'ആലീസ് ഇൻ വണ്ടർലാൻഡ്' കയ്യെഴുത്ത് പ്രതി ലണ്ടനിൽ പ്രദർശനത്തിനെത്തുന്നു

alice-in-wonderland-paper-back
SHARE

ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ അദ്ഭുതങ്ങളുടെ സ്വപ്ന ലോകത്തിലെത്തിച്ച പുസ്തകമാണ് ആലീസ് ഇൻ വണ്ടർലാൻഡ്. 1865 ൽ ബ്രിട്ടീഷ് എഴുത്തുകാരൻ ലൂയിസ് കരോൾ എഴുതിയ ഈ നോവൽ പിന്നീട് കാർട്ടൂണും സിനിമയും ചിത്രങ്ങളുമൊക്കെയായി നിരവധി തവണ പുനരാവിഷ്ക്കരിക്കപ്പെട്ടു. വായനയുടെയും ആസ്വാദനത്തിന്റെയും നിരവധി വർഷങ്ങൾക്ക് ശേഷം ആലീസ് ഇൻ വണ്ടർലാൻഡിന്റെ യഥാർത്ഥ കയ്യെഴുത്ത് പ്രതി ഇതാദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയാണ്. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയമാണ് ലൂയിസ് കരോളിന്റെ സ്വന്തം കൈപ്പടയിൽ 158 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ആലീസ് ഇൻ വണ്ടർലാൻഡ് പ്രദർശനത്തിനെത്തിക്കുന്നത്. ജോൺ ടെന്നിയലും റാൽഫ് സ്റ്റെഡ്മാനും ഡിസ്നിയുമൊക്കെ ആലീസിന്റെ അദ്ഭുതലോകത്തെ സാഹസികതകൾക്കായി വരച്ച അപൂർവ ചിത്രങ്ങളും കയ്യെഴുത്ത് പ്രതിക്കൊപ്പം അടുത്ത വർഷം ആരംഭിക്കുന്ന പ്രദർശനത്തിനൊരുങ്ങുന്നുണ്ട്.

alice-in-wonder-land-covr

'ആലീസ്: ക്യൂരിയോസർ ആൻഡ് ക്യൂരിയോസർ ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം 2020 ജൂൺ 27 മുതൽ 2021 ജനുവരി 10 വരെയാണ് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ അരങ്ങേറുക. കെയ്റ്റ് ബെയ്‌ലിയാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ. ചലച്ചിത്രം, കലാപ്രകടനങ്ങൾ, ഫാഷൻ, കല, സംഗീതം, ഫോട്ടോഗ്രഫി എന്നിങ്ങനെ മുന്നൂറിലധികം വ്യത്യസ്ത തലങ്ങളിലൂടെ ആലീസ് ഇൻ വണ്ടർലാൻഡിന്റെ ഉദ്ഭവവും രൂപാന്തരങ്ങളും പുനരാവിഷ്കാരങ്ങളും പ്രദർശനത്തിൽ അവതരിപ്പിക്കപ്പെടും.

തിയേറ്റർ സെറ്റുകളും, പടുകൂറ്റൻ ഡിജിറ്റൽ പ്രൊജക്ഷനുകളും വിസ്മയിപ്പിക്കുന്ന ചുറ്റുപാടുകളുമൊക്കെയായി 'ആലീസ്: ക്യൂരിയോസർ ആൻഡ് ക്യൂരിയോസർ' കുട്ടികളെയും മുതിർന്നവരെയും ആലീസ് കണ്ട അദ്ഭുതലോകത്തിലൂടെ കൈ പിടിച്ച് നടത്തിക്കും.

