. യേശുക്രിസ്തു ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. ഉപ്പ് കാരമില്ലാതെ പോയാൽ അതു ചവിട്ടിമെതിക്കപ്പെടുവാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല. ഫലപ്രദമായി വർത്തിക്കേണ്ട ഒന്ന് അതു ചെയ്യാതെ പോയാൽ പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് സംഭവിക്കുന്നത്.

English Summary : Innathe Chintha Vishayam - Sunday Meditation Column by T.J.J

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA