ADVERTISEMENT

ലണ്ടനിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മഞ്ഞുകാലമാണ്. ശരീരം മുഴുവൻ മൂടിപ്പുതച്ച് ഒരു മനുഷ്യൻ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ റൂമെടുത്തു. ആരുടെയും സാമിപ്യം ഇഷ്ടപ്പെടാത്ത ഒരു പരുക്കനായ മനുഷ്യൻ. കുറേ പെട്ടികൾ കൂടി പിറ്റേന്ന് എത്തുന്നതോടെ അയാൾ ഗ്രാമത്തിൽ സംസാര വിഷയമാകുന്നു. അയാളെക്കുറിച്ച് പല കഥകളും ജനിക്കുന്നു. താൻ വലിയ ശാസ്ത്രജ്ഞനാണെന്നു സ്വയം വിശ്വസിക്കുന്ന ഡോ.കസ്സ് വിചിത്രനായ മനുഷ്യനെ കാണാനെത്തുന്നതോടെയാണ് കഥാഗതി മാറുന്നത്. സംസാരം വാക്കേറ്റത്തിലാകുന്നു. തുടർന്നു തന്റെ ഓരോ വസ്ത്രവും വിചിത്ര മനുഷ്യൻ ഊരി എറിഞ്ഞു.അതോടെ അയാൾ അദൃശ്യനായി. ഡോക്ടർ പ്രാണഭയത്തോടെ ഓടി രക്ഷപ്പെട്ടു. താൻ കണ്ട വിചിത്ര മനുഷ്യനെക്കുറിച്ചുള്ള വിവരം പള്ളി വികാരിയെ അയാൾ അറിയിച്ചു.. അതോടെ അദൃശ്യ മനുഷ്യനെ പിടികൂടാൻ പലരും ശ്രമിക്കുന്നു. ഒടുക്കം പൊലീസിന്റെ സഹായം പോലും തേടുന്നു. എന്നാൽ പിടിക്കാൻ ശ്രമിച്ചവരെല്ലാം അദ‌ൃശ്യമനുഷ്യന്റെ ആക്രമണത്തിന് ഇരയായി എന്നല്ലാതെ കൂടുതലൊന്നും നടന്നില്ല. ഇതിനിടെ നാട്ടിൽ മോഷണവും പെരുകി.

the-invisible-man-book-cover

റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാചിച്ചു കഴിയുന്ന തോമസ് മാർവലിനടുത്തെത്തി അദൃശ്യമനുഷ്യൻ തനിക്കൊരു സഹായിയായി നിൽക്കാമോ എന്നു തിരക്കുന്നു. ആളെ കാണാതെ സംസാരം മാത്രം കേൾക്കുന്നതോടെ പേടിച്ചു വിറയ്ക്കുന്ന മാർവൽ ആദ്യം ആവശ്യം നിരസിച്ചെങ്കിലും വിചിത്ര മനുഷ്യൻ അയാളെ ഭീഷണിപ്പെടുത്തി കൂടെ കൂട്ടുന്നു. അദൃശ്യ മനുഷ്യനൊപ്പം ഹോട്ടലിലെത്തുന്ന മാർവലിനെ ഹോട്ടലിലുള്ളവർ പുറത്താക്കാൻ ശ്രമിക്കുന്നതോടെ അദൃശ്യ മനുഷ്യൻ അവരുടെമായി കലഹത്തിൽ ഏർപ്പെടുന്നു. അവിടെ ഉണ്ടായിരുന്ന ഒരു വേട്ടക്കാരൻ ശത്രുവിനെ കാണുന്നില്ലെങ്കിലും അയാളുടെ സാമിപ്യം ലക്ഷ്യംവച്ച് നിറയൊഴിക്കുന്നു. വെടിയേൽക്കുന്നതോടെ അദൃശ്യ മനുഷ്യൻ അവിടെനിന്നു രക്ഷപ്പെട്ട് ഗ്രാമത്തിലെ ഡോക്ടറായ കെംപിനടുത്തെത്തുന്നു. കെംപിന്റെ സഹപാഠിയായ ഗ്രിഫാണ് താനെന്ന് അദൃശ്യമനുഷ്യൻ സ്വയം പരിചയപ്പെടുത്തുന്നു. പാതിയിൽ നിലച്ചുപോയ ഒരു പരീക്ഷണത്തിന്റെ ഫലമായാണു താൻ അദൃശ്യനായതെന്നും തനിക്കു പരീക്ഷണം പൂർത്തിയാക്കാനുണ്ടെന്നും ഡോ. കെംപിനോട് ഗ്രിഫ് പറയുന്നു. 

ഒപ്പം ലോകം കീഴടക്കി താൻ ഏകാധിപതിയാകുമെന്നും സഹപാഠിയോട് വെളിപ്പെടുത്തുന്നു. മുറിവിൽ മരുന്നു വച്ചുകെട്ടി കെംപ് ഗ്രിഫിനോട് ഉറങ്ങാൻ നിർദ്ദേശിക്കുന്നു. ഗ്രിഫ് ഉറങ്ങുന്നതോടെ വിവരം പൊലീസിൽ അറിയിക്കുന്നു. പൊലീസ് വീടു വളഞ്ഞെങ്കിലും ഗ്രിഫ് അവിടെ നിന്നു രക്ഷപ്പെടുന്നു. അന്നു വൈകുന്നേരം ഡോ.കെംപിനോടു പകരം വീട്ടാൻ അദൃശ്യനായി ഗ്രിഫ് എത്തുന്നു. ഗ്രിഫിനെ കാത്ത് ആ നാടുമുഴുവൻ ഡോക്ടറുടെ വീട്ടിൽ പതിയിരിക്കുന്നുണ്ട്. തുടർന്ന് ഡോ. കെംപുമായി മൽപിടുത്തം നടക്കുന്നു. ഡോക്ടറുടെ കഴുത്തിൽ ഗ്രിഫിന്റെ കൈ മുറുകുന്നു. പെട്ടന്ന് പിറകിൽ നിന്നൊരു അടി ഗ്രിഫിന്റെ തലയിൽ ഏൽക്കുന്നു. ഒളിച്ചിരുന്ന നാട്ടുകാരിൽ ആരോ സാമിപ്യം ലക്ഷ്യം വച്ച് അടിച്ചത് കൃത്യമായി കൊണ്ടു. രക്തം തെറിക്കുന്നതോടെ അദൃശ്യമനുഷ്യന്റെ സ്ഥാനം വ്യക്തമാകുന്നു. തുടർന്ന് കൂടി നിൽക്കുന്ന എല്ലാവരും അയാളെ ആക്രമിക്കുന്നു. അധികം താമസിയാതെ അദൃശ്യ മനുഷ്യന്റെ ദൃശ്യമായ ശരീരം നാട്ടുകാർക്ക് മുന്നിലേക്കു ചലനമറ്റു വീണു. എച്ച്.ജി. വെൽസാണ് നോവലിന്റെ രചയിതാവ്.

English Summary : Kadholokam : The Invisible Man - Novel by H. G. Wells

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com