lewis-carroll
ലൂയിസ് കരോളിൻ

പ്രദർശനത്തിന്റെ ആദ്യ വിഭാഗമായ 'ക്രിയേറ്റിങ്ങ് ആലീസ് ' വിക്ടോറിയൻ ഓക്സ്ഫർഡിൽ വച്ച് ഈ നോവൽ പിറവിയെടുത്ത സാഹചര്യങ്ങൾ വിശദീകരിക്കും. നോവൽ, കഥാപാത്ര നിർമ്മിതിക്കായി ലൂയിസ് കരോളിനെ പ്രചോദിപ്പിച്ച വ്യക്തികളെയും സ്ഥലത്തെയും അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തെയും വ്യക്തമാക്കുന്ന പ്രദർശനം കാഴ്ചക്കാർക്ക് യഥാർത്ഥ ആലീസിനെയും അവളുടെ കുടുംബത്തിനെയും പരിചയപ്പെടുത്തും. കരോളും ജോൺ ടെന്നിയലുമായിട്ടുള്ള സർഗ്ഗാത്മക പങ്കാളിത്തത്തിലേക്ക് വെളിച്ചം വീശുന്ന പ്രദർശനം അവരുടെ യഥാർത്ഥ ചിത്രങ്ങളെയും അവയുടെ പ്രചോദനങ്ങളെയും കാഴ്ചക്കാർക്ക് മുന്നിലെത്തിക്കും.

'ഫിലിമിങ്ങ് ആലീസ്' വിഭാഗം പുസ്തകത്തെ ആസ്പദമാക്കി  20 ഉം 21 ഉം നൂറ്റാണ്ടുകളിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ചലച്ചിത്രങ്ങളുടെ കഥ പറയുന്നു. 1903 ൽ പുറത്തിറങ്ങിയ ആദ്യം ചിത്രം, 1951 ൽ വാൾട്ട് ഡിസ്‌നി പുറത്തിറക്കിയ പ്രശസ്ത ചിത്രം, 2010 ലെ ടിം ബർട്ടൻ ചിത്രം എന്നിവയെല്ലാം ഈ വിഭാഗത്തിൽ കാഴ്ച വിരുന്നാകാനെത്തും. 1960 കളിലെ അയഥാർത്ഥവാദ പ്രസ്ഥാനത്തിന്റെ ചുവട് പിടിച്ച് കലാകാരന്മാർ അവരുടെ ഭാവനയിൽ പുന:സൃഷ്ടിച്ച ആലീസിന്റെ അദ്ഭുതലോകമാണ് 'റീ ഇമാജിനിങ്ങ് ആലീസ് ' എന്ന പ്രദർശന വിഭാഗം ആഘോഷിക്കുന്നത്. സൽവദോർ ദാലി, യായോയ് കുസാമ, മാക്സ് ഏൺസ്റ്റ്, പീറ്റർ ബ്ലേയ്ക്ക് തുടങ്ങിയവരുടെ സൃഷ്ടികളും ദ് ബീറ്റിൽസ് സംഗീതവും ഇതിന്റെ ഭാഗമായി ആവിഷ്ക്കരിക്കപ്പെടും.

പുസ്തകം എങ്ങനെയാണ് നൃത്തത്തെയും സംഗീതത്തെയും കലാപ്രകടനങ്ങളെയും സ്വാധീനിച്ചതെന്ന് വരച്ച് കാട്ടുകയാണ് 'സ്റ്റേജിങ്ങ് ആലീസ്'. ആലീസ് ഇൻ വണ്ടർലാൻഡിനോടുള്ള ആധുനിക ലോകത്തിന്റെ ആകർഷണവും കലയിലും ശാസ്ത്രത്തിലും സംസ്കാരത്തിലുമെല്ലാമുള്ള അതിന്റെ പുനർ വായനകളുമാണ് ഒടുവിലത്തെ വിഭാഗമായ 'ബീയിങ്ങ് ആലീസ്' വിഷയമാക്കുന്നത്. ടിം വാക്കറും ആനി ലെയ്ബോവിറ്റ്സും ഗെൻ സ്റ്റെഫാനിയും പി ഡിഡ്ഡിയുമെല്ലാം ഈ വിഭാഗത്തിൽ അണി നിരക്കും. ഐറിസ് വാൻ ഹെർപെന്റെയും വിക്ടർ & റോൾഫിന്റെയും ഫാഷൻ ശേഖരവും, രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ഫോട്ടോകളും, ലിറ്റിൽ സിംസിന്റെ ആൽബം ആർട്ട് വർക്കും, ജാപ്പനീസ് സബ് - കൾച്ചർ ഫാഷനുമെല്ലാം പ്രദർശനത്തിന് ചാരുതയേറ്റും.

English Summary :  Original Alice In Wonderland manuscript set for display at exhibition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA